മനുഷ്യത്വം മരണശയ്യയിലോ? / ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ


സമകാലീന സംഭവങ്ങള്‍ ഉണര്‍ത്തുന്ന ചിന്തയാണ് മനുഷ്യത്വം മരണശയ്യയിലോ? എന്ന ചോദ്യം. ഈ ചോദ്യത്തിന്‍റെ പിന്നിലെ ചേതോവികാരം മനുഷ്യരാണെന്നും മനുഷ്യ ലക്ഷ്യമെന്താണെന്നുമുള്ള ചിന്തയിലേക്കു നയിക്കാന്‍ പര്യാപ്തമാണ്. മനുഷ്യനോടു മൃഗീയമായും അതിലുപരി പൈശാചികമായും പ്രവര്‍ത്തിക്കുന്ന അതിക്രൂരതയുടെ ആത്മാവ് എവിടെ നിന്ന്? അടുത്ത കാലങ്ങളിലായി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കൊലപാതക സംഭവങ്ങള്‍ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സാക്ഷരകേരളമെന്നും, ദൈവത്തിന്‍റെ സ്വന്തം നാടെന്നും മറ്റും പൊങ്ങച്ചം പറയുന്ന കേരളത്തിനെന്തു സംഭവിച്ചു? കേരളജനതയ്ക്ക് എന്ത് മാറ്റം വന്നിരിക്കുന്നു? നിഷ്ക്കളങ്കരായ കൊച്ചുപെണ്‍കുട്ടികളെപ്പോലും വെറുതെ വിടാത്ത കാടത്തസ്വഭാവം കേരളമക്കള്‍ക്കെവിടെ നിന്നും ഉണ്ടായി? കൊലപാതകങ്ങളും ലൈംഗിക അരാജകത്വവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ പ്രബുദ്ധ കേരളജനത എന്ന സല്‍പേര് കളങ്കപൂര്‍ണ്ണമായിരിക്കുന്നുവോ? കേരളജനത ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. “ഉറങ്ങുന്നവരെ നിങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക” എന്ന തിരുവചനങ്ങള്‍ നാം ചെവിക്കൊള്ളണം.

