ജോമെട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യുക്ലിഡിനോട് ഒരിക്കല്‍ ടോളമി ചക്രവര്‍ത്തി, തന്നെ എളുപ്പത്തില്‍ ജോമെട്രി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു നല്‍കിയ മറുപടിയാണ് ഈ ലേഖനത്തിനു തലക്കെട്ടായി നല്‍കിയിരിക്കുന്നത്. 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിക്കുശേഷം സഭാ സമാധാനം കാംക്ഷിക്കുന്ന അനേകായിരങ്ങള്‍ക്കുമുള്ള ഉത്തരവും ഇതു തന്നെയാണ്. ആ പാത ദുഷ്ക്കരമാണ്. തികഞ്ഞ അവധാനതയോടെ സാവധാനം മാത്രമേ അതു കടന്നു ശാശ്വത സമാധാനം എന്ന മഹത്തായ ലക്ഷ്യത്തിലെത്താന്‍ സാധിക്കൂ. സമാധാനത്തിന്‍റെ പാത ദുര്‍ഘടമായതിനാലാണ് കര്‍ത്താവ്, സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും എന്ന് തന്‍റെ ഗിരിപ്രഭാഷണത്തില്‍ അരുളിച്ചെയ്തത്.
ഏറെ ചര്‍ച്ചചെയ്യപ്പെട്ട സുപ്രീംകോടതിവിധിയുടെ ഉള്ളടക്കത്തിലേയ്ക്കു കടക്കുന്നില്ല. എന്നാല്‍ വിധിവാക്യങ്ങള്‍ക്കുപരി ബഹു. കോടതിയുടെ ഈ വിഷയത്തിലുള്ള താല്പര്യം രണ്ടു വാചകത്തില്‍ സംക്ഷേപിക്കാം. ഒന്ന് – സമാന്തര ഭരണവും അതുണ്ടാക്കുന്ന സാമൂഹിക – ക്രമസമാധാന പ്രശ്നങ്ങളും ശാശ്വതമായി അവസാനിക്കണം. രണ്ട് – മലങ്കര സഭ ഒന്നായി എല്ലാ പള്ളികളിലും ആരാധന നടക്കണം. വിധിവ്യാഖ്യാനം നടത്തുന്നവര്‍ കാണാതെ പോകുന്നത് ഇതില്‍ രണ്ടാമത്തെ വസ്തുതയാണ്.
ഇരുപക്ഷത്തിലേയും അപൂര്‍വം തീവ്രവാദികള്‍ ആവശ്യപ്പെടുന്ന ഒന്നാണ് വിഭജനത്തിലൂടെയുള്ള സമാധാനം. സുപ്രീംകോടതിയുടെ സമീപകാല വിധിപ്രകാരം വിഭജനമോ ഏതെങ്കിലുംതരത്തിലുള്ള സമാന്തര ഭരണമോ നീക്കുപോക്കുകള്‍ പോലുമോ അനുവദനീയമല്ല. 2002-നു ശേഷം മാത്രം മുന്‍ യാക്കോബായ വിഭാഗം ഉയര്‍ത്തിയ വാദങ്ങളാണ് വിഭജനവും രണ്ടു സഭയും. നിക്ഷിപ്ത താല്പര്യക്കാരായ ചില ഓര്‍ത്തഡോക്സ് സഭാനേതാക്കള്‍ സമീപകാലത്ത് ഇതു ഏറ്റുപിടിച്ചു. യഥാര്‍ത്ഥത്തില്‍ 140 വര്‍ഷം നീണ്ട വ്യവഹാര പരമ്പരയില്‍ ആദ്യം മെത്രാന്‍ – ബാവാ കക്ഷികളായിരുന്നപ്പോഴും പിന്നീട് കാതോലിക്കാ – പാത്രിയര്‍ക്കീസ് കക്ഷികളായി മാറിയപ്പോഴും ഇരുപക്ഷവും സ്വപ്നേപി ചിന്തിക്കാത്ത വിഷയമാണ് വിഭജനം. തികച്ചും അക്രൈസ്തവമായ വിഭജനം ആവശ്യപ്പെടുന്നവര്‍ വാസ്തവത്തില്‍ സ്വന്തപക്ഷത്തെ പൂര്‍വപിതാക്കളെ അവഹേളിക്കുകയാണ്.
തങ്ങളുടെ അഭിപ്രായമാണ് ശരി, ആ വാദം അംഗീകരിക്കപ്പെട്ട് സഭ മുഴുവന്‍ നടപ്പാക്കണം, അതനുസരിച്ച് മലങ്കരസഭ ഭരിക്കപ്പെടണം എന്നു മാത്രമാണ് 2002 വരെ യഥാര്‍ത്ഥത്തില്‍ ഇരുപക്ഷ നേതാക്കളും ആഗ്രഹിച്ചിരുന്നത്. വിഭജനം അവരുടെ അജണ്ടയില്‍ ഒരിക്കലും ഇല്ലായിരുന്നു. നിയമരഹിത ഭരണത്തിന്‍റെ സുഖശീതളിമ ആസ്വദിക്കുവാനാണ് മുന്‍ യാക്കോബായ വിഭാഗ നേതൃത്വം 2002 മുതല്‍ വിഭജനവാദം ഉന്നയിക്കുന്നത് എന്നു വയ്ക്കാം. എന്നാല്‍ അതേറ്റുപിടിക്കുന്ന ഓര്‍ത്തഡോക്സ് സഭയിലെ അംഗുലീപരിമിതരായ നേതാക്കളുടെ ചേതോവികാരം എന്താണ്? ഒന്നു മാത്രം പറയാം. സഭ വിഭജിക്കപ്പെട്ടു പോകാതിരിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ പാത്രിയര്‍ക്കീസിന്‍റെ കാലുപിടിച്ച പ. വട്ടശ്ശേരില്‍ തിരുമേനിയുടേയും, അകാനോനികമെന്നു അറിയാമായിരുന്നിട്ടും അതേ ആവശ്യത്തിനായി കുറ്റിക്കാട്ടില്‍ മെത്രാച്ചനില്‍നിന്നും സ്ഥിരീകരണം സ്വീകരിക്കാന്‍ തയാറായ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടേയും മുഖത്തു തുപ്പുന്നതിനു സമാനമായ നടപടിയാണ് ഓര്‍ത്തഡോക്സ് സഭയിലെ വിഭജനവാദികള്‍ ഇന്നു ചെയ്യുന്നത്.
വിഭജനത്തിന്‍റെ ആത്യന്തിക ഫലം അരാജകത്വമായിരിക്കും. സമീപകാലത്ത് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ചൂണ്ടിക്കാണിച്ചതുപോലെ അനന്തമായ സഭാനിയമലംഘനങ്ങളുടെ പരമ്പരയാവും പിന്നീട് അരങ്ങേറാന്‍ പോവുക. ഒരേ വിശ്വാസവും പട്ടത്വവുമുള്ള രണ്ടു സഭകളായി മാറിയാല്‍ ഒരു കക്ഷിയില്‍ കാര്യം സാധിക്കാതെ വരുമ്പോള്‍ മറുകക്ഷിയില്‍ ചേര്‍ന്നു നടത്തിക്കുന്ന നടപടി സാധാരണമായി മാറും. ആര്‍ക്കും ആരെയും നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാവും അതു കൊണ്ടെത്തിക്കുക. ആത്യന്തികമായി നശിക്കുന്നത് സത്യവിശ്വാസവും.
