‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു

പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര
(ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സചിത്ര ജീവചരിത്രം)
ജോയ്സ് തോട്ടയ്ക്കാട്

പ്രസാധകര്‍: സോഫിയാ ബുക്സ്
തിരുനക്കര, കോട്ടയം – 686 001

ഒന്നാം പതിപ്പ്: 1997 നവംബര്‍ 24
രണ്ടാം പതിപ്പ്: 2018 ഏപ്രില്‍

പേജുകള്‍ 1048

118 കളര്‍ ഫോട്ടോകള്‍, മുന്നൂറോളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് അപൂര്‍വ്വ ചിത്രങ്ങള്‍

വില: 500.00

“മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവിതാനുഭവങ്ങളിലേയ്ക്ക് എത്തിനോക്കാന്‍ പറ്റിയ ഒന്നാംതരം ഒരു ജനാലയാണ് ഈ പുസ്തകത്തിലൂടെ ശ്രീ. ജോയ്സ് തോട്ടയ്ക്കാട് നമുക്ക് നല്‍കുന്നത്. ഇത് ശരിയായ അര്‍ത്ഥത്തില്‍ ഒരു ജീവചരിത്രമാണെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നില്ല. ഇപ്പോള്‍ പ്രകാശിതമായിരിക്കുന്ന ഗ്രീഗോറിയോസ് തിരുമേനിയുടെ ആത്മകഥ, മറ്റ് കൃതികള്‍, കത്തുകള്‍, അദ്ദേഹത്തെ അടുത്തറിഞ്ഞവരുടെ അഭിപ്രായങ്ങള്‍, തിരുമേനിയുമായി നടത്തിയ അഭിമുഖങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രചിച്ചിരിക്കുന്ന ഈ പുസ്തകം ജോയ്സ് തോട്ടയ്ക്കാടിന്‍റെ ഗവേഷണചാതുര്യത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും എല്ലാറ്റിനുമുപരി തിരുമേനിയോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയുടെയും സാക്ഷ്യഗ്രന്ഥമാണ്. ജോയ്സ് തന്നെ പറയുന്നതുപോലെ, ഭാവിയില്‍ തിരുമേനിയുടെ ചിന്തയെക്കുറിച്ച് ഗവേഷണം നടത്തുന്ന ആര്‍ക്കും ഉപയുക്തമായിത്തീരണം എന്ന ആഗ്രഹത്തോടെയാണ് പല രേഖകളും ഇതില്‍ സമാഹരിച്ചിരിക്കുന്നത്.

… സ്വന്തനിലയില്‍ ഗവേഷണവും പത്രപ്രവര്‍ത്തനവും നടത്തുന്ന ശ്രീ. ജോയ്സ് തോട്ടയ്ക്കാട്, ഈ ഗ്രന്ഥരചനയിലൂടെ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന എല്ലാവരുടെയും അഭിനന്ദനവും നന്ദിയും അര്‍ഹിക്കുന്നു. എല്ലാം നന്മയ്ക്കായി തീരട്ടെ.”

– ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

“… ജോയ്സ് തോട്ടയ്ക്കാടിന്‍റെ “പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര” എന്ന ഗ്രന്ഥം അനശ്വരപ്രതിഭയായ ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസിനെക്കുറിച്ച് നാളിതുവരെ ഉണ്ടായിട്ടുള്ള കൃതികളില്‍ ഏറ്റം മനോഹരം എന്നു പറയേണ്ടിയിരിക്കുന്നു. ധൈഷണിക പ്രപഞ്ചത്തിലെ കുലപര്‍വ്വതവും, ‘ക്രൈസ്തവഭരത’ത്തിലെ ദ്രോണാചാര്യരും, ദാര്‍ശനിക വിഹായസിലെ ‘പൗരസ്ത്യ താര’വും ആയിരുന്ന ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യരനവധി ഉണ്ടായിരുന്നെങ്കിലും, അവരില്‍നിന്ന് വ്യത്യസ്തനായി ഒരു അജ്ഞാത ശിഷ്യനായി സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ശ്രീ. ജോയ്സ്, ഗ്രീഗോറിയോസ് തിരുമേനിയെക്കുറിച്ച് ചിലതൊക്കെ പ്രസിദ്ധീകരിക്കാന്‍ ഒരുമ്പെട്ടത്. അന്തരാളത്തിലെ ഒരു സര്‍ഗ്ഗചേതന ജോയ്സിനെ ഗ്രീഗോറിയോസ് തിരുമേനിയിലേക്കാകര്‍ഷിച്ചു. ആ അടുപ്പം ‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യായി പരിണമിച്ചു. ആ തീര്‍ത്ഥയാത്രയില്‍ പട്ടിണിയും, ഉറക്കിളപ്പും, ധാരണപിശകുകളും, സാമ്പത്തിക പരാധീനതയും വേണ്ടുവോളം ഉണ്ടായിരുന്നിരിക്കണം. ആത്മാവിനെ ബാധിച്ച ഒരസ്വസ്ഥതയ്ക്ക് അല്പമെങ്കിലും ശാന്തിയുണ്ടായത് അന്തരാളത്തില്‍ ആരോ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചപ്പോഴാണെന്നു തോന്നുന്നു. ….

