മലങ്കരസഭയിലെ ഐക്യത്തിന് ആരാണ് എതിര്?

മലങ്കരസഭയിലെ കക്ഷിവഴക്കിന്‍റെ തീവ്രത നാള്‍തോറും വര്‍ദ്ധിക്കുകയാണ്. വിഭാഗീയതയും വിഭജനവും ആരുടെ ആവശ്യകതയാണെന്ന ചിന്തയ്ക്ക് ഈ അവസരത്തില്‍ പ്രസക്തിയുണ്ട്. ഐക്യത്തെ ഭയപ്പെടുന്നത് ആരാണ്. ഇരുവിഭാഗത്തിലെയും ഏകദേശം 95 ശതമാനത്തിലധികം വരുന്ന സാധാരണ വിശ്വാസികള്‍ക്ക് വിഭജന പ്രവണതയോട് ഏറെ പ്രതിപത്തിയില്ല. പിതാക്കന്മാര്‍ കാത്തുസൂക്ഷിച്ച വിശ്വാസം പരിപാലിച്ച് ജീവിക്കുക എന്നതിലുപരി സഭയുടെ ദൈനംദിന രാഷ്ട്രീയത്തില്‍ ആര്‍ക്കുംതന്നെ പ്രത്യേക താത്പര്യമില്ല. ആരാധനയില്‍ തടസ്സം നേരിടുമ്പോഴും ശവസംസ്ക്കാരസമയത്ത് പ്രശ്നങ്ങളുണ്ടാകുമ്പോഴും മാത്രമാണ് വിഭാഗീയത ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭരണമേഖലയില്‍ നില്‍ക്കുന്നവര്‍ക്കും അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാണ് വിഭജനം അനിവാര്യമാകുന്നത്. അവരുടെ എണ്ണം ഇരുസഭകളിലേയും ചേര്‍ത്താല്‍ ഏകദേശം അഞ്ച് ശതമാനത്തില്‍ താഴെമാത്രമേ ഉള്ളൂ.

1911-ല്‍ നേതൃത്വനിരയിലുള്ള ചില ആളുകളുടെ വ്യക്തി വിരോധംകൊണ്ട് മാത്രമുണ്ടായതാണ് മലങ്കര സഭയിലെ പ്രശ്നങ്ങള്‍. വ്യക്തി താല്‍പര്യം മാത്രം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ചിലര്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് സമാധാനവും യോജിപ്പും ഉണ്ടാകാതെ പോകുന്നത്. അത് വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയാണ്.
മലങ്കര സുറിയാനിസഭ ഒന്നാണ്. ഭൂരിപക്ഷം വിശ്വാസികളും സമാധാനവും യോജിപ്പും ആഗ്രഹിക്കുന്നവരാണ്. വിഭജിച്ചു പിരിയുന്നതിന് ഒരു കാരണവും കാണുന്നില്ല. വിഭജനം സുപ്രീംകോടതി വിധിക്ക് എതിരുമാണ്. യോജിപ്പിനേക്കാള്‍ ബുദ്ധിമുട്ടാണ് വിഭജനം. യോജിപ്പിച്ച് സമാധാനം ഉണ്ടാക്കുന്നതിനേക്കാള്‍ പ്രയാസമാണ് വിഭജിച്ച് സമാധാനം ഉണ്ടാക്കുന്നത്.

വിശ്വാസത്തിന്‍റെ കാര്യം മലങ്കരസഭാ പ്രശ്നത്തിലില്ല. സ്വത്തും വിഷയമല്ല. അതുകൊണ്ട് മനസ്സുവച്ചാല്‍ സമാധാനത്തിനും യോജിപ്പിനും തടസ്സമില്ല. വന്നുപോയിരിക്കുന്ന തെറ്റുകള്‍ തിരുത്തി അടിസ്ഥാന കാര്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട്, കക്ഷികളെന്ന നിലയില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യറായാല്‍ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ. പരസ്പര വിശ്വാസവും ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുമ്പോള്‍ പരസ്പരം നശിപ്പിക്കാനുള്ള പ്രവണത അവസാനിക്കും.

