പുന്നത്ര ദീവന്നാസ്യോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

1825-ല്‍ ഇടവമാസം 5-ന് ഈ മെത്രാപ്പോലീത്താ (പുന്നത്ര ദീവന്നാസ്യോസ്) കാലംചെയ്തു കോട്ടയത്തു ചെറിയപള്ളിയില്‍ അടക്കുകയും ചെയ്തു. ഈ ദേഹം മിഷനറിമാരുടെ കൂടെ സഹായം ഉണ്ടായിരുന്നതിനാല്‍ ശക്തിയോടുകൂടെ പള്ളി ഭരിച്ചു. അലിവുള്ളവനായിരുന്നു. മാനശീലനായിരുന്നു. ദ്രവ്യാഗ്രഹമുള്ളവനായി വളരെ സമ്പാദിച്ചു എങ്കിലും ദ്രവ്യപുഷ്ടിയുള്ളവനെന്നു കൂടെ ശ്രുതി വേണമെന്നാഗ്രഹിച്ചു ദ്രവ്യാഗ്രഹി ആയിത്തീര്‍ന്നതല്ലാതെ അത്യാഗ്രഹി ആയിട്ടല്ല. ഏറ്റവും ധാരാളിയും പരോപകാരിയും ആയിരുന്നു. എന്നാല്‍ ഈ മെത്രാപ്പോലീത്താ കാലം ചെയ്തയുടനെ പീലക്സീനോസ് മെത്രാപ്പോലീത്താ വന്നു. പിന്നെ ഒരു മെത്രാനെ വാഴിക്കേണ്ടുന്ന സംഗതികൊണ്ടു വിചാരിച്ചാറെ കല്ലൂപ്പാറ അടങ്ങപ്രത്തു കത്തനാരെ മെത്രാനായിട്ടാക്കിയാല്‍ സുറിയാനിമതം എളുപ്പത്തില്‍ കെടുത്തുവാന്‍ സംഗതി വരുമെന്ന് മിഷനറികള്‍ അത്യാഗ്രഹിച്ച് അയാളെ വാഴിക്കണമെന്ന് അവരും മറ്റുവിധത്തില്‍ ശേഷം പേരും പറയുകയും അടങ്ങപ്രത്തു യൗസേപ്പ് കത്തനാരു ദ്രവ്യപ്രിയന്‍ അല്ലാതെ മതപ്രിയന്‍ അല്ലാത്തതിനാലും മറിച്ചില്‍ ചെയ്യുന്നതിനു തക്കമുണ്ടെങ്കില്‍ ഒട്ടുംതന്നെ സംശയിക്കുന്നവന്‍ അല്ലാത്തതിനാലും അയാളെ മെത്രാനാക്കുന്നതിനു മെത്രാപ്പോലീത്തായ്ക്കു തീരെ മനസ്സില്ലാതെ തീരുകയും ചെയ്കകൊണ്ട് മേലെഴുതിയ യൗസേപ്പ് കത്തനാരുടെയും കോനാട്ട് മല്പാന്‍ അബ്രഹാം കത്തനാരുടെയും ചേപ്പാട്ട് ആഞ്ഞിലിമൂട്ടില്‍ ഫീലിപ്പോസ് കത്തനാരുടെയും പേര് വച്ചു ചീട്ടിയിട്ടാറെ ഫീലിപ്പോസ് കത്തനാര്‍ക്കു ചീട്ടി വീണു. ചിങ്ങ മാസം 11-നു അയാളെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെന്നു പേരു വിളിച്ചു വാഴിച്ചുംവച്ച് പീലക്സിനോസ് പോകുകയും ചെയ്തു. പിന്നത്തേതില്‍ അന

വാദങ്ങള്‍ വാങ്ങുന്നതിനും ഈ മെത്രാന്‍ പീലക്സിനോസിന്‍റെ അടുക്കല്‍ പോയശേഷം പല ഗുണദോഷങ്ങള്‍ പറഞ്ഞതില്‍ അടങ്ങപ്രത്തു യൗസേപ്പ് കത്തനാരെപോലെ നേരില്ലാത്തവരില്ലായ്കകൊണ്ട് ആയതു മനസ്സിലുണ്ടായിരിക്കണമെന്നത്രെ പ്രധാനമായി പറഞ്ഞത്.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)