1958-നു മുമ്പു നടന്ന ഒരു സംഭവം ഇതിനു നല്ലൊരു ഉദാഹരണമാണ്. മലബാറില്‍ കാനോനികമായി അസാദ്ധ്യമായ ഒരു വിവാഹം നടത്താന്‍ അന്ന് ഭദ്രാസനാധിപനായിരുന്ന പത്രോസ് മാര്‍ ഒസ്താത്തിയോസ് വിസമ്മതിച്ചു. ആവശ്യക്കാര്‍ ഉടന്‍തന്നെ അന്നു പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ മലബാറിന്‍റെ ചുമതലയുണ്ടായിരുന്ന മുളയിരിക്കല്‍ പൗലൂസ് മാര്‍ സേവേറിയോസിനെ സമീപിച്ചു. അദ്ദേഹം, … ഒസ്താത്തിയോസ് ആബൂനും ഞാനും രണ്ടു കക്ഷിയാണെങ്കിലും ഒരേ വിശ്വാസമാണ്. അദ്ദേഹം നിരാകരിച്ചത് എനിക്ക് അനുവദിക്കാനാവില്ല… എന്നു തുറന്നടിച്ച് ആ ആവശ്യം നിരസിച്ചു. താമസിയാതെ മാര്‍ സേവേറിയോസിന്‍റെ വിശ്വാസ തീക്ഷ്ണതയൊന്നും ഇല്ലാത്ത പൗരസ്ത്യ സുവിശേഷ സമാജത്തില്‍പ്പെട്ട ഒരു വൈദികന്‍ ആ വിവാഹം നടത്തിക്കൊടുത്തു! ഇതൊക്കെയല്ലെ ഇനി പരക്കെ സംഭവിക്കാന്‍ പോകുന്നത്?
മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകാന്‍ ഒരു വഴിയെ ഉള്ളു. അത് ഐക്യവും യോജിപ്പുമാണ്. എന്നു മാത്രമല്ല, കോടതിവിധിപ്രകാരം ഇത് സഭയുടെ നിയമപരമായ ബാദ്ധ്യതയുമാണ്. 2017 ജൂലൈ 3 വിധിയുടെ അവസാനഭാഗം ശ്രദ്ധിക്കുക.
“രണ്ടു വിഭാഗങ്ങളും, അവര്‍ വിശ്വസിക്കുന്ന വിശുദ്ധ മതത്തിന്‍റെ നന്മയ്ക്കായി, തങ്ങളുടെ അഭിപ്രായ ഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍, ഒരു പൊതുവേദിയില്‍ പരിഹരിക്കേണ്ടതാണ്. ഒഴിവാക്കി എടുക്കാവുന്നതും സഭയെത്തന്നെ ജീര്‍ണ്ണിപ്പിക്കുന്നതുമായ സ്ഥിതി സംജാതമാക്കുന്ന, മേലിലുള്ള കലഹവും അസമാധാനവും ഇല്ലാതാക്കുന്നതിന് ഇതാവശ്യമാണ്. അത്യാവശ്യമെങ്കില്‍, നിയമാനുസൃതം ഭരണഘടന ഭേദഗതി ചെയ്യണം. എന്നാല്‍ പള്ളികള്‍ അടച്ചിടേണ്ട സ്ഥിതിവരെ എത്തിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളിലേക്കു നയിക്കുന്ന സമാന്തര ഭരണരീതി സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമവും, യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല.”
മലങ്കരസഭാ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ച് വിധിയെഴുതിയ ബഹു. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് മലങ്കരസഭയുടെ ഭാവിയെപ്പറ്റിയുള്ള ഉത്ക്കണ്ഠ – രണ്ടു വിഭാഗങ്ങളും, അവര്‍ വിശ്വസിക്കുന്ന വിശുദ്ധ മതത്തിന്‍റെ നന്മയ്ക്കായി, തങ്ങളുടെ അഭിപ്രായ ഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍, ഒരു പൊതുവേദിയില്‍ പരിഹരിക്കേണ്ടതാണ് – സഭാംഗങ്ങള്‍ക്കും നേതൃത്വത്തിനും ഉണ്ടായാല്‍ തീരുന്ന പ്രശ്നമേ ഇന്നു സഭയില്‍ ഉള്ളു.
ഈ വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടാണ് പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ 2017 ജൂലൈ മാസം 11-നു ചാക്രിക കല്പന അയച്ചത്. അതില്‍ അദ്ദേഹം …ബഹു. സുപ്രീംകോടതിയുടെ ഇപ്പോഴുണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സഭാംഗങ്ങള്‍ ഏവരും ഒന്നായിത്തീരേണ്ടത് അങ്ങേയറ്റം ആവശ്യമാണ്. പരിശുദ്ധ സഭയുടെ മക്കള്‍ മുഴുവനും ഒരേ വിശ്വാസത്തിന്‍റെ പൈതൃകം പേറുന്ന കുടുംബാംഗങ്ങള്‍ തന്നെയാണ്. അതിനാല്‍ നാമെല്ലാവരും ഈ കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഏകവും വിശുദ്ധവുമായ സഭയുടെ മക്കളായി വര്‍ത്തിക്കണമെന്നും ബഹു. സുപ്രീംകോടതി ആവര്‍ത്തിച്ചുറപ്പിച്ചതായ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പരിശുദ്ധ സഭയില്‍ ശാശ്വതസമാധാനം ഉണ്ടാകണമെന്നുമാണ് നമ്മുടെ ആഗ്രഹം. ‘കലഹം പിശാചിന്‍റെ കൗശലമാണ്, സമാധാനം ദൈവത്തിന്‍റെ ദാനമാണ്’ – ഈ വസ്തുത നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു… എന്ന് തന്‍റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
മറുവശത്ത്, ഏറെ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും 2018 ഫെബ്രുവരി 18-നു അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്, …അനുരഞ്ജന സാദ്ധ്യതയില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്. ശ്രമങ്ങള്‍ ഫലവത്താകുംവരെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും വേരൂന്നി, ക്രിസ്തീയതയില്‍ അടിയുറച്ച ശ്രമങ്ങള്‍ തുടരണം. വിദ്വേഷവും അക്രമവും വെടിഞ്ഞ് നിയമം അനുശാസിക്കുന്ന സമാധാന മാര്‍ഗ്ഗം അവലംബിക്കണം… എന്നാണ് പരസ്യമായി പ്രഖ്യാപിച്ചത്.
