ചരിത്രം മറന്ന വെളിയനാട് സുന്നഹദോസ് / ഡോ. എം. കുര്യന്‍ തോമസ്


കുട്ടനാട്ടിലെ വെളിയനാടു പള്ളിയില്‍ കൂടിയ ഈ സുന്നഹദോസില്‍ മലങ്കര പള്ളിയോഗം തങ്ങളുടെ അവകാശ-അധികാരങ്ങളെപ്പറ്റി പ്രകടിപ്പിച്ച അതേ വികാരമാണ് 1909 ല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ലൗകീകാധികാരം ആവശ്യപ്പെട്ട പഴയസെമിനാരി അസോസിയേഷനിലും അവര്‍ പ്രകടിപ്പിച്ചത്. ജാതിക്കുതലവനെന്ന നിലയില്‍ മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് അന്ന് തന്‍റെ ജനങ്ങളോടൊത്തു നിന്നു. തുടര്‍ന്ന് മലങ്കരസഭയും അബ്ദുള്ളാ പാത്രിയര്‍ക്കീസുമായുള്ള യുദ്ധത്തില്‍ അദ്ദേഹത്തിന്‍റെ നിലപാടിനെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.

1876 മിഥുനം 17 (ജൂണ്‍ 29) നു വിജയകരമായി സമാപിച്ച മുളന്തുരുത്തി സുന്നഹദോസ് തുടങ്ങിയുള്ള സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെയും അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെയും സുദീര്‍ഘ ചരിത്രത്തില്‍ ബോധപൂര്‍വം തമസ്ക്കരിക്കപ്പെട്ട ഒരു സുപ്രധാനയോഗമുണ്ട്. 1877 മകരം 15-18 (ജനുവരി 27-30) തീയതികളില്‍ വെളിയനാട് മാര്‍ സ്തേഫാനോസ് സഹദാ പള്ളിയില്‍ നടന്ന വെളിയനാട് സുന്നഹദോസെന്ന മലങ്കര പള്ളി യോഗം.1 1875 ഇടവം 29 മുതല്‍ 1877 ഇടവം 9 വരെ മലങ്ക രയില്‍ ജൈത്രയാത്ര നടത്തിയ അന്ത്യോഖ്യായുടെ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ വാട്ടര്‍ലൂ ആയിരുന്നു വെളിയനാട് സുന്നഹദോസ്.

പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ മലങ്കരയിലെ പ്രവര്‍ത്തനങ്ങളെ മുളന്തുരുത്തി സുന്നഹദോസിനു മുമ്പെന്നും പിമ്പെന്നും രണ്ടു ഭാഗങ്ങളാക്കി തിരിക്കാം. പൂര്‍വാര്‍ദ്ധത്തില്‍ നവീകരണക്കാരുമായുള്ള സമരത്തിന് സഭയെ ഏകോപിപ്പിക്കുന്നതിലും സഭയില്‍ കടന്നുകൂടിയ റോമന്‍, പ്രൊട്ടസ്റ്റന്‍റ് ആചാരങ്ങളെയും, കാലികമായ ജീര്‍ണതയേയും ദേശീയ ആചാരങ്ങളെയും മാറ്റി പൂര്‍ണമായും അന്ത്യോഖ്യവല്‍ക്കരിക്കുന്നതില്‍ മാത്രമായിരുന്നു പാത്രിയര്‍ക്കീസിന്‍റെ ശ്രദ്ധ. അതിലദ്ദേഹം ഭാഗികമായി വിജയിക്കുകയും ചെയ്തു.

എന്നാല്‍ മുളന്തുരുത്തി സുന്നഹദോസിനുശേഷം പാത്രിയര്‍ക്കീസിന്‍റെ ശ്രദ്ധ തന്‍റെ ലൗകീകാധികാരം ഉറപ്പിക്കുന്നതിലായി മാറി. പള്ളികളില്‍ നിന്നും രജിസ്റ്റര്‍ ഉടമ്പടി വാങ്ങുക, മലങ്കരയെ തന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുള്ള ഏഴ് ഇടവകകളാക്കി തിരിക്കുക, രജിസ്റ്റര്‍ ഉടമ്പടി വാങ്ങി ആറുപേര്‍ക്ക് മെത്രാന്‍ സ്ഥാനം കൊടുക്കുക, കൈമുത്തും റിശീസയും കണക്കു പറഞ്ഞു വാങ്ങുക തുടങ്ങിയ നടപടികള്‍ എല്ലാം നടത്തിയത് ഈ രണ്ടാം പകുതിയിലാണ്. ഈ മനം മാറ്റത്തിന്‍റെ കാരണങ്ങള്‍ ഇനിയും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. 2

