1901-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് കത്തനാരുപട്ടമേറ്റതിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മലങ്കരസഭ തങ്ങളുടെ മഹാചാര്യനു നല്കിയ ഉപഹാരം. തങ്കകസവും പട്ടും ഉപയോഗിച്ചു നിര്‍മിച്ച ഈ കാപ്പയാണ് മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതായി കരുതപ്പെടുന്നത്.
പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ തുടര്‍ന്ന് പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമനും തുടര്‍ന്ന് പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായും വിശേഷാവസരങ്ങളില്‍ ഈ കാപ്പ ഉപയോഗിച്ചിരുന്നു. ജൂബിലിക്കാപ്പ എന്നാണ് ആദിമുതല് ഈ കാപ്പ അറിയപ്പെട്ടിരുന്നത്.
ജൂബിലിക്കാപ്പ ഇപ്പോള്‍ ആര്‍ത്താറ്റ് കുന്നംകുളം കത്തീഡ്രലില്‍ സ്ഥിരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ജൂബിലിക്കാപ്പാ മോഷ്ടിക്കപ്പെട്ടു (2017)
ആര്‍ത്താറ്റ് പള്ളിയില്‍ 2017 ജൂണ്‍ 25-ന് ഉണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഈ കാപ്പ പള്ളിയില്‍ നിന്നും മോഷണം പോയതായി അറിയുന്നു.
മാര്‍ ദീവന്നാസ്യൊസ് ജൂബിലി സമ്മാനവിവരം
ജൂബിലി പ്രമാണിച്ച് മാര്‍ ദീവന്നാസ്യൊസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക് ഓരോരുത്തര് കൊടുത്ത ഒരു പട്ടിക താഴെ ചേര്‍ക്കുന്നു.
1. കോതമംഗലത്തു പള്ളിക്കാര് സ്വര്‍ണ്ണം കൊണ്ടുള്ള കാസായും പീലാസായും.
2. മുളക്കുളത്തു മുറന്തൂക്കില്‍ വലിയ കത്തനാരവര്‍കള്‍, വെള്ളികൊണ്ടുള്ള കാസ.
3. മുറന്തൂക്കില്‍ ചാണ്ടി അവര്‍കള്‍, വെള്ളി പീലാസ.
4. കോട്ടയം കോളജിലെ സുറിയാനി വിദ്യാര്‍ത്ഥികള്‍, വെള്ളികൊണ്ടുള്ള കപ്പും സോസറും.
5. മാര്‍ ദീവന്നാസ്യൊസ് സിമ്മനാരി വിദ്യാര്‍ത്ഥികളും വാദ്ധ്യാന്മാരും, ഒരു ഭദ്രാസനം (മദ്രാസ് കഴ്സന് കമ്പനിയാല് ഉണ്ടാക്കപ്പെട്ടതു).
6. കുന്നംകുളങ്ങരെ മാര്‍ ഇഗ്നാത്യോസ് സ്കൂളിലെ കുട്ടികള്‍, വെള്ളിക്കപ്പും സോസറും.
7. ടി സുറിയാനി ക്രിസ്ത്യാനി അഭിവര്ദ്ധിനീ സംഘം വക പാഠശാലയിലെ അദ്ധ്യാപകന്മാരും അദ്ധ്യായികളും, വെള്ളിപൊതിഞ്ഞ വിശുദ്ധ വേദപുസ്തകം.
8. മാര്‍ ദീവന്നാസ്യൊസ് സിമ്മനാരിയിലെ ശെമ്മാശന്മാരും മല്പാനും, വെള്ളി തകിടിന്മേല് പൊന്‍പണി ചെയ്യപ്പെട്ട സുറിയാനി ഏവന്‍ഗേലിയോന്‍.
9. തൃപ്പൂണിത്തറ നെടിയാത്തു പത്രോസ് അവര്‍കള്‍, മോതിരം (വൈരവും ചുറ്റും ചുവപ്പുകല്ലുകളും വെച്ചത്).
10. വെളിയനാട് വാഴയില്‍ തോമ്മാ അവര്‍കള്‍, മോതിരം (ആനവരാഹനും ചുറ്റം ചുവപ്പു കല്ലുകളും വെച്ചത്).
11. മന്നാത്തു തേവക്കുഴിയില് ചാക്കോ അവര്‍കള്‍, മോതിരം (ഒറ്റ വൈരക്കല്ലു വെച്ചത്).
12. കുന്നംകുളങ്ങരെ പനയ്ക്കല്‍ ഇയ്യാക്കു അവര്‍കള്‍, മോതിരം (ഒറ്റ വൈരക്കല്ലു വെച്ചത്).
