1958-ല്‍ ഉണ്ടായ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് സഭയില്‍ ഉണ്ടായ ഐക്യത്തെക്കുറിച്ചും സമാധാനത്തേക്കുറിച്ചും പല തെറ്റിദ്ധാരണാപരമായ ചിന്തകള്‍ പല സ്ഥലത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്. 2017-ലെ സുപ്രീംകോടതി വിധിക്കുശേഷം നമ്മുടെ സഭാനേതൃത്വം സമാധാനത്തിന് മുന്‍കൈ എടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ജയിച്ചുനില്‍ക്കുമ്പോഴാണ് തത്വങ്ങള്‍ അടിയറവെയ്ക്കാതെ ചില വിട്ടുവീഴ്ചകള്‍ ചെയ്യുവാനുള്ള അവസരമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദൈവം സ്നേഹമാണെന്ന് വിശ്വസിക്കുന്നവരും സഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരും ഇപ്പോഴുള്ള സഭാതര്‍ക്കങ്ങള്‍ സഭയ്ക്ക് ക്രിസ്തീയ സാക്ഷ്യം വഹിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നു എന്ന് ചിന്തിക്കുന്നവരും നമ്മുടെ സഭയില്‍ ധാരാളമുണ്ട്.
1958-ലെ സുപ്രീംകോടതിവിധി 1934-ലെ ഭരണഘടന ശരിവെയ്ക്കുകയും ഓര്‍ത്തഡോക്സ് സഭ ഹാജരാക്കിയ കാനോന്‍ ശരിയായ കാനോന്‍ ആണെന്ന് വിധിക്കുകയും കാതോലിക്കോസിനെ മുടക്കിയത് തെറ്റാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ചിലവു സഹിതമാണ് ആ കേസ് വിധിച്ചത്. തുടര്‍ന്നാണ് പ. പാത്രിയര്‍ക്കീസ് ബാവാ 9-12-1958-ല്‍ തന്‍റെ പൂര്‍വ്വികമായ നിലപാട് പിന്‍വലിച്ച് പ. കാതോലിക്കാ ബാവായെ അംഗീകരിച്ച് സഭാഐക്യത്തിന് തയ്യാറായി കല്പന എഴുതിയത് (Exhibit A19). 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി പാത്രിയര്‍ക്കീസിനെ അംഗീകരിച്ചുകൊണ്ട് ഭാഗ്യസ്മരണാര്‍ഹനായ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അതിന് മറുപടിയും (Exhibit A20) എഴുതി. തുടര്‍ന്ന് സഭ ഒന്നായി, യോജിച്ച് പ്രവര്‍ത്തിച്ച് അന്ന് ബാവാ കക്ഷിയില്‍ ഉണ്ടായിരുന്ന എല്ലാ മെത്രാന്മാരും 1934-ലെ ഭരണഘടന അംഗീകരിക്കുകയും മലങ്കരമെത്രാപ്പോലീത്തായ്ക്കും പ. കാതോലിക്കാ സിംഹാസനത്തിനും വിധേയമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നുള്ള 12 വര്‍ഷം സഭയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. സമൂഹത്തിലും രാഷ്ട്രീയത്തിലും എല്ലാംതന്നെ സഭ ഒരു ശക്തിയായി അംഗീകരിക്കപ്പെട്ടു. അതാണ് ആ യോജിപ്പിന്‍റെ ഏറ്റവും വലിയ നേട്ടം.
രണ്ടാമത്തെ നേട്ടം പള്ളിത്തര്‍ക്കങ്ങള്‍ ഇല്ലാതെ സഭയ്ക്ക് ക്രിസ്തീയ സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുകയും ധാരാളം പ്രേഷിത പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ സാധിക്കുകയും ചെയ്തു എന്നതാണ്. മൂന്നാമതായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി ഉള്‍പ്പെടെ പല സ്ഥാപനങ്ങളും സ്ഥാപിക്കുവാന്‍ സഭയ്ക്ക് സാധിച്ചു. നാലാമതായി 1958-ലെ സമാധാനം കൊണ്ടു മാത്രമാണ് ഇന്ന് കൊരട്ടിയിലെ സിയോന്‍ സെമിനാരി (കൊച്ചി ഭദ്രാസനം), ആലുവാ തൃക്കുന്നത്ത് സെമിനാരി (അങ്കമാലി ഭദ്രാസനം), ഓമല്ലൂര്‍ വലിയപള്ളി തുടങ്ങിയ പല പള്ളികളും മലങ്കരസഭയുടെ നിയന്ത്രണത്തിലായത്.