മുളന്തുരുത്തി സുന്നഹദോസിനുശേഷം പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ആദ്യം ചെയ്ത പ്രധാന കര്‍മ്മം വി. മൂറോന്‍ കൂദാശയാണ്. 1876 ആഗസ്റ്റ് 27 ന് മുളന്തുരുത്തി പള്ളിയില്‍ വെച്ച് സര്‍വരുടെയും സഹകരണത്തോടെ ആ കൂദാശ ഭംഗിയായി നടത്തി. ഇതിനെ തുടര്‍ന്ന് കോനാട്ടു ഗീവര്‍ഗീസ് റമ്പാന്‍, കടവില്‍ പൗലൂസ് റമ്പാന്‍, അമ്പാട്ട് ഗീവര്‍ഗീസ് റമ്പാന്‍, ചാത്തുരുത്തി ഗീവര്‍ഗീസ് റമ്പാന്‍ എന്നിവരോട് മേല്പട്ടസ്ഥാനം സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത ഉടമ്പടികള്‍ ആവശ്യപ്പെട്ടു. കൊച്ചി രാജ്യത്ത് ഇവ രജിസ്റ്റര്‍ ചെയ്യുന്നതിന് ചിങ്ങം 15-ന് രജിസ്റ്ററാര്‍ മുളന്തുരുത്തി പള്ളിയിലെത്തി. ഈ സമയത്ത് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ മുളന്തുരുത്തിയിലുണ്ടായിരുന്നു.

ഈ നടപടി കമ്മറ്റി അംഗങ്ങളെ ക്ഷുഭിതരാക്കി. ജാതിയുടെ പൊതുവിലേയ്ക്കു വേണ്ട മതസംബന്ധമായും സമൂഹസംബന്ധമായും ഉള്ള സകല കാര്യങ്ങള്‍ക്കും കൈകാരകര്‍ത്താക്കളും ഭാരവാഹികളുമായി 3 തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുമ്പോള്‍ തങ്ങളുടെ അറിവും ആലോചനയും കൂടാതെ തങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ രജിസ്റ്റര്‍ പ്രമാണമാക്കുന്നതില്‍ പ്രതിഷേധിച്ച് ഇരുപത്തിനാല് അംഗങ്ങളുള്ള കമ്മറ്റിയില്‍ നിന്നും മാലിത്ര ഏലിയാസ് കത്തനാര്‍ മുതല്‍ ആറ് പട്ടക്കാരും പനയ്ക്കല്‍ അയ്പ്പൂരു മുതല്‍ ഒന്‍പത് അയ്മേനികളും – അതായത് അന്നു മുളന്തുരുത്തിയിലുണ്ടായിരുന്ന പതിനഞ്ചു കമ്മറ്റിക്കാരും – ചിങ്ങം 16-ന് രാജി എഴുതിക്കൊടുത്തു. ഇവരില്‍ പിന്നീട് പാത്രിയര്‍ക്കീസ് മെത്രാപ്പോലീത്താമാരായി വാഴിച്ച മുറിമറ്റത്തില്‍ പൗലോസ് കത്തനാര്‍ (ഒന്നാം കാതോലിക്കാ), കരവട്ടുവീട്ടില്‍ ശിമവോന്‍ കോറി എന്നിവരും ഉള്‍പ്പെട്ടിരുന്നു. ഇതു പാത്രിയര്‍ക്കീസിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് പാത്രിയര്‍ക്കീസും കമ്മറ്റിക്കാരും തമ്മില്‍ ഇതേപ്പറ്റി സംവാദം നടന്നു. മെത്രാന്‍ സ്ഥാനം നല്‍കുന്നത് തന്‍റെ അധികാരമാണെന്നും മറ്റാര്‍ക്കും അതില്‍ കാര്യമില്ലെന്നുമായിരുന്നു പാത്രിയര്‍ക്കീസിന്‍റെ വാദം. അതില്‍ തര്‍ക്കമില്ലെന്നും പക്ഷേ ഈ നാട്ടില്‍ തങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കേ പട്ടം കൊടുക്കാവൂ എന്നുമായിരുന്നു കമ്മറ്റിക്കാരുടെ പക്ഷം.4