2018 ഫെബ്രുവരി 23-ന് ഓര്‍ത്തഡോക്സ് സഭയുടെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച പ്രസ്താവനയില്‍ പറയുന്നത് ഇപ്രകാരമാണ് …മലങ്കരസഭ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുകയാണ്. സ്പര്‍ദ്ധയും വിദ്വേഷവും വെടിഞ്ഞ് ഒരാരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നുവരുന്ന അനുഗൃഹീത മുഹൂര്‍ത്തത്തിനുവേണ്ടി. ഈ ലക്ഷ്യത്തെ ദോഷമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എന്നാല്‍ നീതി നിര്‍വഹണം ഉണ്ടാകുന്നത് ഇനിയും വൈകിക്കൂടാ എന്നും സഭയ്ക്ക് നിര്‍ബന്ധമുണ്ട്. സഭയിലെ ഐക്യവും സമാധാനവും സമ്പൂര്‍ണ്ണമാകുന്നതുവരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തിന് എല്ലാവരുടേയും സഹായവും പങ്കാളിത്വവും ദൈവനാമത്തില്‍ ഉണ്ടാകണം എന്ന് പരിശുദ്ധ സുന്നഹദോസ് ആഗ്രഹിക്കുന്നു…
ചുരുക്കത്തില്‍, നാലുഭാഗങ്ങളിലുമുള്ള ദൈവത്തിന്‍റെ സഭയെ മേയ്ച്ചു ഭരിക്കുന്നവര്‍ ഏകവും വിശുദ്ധവുമായ സഭയേപ്പറ്റിയും വിദ്വേഷവും അക്രമവും വെടിഞ്ഞ സമാധാന മാര്‍ഗ്ഗത്തെപ്പറ്റിയും ഉദ്ബോധിപ്പിക്കുന്നു; അതേസമയം ഇരുവിഭാഗത്തിലേയും അങ്കക്കലി കയറിയ യുദ്ധവെറിയന്മാര്‍ പരസ്പരം പരമാവധി പ്രകോപിപ്പിക്കുന്നു. ഇതാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സുപ്രീംകോടതി കണ്ടത് സഭയുടെ പൊതുവായ ഭാവിയും നന്മയുമാണ്. പ്രധാന മഹാപുരോഹിതര്‍ ആഹ്വാനം ചെയ്തത് സമാധാനപൂര്‍ണ്ണമായ ഏക വിശുദ്ധ സഭയാണ്. എന്നാല്‍ ഇരുവിഭാഗത്തിലേയും ചില നേതാക്കള്‍ പ്രോല്‍സാഹിപ്പിക്കുന്നത് ഇതിനു വിപരീതമായ അവസ്ഥയാണ്. അതിന്‍റെ കാരണങ്ങള്‍ തന്നെയാണ് സഭാസമാധാനപാതയിലെ വെല്ലുവിളികള്‍. അവയും അവയുടെ ഗുണഭോക്താക്കളേയും കണ്ടെത്തി ഉന്മൂലനം ചെയ്യുക എന്നതാണ് സഭാസമാധാനപാതയിലെ ഏക വെല്ലുവിളി.
വ്യവഹാരപരമ്പരയിലെ വിജയി എന്ന നിലയില്‍ അനുരഞ്ജനത്തിനു മുന്‍കൈ എടുക്കാനുള്ള ബാദ്ധ്യത ഓര്‍ത്തഡോക്സ് സഭയ്ക്കാണ്. പക്ഷേ അതിനെ പിന്നോട്ടു വലിക്കുന്ന ചില അദൃശ്യ കരങ്ങളുണ്ട്. സമീപകാലത്ത് ചിലര്‍ ആരോപിക്കുന്നതുപോലെ ഇതില്‍ മെത്രാന്മാര്‍ മുതല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കുന്ന ചില തട്ടിപ്പുകാര്‍ വരെയുണ്ട്! ഏകീകൃത സഭയുടെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് മുതല്‍ സാദാ പള്ളിക്കമ്മിറ്റി വരെ ശാക്തിക സമവാക്യങ്ങളിലുണ്ടാകുന്ന മാറ്റമാണ് ഐക്യം-സമാധാനം ഇവയില്‍ നിന്നും പ. സഭയെ പിന്നോട്ടു വലിയ്ക്കുന്നവരുടെ ഭയം. ഇവരില്‍ കാതോലിക്കാ, മെത്രാന്‍, സഭാസ്ഥാനി സ്ഥാനമോഹികളാണ് മുഖ്യര്‍ എന്ന് ആരെങ്കിലും ആരോപിച്ചാല്‍ തെറ്റു പറയാനാവില്ല. സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ വേണ്ടിമാത്രം പ്രശ്നബാധിത പള്ളികളിലെല്ലാം എത്തിപ്പെട്ട് ബോധപൂര്‍വം പ്രകോപനങ്ങള്‍ ഉണ്ടാക്കുന്ന ബഹളസേനയെ തല്‍ക്കാലം മറക്കാം.
സമാധാനത്തിലേയ്ക്കുള്ള പാത ദുഷ്ക്കരമാണ്. അതിനുള്ള പ്രധാന കാരണം 1934 ഭരണഘടനയെപ്പറ്റി മുന്‍ യാക്കോബായ വിഭാഗത്തില്‍പെട്ടവരില്‍ നിലനില്‍ക്കുന്ന ഭയമാണ്. ബോധപൂര്‍വം വളര്‍ത്തിയെടുത്തതാണെങ്കിലും 1934 ഭരണഘടനയ്ക്കു കീഴില്‍ ഇടവകപള്ളികളിലെ തങ്ങളുടെ സ്വയംഭരണാധികാരം നഷ്ടമാകുമെന്ന് നല്ലൊരുപങ്ക് മുന്‍ യാക്കോബായക്കാരും ഭയക്കുന്നു എന്നത് വാസ്തവമാണ്. ഖേദപൂര്‍വം പറയട്ടെ, ഈ തെറ്റിദ്ധാരണ മാറ്റാന്‍ ഓര്‍ത്തഡോക്സ് സഭ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് വാസ്തവം. 1934 ഭരണഘടന തുല്യതയടക്കം നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്‍ഭരണ സ്വാതന്ത്ര്യം ഇടവകകള്‍ക്കു നല്‍കുമെന്ന യാഥാര്‍ത്ഥ്യം മുന്‍ യാക്കോബായ വിഭാഗത്തിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് അടിസ്ഥാന അടിയന്തിര ആവശ്യമാണ്.
സമീപകാലത്ത് ചിലര്‍ ഉയര്‍ത്തിയ ന്യായമായ ഒരു ചോദ്യമുണ്ട്. 1,000 അംഗങ്ങള്‍ ഉള്ള ഒരു ഇടവകയില്‍ കേവലം 100 അംഗങ്ങള്‍ മാത്രമുള്ള ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ മാത്രം ഭരണം കൈയാളുന്നത് അനീതിയല്ലേ? ഒറ്റവാക്കിലുള്ള ഉത്തരം തീര്‍ച്ചയായും കടുത്ത അനീതിയാണ് എന്നു തന്നെയാണ്. പക്ഷേ ഇത് സ്വല്‍പ്പം വിശദമായ മറുപടി അര്‍ഹിക്കുന്ന ഒരു സംശയമാണ്. 1934 ഭരണഘടന അനുസരിച്ച് അത് അസാദ്ധ്യമാണെന്നതാണ് അടിസ്ഥാന വിഷയം. ഭരണഘടനപ്രകാരം ഇടവക പൊതുയോഗമാണ് പള്ളി ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. ആ ഭരണസമിതിയാണ് പള്ളിയുടെ ലൗകികഭരണം നിര്‍വഹിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മുകളില്‍പറഞ്ഞ 1,000 പേരും ഈ പ്രക്രിയയില്‍ ഭാഗഭാക്കുകളാകും. …ഇരുപത്തിഒന്നു വയസ്സ് പ്രായം തികഞ്ഞവരും ആണ്ടില്‍ ഒരുതവണ എങ്കിലും കുമ്പസാരിച്ച് വി. കുര്‍ബാന കൈക്കൊള്ളുന്നവരും ഇടവക രജിസ്റ്ററില്‍ പേരുള്ളവരുമായ എല്ലാ സ്ത്രീപുരുഷന്മാരും ഇടവകയോഗത്തില്‍ അംഗങ്ങളായിരിക്കും. യോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശവും, ഇടവകയിലെ ഭരണസമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെടുവാനുള്ള അവകാശവും ഉണ്ടായിരിക്കും… എന്നാണ് ഇതിനെപ്പറ്റി ഭരണഘടന വ്യക്തമാക്കുന്നത്.
