അതികായനും പണ്ഡിതനും / എന്‍. എം. ഏബ്രഹാം


കഴിഞ്ഞ തലമുറ അതികായന്മാരുടേതാണെന്നു ഞാന്‍ ചിന്തിക്കാറുണ്ട് – The age of stalwarts. രാഷ്ട്രീയത്തിലായാലും, സാമൂഹ്യരംഗങ്ങളിലായാലും, മതമണ്ഡലങ്ങളിലായാലും, അദ്ധ്യാപകലോകത്തായാലും കരുത്തന്മാരും പ്രതിഭാശാലികളുമായവര്‍ വിഹരിച്ചിരുന്ന കാലഘട്ടമായിരുന്നു മുന്‍ തലമുറയുടേത്. പാശ്ചാത്യലോകത്തു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ വിഹരിച്ച ആ തലമുറയില്‍ തന്നെയാണു ഭാരതത്തിലെ വീരസ്വാതന്ത്ര്യ സമരസേനാനികളായ ഗാന്ധിജിയും, മോട്ടിലാല്‍ നെഹ്റുവും, സി. എര്‍. ദാസും വല്ലഭായി പട്ടേലുമൊക്കെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനു നേരെ വിരിമാറു കാട്ടി ധര്‍മ്മസമരം നടത്തിക്കൊണ്ടിരുന്നത്. രാഷ്ട്രീയരംഗത്ത് അതികായന്മാര്‍ പങ്കുവഹിച്ച പല സംരംഭങ്ങളെക്കുറിച്ച് ഓര്‍ക്കുവാന്‍ കഴിയുന്നതുപോലെതന്നെ കഴിഞ്ഞ തലമുറയിലെ അദ്ധ്യാപകലോകത്തേക്ക് ഒന്നു കണ്ണോടിച്ചാല്‍ ഇന്നത്തെ തലമുറയുടെ കണ്ണഞ്ചിക്കുന്ന പ്രഭാപൂരം വീശിനില്‍ക്കുന്ന പലരേയും കാണുവാന്‍ കഴിയും.

മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഡോ. സ്ക്കിന്നറുടെ ശിഷ്യനായി പഠിച്ച മുന്‍ രാഷ്ട്രപതി രാധാകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്, “ക്രിസ്തുമതത്തിന് ഹിന്ദുമതത്തേക്കാള്‍ എന്തു ശ്രേഷ്ഠതയാണു കൂടുതലുള്ളതെന്നു എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. എന്നാല്‍ ഡോക്ടര്‍ സ്ക്കിന്നറെ കാണുമ്പോള്‍ എന്തോ ഒരു മഹത്വം ആ മതത്തിനുള്ളതായി തോന്നാറുണ്ട്.” ഇങ്ങനെ ശിഷ്യഗണങ്ങളുടെ സമരാദ്ധ്യരായിത്തീര്‍ന്ന വളരെ ഗുരുശ്രേഷ്ഠന്മാരെ നമുക്കു കഴിഞ്ഞ തലമുറയില്‍ ഓര്‍ക്കുവാന്‍ സാധിക്കും. ഈ തലമുറയില്‍ അതിന്‍റെ ദാരിദ്ര്യം നമ്മെ ദുഃഖചിന്തകള്‍ക്ക് അധീനരാക്കാറുണ്ട്. ഇതുപോലെതന്നെ നമ്മുടെ സുറിയാനിസഭയിലും അതികായന്മാരായ നേതാക്കള്‍ ആണ് അവിസ്മരണീയമായ സേവനമനുഷ്ഠിച്ചത്. ഇ. ജെ. ജോണ്‍ വക്കീല്‍, കെ. സി. മാമ്മന്‍ മാപ്പിള, എം. എ. ചാക്കോ, ഒ. എം. ചെറിയാന്‍, പത്രോസ് മത്തായി എന്നിങ്ങനെ സദ്യശസ്സിനു പാത്രവാന്മാരായിരുന്ന പ്രതിഭാശാലികളാണു സമുദായത്തിനു നേതൃത്വം