കമ്മറ്റി ഇതുവരെ ആവശ്യപ്പെടുകയോ തിരഞ്ഞെടുക്കുകയോ ചെയ്യാഞ്ഞതിനാലാണ് താന്‍ അപ്രകാരം ചെയ്തതെന്നും കമ്മറ്റി ഇനി തിരഞ്ഞെടുക്കുന്നവര്‍ക്ക് പട്ടം കൊടുക്കാന്‍ വിരോധമില്ലെന്നും മലങ്കര ഭരിപ്പാന്‍ ഇനി ഒരു മെത്രാന്‍ പോരെന്നും നാലോ ആറോ പേരു വേണമെന്നും പാത്രിയര്‍ക്കീസ് കമ്മറ്റിക്കാരെ അറിയിച്ചു. താന്‍ തെരഞ്ഞടുത്തവരില്‍ ആരെങ്കിലും അയോഗ്യരെങ്കില്‍ ആ വിവരം അറിയിച്ചാല്‍ അവരെ ഒഴിവാക്കാമെന്നും പാത്രിയര്‍ക്കീസ് പറഞ്ഞു. അവര്‍ അന്നത്തെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളായതിനാലാവാം തല്‍ക്കാലം കമ്മറ്റിക്കാര്‍ അടങ്ങി. പകരം കമ്മറ്റിക്കാര്‍ എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് കല്പന നല്‍കണമെന്ന് ആവശ്യപ്പെടുകയും പാത്രിയര്‍ക്കീസ് അതു നല്‍കുകയും ചെയ്തു. ആ അദ്ധ്യായം തല്‍ക്കാലം അങ്ങനെ അവസാനിച്ചു.

കൊച്ചി രാജ്യത്തു രജിസ്റ്റര്‍ ചെയ്തതു കൂടാതെ തിരുവിതാംകൂറിലും രജിസ്റ്റര്‍ ചെയ്ത പ്രമാണങ്ങള്‍ വാങ്ങിയശേഷം, 5 പാത്രിയര്‍ക്കീസ് 1876 ഡിസംബര്‍ മൂന്നിന് കോനാട്ട് ഗീവര്‍ഗീസ് മാര്‍ യൂലിയോസിനും കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസിനും ഡിസംബര്‍ 10-ന് അമ്പാട്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനും ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിനും വടക്കന്‍പറവൂര്‍ പള്ളിയില്‍ വച്ച് മേല്പട്ടസ്ഥാനം നല്‍കി. അന്നു മലങ്കരെ ഉണ്ടായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, അബ്ദുള്ളാ മാര്‍ ഗ്രീഗോറിയോസ് എന്നീ മേല്പട്ടക്കാരുടെ സഹകരണം കൂടാതെ പാത്രിയര്‍ക്കീസ് ഒറ്റയ്ക്കാണ് ഈ വാഴ്ച നടത്തിയത്. 6 ഇതിനിടയില്‍ ഏതാനും പള്ളികളില്‍ നിന്നും ലൗകികാധികാരം സംബന്ധിച്ച രജിസ്റ്റര്‍ ഉടമ്പടികള്‍ വാങ്ങി.

ആ വര്‍ഷം ധനു 15-നു കൊച്ചീക്കോട്ട പള്ളിയില്‍ കൂടിയ മാനേജിംഗ് കമ്മറ്റി സമുദായ സ്വത്തുക്കള്‍ക്കുവേണ്ടി വ്യവഹാരപ്പെടുന്നതിനെപ്പറ്റി ആലോചിക്കാന്‍ ഒരു മലങ്കരപള്ളി യോഗം മകരം 15-നു വെളിയനാടു പള്ളിയില്‍ കൂടുന്നതിനു നിശ്ചയിച്ചു. അതിലേയ്ക്ക് ഒരോ പള്ളിയില്‍ നിന്നും ഒരു പട്ടക്കാരനും രണ്ടു പ്രധാനികളും പള്ളിക്കാരുടെ സമ്മതപത്രത്തോടു കൂടെ വന്നു കൂടത്തക്കവണ്ണം7 കല്പന അയച്ചു.