കുറച്ചുകൂടെ വിശദീകരിച്ചാല്‍, നിയമാനുസൃതമുള്ള മെത്രാപ്പോലീത്തായാല്‍ നിയമിക്കപ്പെട്ട വികാരി സൂക്ഷിക്കുന്ന ഇടവക രജിസ്റ്ററില്‍ പേരുള്ളവരും കുമ്പസാരം, വി. കുര്‍ബാനാനുഭവം, കുടിശികരാഹിത്യം മുതലായ നിബന്ധനകള്‍ പാലിക്കുന്നവരുമായ എല്ലാവര്‍ക്കും ഇടവകാംഗത്വവും വോട്ടവകാശവും ഉണ്ട്. അത് ആര്‍ക്കും തടയാനാവില്ല. പക്ഷേ അത് ലഭ്യമാകണമെങ്കില്‍ ആദ്യം നിയമാനുസൃത വികാരി സൂക്ഷിക്കുന്ന ഇടവക രജിസ്റ്ററില്‍ സ്വന്തം പേരുണ്ടെന്ന് ഉറപ്പു വരുത്തണം.
വളരെ ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. 18 വയസ് തികഞ്ഞ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും താന്‍ വസിക്കുന്ന മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് മുതല്‍ ലോക്സഭ വരെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അധികാരമുണ്ട്. അത് അവരുടെ ജന്മാവകാശമാണ്. പക്ഷേ അതിനു സമ്മതിദാനാവകാശം ലഭിക്കണമെങ്കില്‍ ആദ്യം തന്‍റെ പൗരത്വവും പ്രായവും നിയമാനുസൃതം നിയോഗിച്ച ഉദ്യോഗസ്ഥന്‍റെ മുമ്പില്‍ രേഖാമൂലം ബോദ്ധ്യപ്പെടുത്തി വോട്ടര്‍പട്ടികയില്‍ ഇടംതേടണം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും വോട്ടര്‍ കാര്‍ഡ് കൈവശമില്ലാതെ ആര്‍ക്കും വോട്ടു ചെയ്യാനാവില്ല. അല്ലാതെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുകയോ വോട്ടര്‍ കാര്‍ഡ് സ്വീകരിക്കുകയോ ചെയ്യാതെ ആരെങ്കിലും തന്നെ പുറത്തുനിര്‍ത്തി എന്നു വിലപിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ഈ നിബന്ധനകള്‍ ബാധകമാണ്.
ഈ നടപടിക്രമത്തിന്‍റെ അടിസ്ഥാനത്തില്‍ മലങ്കരസഭയിലെ വര്‍ത്തമാനകാലസ്ഥിതി പരിശോധിക്കാം. മുകളില്‍ പറഞ്ഞ ഇടവക പള്ളിയെ ഒന്നു സങ്കല്പിക്കുക. ആ ഇടവകയിലെ മുഴുവന്‍ അംഗങ്ങളും കക്ഷിഭേദമെന്യേ നിയമാനുസൃത വികാരി സൂക്ഷിക്കുന്ന ഇടവക രജിസ്റ്ററില്‍ സ്വന്തം പേരു ചേര്‍ക്കണം. അതു നിഷേധിക്കുവാന്‍ വികാരിക്ക് അധികാരമില്ല. അഥവാ നിഷേധിച്ചാല്‍ അതിനു യഥാക്രമം ഇടവക മെത്രാപ്പോലീത്തായ്ക്കും മലങ്കര മെത്രാപ്പോലീത്തായ്ക്കും അപ്പീല്‍ നല്‍കാം. അവിടെയും നീതി ലഭിച്ചില്ലെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാം. നടപടിക്രമം പൂര്‍ത്തീകരിച്ച് അംഗമാകുന്നവര്‍ക്ക് ഭരണസമിതിയിലേയ്ക്കു വോട്ടുചെയ്കയും മത്സരിക്കുകയും ചെയ്യാം. ആര്‍ക്കും തടയാനാവില്ല. അത്തരം നിയമാനുസൃത അംഗങ്ങളുടെ പൊതുയോഗമാകും ഇടവകപള്ളിയുടെ ലൗകികഭരണം നിര്‍വഹിക്കുക. അതായത് ഭൂരിപക്ഷമുള്ളവര്‍ ഭരിക്കും.
എന്നാല്‍ നിയമാനുസൃതം നിയമിക്കപ്പെട്ട വികാരിയെ മറികടക്കാനോ ഭരണഘടനാതീതമായി പ്രവര്‍ത്തിക്കാനോ ഭരണസമിതിക്ക് അധികാരമില്ല. മറിച്ച് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സഭാഭരണഘടനയുടെ പരിധിക്കുള്ളില്‍ നില്‍ക്കുന്നിടത്തോളം അതിനു വിഘ്നമുണ്ടാക്കുവാനോ ഏകാധിപത്യം നടപ്പിലാക്കാനോ ഭരണഘടന വികാരിയെ അനുവദിക്കുന്നില്ല താനും. ഇടവക മെത്രാപ്പോലീത്തായുടെ സ്ഥിതിയും ഭിന്നമല്ല. ഈ യാഥാര്‍ത്ഥ്യം മുന്‍ യാക്കോബായ വിഭാഗത്തെ ബോദ്ധ്യപ്പെടുത്തേണ്ടത് ഓര്‍ത്തഡോക്സ് സഭയാണ്. അതേസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാനും നിയമാനുസൃത മെത്രാപ്പോലീത്തായേയും വികാരിയേയും അംഗികരിക്കാനുള്ള ബാദ്ധ്യത മുന്‍ യാക്കോബായ വിഭാഗത്തിനുമുണ്ട്.