നല്‍കിയിരുന്നത്. അവരുടെ സമീപത്തെങ്ങും നില്‍ക്കാനുള്ള കഴിവോ, ബുദ്ധിശക്തിയോ, കര്‍മ്മധീരതയോ, ദാര്‍ശനികത്വമോ പ്രദര്‍ശിപ്പിക്കുന്ന നേതാക്കള്‍ ഇന്നത്തെ തലമുറയില്‍ അപൂര്‍വ്വമെന്നല്ല ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ഇത്രയും സമുന്നതന്മാരായിരുന്നവരുടെയെല്ലാം പരിപൂര്‍ണ്ണമായ വിശ്വാസത്തിനും, ആദരത്തിനും അഭിവന്ദനത്തിനും, വീരാരാധനയ്ക്കു തന്നെയും പാത്രീഭൂതനായിരുന്ന ഒരു മഹല്‍വ്യക്തിയായിരുന്നു വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്നു പറയുമ്പോള്‍ തിരുമേനിയുടെ പ്രഭാവത്തെക്കുറിച്ച് ഏതാണ്ടൊരു രൂപം നമുക്കു സിദ്ധിക്കും.

മാര്‍ ദീവന്നാസ്യോസ് തിരുമേനി പുരാതനമായ വട്ടശ്ശേരില്‍ കുടുംബാംഗമായിരുന്നതുകൊണ്ടോ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം വഹിച്ചിരുന്നതുകൊണ്ടോ ആയിരുന്നില്ല ഇവരുടെയെല്ലാം വീരാരാധനയ്ക്ക് അദ്ദേഹം പാത്രീഭവിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ അന്നത്തെ നാലാം ഫോറം മാത്രം പഠിച്ചിരുന്ന തിരുമേനി ഉന്നതബിരുദധാരികളായ ജോണ്‍ വക്കീലിന്‍റെയും മാമ്മന്‍ മാപ്പിളയുടെയും, എം. എ. ചാക്കോയുടെയും, ഒ. എം. ചെറിയാന്‍റെയുമെല്ലാം അകൈതവമായ വണക്കത്തിനും, അവര്‍ സ്വയം സമ്മതിച്ചുകൊടുക്കാന്‍ പ്രേരിതമായ നേതൃത്വ മാഹാത്മ്യത്തിനും പാത്രമായതു എന്തുകൊണ്ടാണെന്നു ചിന്തിക്കുന്നതു കൊള്ളാം. സാധാരണ മനുഷ്യരുടെ ഗണത്തില്‍ നിന്ന് അദ്ദേഹത്തെ തുലോം ഉയര്‍ത്തിനിര്‍ത്തുന്ന ചില വ്യക്തിമാഹാത്മ്യങ്ങളും ശ്രേഷ്ഠതയും, പ്രതിഭാസമ്പന്നതയും, നേതൃത്വസവിശേഷതകളും അദ്ദേഹത്തിനുണ്ടായിരുന്നു. നൈസര്‍ഗ്ഗികമായ സിദ്ധിവിശേഷങ്ങളെ തപോനിഷ്ഠകളും, ശിക്ഷണവും, കര്‍മ്മനിരതത്വവുംകൊണ്ടു വികസിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സുറിയാനി ഭാഷയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം വെറും ഗ്രന്ഥപ്പുഴുവിന്‍റേതല്ലായിരുന്നു. അസാധാരണമായ ബുദ്ധിവൈഭവവും, യുക്തിസാമര്‍ത്ഥ്യവുംകൊണ്ടു വിവേചനം ചെയ്തു മനസ്സിലാക്കിയിരുന്ന വേദശാസ്ത്രസത്യങ്ങള്‍ തിരുമേനിയുടെ സമാകര്‍ഷകമായ പ്രസംഗങ്ങളില്‍കൂടി വിശദീകരിച്ചു കേള്‍ക്കുന്നതു വിഭവസമൃദ്ധമായ മാനസിക സദ്യയായിരുന്നു.