“ആത്മിക വിവേകം സ്വായത്തമാക്കുകയോ തിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്നവനോ ആണ് മനുഷ്യന്‍. തിരുത്തപ്പെടാത്തവന്‍ മനുഷ്യനല്ല” എന്ന വി. അന്തോണിയോസിന്‍റെ വചനം ചിന്താര്‍ഹമാണ്. മനുഷ്യനു മാത്രം ദൈവം നല്‍കിയിരിക്കുന്ന കഴിവാണ് വിവേചനശക്തി. നന്മതിന്മകളെ തിരിച്ചറിയുവാനും, തിന്മയെ ഉപേക്ഷിച്ച് നന്മയെ സ്വീകരിക്കുന്നതിനും, അതിലൂടെ പരമസ്വാതന്ത്ര്യത്തിലേക്കുള്ള വളര്‍ച്ച സുഗമമാക്കുവാനും കഴിയുന്നു. “ബുദ്ധിമാനായ മനുഷ്യന്‍ താന്‍ അനശ്വരനാണെന്നു മനസ്സിലാക്കി തന്‍റെ മരണത്തിനു കാരണമാകുന്ന ലജ്ജാകരമായ സകല ആഗ്രഹങ്ങളും വെറുക്കുന്നു” (വി. അന്തോണിയോസ്). ജഡാഭിലാഷങ്ങള്‍ ആത്മാഭിലാഷങ്ങള്‍ക്കു വിപരീതമാണെന്നു വി. പൗലോസ് ശ്ലീഹാ ഓര്‍പ്പിക്കുന്നുണ്ട്. മനുഷ്യന്‍ എന്നു പറയുന്നത് കേവലം കാണപ്പെടുന്ന ജഡമല്ല, ശരീരമല്ല. അതു ബാഹ്യമനുഷ്യനാണ്. അത് എപ്പോള്‍ വേണമെങ്കിലും മണ്ണോടുമണ്ണാകും. എന്നാല്‍ അന്തരാത്മാവ് നിത്യനാണ്. ദൈവാഭിമുഖ്യത്തില്‍ ദൈവത്തോടൊപ്പം കഴിയേണ്ടവനാണ്. ആ അന്തരാത്മാവാണ് യഥാര്‍ത്ഥ മനുഷ്യന്‍. അവന്‍ അനശ്വരനാണ്. അതുകൊണ്ട് “ആത്മാവ് ദൈവിക നിയമത്തിനനുസരിച്ച് ജീവിച്ചുകൊണ്ട് കഠിന യത്നത്തിലൂടെ അച്ചടക്കം ശീലിക്കുമ്പോള്‍ അതിന്‍റെ ഉള്ളില്‍ പതിയിരിക്കുന്ന വന്യമൃഗങ്ങളെല്ലാം പലായനം ചെയ്യും. അപ്പോള്‍ നമ്മുടെ കാവല്‍മാലാഖമാര്‍ അതിന്‍റെ സഹായത്തിനെത്തുകയും ചെയ്യും” (വി. തിയോദോറസ്). തിന്മയുടെ ശക്തിസ്വാധീനത്തിനധീനപ്പെട്ട് ജഡാഭിലാഷങ്ങള്‍ക്കുള്ള വര്‍ദ്ധിതമായ വാഞ്ഛയാണ് ഇന്നത്തെ മനുഷ്യന്‍റെ അധാര്‍മ്മികതകള്‍ക്കു കാരണം. കൊടികുത്തിവാഴുന്ന അവന്‍റെ സ്വാര്‍ത്ഥത അവനെ നരകയോഗ്യതയിലേക്കു നയിച്ചുകൊണ്ടാണിരിക്കുന്നത്. ദൈവാത്മാവിന്‍റെ ശക്തിയില്‍ വളരാന്‍ ചെറുപ്പം മുതല്‍തന്നെ പരിശീലനവും അഭ്യസനവും ലഭിക്കുന്ന സാഹചര്യം ഭവനങ്ങളിലും ദൈവാലയാന്തരീക്ഷത്തിലും ഉണ്ടാകണം. “വികാരങ്ങളില്‍ നിന്ന് മോചനം നേടിയതും ദൈവസ്നേഹത്താല്‍ പ്രകാശിക്കപ്പെട്ടതുമായ ആത്മാവാണ് പരിശുദ്ധാത്മാവ്” (വി. മാക്സിമോസ്). ആ പരിശുദ്ധാത്മ ശക്തിയിലും നിയന്ത്രണത്തിലും ഓരോ വ്യക്തിയും ആയിത്തീരാന്‍ തക്ക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും അപ്രകാരം തലമുറകള്‍ വളരുകയും ചെയ്യുമ്പോള്‍ കാമാതുരമായ ആസക്തികളും, സ്വാര്‍ത്ഥകാര്യ സാദ്ധ്യതയ്ക്കുള്ള കൊലപാതകങ്ങളും മാറിപ്പോകും. മനുഷ്യന്‍ ദൈവാത്മാവ് വസിക്കുന്ന ആലയമാണെന്ന ചിന്തയില്‍ സകലരേയും സമാദരിക്കുവാന്‍ കഴിയണം. “യഥാര്‍ത്ഥ മനുഷ്യത്വമുള്ളവര്‍ തങ്ങളുടെ വിശുദ്ധ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാക്കുന്നതിനുവേണ്ടി വിശുദ്ധിയും ദൈവസ്നേഹവും നേടാനായി പ്രയത്നിക്കണം” (വി. അന്തോണിയോസ്). ഇത് നമ്മുടെ ദൗത്യമാണ്.

