അയർലണ്ട്: അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ (27 വയസ്സ്) നിര്യാതയായി. ഇക്കഴിഞ്ഞ മാർച്ച് 14-ന് വൈകിട്ടു 9 മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി, റോഡ് മുറിച്ചു കടക്കവേ, കോർക്ക് വിൽട്ടണിലുള്ള പെഡസ്ട്രിയൻ ക്രോസ്സിങ്ങിൽ വച്ചു കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. തലക്കു പരിക്കേറ്റു ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനി 12-ആം തീയതി വ്യാഴാഴ്ച ഉച്ചക്ക് 12.15 pm-ന് പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി മരണത്തിനു കീഴടങ്ങി. അപകട വാർത്തയറിഞ്ഞയുടനെ തന്നെ UAE യിൽ ഉള്ള ഏക സഹോദരനും, തുടർന്ന് നാട്ടിലുള്ള മാതാപിതാക്കളും അയർലണ്ടിൽ എത്തിയിരുന്നു. പരേതയുടെ മരണ സമയത്തു മാതാപിതാക്കളും സഹോദരനും അയർലണ്ടിൽ ഉള്ള ബന്ധുക്കളും വൈദികരും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. സിനി അവിവാഹിതയായിരുന്നു. കോട്ടയം കുറിച്ചി വട്ടൻചിറയിലായ പാറച്ചേരി ആണ് വീട്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് വലിയപള്ളി ഇടവകാംഗം ആണ്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സിനി പിന്നീട് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്നു. 2017 ഒക്ടോബറിൽ അയർലണ്ടിൽ എത്തിയ സിനി കുറഞ്ഞനാൾ കൊണ്ട് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായി മാറിയിരുന്നു.
സിനിയുടെ മൃതദേഹം 14 ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 6 മണി വരെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മോർച്ചറിക്കു സമീപമുള്ള ചാപ്പലിൽ പൊതുദർശനത്തിനു വെക്കുന്നതാണ്. ഈ അവസരത്തിൽ ശവസംസ്കാര ശുശ്രൂഷയുടെ പ്രഥമഘട്ട പ്രാർഥനകൾ വൈദികർ നിർവഹിക്കുന്നതാണ്. തുടർന്ന് 15-ആം തീയതി ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ മൃതദേഹം വീണ്ടും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കുന്നതും പിന്നീട് വിലാപയാത്രയായി ഹോസ്പിറ്റലിൽ നിന്ന് വിൽട്ടൺ ടെസ്‌കോക്കു സമീപമുള്ള സെന്റ് ജോസഫ് പള്ളിയിലേക്കു കൊണ്ടുപോകുന്നതുമായിരിക്കും. സെന്റ് ജോസഫ് (SMA) പള്ളിയിൽ നടക്കുന്ന വി. കുർബാനയിൽ അയർലണ്ടിലെ വിവിധ പള്ളികളിലെ വൈദികർ പങ്കെടുക്കും. സിനിയുടെ മൃതദേഹം പിന്നീട് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും ശവസംസ്‌കാരം ഇടവകപ്പള്ളിയായ കോട്ടയം കുറിച്ചി വലിയപള്ളിയിലെ കുടുംബ കല്ലറയിൽ നടത്തപ്പെടുന്നതുമാണ്.
വാർത്ത: രാജൻ. വി, കോർക്ക്.