കേരളാ ഗവര്‍ണ്ണറെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. തീര്‍ച്ചയായും കേന്ദ്രം ഭരിക്കുന്നവരുടെ താല്പര്യം ആ നിയമനത്തില്‍ പ്രതിഫലിക്കും. പക്ഷേ അദ്ദേഹത്തിനു ചെയ്യാവുന്നതിനു പരിമിതികളുണ്ട്. കേരള സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങളില്‍ ഭരണഘടനാ ലംഘനങ്ങളില്ലെങ്കില്‍ അദ്ദേഹം അത് അംഗീകരിച്ചുകൊടുത്തേ പറ്റൂ. ഇന്ത്യന്‍ ഭരണഘടനാപരമായി കേരള സര്‍ക്കാര്‍ പാളം തെറ്റിയാല്‍ ചൂണ്ടിക്കാട്ടാം. അത്രമാത്രമാണ് ഗവര്‍ണ്ണറുടെ അധികാരം. എന്നുവെച്ചു ഗവര്‍ണ്ണറെ നിയമിക്കാനോ നീക്കം ചെയ്യാനോ, മറികടക്കാനോ കേരള സര്‍ക്കാരിന് അധികാരമില്ല. ഇടവകപള്ളികളുടെ ലൗകികഭരണത്തില്‍ 1934 ഭരണഘടനപ്രകാരം വികാരിമാരുടെ അധികാരം ഇതിന് തികച്ചും സമാനമാണ്.
ഐക്യ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുന്ന സുപ്രധാന ഘടകം മുന്‍ യാക്കോബായ വിഭാഗത്തിലെ വൈദികരാണ്. ഏകീകൃത സഭയില്‍ തങ്ങള്‍ പുറത്താകുമെന്ന് അവര്‍ ഭയക്കുന്നെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാല്‍ നൂറ്റാണ്ടോ അതിലധികമോ അച്ചന്‍പണി ചെയ്തിട്ട് ഒരു സുപ്രഭാതത്തില്‍ തങ്ങളെ തൊഴില്‍രഹിതരാക്കുന്ന ഐക്യത്തെ അവര്‍ കണ്ണുമടച്ച് എതിര്‍ത്താലും തുരങ്കം വെച്ചാലും അത്ഭുതത്തിന് അവകാശമില്ല. കാരണം അത് അവരുടെ നിലനില്പിന്‍റെ – അതിജീവനത്തിന്‍റെ – പ്രശ്നമാണ്. ഏകീകൃത സഭയില്‍ അവരുടെ ഭാവിയെപ്പറ്റി ഒരു നയവും ഓര്‍ത്തഡോക്സ് സഭ ഇതുവരെ സ്വീകരിച്ചിട്ടില്ല. എങ്കില്‍പ്പോലും അവരെ ഭയപ്പെടുത്തുന്ന ചില അനൗദ്യോഗിക പ്രസ്താവനകള്‍ ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ഇതൊരു അനഭിലഷണീയ പ്രവണതയാണ്. പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പോലെയുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം ചിന്തിച്ചു വ്യക്തമായ നയം രൂപീകരിച്ചു പ്രഖ്യാപിക്കുന്നതുവരെ ഏകപക്ഷീയമായ പ്രസ്താവനകള്‍ ഇത്തരം കാര്യങ്ങളില്‍ ആരില്‍നിന്നും ഉണ്ടാകരുത്. വിധിനടത്ത് സംരംഭങ്ങളിലും വ്യക്തമായ നയവും പ്രവര്‍ത്തനരീതിയും ഉത്തരവാദിത്വപ്പെട്ടവര്‍ രൂപീകരിക്കണം. ഭരണഘടനാതീതരായ ശക്തികള്‍ അപക്വമായി എടുത്ത തീരുമാനങ്ങളാണ് സമീപകാലത്ത് ദുരന്തത്തില്‍ കലാശിച്ചത് എന്ന യാഥാര്‍ത്ഥ്യം ഓര്‍ത്തഡോക്സ് സഭ തിരിച്ചറിഞ്ഞേ പറ്റൂ.
സഭൈക്യം യാഥാര്‍ത്ഥ്യമായാല്‍ മലങ്കരസഭയില്‍ വൈദികര്‍ അധികരിക്കുമെന്നു ഇരുപക്ഷവും വെച്ചു പുലര്‍ത്തുന്ന ഒരു തെറ്റിദ്ധാരണയും ഭയവുമാണ്. രണ്ടായി നില്‍ക്കുന്ന ഇടവകകള്‍ യോജിച്ച് ഒന്നാകുമ്പോള്‍ ഒരു വികാരി അധികമാകും എന്ന കണക്കുകൂട്ടലാണ് ഇതിനു പിമ്പില്‍. പക്ഷേ മുന്നൂറോ അധിലധികമോ ഇടവകാംഗങ്ങള്‍ ഉള്ള പള്ളികളില്‍ രണ്ടു വൈദികര്‍ വേണം എന്ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് വര്‍ഷങ്ങള്‍ക്കു മുമ്പ് തീരുമാനം എടുത്തിട്ടുള്ളതാണ്. കോട്ടയം ഭദ്രാസനത്തിലെങ്കിലും ഇതു നടപ്പാക്കിയിട്ടുമുണ്ട്. ഈ മാനദണ്ഡം കര്‍ശനമാക്കിയാല്‍ വൈദികരെ പുനരധിവസിപ്പിക്കുക എന്നത് അനായാസമായ ഒരു വിഷയമാണ്.
മുന്‍ യാക്കോബായ പക്ഷത്തെ വൈദികരില്‍ ബഹുഭൂരിപക്ഷത്തിനും അടിസ്ഥാന വൈദിക വിദ്യാഭ്യാസം പോലുമില്ല എന്ന ആരോപണമാണ് ചിലര്‍ ഉന്നയിക്കുന്നത്. ഇത് ഒരു പരിധിവരെ ശരിയുമാണ്. ഓറിയന്‍റേഷന്‍ കോഴ്സുകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. അതിനു തയാറാവാത്തവരെ പുറത്തുനിര്‍ത്താം. കത്തനാര്‍ സ്ഥാനാര്‍ത്ഥിയെ …സമുദായം വക വൈദിക സെമിനാരിയിലേക്ക് അയയ്ക്കേണ്ടതും ആവശ്യമുള്ള വൈദിക പഠനത്തിനുശേഷം പട്ടത്വത്തിനു യോഗ്യന്മാരാണെന്ന് സെമിനാരി പ്രിന്‍സിപ്പാള്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതായാല്‍ ഇടവക മെത്രാപ്പോലീത്തായോ, മലങ്കര മെത്രാപ്പോലീത്തായോ യുക്തംപോലെ അവര്‍ക്കു പട്ടം കൊടുക്കുന്നതും ആകുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തെ വൈദിക പഠനത്തിനുശേഷം സെമിനാരി പ്രിന്‍സിപ്പാളിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്ള പക്ഷം കോറൂയോ പട്ടം കൊടുക്കാവുന്നതാകുന്നു… എന്ന ഭരണഘടനാ നിബന്ധന നിലനില്‍ക്കെ ഇതിനു വിരുദ്ധമായി പട്ടമേറ്റവര്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഉണ്ടെന്നുള്ള വസ്തുത, ഇത് അപരിഹാര്യമായ ഒന്നല്ല എന്നു വ്യക്തമാക്കുന്നു.