മകരം 14-നു പാത്രിയര്‍ക്കീസും മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും നാല് അഭിനവ മെത്രാന്‍മാരും വെളിയനാട്ടെത്തി. മകരം 15 നു രാവിലെ നമസ്ക്കാരവും വി. കുര്‍ബാനയും കഴിഞ്ഞ് പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ കൂടി. വിശ്വാസത്തിന്‍റെ സ്ഥിരതയെക്കുറിച്ചും ഇപ്പോള്‍ ഭവിച്ചിരിക്കുന്ന വീഴ്ചകളെപ്പറ്റിയും പാത്രിയര്‍ക്കീസ് ആമുഖ പ്രസംഗം പറഞ്ഞു. തുടര്‍ന്ന് സമുദായത്തിന്‍റെ പൊതു കാര്യത്തെക്കുറിച്ച് 15, 16, 17 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെയും രണ്ടു മുതല്‍ അഞ്ചുമണിവരെയും യോഗം കൂടണമെന്ന് പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു. തുടര്‍ന്നു യോഗം ആരംഭിച്ചു. ആദ്യ ദിവസം ആലോചനാ വിഷയങ്ങള്‍ ക്രമപ്പെടുത്തുകയാണ് ചെയ്തത്.

1876 മിഥുനം 15-ന് കൂടിയ മുളന്തുരുത്തി സുന്നഹദോസ് കമ്മറ്റിയേയും ആലോചനക്കാരെയും നിശ്ചയിച്ചിട്ടും ഇതുവരെ കൂടി തീരുമാനമെടുക്കാത്തതിനാല്‍ പ്രധാനമായും ഈ സുന്നഹദോസില്‍ ആലോചിക്കേണ്ട വിഷയങ്ങള്‍ രണ്ടാണെന്നു യോഗം തീര്‍ച്ചപ്പെടുത്തി. സഭയില്‍ മാര്‍ മാത്യൂസ് അത്താനാസ്യോസ് മുഖാന്തിരം ഉണ്ടായിട്ടുള്ള വിശ്വാസ വിപരീതങ്ങളെ ഒതുക്കുന്നതിനും നവീകരണ കൈവശത്തില്‍ ഇരിക്കുന്ന പൊതു മുതല്‍ ഒഴിപ്പിച്ചെടുക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും തീരുമാനിച്ചു. ഒന്നുകില്‍ ശത്രുവിനെ കീഴ്പ്പെടുത്തുക, അല്ലെങ്കില്‍ അവരോടു മറ്റു വിധത്തില്‍ പെരുമാറുക. 8 ഇതില്‍ ഏതു വേണമെന്ന് സുന്നഹദോസ് അംഗങ്ങള്‍ നിശ്ചയിക്കണമെന്നും ഏതു വിധമായാലും അതിനുള്ള മാര്‍ഗ്ഗം കൂടി അവര്‍തന്നെ വിവരിക്കണമെന്നും തീരുമാനിച്ചു.

സുന്നഹദോസിനു ഹാജരായ പള്ളിപ്രതിപുരുഷന്മാരുടെ സമ്മതപത്രങ്ങള്‍ വാങ്ങിക്കുവാന്‍ കരോട്ടുവീട്ടില്‍ ശീമോന്‍ റമ്പാനെയും, മുറിമറ്റത്തില്‍ പൗലൂസു മല്പാനെയും ചുമതലപ്പെടുത്തി അന്നത്തെ യോഗം അവസാനിച്ചു.

രണ്ടാം ദിവസം (മകരം 16) രാവിലെ വി. കുര്‍ബാനയ്ക്കു ശേഷം 8 മണിക്ക് യോഗം ആരംഭിച്ചു. കോട്ടയത്തു സെമിനാരിക്കും വട്ടിപ്പണപലിശയ്ക്കും വേണ്ടി സിവില്‍ കേസു കൊടുക്കാന്‍ തീരുമാനിച്ചു. അതിനാവശ്യമായി വരുന്ന ചെലവ് ഏകദേശം 10,000 രൂപ വരുമെന്നും അതു തല്‍ക്കാലം പള്ളികളില്‍ നിന്നു പിരിക്കുക അസാദ്ധ്യമായതിനാല്‍ കമ്മറ്റിക്കാര്‍ 24 പേരും അറുപതു രൂപ വീതവും ആലോചനക്കാര്‍ എഴുപതുപേര്‍ മുപ്പതു രൂപ വീതവും എടുക്കണമെന്നും, മുപ്പതുരൂപ കൊടുക്കാന്‍ മനസുള്ള എല്ലാവരെയും ആലോചനാ സമൂഹത്തില്‍ ചേര്‍ക്കണമെന്നും തീരുമാനിച്ചു.9