അഞ്ചാമത്തെ നേട്ടം വളരെ പ്രധാനപ്പെട്ടതാണ്. അന്ന് ബാവാകക്ഷി ഭാഗത്തുണ്ടായിരുന്ന അങ്കമാലി, കൊച്ചി, കണ്ടനാട് ഭദ്രാസനങ്ങളുടെയും മറ്റും മെത്രാപ്പോലീത്താമാര്‍ 1934-ലെ ഭരണഘടനയ്ക്കും കാതോലിക്കാ ബാവായ്ക്കും വിധേയമായി നിന്നു. സമാധാന ഉടമ്പടിക്കുശേഷം അന്നുണ്ടായിരുന്ന മെത്രാപ്പോലീത്താമാരില്‍ പിന്നീട് ശ്രേഷ്ഠ കാതോലിക്കായായി വാഴിക്കപ്പെട്ട മാര്‍ പീലക്സിനോസ് തിരുമേനി ഒഴിച്ച് ബാക്കി ആരും തിരികെ പോകുകയോ സമാധാനഭഞ്ജനം ഉണ്ടാക്കുവാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ധാരാളം പീഡനങ്ങള്‍ ഉണ്ടായിട്ടുപോലും അവര്‍ ഉറച്ചുനിന്നു. കണ്ടനാട് ഭദ്രാസനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഔഗേന്‍ മാര്‍ തീമോത്തിയോസ് തിരുമേനി ധാരാളം പീഡനങ്ങള്‍ ഉണ്ടായിട്ടുപോലും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയും കാതോലിക്കാ ബാവായായി വാഴിക്കപ്പെടുകയും ചെയ്തു.
ആറാമതായി, മലങ്കര മല്പാന്‍ ഞാര്‍ത്താങ്കല്‍ കോരുത് അച്ചന്‍, വെണ്ട്രപ്പിള്ളി അച്ചന്‍, മണ്ണാറപ്രായില്‍ അച്ചന്‍ തുടങ്ങിയ ഒരുപറ്റം പുരോഹിതന്മാര്‍ കഠിനപീഡനങ്ങള്‍ ഉണ്ടായിട്ടും സഭയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചു. സമാധാന ഉടമ്പടിക്കു മുമ്പ് ഒരാള്‍പോലും ഇല്ലാതിരുന്ന പല പള്ളികളിലും ചിലരെങ്കിലും വിഘടിത വിഭാഗത്തോട് കൂടിചേരാതെ ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി നിലകൊണ്ടു.
ഏറ്റവും പ്രധാനപ്പെട്ട നേട്ടം താഴെപറയുന്നതാണ്. 2017-ല്‍ സുപ്രീംകോടതിയില്‍ നിന്ന് നമുക്ക് കിട്ടിയിരിക്കുന്ന വളരെ അനുകൂലമായ വിധിയുടെ അടിസ്ഥാനം 1995-ലെ സുപ്രീംകോടതിവിധിയാണ്. അതിലാണ് മലങ്കര സുറിയാനി സഭ ആകമാന സുറിയാനി സഭയുടെ ഭാഗവും സുറിയാനിസഭയുടെ അദ്ധ്യക്ഷന്‍ പാത്രിയര്‍ക്കീസും മലങ്കരസഭയുടെ അദ്ധ്യക്ഷന്‍ കാതോലിക്കോസും ആണെങ്കിലും കാതോലിക്കാ സ്ഥാപനത്തിനുശേഷം പാത്രിയര്‍ക്കീസിന് ഇപ്പോഴുള്ള അധികാരം നാമമാത്രമാണെന്നും മലങ്കരസഭയുടെയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെയും പൂര്‍ണ്ണ അധികാരം കാതോലിക്കോസിനാണെന്ന് വിധിച്ചത്. മലങ്കരസഭയുടെ സുന്നഹദോസ് കൂടി ക്ഷണിക്കുകയാണെങ്കില്‍ മാത്രമേ പാത്രിയര്‍ക്കീസിന് ആത്മീയ അധികാരം ഉപയോഗിക്കാന്‍ പാടുള്ളു എന്നും വിധിച്ചു. കാതോലിക്കാ വാഴ്ചയോടുകൂടി മെത്രാന്മാരെ വാഴിക്കുക, മൂറോന്‍കൂദാശ ചെയ്യുക തുടങ്ങിയ പാത്രിയര്‍ക്കീസിന്‍റെ അധികാരങ്ങളെല്ലാം കാതോലിക്കോസിനുണ്ടെന്നും മലങ്കരസഭയില്‍ വികാരിമാരെ നിയമിക്കുക തുടങ്ങിയ ലൗകിക അധികാരങ്ങള്‍ ഒന്നും പാത്രിയര്‍ക്കീസിന് ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മലങ്കരസഭയുടെ തലവന്‍ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമാണ്.