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ദൈവതുല്യം കരുതുന്ന ഒരു നല്ല വിഭാഗം മുന്‍ യാക്കോബായ കക്ഷിയിലുണ്ട്. അവരെ മനഃപ്പൂര്‍വം പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ അദ്ദേഹത്തെ ഒഴിവാക്കുന്ന ഭരണഘടനാഭേദഗതി ചിലര്‍ ആവശ്യപ്പെടുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2017 ജൂലൈ 3 വിധിയിലുള്ള …അത്യാവശ്യമെങ്കില്‍, നിയമാനുസൃതം ഭരണഘടന ഭേദഗതി ചെയ്യണം… എന്ന നിര്‍ദ്ദേശം ചിലര്‍ ഇതിനുപോദ്ബലകമായി ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ ഈ കോടതി നിര്‍ദ്ദേശം സഭയില്‍ ഐക്യം ഉണ്ടാക്കുന്നതിനു മാത്രമാണ്. അതിനാല്‍ ഐക്യസാദ്ധ്യത അട്ടിമറിക്കുന്ന ഒരു പ്രക്രിയയ്ക്ക് അതു മറയാക്കാനാവില്ല. തന്നെയുമല്ല, അതേ വിധിപ്രകാരം തന്നെ അസാദ്ധ്യമായ ഒന്നാണിത്. …ഇടവകാംഗങ്ങള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ പരമാധികാരത്തിലും അപ്പോസ്തോലിക പിന്തുടര്‍ച്ചയിലും വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ട്… എന്നും …(1934 ഭരണഘടന) പാത്രിയര്‍ക്കീസിന്‍റെ ആദ്ധ്യാത്മിക പരമാധികാരത്തില്‍ വിശ്വസിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് എതിരായി കൊണ്ടുവന്ന അനീതിയായോ അടിച്ചമര്‍ത്തലായോ അതിനെ കാണുന്നതും ശരിയല്ല… എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, പാത്രിയര്‍ക്കീസിനെ ആത്മീയപിതാവായി അംഗീകരിക്കുന്നവര്‍ക്കും മലങ്കരസഭയില്‍ സ്ഥാനമുണ്ട്.
യഥാര്‍ത്ഥത്തില്‍ അത്തരമൊരു ഭരണഘടനാ ഭേദഗതിക്കു സാംഗത്യമുണ്ടോ? 1876-ല്‍ മലങ്കരയുടെമേല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അവകാശപ്പെട്ടിരുന്ന ആത്മിക – ലൗകിക അധികാരങ്ങളെല്ലാം ഒന്നൊന്നായി 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി മുതല്‍ വിവിധകാലത്ത് പല വിധികളിലൂടെ കോടതികള്‍ അരിഞ്ഞുവീഴ്ത്തി. അതിന്‍റെ പരിസമാപ്തിയായി 1958-ല്‍ ഇന്ത്യന്‍ സുപ്രീം കോടതി പാത്രിയര്‍ക്കീസിന്‍റെ അധികാരം ശൂന്യമാകുന്ന ബിന്ദുവില്‍ എത്തി എന്നു നിരീക്ഷിച്ചു. ഒരു പടികൂടി കടന്ന് 2017-ല്‍ …പാത്രിയര്‍ക്കീസിന്‍റെ ആദ്ധ്യാത്മിക അധികാരം അപ്രത്യക്ഷമായ മുനമ്പില്‍ എത്തിക്കഴിഞ്ഞു എന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു… എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കൂടാതെ 2002 മുതല്‍ പാത്രിയര്‍ക്കീസിനു ഉണ്ടെന്ന് മുന്‍ യാക്കോബായ വിഭാഗം വാദിച്ചു വന്ന അവകാശ-അധികാരങ്ങളെല്ലാം 2017-ല്‍ കോടതി നിരാകരിച്ചു.
ഇതിനേക്കാള്‍ ഒക്കെ ഉപരി, …ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധികാരി കാതോലിക്കായാണ്. ആദ്ധ്യാത്മിക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പോലീത്തായുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934-ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് മലങ്കരസഭയുടെ ഭൗതികവും പൗരോഹിത്യപരവും ആദ്ധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പോലീത്തായ്ക്കാണ്… എന്ന് 2017-ല്‍ സുപ്രീംകോടതി അസന്നിഗ്ദമാംവിധം വ്യക്തമാക്കിയിട്ടുണ്ട്. മലങ്കര സഭയുടെ പരമാധികാരം മലങ്കര മെത്രാപ്പോലീത്താ കൂടിയായ കാതോലിക്കായ്ക്ക് ആണെന്നും, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു യാതൊരു അധികാരവും മലങ്കരയില്‍ പ്രയോഗിക്കാനാവില്ലെന്നും അത്യുന്നത കോടതി വ്യക്തമാക്കിയ സ്ഥിതിയ്ക്ക് മലങ്കരസഭാ ഭരണഘടനയിലെ ഒന്നാം വകുപ്പ് തികച്ചും അപ്രസക്തവും ആലങ്കാരികവും മാത്രമാണ്. അതു നീക്കംചെയ്യുന്നത് അനേകരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയും.
അല്ലെങ്കില്‍ത്തന്നെ മലങ്കരസഭാ ഭരണഘടനയില്‍ വെറും രണ്ടു ബഹുമതികള്‍ മാത്രമാണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു നല്‍കിയിരിക്കുന്നത്. കാതോലിക്കാ വാഴ്ചയില്‍ ക്ഷണിക്കപ്പെടുകയും ഹാജരാവുകയും ചെയ്താല്‍ വാഴ്ച നടത്തുന്ന സുന്നഹദോസിന്‍റെയും, കാതോലിയ്ക്കായ്ക്കെതിരായി ഉള്ള പരാതി പരിഗണിക്കുന്ന സുന്നഹദോസിന്‍റെയും അദ്ധ്യക്ഷപദം അലങ്കരിക്കുക എന്നിവ മാത്രമാണവ. അതിന് …മലങ്കരസഭയാല്‍ സ്വീകരിക്കപ്പെട്ട പാത്രിയര്‍ക്കീസ് ഉണ്ടെങ്കില്‍… എന്ന നിബന്ധനയും വെച്ചിട്ടുണ്ട്. അതു കൂടാതെ, …കാതോലിക്കായുടെ സഹകരണത്തോടുകൂടി കാനോനികമായി വാഴിക്കപ്പെടുന്ന പാത്രിയര്‍ക്കീസിനെ മലങ്കരസഭ അംഗീകരിക്കുന്നതാകുന്നു… എന്നും സഭാഭരണഘടന വ്യക്തമാക്കിയിട്ടുമുണ്ട്. കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താമാരുടെ അധികാരപരിധിയില്‍ വരുന്ന മേല്പട്ട സ്ഥാനാരോഹണം, വി. മൂറോന്‍ കൂദാശ, നിയമ നിര്‍മ്മാണം, പരാതികളും വിധികളും മുതലായവയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു യാതൊരു അധികാരവും സഭാഭരണഘടന നല്‍കിയിട്ടില്ല. പുതിയ സുപ്രീംകോടതി വിധിപ്രകാരം അദ്ദേഹത്തിനു ഇടപെടാനും ആവില്ല. തന്‍റെ ഈ ദൗര്‍ബല്യം ഇപ്പോഴത്തെ പാത്രിയര്‍ക്കീസിനു വ്യക്തമായി അറിയാം എന്നാണ് ഈ ലേഖകന്‍റെ വിശ്വാസം.