മതോപദേശസാരം എന്ന ഒരു ചെറിയ കൃതി തിരുമേനി രചിച്ചിട്ടുണ്ട്. പരേതനായ സി. പി. മാത്യു പല പ്രാവശ്യം അതിനെക്കുറിച്ച് വളരെ പ്രശംസിച്ച് സംസാരിച്ച സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുകയാണ്. അവ്യക്തതയും, ചിന്താപരമായ കാടുകയറലും ഒന്നും ആ ഗ്രന്ഥത്തില്‍ ദര്‍ശിക്കുവാന്‍ സാദ്ധ്യമല്ല. അഗാധമായ ക്രിസ്തുമതസിദ്ധാന്തങ്ങള്‍ ലളിതവും ശുദ്ധവുമായ മലയാളത്തില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞ ആ മഹാപണ്ഡിതന്‍റെ നിരവധി കൃതികള്‍ മതസാഹിത്യത്തിനും വേദശാസ്ത്രത്തിനും മുതല്‍ക്കൂട്ടായിത്തീരുമായിരുന്നു. പക്ഷെ സുറിയാനി സഭയില്‍ പൊട്ടിപുറപ്പെട്ട ഭിന്നതകളും വ്യവഹാരങ്ങളും അങ്ങനെയൊരു സംഭാവന നല്‍കുവാനുള്ള അവകാശവും വിശ്രമവും അദ്ദേഹത്തിനു നല്‍കിയില്ല. ആജീവനാന്തം ഒരു ധര്‍മ്മസമരത്തിനു നേതൃത്വം നല്‍കേണ്ട ഭാരമാണ് അദ്ദേഹത്തിനു ദൈവം നല്‍കിയത്. അത് അപ്രതിഹതങ്ങളെന്നു സര്‍വ്വരാലും അംഗീകരിക്കപ്പെട്ട പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞുയെന്നതു മലങ്കര സഭയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു കടപ്പാടാണ്.

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ ജീവചരിത്രം ഒരു വിധത്തില്‍ പറഞ്ഞാല്‍ മലങ്കരസഭയുടെ ഏറ്റവും ചരിത്രപ്രധാനമായ ഒരു കാലഘട്ടത്തിന്‍റെ വിവരണമാണ്. അദ്ദേഹത്തിന്‍റെ ജീവചരിത്രവും സഭയുടെ ചരിത്രവും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്തവിധം അവ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു പലര്‍ക്കും സുപരിചിതമായ ചരിത്രവിവരങ്ങള്‍ ആവര്‍ത്തിക്കുന്നതു അനുചിതമായിരിക്കും. അതിനു ഞാന്‍ തുനിയുന്നുമില്ല. തിരുമേനിയെ നേരിട്ടു കാണുകയും, അദ്ദേഹവുമായി ഇടപെടുകയും ചെയ്തവരുടെ സംഖ്യ കുറഞ്ഞു വരികയാണ്. ഇന്നത്തെ അദ്ധ്യക്ഷന്‍ തിരുമേനിയെപ്പോലെ വളരെ ചുരുക്കംപേര്‍ മാത്രമെ വട്ടശ്ശേരില്‍ തിരുമേനിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഇന്നു ജീവിച്ചിരിപ്പുള്ളു. കേവലം വിദ്യാര്‍ത്ഥിയും പിന്നീടു യുവതലമുറയിലെ ഒരു സഭാംഗവുമെന്ന നിലയില്‍ തിരുമേനിയുടെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ തിരുമേനിയുമായി തനിച്ചു സംസാരിക്കുവാന്‍ ഇടവന്നിട്ടുള്ള ചില അപൂര്‍വ്വ സന്ദര്‍ഭങ്ങള്‍ എന്‍റെ ജീവിതത്തിലെ വിലപ്പെട്ട അവസരങ്ങളില്‍പ്പെട്ടതായി ഞാന്‍ സ്മരിച്ചുപോരുന്നു. വ്യക്തിപരമായി