മുളന്തുരുത്തിയില്‍ വെച്ചു കമ്മറ്റിക്കാരായി തിരഞ്ഞെടുത്തവരില്‍ സഹകരിക്കാത്തവരെയും, റമ്പാന്‍ സ്ഥാനം ഏറ്റവരെയും കമ്മിറ്റിയില്‍ നിന്നും നീക്കി, പകരം മറ്റ് ആളുകളെ തിരഞ്ഞെടുക്കണമെന്നും നിശ്ചയിച്ച് അന്നത്തെ യോഗം അവസാനിച്ചു.10
മൂന്നാം ദിവസം നമസ്ക്കാരം കഴിഞ്ഞ് ഏഴു മണിക്കു തന്നെ യോഗം ആരംഭിച്ചു. സെമിനാരിക്കേസില്‍ വക്കീലായി നിശ്ചയിച്ചിരിക്കുന്ന വാക്കര്‍ സായിപ്പിനെ അന്നു ക്ഷണിച്ചു വരുത്തിയിരുന്നു. അന്നു പാത്രിയര്‍ക്കീസ് ഹൂദായ കാനോനില്‍ നിന്നും സംഗ്രഹിച്ചെഴുതിയ ഒരു വിശ്വാസപ്രമാണം സുന്നഹദോസില്‍ വായിച്ചു. സുന്നഹദോസ് അത് അംഗീകരിച്ചു. തുടര്‍ന്ന് ആ പുസ്തകം മലയാളത്തില്‍ അച്ചടിപ്പാന്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെ ഏല്പിച്ചു. അന്നു തുടര്‍ന്നു നടന്ന സംഭവങ്ങളുടെ ദൃക്സാക്ഷി വിവരണം ഇപ്രകാരമാണ്:

“അതിന്‍റെ ശെഷം മലയാളം ഏഴ് എടവകയായി തിരിച്ചിരിക്കുന്നു എന്നും ഇപ്പോള്‍ അഞ്ചു മെത്രാന്മാരു മലയാളത്തിലുള്ളതിനോടു കൂടി ഇനി രണ്ടുപേര്‍ക്കു കൂടി പട്ടം കൊടുക്കണമെന്നും മറ്റും പിതാവു നിശ്ചയിച്ചു കൂട്ടത്തൊടു കല്പിച്ചു. രണ്ടു പേര്‍ക്കുകൂടെ പട്ടം കൊടുക്കണമെന്നുള്ള കാര്യത്തില്‍ ജനത്തിനു തീരുമാനം ഇഷ്ടം ഇല്ലന്നും – ഇപ്പോള്‍ ഈ അഞ്ചുപേരുള്ളതു മതി എന്നും – ഇതില്‍ പൊതുകാര്യങ്ങള്‍ അന്വേഷിക്കുന്നതിനു പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസു മെത്രാപ്പോലീത്തായെ കമ്മറ്റിയില്‍ തലവനായി കല്പിച്ച് ആക്കിത്തരണമെന്നു കൂട്ടമായി പിതാവിന്‍റെ തിരുമുമ്പാകെ ഒരു സങ്കടം എഴുതി വച്ചു – ആയ്ത് അവിടത്തെ ഇഷ്ടത്തിനു വിരോധം ആയിരുന്നതിനാല്‍ കോപിച്ച – ആത്മീയമായ നമ്മുടെ കാര്യത്തില്‍ പ്രവേശിക്കുവാന്‍ നിങ്ങള്‍ക്ക് എന്തു കാര്യമെന്നും മറ്റും കല്പിച്ച ആ കടലാസ കീറി കൂട്ടത്തിന്‍റെ മുമ്പാകെ ഇട്ടുകളഞ്ഞു – അതിനാല്‍ കൂട്ടത്തിന്ന് എത്രയും വ്യസിനവും ദുഃഖവും ആയിതീര്‍ന്നു – ഇതിന്‍റെ ശെഷം യാതൊരു ആലോചനയും നിവൃത്തിയും കൂടാതെ തീര്‍ന്നതു തന്നെ അല്ല- വക്കീലായിട്ടു വന്നിരുന്ന മെസ്തര്‍ വാക്കര്‍ സായ്പ്പും കൊച്ചിക്കു തിരിച്ചു പൊകയും ചെയ്തു.

