ആതുരസേവന മേഖലയ്ക്ക് വൻ നഷ്ടം: മുഖ്യമന്ത്രി


കോട്ടയം ∙ പ്രശസ്ത ശിശുരോഗവിദഗ്ധനും കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറും വെല്ലൂർ മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മുൻ പ്രഫസറും മലയാള മനോരമ മെഡിക്കൽ ഡയറക്ടറുമായ ഡോ. കെ.സി.മാമ്മന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ആതുരസേവനരംഗത്ത്, പ്രത്യേകിച്ച് കുട്ടികളുടെ ചികിത്സാമേഖലയിൽ തികഞ്ഞ അർപ്പണബോധത്തോടെ ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നു മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകനെന്ന നിലയിലും മെഡിക്കൽ ഡയറക്ടർ എന്ന നിലയിലും വലിയ സംഭാവനകൾ നൽകിയ ഡോ. കെ.സി.മാമ്മന്റെ വിയോഗം ആതുരസേവനരംഗത്തിനു വലിയ നഷ്ടമാണെന്നും ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. കെ.സി.മാമ്മന്റെ (ബാപ്പുക്കുട്ടി – 93) ഭൗതികശരീരം ഇന്നു രാവിലെ 9നു കഞ്ഞിക്കുഴി മൗണ്ട്‌ വാർധ തയ്യിൽ കണ്ടത്തിൽ വസതിയിലെത്തിക്കും. ഉച്ചയ്ക്കു 2നു വീട്ടിൽ പ്രാർഥനയ്ക്കു ശേഷം സംസ്കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തി‍ൽ 4-നു കോട്ടയം പുത്തൻപള്ളിയിൽ നടക്കും.