പിന്നീടുള്ള വിഷയം മുന്‍ യാക്കോബായ വിഭാഗത്തിലെ മെത്രാന്മാരാണ്. ഇതൊരു സങ്കീര്‍ണ്ണമായ വിഷയമാണ്. അവരെപ്പറ്റി ചിലര്‍ ഉന്നയിക്കുന്ന വ്യക്തിപരമായ ആരോപണങ്ങള്‍ ഇവിടെ പരിഗണിക്കുന്നതേയില്ല. പക്ഷേ മലങ്കരസഭയുടെ സങ്കീര്‍ണ്ണവും അനിവാര്യവുമായ തിരഞ്ഞെടുപ്പ് – അംഗീകാര പ്രക്രിയയിലൂടെ അവര്‍ കടന്നുപോയിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മലങ്കരസഭാ ഭരണഘടനയനുസരിച്ച് ഇവ അനിവാര്യമാണ് താനും. എങ്കിലും അത് അഴിക്കാനാവാത്ത കുരുക്ക് ഒന്നുമല്ല എന്ന് പ. ഔഗേന്‍ ബാവാ മുതല്‍ ഓര്‍ത്തഡോക്സ് സഭയിലേയ്ക്കു കടന്നുവന്ന മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം മേല്പട്ടക്കാര്‍ തെളിയിക്കുന്നു.
ഈ വിഷയത്തിലെ രണ്ടാമത്തെ ഉല്‍ക്കണ്ഠ ഇരു വിഭാഗത്തിലേയും മെത്രാന്മാര്‍ ഒരുമിച്ചു വരുമ്പോള്‍ സംജാതമാകുന്ന പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ വൈപുല്യമാണ്. തീര്‍ച്ചയായും ഇതു ഭരണ കാര്യക്ഷമതയെ അതീവ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഇതും പരിഹാരമില്ലാത്ത ഒരു പ്രശ്നമല്ല. റോമന്‍, എത്യോപ്യന്‍, റഷ്യന്‍ മുതലായ സഭകളിലുള്ളതുപോലെ പരിമിതാംഗങ്ങളുള്ള ഒരു എക്സിക്യൂട്ടീവ് സുന്നഹദോസ് പുതുതായി രൂപപ്പെടുത്തി പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു. ഇവിടെയാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ച …അത്യാവശ്യമെങ്കില്‍, നിയമാനുസൃതം ഭരണഘടന ഭേദഗതി ചെയ്യണം… എന്ന മാര്‍ഗ്ഗം പ്രയോഗിക്കേണ്ടത്.
മുന്‍ യാക്കോബായ വിഭാഗത്തിലെ മെത്രാന്മാരുടെ പെരുപ്പം പ്രചരിപ്പിക്കുന്നതുപോലെ അത്ര ഭീകരമായ ഒന്നല്ല. 1995-ലെ സുപ്രീം കോടതി വിധിപ്രകാരം മലങ്കരസഭയുടെ ഭാഗമല്ലാത്ത ക്നാനായ സമുദായം, പൗരസ്ത്യ സുവിശേഷ സമാജം, സിംഹാസന പള്ളികള്‍ മുതലായവയുടെ മെത്രാന്മാരെ പുനരധിവസിപ്പിക്കാനുള്ള ബാദ്ധ്യതയൊന്നും തല്‍ക്കാലം മലങ്കരസഭയ്ക്കില്ല.
പെന്തിക്കോസ്തിക്കു ശേഷമുള്ള കാലത്ത് ആദിമ സഭയെ ഏറ്റവുമധികം ദ്രോഹിച്ച വ്യക്തി ആയിരുന്നു ശൗല്‍. അദ്ദേഹം പൗലൂസ് ആയി സഭയിലേയ്ക്കു കടന്നുവന്നപ്പോള്‍ സഭയുടെ ഏറ്റവും വലിയ കെട്ടുപണിക്കാരനായി. ഒമ്പതാം മണി നേരത്തു വരുന്നവനും തുല്യ കൂലി കൊടുക്കുന്നത് യജമാനന്‍റെ ഇഷ്ടമാണെന്നു കല്പിച്ചത് കര്‍ത്താവാണ്. അതു മനസിലാക്കാതെയാണ് 1958 മുതല്‍ 1980 വരെ ഓര്‍ത്തഡോക്സ് സഭയിലേയ്ക്കു വന്നവരില്‍ ചിലര്‍ അതിനു ശേഷം വന്നവരേയും വരുവാനിരിക്കുന്നവരേയും അപഹസിക്കുന്നത്! മിനിയാന്നു വന്നവര്‍ ഇന്നല വന്നവരെ വരത്താ എന്നു വിളിച്ച് അപമാനിക്കുന്നതില്‍ പരിതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?
ഇതൊക്കെ പൊതുവായി ഉയരുന്ന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ്. പക്ഷേ ഇതിനേക്കാള്‍ ഗുരുതരമായ ഒരു സൈദ്ധാന്തിക പ്രശ്നം ശ്രദ്ധിക്കാതെ പോകുന്നുണ്ട്. അത് കഴിഞ്ഞ നാലു പതിറ്റാണ്ട് (1977-2017) മുന്‍ യാക്കോബായ വിഭാഗം ഓര്‍ത്തഡോക്സ് സഭയ്ക്കെതിരെ രണ്ടു തലമുറകളില്‍ നടത്തിയ വിഷലിപ്ത പ്രചരണവും മസ്തിക്ഷ്ക പ്രക്ഷാളനവും വിദ്വേഷ സ്ഥാപനവുമാണ്. കാലത്തിനു മാത്രമേ അതു മായ്ക്കാന്‍ സാധിക്കൂ. അതിനു വേണ്ടത് സ്നേഹമസൃണമായ പെരുമാറ്റമാണ്. അല്ലാതെ അങ്കക്കലി കയറിയ രക്തത്തിനു രക്തം മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളല്ല. പ്രതികാരം യഹോവയ്ക്കുള്ളതാകുന്നു എന്ന് എല്ലാവരും മനസിലാക്കണം. പ. പിതാവിനു ചാക്കാല പാടിയവരോ അവരുടെ അനന്തര തലമുറയോ കാല്‍കഴുകിച്ചൂട്ട് നടത്തുന്ന കാലം വിദൂരമല്ല എന്നു മനസിലാക്കി തല്‍ക്കാലം മിണ്ടാതിരിക്കണം. അല്ലാതെ സ്ഥാപിത – വ്യക്തി താല്പര്യങ്ങളുടെ പേരില്‍ കുടിപ്പക വളര്‍ത്തി ഇരുവിഭാഗത്തിലേയും വരും തലമുറകളേക്കൂടി നശിപ്പിക്കരുത്.