അതിന്‍റെ ശെഷം വിശുദ്ധ പിതാവു ദീവന്നാസ്യോസു മെത്രാപൗലീത്തയുടെയും പനയ്ക്കല്‍ അയിപ്പൂരുവിന്‍റെയും കുര്യന്‍ റൈട്ടരുടെയും ആലോചനയില്‍ കൂട്ടം മേല്‍പ്രകാരം നമ്മുടെ മുമ്പാകെ എഴുതി വെപ്പാന്‍ ഇടവന്നതാകുന്നു എന്നും മറ്റും കല്പിച്ച അവര്‍ മൂവരുടെമേല്‍ കോപിച്ചു – ദീവന്നാസ്യോസു മെത്ര – മെലില്‍ ഈ കൂട്ടത്തില്‍ പ്രവേശിക്കരുതെന്നും കല്പിച്ചു – അതിനാല്‍ അദ്ദെഹവും തെക്കരില്‍ ഏതാനും പള്ളിക്കാരും കൂടി അന്നുതന്നെ പോയി – പരുമലെ താമസിച്ചു – അതിന്‍റെശെഷം അന്നു തന്നെ കുര്യന്‍ റൈട്ടറും ആയിപ്പൂരുവും മറ്റ ഏതാനും പെരുകൂടി പൊയി – അയിപ്പൂരു കൊച്ചിക്കും – റൈട്ടരു ശെങ്ങനാശെരിക്കുമത്രെ പോയതു – വടക്കുനിന്നുള്ള പള്ളിക്കാറരില്‍ ആരും തന്നെ പൊയില്ല – തെക്കരില്‍ കൊട്ടയത്തുനിന്നും പുതുപ്പള്ളിയില്‍ നിന്നും ഏതാനും പേരു മാത്രം താമസിച്ചു.”

ഭൂരിഭാഗം ജനപ്രതിനിധികളും സ്ഥലം വിട്ടു എന്ന വസ്തുത പാത്രിയര്‍ക്കീസിനെ ഞെട്ടിച്ചു. പിറ്റേദിവസം സുന്നഹദോസില്‍ ശേഷിച്ചിരുന്നവരോട് സിവില്‍ക്കേസു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ പണപ്പിരിവിനു മുമ്പു ചെയ്ത തീരുമാനം ഉറപ്പിക്കാനും, അപ്രകാരം പിരിച്ച പണവുമായി കുംഭം 15-നു കോട്ടയത്തു പള്ളിപ്രതിനിധികള്‍ കൂടത്തക്കവണ്ണം കല്പന നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാത്രിയര്‍ക്കീസ് കല്പന നല്‍കിയില്ല.

യോഗം പിരിഞ്ഞ ശേഷം പിറ്റേന്ന് കുര്യന്‍ റൈട്ടര്‍ പാത്രിയര്‍ക്കീസിനെ വന്നു കണ്ടു പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഐമോസ്യപ്പെട്ടു. നവീകരണക്കാരുമായുള്ള വ്യവഹാരത്തിന് സഭ ഒരുമിച്ചു നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയും അതിന് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നേതൃത്വത്തിന്‍റെ അത്യാവശ്യവും നന്നായി അറിയാമായിരുന്ന കുര്യന്‍ റൈട്ടര്‍, പാത്രിയര്‍ക്കീസിന്‍റെ അനുമതി കൂടാതെ തന്നെ പരുമലെച്ചെന്ന് മാര്‍ ദീവന്നാസ്യോസിനെ കൂട്ടിക്കൊണ്ടുവന്നു. തല്‍ക്കാലം പാത്രിയര്‍ക്കീസുമായുള്ള പ്രശ്നം പറഞ്ഞു തീര്‍ത്ത് അന്നുതന്നെ അവര്‍ കോട്ടയത്തിനു പോയി.

വെളിയനാട് സുന്നഹദോസ് സാങ്കേതിക അര്‍ത്ഥത്തില്‍ ഒരു പരാജയമായിരുന്നു. കാര്യമായ തീരുമാനങ്ങള്‍ ഒന്നുമെടുക്കാനാവാതെ ഒരു വിഭാഗത്തിന്‍റെ ബഹിഷ്കരണത്തിലെത്തിച്ചേര്‍ന്ന ഈ യോഗം പുരാതനമായ മലങ്കര പള്ളിയോഗത്തിന്‍റെ അവകാശ സംരക്ഷണ സമരത്തിന്‍റെ വേദിയായി. ആ അര്‍ത്ഥത്തില്‍ ഈ യോഗം മലങ്കരയുടെ വിജയമായി കണക്കാക്കാം.