“നിന്നെപ്പോലെതന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക” എന്ന കര്‍ത്തൃവചനം ജീവിതത്തില്‍ അന്വര്‍ത്ഥമാകണമെങ്കില്‍ അയല്‍ക്കാരന്‍ ആരെന്നറിയണം. നിന്‍റെ ഉള്ളിലും അപരന്‍റെ ഉള്ളിലും വസിക്കുന്നത് ഒരേ ആത്മാവു തന്നെയാണ്. ശരീരഘടനയില്‍ മാത്രമെ വ്യത്യാസമുള്ളു. അപ്പോള്‍ എല്ലാവരിലുമുള്ള ദൈവസ്വരൂപം (ആത്മാവ്) ഏകമാണെങ്കില്‍ ആര്‍ക്കും ആരോടും പാപം ചെയ്യുവാന്‍, വഞ്ചിക്കുവാന്‍, ആക്രമിക്കുവാന്‍ കഴിയില്ല. നീ അപരനെ ഉപദ്രവിക്കുന്നുവെങ്കില്‍ അതു നിന്നോടുതന്നെയുള്ള ഉപദ്രവമാണ്. കാരണം, നിന്‍റെയും അപരന്‍റെയും ആത്മാവ് ഒന്നുതന്നെയാണ്. ആകയാല്‍ നിന്‍റെ അതിക്രമം നിനക്കു തന്നെയാണ് വിനയാകുന്നത്. ഈ ബോധ്യം നഷ്ടപ്പെടുന്നതാണ് മനുഷ്യന്‍റെ പ്രധാന പ്രശ്നം. ആകയാല്‍ അപരനില്‍ സ്ത്രീയായാലും പുരുഷനായാലും പൈതങ്ങളായാലും അവരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുമ്പോള്‍ അവരെ ബഹുമാനപുരസരം കാണാന്‍ കഴിയും. ബാല്യകാലം മുതല്‍തന്നെ ഈ അറിവില്‍ വളരുവാന്‍ പരിശീലിപ്പിക്കണം. അതായത്, സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അവര്‍ ദൈവാത്മാവ് വസിക്കുന്ന ആലയമാണ്. ദൈവത്തിന്‍റെ ആലയമാകുന്ന ശരീരത്തിനെതിരെ അതിക്രമം കാണിക്കുന്നവന്‍ ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന ബോധ്യത്തില്‍ എല്ലാവരേയും ആദരപൂര്‍വ്വം കാണാനുള്ള ഉള്‍ക്കണ്ണ് തുറക്കണം. എങ്കിലേ സംസ്ക്കാരമുള്ള ഒരു ജനതയാണ് നാമെന്ന് ലോകം അറിയൂ. മൃഗീയതയും കാടത്തവും സ്വാര്‍ത്ഥതയും സംസ്ക്കാരശൂന്യതയാണ്. മരണശയ്യയിലായിരിക്കുന്ന മനുഷ്യത്വത്തെ ഉണര്‍ത്തുവാന്‍ പരിശുദ്ധാത്മശക്തിക്കായി നാം പ്രാര്‍ത്ഥിക്കണം. ആത്മഫലങ്ങള്‍ വളരുന്ന വ്യക്തിത്വങ്ങളായി തലമുറകള്‍ വളരണം. നിസ്വാര്‍ത്

ഥവും നിഷ്കപടവുമായ ദൈവസ്നേഹത്തിന്‍റെ സ്വാധീനത്തിലായിരിപ്പാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം. അധാര്‍മ്മികതയുടെ ശക്തികള്‍ നമ്മെ ഭരിക്കാതിരിപ്പാന്‍ ദൈവകരങ്ങളില്‍ നമ്മെയും ലോകത്തെയും സമര്‍പ്പിക്കാം. ദൈവം ഏവരേയും അനുഗ്രഹിക്കട്ടെ.

(ദൂതൻ, 2018 ഏപ്രിൽ – ജൂണ്‍)