സമാധാന ഉടമ്പടിയില്‍ പാത്രിയര്‍ക്കീസ് ഒപ്പുവെച്ചപ്പോള്‍ 1934-ലെ ഭരണഘടനയെ അദ്ദേഹം അംഗീകരിച്ചു എന്നാണ് സുപ്രീംകോടതിവിധിയില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത്. അന്നത്തെ സമാധാന ഉടമ്പടി ഭരണഘടനയ്ക്ക് വിധേയമായിട്ടാണ് പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. അന്നത്തെ സമാധാന ഉടമ്പടികൊണ്ട് 1934-ലെ ഭരണഘടനയെ പാത്രിയര്‍ക്കീസിനോ മറ്റാര്‍ക്കെങ്കിലുമോ ചോദ്യം ചെയ്യുവാന്‍ പറ്റില്ലെന്ന് അസന്നിഗ്ദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ച 2017-ലെ വിധിയിലെ 68-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു:
“This court also held that when the Patriarch had recognized the Catholicos, he did with the full knowledge. Reliance was placed on Kalpana Ex.A.19 dated 9-12-1958. It was also held that Kalpana’s A-19 and A-20 were not issued in an abrupt fashion. Under Kalpana Ex.A-20 the Catholicos accepted the Patriarch subject to the Constitution passed by the Malankara Association. The members of the Patriarch group swore loyalty to the 1934 Constitution. The Patriarch abandoned whatever objection he had by his acts and declarations in the year 1964 when he came to India on invitation from the Malankara Synod and consecrated and duly installed the new Catholicos who was elected by the Malankara Association in accordance with the 1934 Constitution”
വിധിയുടെ 22-ാം ഖണ്ഡികയിലും ഇത് പ്രസ്താവിക്കുന്നുണ്ട്. കൂടാതെ 30-ാം ഖണ്ഡികയില്‍ ഇപ്രകാരം പറയുന്നു
“……The 1934 Constitution was approved at a validity convened meeting of Malankara Association, and the Patriarch cannot question its legality and validity in the view of the acts and conduct of the Patriarch and the members of his group subsequent to the judgement of this court in Moran Mar Basselios (supra). It was emphasized that the Patriarch had accepted the validity of the revival of Catholicate vide Kalpana A-14 and the 1934 Constitution and abandoned and gave up all or any objections they had in that behalf; several members of the group including some of the defendants also accepted the constitution and took oath to abide by it, and therefore they cannot now turn around and question the same.”
ഒരുപക്ഷെ ആ സമാധാന ഉടമ്പടി ഇല്ലായിരുന്നെങ്കില്‍ കോടതിക്ക് വേറെ ഒരു ചിന്താഗതി എടുക്കാമായിരുന്നു. അതുകൊണ്ട് ആ സമാധാന ഉടമ്പടി 1934-ലെ ഭരണഘടനയും കാതോലിക്കാ സ്ഥാപനവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അന്ന് അത് ശാശ്വത സമാധാനം തരുമെന്ന് വിചാരിച്ചു. എന്നാല്‍ അധികാരക്കൊതി മൂത്ത് പീലക്സിനോസ് തിരുമേനി മാത്രമാണ് മാറിപ്പോയതെന്നും വീണ്ടും സഭയില്‍ പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വിധിയിലുണ്ട്.