വെളിയനാട് യോഗം പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരാജയവുമായിരുന്നു. തന്‍റെ തിരുസന്നിധിയില്‍ നിന്നും തെക്കന്‍ പള്ളികള്‍ സമ്പൂര്‍ണ്ണ ബഹിഷ്ക്കരണം നടത്തിയത് പാത്രിയര്‍ക്കീസിന്‍റെ ലൗകീകാധികാരമോഹങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു. കൂട്ടത്തില്‍, തന്‍റെ കണ്ണിലെ കരടായി മാറിയ മാര്‍ ദീവന്നാസ്യോസിനോടുള്ള യോഗത്തിന്‍റെ കൂറ് അദ്ദേഹത്തിന്‍റെ മുമ്പില്‍ ഭാവിയിലേയ്ക്കുള്ള ചൂണ്ടുപലകയായിരുന്നു. മലങ്കര പള്ളി യോഗത്തിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ 1877 മെയ് 17-ന് ചിറളയത്ത് പള്ളിയില്‍ വച്ച് പാത്രിയര്‍ക്കീസ് രണ്ടു മേല്‍പ്പട്ടക്കാരെക്കൂടി വാഴിച്ചു. ഇതിലും മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും അബ്ദുള്ളാ ഗ്രീഗോറിയോസും പങ്കെടുത്തില്ല. മാത്രമല്ല, 1877 ഇടവം 9-ന് തന്‍റെ മടക്കയാത്രയ്ക്കു തൊട്ടുമുമ്പ് കുന്നംകുളത്തു വെച്ച് ഇനിയൊരിക്കലും മലങ്കര പള്ളിയോഗമോ മജ്ലിസോ (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി) വിളിച്ചു കൂട്ടരുതെന്ന് ആറ് നവമെത്രാന്മാര്‍ക്കും പാത്രിയര്‍ക്കീസ് കര്‍ശനനിര്‍ദ്ദേശം നല്‍കി. അത് നടപ്പിലായില്ല എന്ന ചരിത്ര സത്യം വിരല്‍ചൂണ്ടുന്നത് പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരാജയത്തിലേക്കാണ്.

1 വെളിയനാട് സുന്നഹദോസിനെ പറ്റി വിശദമായ ദൃക്സാക്ഷി വിവരണം
കരോട്ടുവീട്ടില്‍ മാര്‍ ശീമോന്‍ ദിവന്നാസിയോസിന്‍റെ (+1886) നാളാഗമത്തി
ലുണ്ട്. അതേ കാലഘട്ടത്തിലെ മറ്റ് പല കൈയെഴുത്തു ഗ്രന്ഥങ്ങളിലും ഈ
സുന്നഹദോസിലെ സംഭവങ്ങളെപ്പറ്റി പരാമര്‍ശനങ്ങളുണ്ട്. സമീപകാലത്ത്
ڇമലങ്കരസഭയിലെ ആദ്യ ഭദ്രാസനങ്ങള്‍ക്ക് 125 വയസ്സ്ڈ (മലങ്കരസഭാ ദീപം
2001 ആഗസ്റ്റ് 16-31, സെപ്തം. 1-16) എന്ന ലേഖനത്തില്‍ വര്‍ഗീസ് ജോണ്‍
തോട്ടപ്പുഴയും, മലങ്കരസഭാ വിജ്ഞാനകോശത്തില്‍ ഈ ലേഖകനും ഈ
സുന്നഹദോസിനെപ്പറ്റി ലഘുവായി പരാമര്‍ശിച്ചിട്ടുണ്ട്.

2 മുളന്തുരുത്തി സുന്നഹദോസിലോ തുടര്‍ന്നോ തന്‍റെ ലൗകീക അധികാരം
ഉറപ്പിക്കുന്ന രീതിയിലുള്ള ഒരു ഉടമ്പടിയും നല്‍കാന്‍ മാര്‍ ദീവന്നാസ്യോസോ
മലങ്കര പള്ളിയോഗമോ തയ്യാറാകാതിരുന്നതാണോ ഈ മനം മാറ്റത്തിനു
പിന്നിലെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

3 കമ്മറ്റിയംഗങ്ങള്‍ പാത്രിയര്‍ക്കീസിനു നല്‍കിയ രാജിക്കത്തില്‍ നിന്ന് (നാ
ളാഗമം).

4 പകലോമറ്റം മെത്രാന്‍ വാഴ്ചയുടെ ജീര്‍ണതയുടെ കാലം മുതലെങ്കിലും
(19-ാം നൂറ്റാണ്ടിന്‍റെ പ്രാരംഭം) മലങ്കര സഭാദ്ധ്യക്ഷന്മാരെ തെരഞ്ഞെടുക്കു
കയോ വാഴ്ച അംഗീകരിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം മലങ്കര
പള്ളിയോഗത്തിന് ഉണ്ടായിരുന്നു. ഈ അധികാരം വിട്ടുകൊടുക്കാന്‍ കമ്മ
റ്റിക്കാര്‍ തയ്യാറായില്ല എന്നതിന്‍റ സൂചനയാണ് ഈ പരമാര്‍ശം.