ഇരുപക്ഷത്തേയും അമ്പതോളം മേല്‍പ്പട്ടക്കാരും അരഡസന്‍ ഭാരവാഹികളും ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ സഭയെ സമാധാനത്തിലേക്കും യോജിപ്പിലേക്കും നയിക്കാന്‍ കഴിയും. അതേ സമയം വിഭജനം ലക്ഷക്കണക്കിനു വിശ്വാസികളെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. വിഭജനം വിശ്വാസത്തിനുവേണ്ടിയല്ല, വിശ്വാസികള്‍ക്കുവേണ്ടിയുമല്ല. ഒരുപിടിയാളുകളുടെ സ്ഥാപിതതാല്‍പര്യത്തിനുവേണ്ടി മാത്രമാണ്.

സഭയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ സഭയുടെ യോജിപ്പിനെ അനുകൂലിക്കും. സഭയില്‍ നിന്ന് എന്തെങ്കിലും നേടാനാഗ്രഹിക്കുന്നവരാണ് വിഭജനത്തെ അനുകൂലിക്കുന്നത്. ശലോമോന്‍ രാജാവിന്‍റെ അടുത്തു വന്ന അമ്മമാരുടെ കഥ (1 രാജാ 3:16-28). ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു.

വിശ്വാസത്തില്‍ ക്രൈസ്തവരും, പാരമ്പര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും പൗരസ്ത്യരും ഭാരതീയരുമായ സമൂഹമാണ് നസ്രാണിക്രിസ്ത്യാനികള്‍. ആരാധനയിലോ വിശ്വാസസംഹിതകളിലോ ഭേദങ്ങളില്ലാത്ത ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസികള്‍ എന്തിനാണ് ഇങ്ങനെ വിഭജിച്ചുനില്‍ക്കുന്നത്. ലോകത്താകമാനം വിശ്വാസങ്ങളിലും ആരാധനയിലും ഏകത പാലിക്കുന്ന സഭകള്‍ ഒന്നിക്കുന്ന വാര്‍ത്തകളാണ് ആഗോള ക്രൈസ്തവ സമൂഹം ശ്രവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭാരതത്തിലാകട്ടെ തിരിച്ചും.
വിശ്വാസത്തിലും സംസ്കാരത്തിലും സ്വത്വബോധത്തിലും വ്യതിരക്തത സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ പൊതുസമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിലയുറപ്പിക്കുന്ന ഒരു സമൂഹസൃഷ്ടി സഭാ ഐക്യംകൊണ്ട് സാധ്യമാകും.

ക്രിസ്തുശരീരമാകുന്ന സഭ വേര്‍പെട്ടു പോകരുതെന്നാഹ്വാനം ചെയ്ത അക്രൈസ്തവരായ സുപ്രീംകോടതി ജഡ്ജിമാരുടെ വാക്കുകള്‍ ഈ അവസരത്തില്‍ പ്രസക്തമാണ്. എന്നാല്‍ തിരിച്ചറിയാനുള്ള വിവേകം സഭാനേതൃത്വങ്ങള്‍ കാട്ടാത്തത് ലജ്ജാവഹമാണ്. സഭയാകുന്ന ക്രിസ്തുവിന്‍റെ ശരീരം വേര്‍പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും അക്രൈസ്തവമായ ഒരു പ്രവര്‍ത്തനമാണ്. ആജന്മ ശത്രുക്കളായ പല ജനതകളും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംഭാഷണം നടത്തുമ്പോള്‍ സഭായോജിപ്പിനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കാന്‍ എന്തിനു വൈകണം?

(വിശ്വസ്നേഹദര്‍ശനം, 2007 ഒക്ടോബര്‍-ഡിസംബര്‍)