Holy Episcopal Synod Decisions 2018
Posted by Catholicate News on Freitag, 23. Februar 2018
Episcopal Synod Decisions
സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുകയാണെന്നും ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കര സഭാംഗങ്ങളായ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും ഈ ലക്ഷ്യത്തിന് ഏവരുടെയും സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു. 1934 ലെ സഭാ ഭരണഘടനയുടെയും 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലായിരിക്കണം സമാധാനം കൈവരിക്കേണ്ടത്. ഇവ അംഗീകരിക്കുന്ന ഇടവക ജനങ്ങളില്‍ ആര്‍ക്കും ഇടവകയില്‍ യാതൊരു ബുദ്ധിമുട്ടും തടസ്സവും ഉണ്ടാവുകയില്ലെന്നും സുന്നഹദോസ് പ്രഖ്യാപിച്ചു.
വര്‍ഷം തോറും നവംബര്‍ ആദ്യ ഞായറാഴ്ച്ച സ്നേഹസ്പര്‍ശം കാന്‍സര്‍ സാന്ത്വന പരിപാലനദിനമായി ആചരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 19 മുതല്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു.
കാലം ചെയ്ത ഡോ. സഖറിയാ മാര്‍ തെയോഫിലോസിന്‍റെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് എന്നിവര്‍ ധ്യാനം നയിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് അവതരിപ്പിച്ച റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. പരുമല സെമിനാരി, പരുമല ആശുപത്രി, കോട്ടയം വൈദീക സെമിനാരി, നാഗ്പൂര്‍ സെമിനാരി, മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് തിയോളജിക്കല്‍ എജ്യൂക്കേഷന്‍ ഫണ്ട്, സെമിനാരി കമ്മീഷന്‍, പ്രാര്‍ത്ഥനാ രചന സമിതി, വിശാല മിഷന്‍, എക്യൂമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി എന്നിവയുടെ റിപ്പോര്‍ട്ട് ഫാ. എം.സി.കുര്യാക്കോസ്, ഫാ. എം.സി പൗലോസ്, ഫാ. ഡോ. ഓ. തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, സഖറിയാ മാര്‍ നിക്കോളവാസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, കെ.റ്റി ചാക്കോ ഐ.എ.എസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ അവതരിപ്പിച്ചു.
ബോര്‍ഡ് ഓഫ് ചര്‍ച്ച് വേള്‍ഡ് സര്‍വ്വീസ് അംഗമായ സഖറിയാ മാര്‍ നിക്കോളാവോസിനെയും, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡന്‍റായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിനെയും അനുമോദിച്ചു. ദിവ്യബോധന പ്രസിഡന്‍റായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഖില മലങ്കര ശുശ്രൂഷക സംഘം പ്രസിഡന്‍റായി അലക്സിയോസ് മാര്‍ യൗസേബിയോസ് എന്നിവരെ തെരഞ്ഞെടുത്തു. തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലെ വിസിറ്റിംഗ് ബിഷപ്പായി ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ നിയമിച്ചു. അത്മായ നേതൃത്വ പരിശീലനം, ആദ്ധ്യാത്മീക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഡോ. തോമസ് മാര്‍ അത്തനാസ്യോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ അദ്ധ്യക്ഷന്മാരായി സമിതികള്‍ നിയോഗിച്ചു.