13. പാമ്പാക്കുട കോനാട്ടു ഇട്ടന്പിള്ള അവര്‍കള്‍, വെള്ളിഘടികാരവും പൊന്‍ചങ്ങലയും.
14. കോട്ടയം നട്ടാശ്ശേരില്‍ ചെറിയാന് അവര്‍കള്‍, വെള്ളികൊണ്ടുള്ള കുന്തിരിക്കച്ചെപ്പ്.
15. കണ്ടനാടു തോലന് കുഞ്ഞിപൗലോസ് അവര്‍കള്‍, സ്വര്‍ണ്ണ മസനപ്സാ.
16. ശ്രായില്‍ വലിയപള്ളി വികാരി കോരതു കത്തനാര് അവര്‍കള്‍, നടുവില്‍ പൊന്‍ മുദ്രയോടുകൂടിയ കസവ് ഇടക്കെട്ട്.
17. കല്ലൂപ്പാറ അടങ്ങപ്ര കൊച്ചുപണിക്കരു അവര്‍കള്‍, പൊന്‍ കുരിശും മാലയും.
18. പഴഞ്ഞിയില്‍ പുലിക്കോട്ടില്‍ ചുമ്മാര്‍ അവര്‍കള്‍, പൊന്‍കുരിശും മാലയും.
19. വള്ളംകുളത്തു കണ്ടത്തില്‍ കുടുംബയോഗം, പൊന്‍കുരിശും മാലയും (മദ്രാസ് ഓര് ആന്‍ഡ് സണ്‍സ്) ഉണ്ടാക്കിയത്.
20. മുളന്തുരുത്തില്‍ ചാലില്‍ കൊച്ചുകോര അവര്‍കള്‍, പൊന്‍കുരിശ് (വലിയ മരതകവും ചുറ്റും ചുവപ്പു കല്ലുകളും വെച്ചത്).
21. മുളന്തുരുത്തി പള്ളിവക, പൊന്മാല
22. മുളന്തുരുത്തി സെന്റ് തോമസ് സ്കൂള്‍ കുട്ടികള്‍, സ്വര്ണ്ണപേനാപ്പിടി.
23. കല്ലിച്ചേരില്‍ താമരപ്പിള്ളി കൊച്ചുതൊമ്മന്‍ അവര്‍കള്‍, ശീലമുടി (വില്ലൂസിന്മേല് സ്വര്ണ്ണക്കുമളകള്).
24. തുമ്പമണ്‍ പള്ളി, പൊന്‍ നീരാളകാപ്പ.
25. പറവൂര്‍ കുളങ്ങര പുത്തന്‍വീട്ടില്‍ മാത്തു അവര്‍കള്‍, ശീലമുടി (വില്ലൂസിന്മേല് സ്വര്ണ്ണക്കുമളകള്).
26. പാമ്പാക്കുടെ കോനാട്ടു മല്പാന് അവര്‍കളും ശെമ്മാശന്മാരും, വെള്ളിക്കാസാ.
27. കോട്ടയം ഡിസ്ട്രിക്ട് റെജിസ്ട്രാര്‍ മിസ്റ്റര്‍ വര്‍ക്കി അവര്‍കള്‍, ചെറിയ മുത്തുക്കുട (കസവു വെച്ചത്).
28. മലങ്കരയിടവകജനങ്ങള്, മംഗളപത്രം വെക്കാനുള്ള പെട്ടി (ഈട്ടിയിന്മേല് ദന്തം, വെള്ളി, സ്വര്‍ണ്ണം, പണികളോടുകൂടി പുസ്തകാകൃതിയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ കരകൗശലശാലയില്‍ ഉണ്ടാക്കിയത്).
29. തൃപ്പൂണിത്തുറ പള്ളിവകയ്ക്ക് 750 രൂപ പലരില്‍ നിന്നായി പിരിയേണ്ടും വകയുള്ളതു ഇളവു ചെയ്യണമെന്ന് ഒരു ഹര്‍ജി അടച്ചു ഒരു വെള്ളിക്കവര്.
30. കുറുപ്പുംപടി പള്ളിക്കാരുടെ ഒരു പൊന്മോതിരം (മിന്നിവച്ച ഒരു മോതിരം).
31. ടി. ….ങ്ങാട്ടില് മാത്തു കത്തനാര് അവര്‍കള്‍ (ഇംഗ്ലീഷ് മോതിരം).
32. മുളന്തുരുത്തില്‍ ചാത്തുരുത്തില്‍ മാത്തു അവര്‍കള്‍, മോതിരം (വൈരവും ചുവപ്പുകല്ലുകളും വച്ചത്).
(ഇടവകപത്രിക 1901 തെശ്രീന്ഹ്രോയ്, പുസ്തകം 10, ലക്കം 11)