5 ഇസ്സഡ് എം. പാറേട്ട്, മുളന്തുരുത്തി സുന്നഹദോസ്, കോട്ടയം 1966, ുു.
197206.

6 പുരാതന സഭകളുടെ കാനോന്‍ പ്രകാരം മൂന്ന് മേല്‍പ്പട്ടക്കാരെങ്കിലും
ചേര്‍ന്നുവേണം മറ്റൊരു മേല്പട്ടക്കാരനെ വാഴിക്കുവാന്‍. അടിയന്തര സാഹ
ചര്യങ്ങളില്‍ ഇതിന് അപവാദമായി ഒറ്റ മെത്രാന്‍ തനിച്ച് മേല്പട്ട സ്ഥാനാ
ഭിഷേകം നടത്തിയ ധാരാളം സംഭവങ്ങളുണ്ട്. എന്നാല്‍ 1665 മുതല്‍ 1825
വരെ ഒരു മെത്രാന്‍ മാത്രമുണ്ടായിരുന്ന മലങ്കരയില്‍ പിന്‍ഗാമികളെ ഒറ്റയ്ക്കു
വാഴിച്ചത് ക്രമരഹിതമെന്ന് വാദിച്ചിരുന്ന പാത്രിയര്‍ക്കീസ്, അത്തരം അടിയ
ന്തരസാഹചര്യങ്ങളൊന്നും നിലവിലില്ലാതിരുന്നിട്ടും, മറ്റു രണ്ടു മെത്രാന്മാര്‍
സ്ഥലത്തുണ്ടായിരുന്നിട്ടും ഒറ്റയ്ക്കു വാഴിച്ചത് ദുരൂഹമായിരിക്കുന്നു. പുലി
ക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസിയോസിനെ അന്ത്യോഖ്യാ പാത്രി
യര്‍ക്കീസ് പ. യാക്കോബ് ദ്വിതീയന്‍ 1865 ഏപ്രില്‍ 30 ന് ഡയര്‍ബക്കറില്‍
വച്ച് വാഴിച്ചപ്പോള്‍ മൂന്നു മെത്രാന്മാരുടെ എണ്ണം തികയ്ക്കുവാന്‍ അര്‍മേനി
യന്‍ സഭയിലെ മേല്പട്ടക്കാരനെ കൂടി ക്ഷണിച്ചു വരുത്തിയിരുന്നു.

7 ഈ ലേഖനത്തിലെ ഉദ്ധരണികള്‍ മാര്‍ ശീമോന്‍ ദീവന്നാസിയോസിന്‍റെ
നാളാഗമത്തില്‍ നിന്നുള്ളവയാണ്.

8 ജോസഫ് മാര്‍ ദീവന്നാസിയോസിന് സഭ പിളര്‍ത്തണമെന്നോ പാലക്കു
ന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസിനെ പരിത്യജിക്കണമെന്നോ ആഗ്ര
ഹമില്ലായിരുന്നു. 1889 ല്‍ സെമിനാരിക്കേസില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ
ശേഷം, പാലക്കുന്നത്ത് തോമസ് അത്താനാസിയോസ് വിശ്വാസ വിപരീതം
ത്യജിച്ച് മടങ്ങിവരുന്നപക്ഷം താന്‍ സ്ഥാനത്യാഗം ചെയ്ത് അധികാരം അദ്ദേ
ഹത്തെ ഏല്പിച്ചുകൊടുക്കാമെന്ന് തിരുവിതാംകൂര്‍ മഹാരാജാവിനെ അറി
യിച്ചിരുന്നു.

9 മുളന്തുരുത്തി സുന്നഹദോസില്‍ കമ്മറ്റിക്കാര്‍ക്ക് അംഗത്വഫീസ് നിശ്ചയി
ച്ചിരുന്നുവെങ്കിലും ആ തുക പിരിക്കാന്‍ പാത്രിയര്‍ക്കീസ് സമ്മതിച്ചില്ല.

10 മുളന്തുരുത്തിയില്‍ വച്ച് കമ്മറ്റിക്കാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടു
പേര്‍ ഇതിനിടയില്‍ റമ്പാന്‍ സ്ഥാനം ഏറ്റിരുന്നു. ഈ നിശ്ചയത്തില്‍ നിന്ന്,
ഇടവക ഭരണമുള്ള പട്ടക്കാരെ മാത്രമാണ് കമ്മറ്റിക്കാരായി ഉദ്ദേശിച്ചിരുന്ന
തെന്ന് വ്യക്തമാണ്.