എനിക്കുള്ള അനുഭവങ്ങളെ മുഖ്യമായും ആസ്പദമാക്കി വേണം ഈ പ്രബന്ധം എഴുതാനെന്ന് എനിക്കൊരു നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതുകൊണ്ട് തിരുമേനിയുമായി നേരിട്ടു സംസാരിക്കാനിടവന്നിട്ടുള്ള ചില സന്ദര്‍ഭങ്ങള്‍ ഇവിടെ അനുസ്മരിക്കുന്നത് ഈ സന്ദര്‍ഭങ്ങളുടെ പ്രാധാന്യം കൊണ്ടൊന്നുമല്ല. തിരുമേനിയുടെ വ്യക്തിപ്രഭാവം എന്‍റെ യുവമനസ്സില്‍ തട്ടിയ ചില സന്ദര്‍ഭങ്ങള്‍ വിവരിക്കുന്നുയെന്നു മാത്രം.

മഞ്ഞിനിക്കര കാലംചെയ്ത ഏലിയാസ് പാത്രിയര്‍ക്കീസ് ബാവാ ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ വന്നു താമസിച്ചപ്പോള്‍ തിരുമേനിയെ കാണാന്‍ വട്ടശ്ശേരില്‍ തിരുമേനി ആലുവാ സി.എം.എസ്. ബംഗ്ലാവില്‍ വന്നു താമസിച്ചിരുന്നു. അവിടെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്ന കൊച്ചുപാറേട്ടെ ജോര്‍ജ്ജ് ഫിലിപ്പ്, പള്ളിക്കര സി. പി. തരകന്‍ മുതലായവര്‍, തിരുമേനിമാര്‍ തമ്മിലുള്ള സന്ദര്‍ശനത്തിനു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എ. എം. വര്‍ക്കി സാറും, കെ. സി. ചാക്കോ സാറും സഭാസമാധാനശ്രമങ്ങളില്‍ വലിയ പങ്കു വഹിച്ചിരുന്നതുകൊണ്ട് അവരുടെ വാത്സല്യവിദ്യാര്‍ത്ഥിയെന്ന നിലയില്‍ എനിക്കും അവരുടെ ആലോചനകളില്‍ സന്നിഹിതനാകുവാനും പങ്കെടുക്കാനും കഴിഞ്ഞിരുന്നു. സന്ദര്‍ഭവശാല്‍ ഒരിക്കല്‍ ഞാന്‍ സി.എം.എസ്. ബംഗ്ലാവില്‍ ചെന്നപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി തനിച്ചിരിക്കുകയായിരുന്നു. തിരുമേനിയുടെ ഗംഭീരമായ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ളതല്ലാതെ നേരിട്ടു സംസാരിക്കാനുള്ള പ്രഥമഭാഗ്യം അന്നാണെനിക്കു ലഭിച്ചത്. തിരുമേനിയുടെ കോങ്കണ്ണും, കൈ വിറയലും അദ്ദേഹത്തിന്‍റെ മുടക്കിനു കാരണമായി പാത്രിയര്‍ക്കീസ് ബാവായും കക്ഷിക്കാരും എടുത്തുപറയുകയും ആക്ഷേപിക്കയും ചെയ്തിരുന്നു. എന്നാല്‍ വിറയ്ക്കുന്ന കൈകളുമായി കുര്‍ബ്ബാന ആഘോഷിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ആ മുഖത്തു കളിയാടിയിരുന്ന ഗാംഭീര്യത്തിനു കോങ്കണ്ണു മാറ്റു കൂട്ടിയതായിട്ടാണ് എന്നെപ്പോലെ പലര്‍ക്കും തോന്നിയിട്ടുള്ളത്. അമാനുഷവ്യക്തിത്വമുള്ള ഒരാളുടെ മുമ്പിലാണു ഞാന്‍ നില്‍ക്കുന്നതെന്നുള്ള ബോദ്ധ്യംകൂടാതെ ഒരിക്കലും അദ്ദേഹത്തിന്‍റെ സന്നിധിയില്‍ ഞാന്‍ നിന്നിട്ടില്ല. നേരിട്ടുള്ള പ്രഥമ സന്ദര്‍ശനത്തില്‍ ഞാന്‍ അതിനു വളരെ കൂടുതല്‍ വിധേയനാകുകയും ചെയ്തിരുന്നു.