ഇപ്പോള്‍ 1958-ലെ സമാധാന ഉടമ്പടിയെ മോശമായി ചിത്രീകരിക്കുന്നവര്‍ ചെയ്യുന്ന നടപടികള്‍, ഭാഗ്യസ്മരണാര്‍ഹനായ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെയും അന്നുണ്ടായിരുന്ന മെത്രാപ്പോലീത്താമാരെയും അവഹേളിക്കുന്നതിന് തുല്യമാണ്. പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ആ സമാധാന ഉടമ്പടി. അത് കൂട്ടിക്കെട്ടിയ സമാധാനമല്ല. ശാശ്വത സമാധാനം ഉണ്ടായെങ്കിലും പിന്നീട് സാത്താന്‍റെ തന്ത്രങ്ങളെത്തുടര്‍ന്ന്, 12 വര്‍ഷത്തിനുശേഷം സഭയില്‍ വീണ്ടും തര്‍ക്കം ഉണ്ടാക്കുകയാണ്. എത്ര സമാധാനം ഉണ്ടാക്കിയാലും പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വീണ്ടും പല തര്‍ക്കങ്ങളും ഉണ്ടാകാം. ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. സമാധാന ചര്‍ച്ചകളുടെ ആവശ്യം പാത്രിയര്‍ക്കീസ് ബാവായ്ക്ക് സുപ്രീംകോടതി വ്യക്തമാക്കിയ രീതിയില്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതുപോലെ അധികാരങ്ങളില്‍ കൂടുതല്‍ കൊടുക്കുവാന്‍ അല്ല; മറിച്ച്, 2017-ലെ സുപ്രീംകോടതി വിധിയും 1934-ലെ ഭരണഘടനയും മാര്‍ഗ്ഗരേഖയായി സ്വീകരിച്ച് വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കേണ്ടതിനാണ്. പ. കാതോലിക്കാ ബാവാ തിരുമേനി കല്പിച്ചതുപോലെ സഭയില്‍ ശാശ്വതമായി സമാധാനം ഉണ്ടാകേണ്ടതാണ്.
1958-ലെ സ്ഥിതി അല്ല ഇന്ന്. യാക്കോബായ പക്ഷം പാത്രിയര്‍ക്കീസിന്‍റെ മേലധികാരത്വം സ്വീകരിച്ചതിനുശേഷം ഇപ്പോള്‍ പ. പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞിരിക്കുന്നത് ശ്രേഷ്ഠ ബാവായ്ക്ക് മലങ്കരയില്‍ (മലയാളക്കരയില്‍) മാത്രമേ അധികാരമുള്ളു എന്നും പ്രാദേശിക തലവന്‍ മാത്രമാണെന്നുമാണ്. മലങ്കരയ്ക്ക് പുറത്ത് (അമേരിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍) വികാരിമാരെ നിയമിക്കുന്നതും ആത്മീയവും ലൗകികവുമായ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും അന്ത്യോഖ്യായില്‍ നിന്നാണ്. ഈ രാജ്യങ്ങളില്‍ ശ്രേഷ്ഠ ബാവായോ മെത്രാന്മാരോ സന്ദര്‍ശിക്കുന്നതിനുപോലും പാത്രിയര്‍ക്കീസ് ബാവായുടെ രേഖാമൂലമുള്ള അനുവാദം ആവശ്യമാണ്. ക്നാനായ ഭദ്രാസനത്തിലെ ആര്‍ച്ച് ബിഷപ്പിനോടുപോലും, കേരളത്തിനു പുറത്തുള്ള ക്നാനായ പള്ളികളില്‍ ഇടപെടരുതെന്നും, ആ പള്ളികളൊക്കെ പ. പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ നേരിട്ട് ഭരിക്കുന്നതാണെന്നും അടുത്തയിടെ കല്പന ഇറക്കുകയുണ്ടായി. അതുകൊണ്ട് എന്തെങ്കിലും സമാധാന ഉടമ്പടി ഉണ്ടാക്കുകയാണെങ്കില്‍ കേരളത്തിനു പുറത്തുള്ള മലങ്കരസഭാമക്കള്‍ സ്ഥാപിച്ച് ആരാധനകള്‍ നടത്തുന്നതായ എല്ലാ പള്ളികളും മലങ്കര മെത്രാപ്പോലീത്തായ്ക്കും കാതോലിക്കാ ബാവായ്ക്കും കീഴ്പ്പെട്ടിരിക്കണമെന്നും അന്ത്യോഖ്യായില്‍ നിന്ന് മലങ്കര മക്കളുടെ പള്ളികളില്‍ ഇടപെടില്ലെന്നും വ്യക്തമായ നിബന്ധന ഉണ്ടായിരിക്കണം. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ, സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അന്ത്യോഖ്യാ പോലെയും അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കോപ്റ്റിക് (ഈജിപ്റ്റ്) ചര്‍ച്ച്, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് തുടങ്ങിയ സഭകളെപ്പോലെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളിലെ ഒരു സ്വതന്ത്രസഭയാണെന്ന് പാത്രിയര്‍ക്കീസും അംഗീകരിക്കണം. 2017-ലെ സുപ്രീംകോടതിവിധിയുടെ 140-ാം ഖണ്ഡികയും 1996-ലെ വിധിയിലെ ചില ഭാഗങ്ങളും ഉദ്ധരിച്ച് കേരളത്തിനു പുറത്തുള്ള പള്ളികളെക്കുറിച്ച് പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാകരുത്. സമാധാന ഉടമ്പടി ഉണ്ടാക്കുമ്പോള്‍ പിന്നീട് ഉണ്ടാകുവാന്‍ സാധ്യതയുള്ള സകല കാര്യങ്ങളെക്കുറിച്ചും സഭാനേതൃത്വം പഠിച്ച് ശാശ്വതമായ സമാധാനത്തിന് ആസ്പദമായ നിബന്ധനകള്‍ ഉടമ്പടിയില്‍ ചേര്‍ക്കണം. ഭാഗികമായ സമാധാന ഉടമ്പടി ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. 1996-ലെ വിധിക്കു മുമ്പ് വാഴിക്കപ്പെട്ട മെത്രാന്മാരെ സ്വീകരിക്കണമെന്ന് അന്നത്തെ വിധിയിലുണ്ട്. എന്നാല്‍ അതിനുശേഷം മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുക്കാതെ വാഴിക്കപ്പെട്ട മെത്രാന്മാരുടെ സ്ഥിതി എന്ത്? അവരെ മെത്രാസനങ്ങള്‍ ഇല്ലാതെ, സിനഡില്‍ പ്രാതിനിധ്യമില്ലാതെ അസോസിയേഷന്‍ തെരഞ്ഞെടുക്കുന്നതുവരെയും സ്ഥാനീയ മെത്രാന്മാരായി തുടരാമോ എന്ന് ചിന്തിക്കണം. അന്ത്യോഖ്യയില്‍ സിറിയന്‍ സഭയുടെ കീഴില്‍ 1970-നുശേഷം പല സൊസൈറ്റികളുടെയും പേരില്‍ പണിതിരിക്കുന്ന പള്ളികള്‍, സുവിശേഷസംഘം പള്ളികള്‍, സിംഹാസനപള്ളികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ആ പള്ളികള്‍ മലങ്കരസഭയുടെ ഭരണഘടന അംഗീകരിക്കാതെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ കീഴില്‍ തുടരുകയാണെങ്കില്‍ 1996-നുശേഷം വാഴിക്കപ്പെട്ട മെത്രാന്മാരെ മലങ്കരസഭയില്‍ എടുക്കാതെ ആ പള്ളികളുടെ ചുമതലയ്ക്കായി വിടാമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ അവധാനതാപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്. മലങ്കരസഭയുടെ പ. സുന്നഹദോസിന്‍റെ തീരുമാനപ്രകാരം കാതോലിക്കാ ബാവായുടെ ക്ഷണം ഉണ്ടെങ്കില്‍ മാത്രമേ കോടതിയും ഭരണഘടനയും അനുശാസിക്കുന്നതുപോലെ മലങ്കരയില്‍ ആത്മീയകര്‍മ്മങ്ങള്‍ പോലും നടത്തുവാന്‍ പാടുള്ളു എന്നും വ്യക്തമായ നിബന്ധനകള്‍ വേണം.
