ജോര്‍ജ് തുമ്പയില്‍
ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിനെക്കുറിച്ച് മഹാത്മാ ഗാന്ധി പരാമര്‍ശിച്ച ഒരു കത്ത് അമേരിക്കയില്‍ ലേലത്തില്‍ പോയത് അമ്പതിനായിരം ഡോളറിന്. മനുഷ്യകുലത്തിലെ മഹത്തായ ഗുരുക്കന്മാരില്‍ ഒരാളാണ് യേശുവെന്ന് ഈ കത്തില്‍ പ്രത്യേകമായി ഗാന്ധിജി ചൂണ്ടിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കേണ്ടതിന്‍റെ പ്രാധാന്യവും എടുത്തുപറയുന്നുണ്ട്. അങ്ങനെയുള്ള കത്താണ് പെന്‍സില്‍വേനിയയിലെ റാബ് കളക്ഷന്‍സ് ലേലത്തില്‍ വച്ചത്. ലേലം സംഘടിപ്പിക്കുമ്പോള്‍ കത്തു വിറ്റു പോകുമോയെന്നു പോലും സംശയമായിരുന്നുവത്രേ. എന്തായാലും, ലേലത്തില്‍ പിരിഞ്ഞു കിട്ടിയ തുക അമ്പരിപ്പിക്കുന്നതായിരുന്നു. ഏകദേശം 50,000 ഡോളറോളം ലേലത്തുകയായി പിരിഞ്ഞു കിട്ടി. ഈ കത്ത് സ്വന്തമാക്കിയ ആളുടെ പേര് ഇതുവരെയും റാബ് കളക്ഷന്‍സ് പുറത്തുവിട്ടിട്ടില്ല. ഗാന്ധിജിയുടെ ഒപ്പോടു കൂടിയ കത്ത്, മില്‍ട്ടന്‍ ന്യൂബെറി ഫ്രാന്‍റ്റ്സ് എന്ന ക്രിസ്ത്യന്‍ മതനേതാവിന് അയച്ചതാണ്. 1926 ഏപ്രില്‍ 6 എന്നാണ് കത്തിലെ തീയതി. അക്കാലത്തെ ടൈപ്പ് ചെയ്ത കത്തില്‍ അവസാനഭാഗത്ത് ഗാന്ധിജി ഒപ്പിട്ടിട്ടുണ്ട്. യേശുവിനെക്കുറിച്ചു ഗാന്ധിജി പരാമര്‍ശിക്കുന്ന ഒരു കത്ത് വില്പനയ്ക്കു എത്തിയതും ഇതാദ്യമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മതമേലധ്യക്ഷന്മാര്‍ക്ക് ഗാന്ധിജി ഈ വിധത്തില്‍ കത്തുകളെഴുതിയിട്ടുണ്ട്.


