ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവാശാക്തീകരണ വിഭാഗവും വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സഭാംഗങ്ങളുടെ സന്നദ്ധ സംഘമായ ഐക്കണ്‍ ചാരിറ്റീസും ചേര്‍ന്ന് നല്‍കുന്ന “ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് ” വിതരണം ഫെബ്രുവരി 24 ന് 11.30 ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. കേരളത്തിന് അകത്തും പുറത്തുമുളള സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുന്ന 560 കുട്ടികള്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കുന്നത്. ഈ കൂട്ടത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയിലെ സമര്‍ത്ഥരായ കുട്ടികളും ഉള്‍പ്പെടുന്നു. സമര്‍ത്ഥരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ പഠനത്തില്‍ കൈപിടിച്ച് കയറ്റുവാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭത്തിലൂടെ ഈ വര്‍ഷം 65 ലക്ഷം രൂപയാണ് നല്‍കുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അവാര്‍ഡ് വിതരണം ചെയ്യും. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കും. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും രാഷ്ട്രപതിയുടെ പുരസ്ക്കാര ജേതാവുമായ ഡോ. ടിജു തോമസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. കുട്ടികള്‍ക്കും
മാതാപിതാക്കള്‍ക്കുമുളള “പ്രചോദനാത്മക ക്ലാസ്” പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് നയിക്കും.