കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാ ഇടവകയുടെ മർത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം സംഘടിപ്പിച്ചു. ഫെബ്രുവരി 25-നു അബ്ബാസിയ സെന്റ്. ജോർജ്ജ് ചാപ്പലിൽ നടന്ന സമ്മേളനത്തിൽ ‘തലമുറ തലമുറയായി കൈമാറി വരുന്ന വിശ്വാസം’ എന്ന വിഷയത്തെ ആസ്പദമാക്കി മലങ്കര സഭയിലെ വേദശാസ്ത്ര പണ്ഡിതനും, ദിവ്യബോധനം ചെങ്ങന്നൂർ ഭദ്രാസന ഡയറക്ടറുമായ ഫാ. ഷിബു വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.
മഹാഇടവക വികാരിയും, സമാജം പ്രസിഡണ്ടുമായ ഫാ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സമാജം സെക്രട്ടറി മെറിൻ വർക്കി സ്വാഗതവും, ട്രഷറാർ വൽസാ സോമൻ കൃതഞ്ജതയും രേഖപ്പെടുത്തി. സഹവികാരി ഫാ. ജിജു ജോർജ്ജ്, ഇടവക സെക്രട്ടറി എബ്രഹാം അലക്സ്, സമാജം വൈസ് പ്രസിഡണ്ട് മറിയാമ്മ തോമസ് എന്നിവർ ആശംസകൾ നേർന്നു.
കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിച്ചേർന്ന റവ. ഫാ. ജോർജ് വർഗ്ഗീസ് കോർ എപ്പിസ്കോപ്പാ, സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. സഞ്ജു ജോൺ, സെന്റ് ബേസിൽ ഇടവക വികാരി ഫാ. മാത്യൂ എം.എം. എന്നിവർ വിശിഷ്ഠ അതിഥികൾ ആയിരുന്നു.
മർത്തമറിയം സമാജം കേന്ദ്രപരീക്ഷയിൽ ജൂനിയർ വിഭാഗത്തിൽ കൽക്കത്താ ഭദ്രാസനത്തിൽ നിന്നും ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കിയ മഹാഇടവക അംഗങ്ങളായ ഷെർളി ജിനു, ആഷാ ബിജു എന്നിവർക്കുള്ള സമ്മാനങ്ങളും, സർട്ടിഫിക്കേറ്റുകളും യോഗത്തിൽ വിതരണം ചെയ്തു.
കുവൈറ്റിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിൽ നിന്നുള്ള വനിതാ സമാജ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.