ഇപ്പോള്‍ മലങ്കരസഭ എന്തു ചെയ്യണം? സുപ്രീംകോടതി നിര്‍ദ്ദേശിച്ചതുപോലെ …തങ്ങളുടെ അഭിപ്രായ ഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍, ഒരു പൊതുവേദിയില്‍ പരിഹരിക്കേണ്ടതാണ്… തലകുത്തി മറിഞ്ഞിട്ടും ഓര്‍ത്തഡോക്സ് സഭയില്‍ വിശ്വാസ വൈപരീത്യം കണ്ടെത്തുവാന്‍ മുന്‍ യാക്കോബായ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. പിന്നീടുള്ളത് ഭരണപരമായ ക്രമീകരണം മാത്രമാണ്. അത് 1934 ഭരണഘടന മാത്രമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിച്ചാല്‍ ഇടവകക്കാര്‍ക്കും വൈദികര്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം ലഭ്യമാകുന്നത് 1934 ഭരണഘടനയ്ക്കു കീഴിലാണെന്ന വസ്തുത ഓര്‍ത്തഡോക്സ് സഭ മുന്‍ യാക്കോബായ വിഭാഗത്തെ പ്രായോഗികമായിത്തന്നെ മനസിലാക്കി കൊടുക്കണം. ഒരു സഭ, ഒരു തലവന്‍, ഒരു നിയമം എന്ന അടിസ്ഥാനത്തില്‍ പരസ്പര ബഹുമാനത്തോടെ ക്രിസ്തുവില്‍ ഒന്നാകണം. പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് 2018 ഫെബ്രുവരി 23-ന് വ്യക്തമാക്കിയതുപോലെ …സഭയിലെ ഏത് വിഷയത്തിലുള്ള തീരുമാനവും ബഹു. സുപ്രീംകോടതിയുടെ മേല്‍പറഞ്ഞ വിധിയുടേയും 1934-ലെ ഭരണഘടനയുടേയും അടിസ്ഥാനത്തിലായിരിക്കും… തീര്‍ച്ചയായും അങ്ങിനെ ആയിരിക്കണം. … എന്നാല്‍ ഇതുമൂലം ഇവ രണ്ടും അംഗീകരിക്കുന്ന ഇടവകജനങ്ങളില്‍ ആര്‍ക്കും ഇടവകയില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു… എന്ന പ. സുന്നഹദോസിന്‍റെ വാഗ്ദാനം പാലിക്കപ്പെടണം.
…മലങ്കരസഭ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുകയാണ്. സ്പര്‍ദ്ധയും വിദ്വേഷവും വെടിഞ്ഞ് ഒരാരാധകാസമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നുവരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി. ഈ ലക്ഷ്യത്തെ ദോഷമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എന്നാല്‍ നീതിനിര്‍വഹണം ഉണ്ടാകുന്നത് ഇനിയും വൈകിക്കൂടാ എന്നും സഭയ്ക്ക് നിര്‍ബന്ധമുണ്ട്. സഭയിലെ ഐക്യവും സമാധാനവും സമ്പൂര്‍ണ്ണമാകുന്നതുവരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തിന് ഏവരുടേയും സഹായവും പങ്കാളിത്തവും ദൈവനാമത്തില്‍ ഉണ്ടാകണം… എന്ന പരിശുദ്ധ സുന്നഹദോസിന്‍റെ അപേക്ഷ എല്ലാവരും ചെവിക്കൊള്ളണം. പകരം സ്വാര്‍ത്ഥത നയിക്കുന്ന വിദ്വേഷ പ്രചരണത്തിനു ശ്രമിക്കുന്നവര്‍ പരിശുദ്ധാത്മാവിനു വിരുദ്ധമായ ക്ഷമിക്കപ്പെടാത്ത പാപമാണ് ചെയ്യുന്നതെന്നു തിരിച്ചറിയണം.
ഇതെങ്ങനെ സാധിതപ്രായമാക്കാം? 248 വര്‍ഷം മുമ്പ് 1770-ല്‍, സമാന സാഹചര്യത്തില്‍ അന്നത്തെ മലങ്കര മെത്രാപ്പോലീത്താ ആയ ആറാം മാര്‍ത്തോമ്മാ എന്ന വലിയ മാര്‍ ദീവന്നാസ്യോസ് രാജകീയ വിളംബരത്തിന്‍റെ പിന്‍ബലത്തോടെ അപ്രതിരോദ്ധ്യനായി ഭരിക്കുമ്പോള്‍, വര്‍ത്തമാനകാലത്തിനു സമാനമായി അന്ത്യോഖ്യന്‍ മെത്രാന്മാരുമായുള്ള യുദ്ധം മൂലം ഏതാണ്ട് പൂര്‍ണ്ണമായും പിളര്‍ന്നിരുന്ന സഭയെ ഐക്യപ്പെടുത്തുവാന്‍ കൈക്കൊണ്ട നടപടികള്‍ നിരണം ഗ്രന്ഥവരി വിവരിക്കുന്നുണ്ട്. …അങ്ങുംഇങ്ങും രണ്ടു യജമാനന്മാര്‍ കഴിവോളും നിരപ്പിനു സംഗതി വന്നില്ലെന്നും, പുത്തന്‍കൂറ്റുംപിറത്തുള്ള ആളുകള്‍തന്നെ രണ്ടുപകുതി ആയിട്ടുനിന്ന തമ്പുരാന്‍റെ മാര്‍ഗ്ഗത്തോടു മറുത്തു സിദ്ധാന്തമായിട്ടു നടപ്പാകകൊണ്ടും, പള്ളികളിലൊക്കെയും പല മര്യാദയും മറുകൂറ്റുകാരുടെ പരിഹാസവും, ഇങ്ങനെ ആകയാല്‍ മാര്‍ഗ്ഗത്തിനു അഴിവു വരുമെന്നും ബോധജ്ഞാനപ്പെട്ടു അശ്ചന്‍ നിശ്ചയിച്ചു. ഏതുപ്രകാരമെങ്കിലും നിരപ്പായിട്ടു നടക്കണമെന്നും തമ്പുരാനില്‍ ശരണപ്പെട്ടു, നിരൂപണ ഉറെച്ചു സ്വഭാവക്കേടുളള ആളുകളെ നീക്കി, …തമ്മില്‍ കണ്ടുപറഞ്ഞു ശത്രുക്കളുടെ വാക്കുകള്‍ രണ്ടു കൂട്ടക്കാരും നീക്കി ഏകോല്‍ഭവിച്ചു… ഉണ്ടായിരുന്ന പിണക്കങ്ങളൊക്കെയും തമ്പുരാന്‍റെ തിരുമനസ്സാലെയും മാര്‍ത്തോമ്മാശ്ലീഹായുടെ വാഴ്വാലെയും തീര്‍ന്നു നിരപ്പായിട്ടും ഒപിയാലയും ഐമോസ്യത്താലയും നടന്നുവരുമ്പോള്‍… എന്നിങ്ങനെ പരദേശി മെത്രാന്‍ മാര്‍ ഈവാനിയോസ് യൂഹാനോനുമായി സന്ധി ചെയ്ത വിവരം ഇന്നും സഭയ്ക്ക് ഒരു മാര്‍ഗ്ഗസൂചിയാണ്.
മലങ്കരസഭ ഇന്നു കാത്തിരിക്കുന്നതും ഇത്തരം ഒരു നടപടിക്കാണ്.
(തെശുബൂഹ്ത്തോ, കുവൈറ്റ്, മാര്‍ച്ച് 2018)