തര്‍ക്കങ്ങള്‍ അവസാനിപ്പിക്കേണ്ടതും സമാധാനം പുനഃസ്ഥാപിക്കേണ്ടതും അനിവാര്യമാണെങ്കിലും എല്ലാ വിഷയത്തിലും പഠിച്ച് ഒരു തീരുമാനം ആവശ്യമാണ്. എന്നാല്‍ ഓര്‍ത്തഡോക്സ് ഭാഗത്തുനിന്ന് മറുകക്ഷിയിലെ ആളുകളുടെ വികാരത്തെ മുറിപ്പെടുത്താതിരിക്കേണ്ടതും ഓര്‍ത്തഡോക്സ് സഭയുടെ അധികാരത്തില്‍ ഇരിക്കുന്ന പള്ളികളില്‍ ആവശ്യപ്പെടുന്നപക്ഷം നമ്മുടെ വൈദികര്‍ അവര്‍ക്ക് ആവശ്യമായ എല്ലാ ആത്മീയ കാര്യങ്ങളും ചെയ്തുകൊടുക്കേണ്ടതും പ്രാദേശികമായ തര്‍ക്കങ്ങളില്‍ സന്ദര്‍ഭം അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിയും വരും. അതിനുള്ള ഔദാര്യമനസ്ഥിതി ക്രിസ്തീയ സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് പള്ളിയും സ്ഥാപനങ്ങളും മാത്രം പോരാ, ആളുകളും വേണം. നമ്മുടെ സഭയില്‍നിന്ന് ധാരാളംപേര്‍ പെന്തക്കോസ്തിലും ന്യൂ ജനറേഷന്‍ സഭകളിലും മലങ്കര റീത്തിലും പോയിട്ടുണ്ട്. ഇനി ഈ ചോര്‍ച്ച പാടില്ല. കാണാതെപോയ ആടിനെ തിരക്കിപോയ നല്ലയിടയനെപ്പോലെ എല്ലാവരെയും സത്യവിശ്വാസസഭയില്‍ തിരിച്ചുകൊണ്ടുവരാനായിട്ട് ശ്രമിക്കണം. നഷ്ടപ്പെടുത്തിയാല്‍ സ്വര്‍ഗ്ഗീയപിതാവിനോട് കണക്ക് പറയേണ്ടിവരും. ആയതുകൊണ്ട് അവരെ തെറ്റായി പഠിപ്പിച്ച കാര്യങ്ങള്‍ സത്യമാണെന്ന് വിചാരിച്ച് നടന്നവരുടെ വികാരങ്ങള്‍ വൃണപ്പെടുത്തരുത്. അവരെ സ്നേഹത്തോടുകൂടി ആവശ്യമെങ്കില്‍ ചര്‍ച്ചയിലൂടെ തിരിച്ചുകൊണ്ടുവരണം. അവരെ ശത്രുക്കളാക്കരുത്. അവരെ പുച്ഛിക്കരുത്. അത് ക്രിസ്തീയമല്ല. വിധി കിട്ടിയതോടുകൂടി അഹങ്കരിക്കരുത്. അഹങ്കാരം വീഴ്ചയുടെ മുന്നോടിയാകുന്നു. ക്രിസ്തീയ കാഴ്ചപ്പാടോടുകൂടി, വിനയാന്വിതമായ സ്നേഹത്തോടു കൂടിയ പെരുമാറ്റത്തോടുകൂടി അവരെയും കാതോലിക്കോസിന്‍റെ കൊടിക്കീഴില്‍ അണിനിരത്തിയാലേ ശാശ്വതമായ സമാധാനം ഉണ്ടാകൂ. അതിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.