എന്‍റെ കുടുംബത്തെക്കുറിച്ചു നല്ല അറിവുള്ളതുകൊണ്ടു പറഞ്ഞ ഉടനെ എന്നെ അറിഞ്ഞു. “നമ്മുടെ ചാക്കോത്തരകന്‍ ഉണ്ടോ ഒളശ്ശയില്‍?” എന്നായിരുന്നു തിരുമേനിയുടെ ഒരു ചോദ്യം. “ഉണ്ടേ! പ്രത്യേകിച്ച് അസുഖമൊന്നുമില്ല” എന്നു ഞാന്‍ മറുപടി പറഞ്ഞു. “ദ്രോഹി! അവനൊരുത്തനാണു യോജിപ്പിനു തടസ്സം ഉണ്ടാക്കിയത്. സി. ജെ. കുര്യനു പലപ്പോഴും യോജിക്കണമെന്നുണ്ടായിരുന്നു. തരകനാണു സമ്മതിക്കാഞ്ഞത്.” അതെനിക്കൊരറിവായിരുന്നു. സി. ജെ. കുര്യനെപ്പറ്റി കുറച്ചുകൂടി ആദരപൂര്‍വ്വം ചിന്തിക്കാന്‍ അതിടയാക്കി. തൃക്കുന്നത്തു സെമിനാരിയില്‍ വച്ചു നടക്കാനിരുന്ന സന്ദര്‍ശനത്തെക്കുറിച്ചു വലിയ ശുഭപ്രതീക്ഷകളൊന്നും തിരുമേനിക്കില്ലായിരുന്നു. അങ്ങനെതന്നെ സംഭവിക്കയും ചെയ്തു.

പിന്നീടു തിരുമേനിയെ ഞാന്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി പഴയസെമിനാരിയില്‍ ചെന്ന സംഭവം ഓര്‍ക്കുന്നു. ഞാന്‍ അന്നു വടകര ഹൈസ്കൂളില്‍ അദ്ധ്യാപകനായിരുന്നു. ഒരു രഹസ്യസന്ദേശം തിരുമേനിയെ അറിയിക്കാന്‍ ഔഗേന്‍ മാര്‍ തിമോത്തിയോസ് തിരുമേനി എന്നെ നിയോഗിക്കയായിരുന്നു. മഞ്ഞിനിക്കര ബാവാ കാലംചെയ്ത് രണ്ടു ദിവസം കഴിഞ്ഞാണത്. ഇനിയും കാതോലിക്കായെ അല്ല പാത്രിയര്‍ക്കീസിനെത്തന്നെ വാഴിക്കുകയാണു വേണ്ടതെന്നും, അതില്‍ താനും സഹകരിക്കാമെന്നുമായിരുന്നു സന്ദേശം. സശ്രദ്ധം ഞാന്‍ പറഞ്ഞതു കേട്ടു. അടുത്ത ദിവസം പഴയസെമിനാരിയില്‍ എല്ലാ മെത്രാച്ചന്മാരും (കാതോലിക്കാ ഭാഗത്തെ) വന്നുചേരുമെന്നും ആ മീറ്റിംഗില്‍ തിമോത്തിയോസ് മെത്രാച്ചനും (ഔഗേന്‍ മെത്രാച്ചന്‍ അന്നു കണ്ടനാട് ഇടവക പാത്രിയര്‍ക്കീസ് പക്ഷത്തുനിന്നു ഭരിച്ചുകൊണ്ടിരിക്കയായിരുന്നു) കൂടി വരണമെന്നും പറയാന്‍ എന്നോടാജ്ഞാപിച്ചു. വരുന്ന കാര്യം കണ്ടറിയണമെന്നും കൂടി തിരുമേനി പറയാതിരുന്നില്ല. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണു തിമോത്തിയോസ് തിരുമേനി കാതോലിക്കാപക്ഷത്തു തുറന്നു ചേര്‍ന്നത്. അന്നു വട്ടശ്ശേരില്‍ തിരുമേനി പറഞ്ഞതുപോലെ പഴയസെമിനാരി യോഗത്തില്‍ മാര്‍ തിമോത്തിയോസ് തിരുമേനി സംബന്ധിക്കയുണ്ടായില്ല. എങ്കിലും പിന്നീട് അദ്ദേഹത്തിന്‍റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാനും കാതോലിക്കാ ആയി വാഴിക്കപ്പെടാനും ഇടയായി എന്നതു ഞാന്‍ ചാരിതാര്‍ത്ഥ്യപൂര്‍വ്വം സ്മരിക്കുകയാണ്.

ഒരിക്കല്‍ കൂടി തിരുമേനിയെ ഞാന്‍ തനിച്ചു കണ്ടു സംസാരിച്ചിട്ടുണ്ട്. അതു കുണ്ടറ സെമിനാരിയില്‍ വച്ചാണ്. വട്ടിപ്പണക്കേസില്‍ ജയിച്ചു വളരെ വര്‍ഷത്തെ പലിശ തിരുവനന്തപുരത്തു ചെന്നു വാങ്ങി തിരുമേനി കൊണ്ടുപോരികയായിരുന്നു. രാത്രി കുണ്ടറ സെമിനാരിയില്‍ താമസിക്കാനിടയായി. വിദ്യാര്‍ത്ഥി സമ്മേളനത്തിന്‍റെ സെക്രട്ടറിസ്ഥാനം വഹിച്ചിരുന്ന എന്‍റെ സഞ്ചാരപരിപാടിയില്‍ അന്ന് അവിടെ ചെല്ലാനിട വന്നു. തിരുമേനിയെ കണ്ടു സംസാരിച്ചപ്പോള്‍ വട്ടിപ്പണം വാങ്ങിക്കൊണ്ടു വരികയാണെന്നും, സി.എം.എസ്. കോളജിനടുത്ത് കുര്യന്‍ മാസ്റ്റര്‍ തന്ന സ്ഥലത്ത് ഒരു ഹോസ്റ്റല്‍ പണിയാനാണതുകൊണ്ടുദ്ദേശിക്കുന്നതെന്നും തിരുമേനി പറഞ്ഞു. തിരുമേനി ആരംഭിച്ച ആ ഹോസ്റ്റല്‍ ഇന്നു മനോഹരമായ ഒരു സ്റ്റുഡന്‍റ് സെന്‍ററായി വികസിച്ചിരിക്കയാണ്. നമ്മുടെ പലവിധ വികസനപരിപാടികളെ തടഞ്ഞു നിറുത്തിയ സമുദായക്കേസുകള്‍ തിരുമേനിയെ കുടുക്കിയില്ലായിരുന്നെങ്കില്‍ എത്ര എത്ര നല്ല കാര്യങ്ങള്‍ നമ്മുടെ സഭയ്ക്കു വന്നുചേരുമായിരുന്നുവെന്നു ഞാന്‍ ആ അവസരത്തില്‍ ഓര്‍ക്കാതിരുന്നില്ല.