ഈ ഗ്രന്ഥത്തെ ലക്ഷണമൊത്ത ഒരു ജീവചരിത്ര ഗ്രന്ഥമായിട്ടോ ഒരു ശാസ്ത്രീയ തൂലികാചിത്രമായിട്ടോ ആരെങ്കിലും അംഗീകരിക്കണം എന്ന് ജോയ്സ് വിചാരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആരോ തന്നെക്കൊണ്ട് ചെയ്യിച്ച ഒരു നിയോഗസ്മരണയില്‍ “ഇത് ഇങ്ങനെയൊക്കെ രൂപപ്പെട്ടു” എന്നായിരിക്കാം … ഗ്രന്ഥത്തെക്കുറിച്ച് ജോയ്സിനു പറയാനുള്ളത്. രചനാശൈലിയുടെ ശാസ്ത്രീയവശങ്ങളൊക്കെ പഠിച്ചിട്ട് രചനയ്ക്കൊരുങ്ങുവാനുള്ള സാവകാശമൊന്നും എഴുത്തുകാരന് കൊടുക്കുവാന്‍ ഈ ഗ്രന്ഥത്തിന്‍റെ പിന്നിലെ ഉള്‍പ്രേരണ അനുവദിച്ചില്ല എന്നും ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും. …

ഈ ഗ്രന്ഥത്തില്‍, ജോയ്സ് ഗ്രന്ഥകാരനെന്നതിലുപരി ഒരു രേഖാസമ്പാദകനും തീര്‍ത്ഥയാത്രാ സഹായിയും ആണ്. മുത്തുകള്‍ കോര്‍ത്തു മാലയാക്കുന്ന ജോലി ആര്‍ക്കും ചെയ്യാമെങ്കിലും ചിലരുടെ കൈകളില്‍ രൂപപ്പെടുന്ന മാല അത്ഭുതസൗന്ദര്യം അണിയുന്നതാണ്. അതുതന്നെയാണീ ഗ്രന്ഥത്തിന്‍റെ മഹത്വവും.”

– ഫാ. ഡോ. ജേക്കബ് കുര്യന്‍

“പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ജീവിതവും ദര്‍ശനവും അനുഭവിച്ചറിയത്തക്കവിധം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ആത്മാംശത്തോടെയും ഗവേഷണ മികവോടെയും ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നു. പൊതുസമൂഹത്തിന് ലഭ്യമല്ലാത്ത പല അപൂര്‍വ്വ രേഖകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരമ്പരാഗതമായ ജീവചരിത്ര രൂപശില്‍പ ഘടനകളെ ഉത്തരാധുനിക നവ ചരിത്രരചനകളില്‍ ഭേദിക്കുന്ന ശൈലിയാണുള്ളത്. ഒരാളുടെ ജീവിതവും സംഭവങ്ങളും ഉള്‍പ്പെടുത്തി സുവ്യക്തമായി ആ വ്യക്തിത്വത്തിന്‍റെ മഹത്വവും ദര്‍ശനവും വിളിച്ചറിയിക്കുന്നതിന് ഏതുതരം രചനാ മാര്‍ഗ്ഗങ്ങളും ഉത്തരാധുനിക ജീവചരിത്രരചനാശൈലിയില്‍ സ്വീകാര്യമാണ്. പ്രകാശത്തിലേക്ക് ഒരു തീര്‍ത്ഥയാത്രയില്‍ വസ്തുനിഷ്ഠമായ ചരിത്രവിഭവങ്ങള്‍, സംഭാഷണങ്ങള്‍, കത്തുകള്‍ എന്നിവ അതതു രൂപത്തില്‍ തന്നെ ഉള്‍ച്ചേര്‍ത്തിരിക്കുന്നതിനാല്‍ ഈ ജീവചരിത്രം ചരിത്രത്തോടും സംസ്ക്കാരത്തോടും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. സഭ, സമൂഹം, രാഷ്ട്രം, രാജ്യാന്തര സമിതികള്‍, ലോകനേതാക്കള്‍, ആഗോള പ്രശ്നങ്ങള്‍ തുടങ്ങി നിരവധി തലങ്ങള്‍ ഇതില്‍ അപഗ്രഥിച്ചിരിക്കുന്നു. …

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രസാധകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന 47-കാരനായ ജോയ്സ് തോട്ടയ്ക്കാടിന്‍റെ ഗ്രന്ഥപ്പുരയില്‍ എത്തിയെങ്കില്‍ മാത്രമേ പൗലോസ് മാര്‍ ഗ്രീഗോറിയോസിനെക്കുറിച്ചുള്ള അപൂര്‍വ്വവും പ്രശസ്തവുമായ രചനകള്‍ കണ്ടെത്തുവാന്‍ കഴിയൂ. ഇവയെല്ലാം അജ്ഞാതരായ ഭാവി ഗവേഷകര്‍ക്കായി കരുതിവച്ചിരിക്കുന്ന വിഭവങ്ങളാണ്. വിദേശികളായ പലരും ഗ്രിഗോറിയന്‍ ദര്‍ശനം പഠിക്കാനെത്തുമെങ്കിലും ആഗോള പ്രശസ്തനായ പൗലോസ് മാര്‍ ഗ്രീഗോറിയോസിനെക്കുറിച്ച് സ്വദേശീയരായ ഗവേഷകര്‍ക്ക് വേണ്ടത്ര ആഭിമുഖ്യമില്ല. അതിനാലാവാം ജോയ്സ് തോട്ടയ്ക്കാട് വലിയ സാഹസത്തോടും വിശ്വസ്തതയോടും പ്രതീക്ഷയോടും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ രചനകള്‍ ഭദ്രമായി കാത്തുസൂക്ഷിക്കുന്നത്.”

– ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കോപ്പികള്‍ക്ക്

സോഫിയാ ബുക്സ്
രണ്ടാം നില, കണ്ടത്തില്‍ ബില്‍ഡിംഗ്, തിരുനക്കര, കോട്ടയം – 686 001 Phone: 99471 20697

രജിസ്റ്റേര്‍ഡ് തപാലിലോ കൊറിയറിലോ ലഭിക്കുവാന്‍ 600 രൂപയുടെ മണിഓര്‍ഡര്‍/ചെക്ക് അയക്കുക