എന്നാല്‍ തിരുമേനിയുടെ ജീവിതം അതുകൊണ്ടു സൃഷ്ടിപരമായ ഒന്നും സാധിച്ചുതന്നില്ല എന്നു ഞാന്‍ ഒരു നിമിഷമെങ്കിലും അര്‍ത്ഥമാക്കുന്നില്ല. നമ്മുടെ സ്വതന്ത്രമായ വികസനത്തിനും അഭിവൃദ്ധിക്കുമുള്ള അടിസ്ഥാനം പാകിത്തന്നതു വട്ടശ്ശേരില്‍ തിരുമേനിയാണ്. നമ്മുടെ ഭരണ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ കാതോലിക്കാസ്ഥാപനം ഇവിടെ ഉറപ്പിക്കയും അതിന്‍റെ ഭാവി ഭദ്രമാക്കുകയും ചെയ്ത ഒറ്റ പ്രവൃത്തികൊണ്ടു തിരുമേനി ശാശ്വതസ്മരണീയനായിത്തീര്‍ന്നിട്ടുണ്ട്. അതു വിസ്മരിച്ചുകൊണ്ടല്ല ഞാന്‍ വികസനപരിപാടികളെക്കുറിച്ചു ചിന്തിച്ചത്. പതിനേഴാം നൂറ്റാണ്ടു മുതല്‍ നമുക്കു അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി ദൃഢബന്ധം ഉണ്ടായെങ്കിലും മാര്‍ത്തോമ്മാസഭയുമായുള്ള പോരാട്ടത്തിലാണു അവരെ തോല്‍പിക്കാന്‍ ചില അധികാരങ്ങള്‍ അന്ത്യോക്യാ സിംഹാസനത്തിനുണ്ടെന്നു പറഞ്ഞുപിടിപ്പിച്ചത്. അത് ഒരു കണ്ഠകോടാലിയായി നമുക്കു തീര്‍ന്നതു വട്ടശ്ശേരില്‍ തിരുമേനിയുടെ ഭരണം ആരംഭിച്ച സമയത്താണ്. പുലിക്കോട്ടില്‍ മെത്രാച്ചന്‍റെ കാലത്തും അതിന്‍റെ വൈഷമ്യങ്ങള്‍ ആരംഭിച്ചെങ്കിലും നയജ്ഞനായിരുന്ന അദ്ദേഹം ആരേയും രോഷരാക്കാതെ സ്വാതന്ത്ര്യം സംരക്ഷിപ്പാന്‍ നോക്കി. വട്ടശ്ശേരില്‍ തിരുമേനിയുടെ ജന്മസിദ്ധമായ വിശിഷ്ട ഗുണങ്ങളില്‍പെട്ടതല്ല നയതന്ത്രങ്ങള്‍. ബുദ്ധിപരമായും, മാനസികമായും, ആത്മീയമായും അങ്ങേയറ്റത്തെ സത്യസന്ധത പാലിക്കാനും അതു മുഖംനോക്കാതെ തുറന്നു പറയാനുമുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. സമുദായക്കേസ് വിസ്താരം സംബന്ധിച്ചു തിരുവനന്തപുരത്തു പള്ളിമുറിയില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ ലോ കോളജ് പ്രൊഫസറായിരുന്ന പത്രോസ് മത്തായിയും തിരുമേനിയും തമ്മില്‍ നടന്ന ഒരു സംവാദം കേട്ടു ഞാന്‍ ശ്രദ്ധിച്ചു നിന്നുപോയി. രണ്ടു മണിക്കൂറോളം വാദം നടന്നിട്ടും അതവസാനിച്ചില്ല. യുക്തിഭംഗം കൂടാതെ പണ്ഡിതോചിതവും സത്യസന്ധമായും നടന്ന ആ സംവാദം പത്രോസ് മത്തായി ആയതുകൊണ്ടു സന്തോഷപൂര്‍വ്വം തുടര്‍ന്നു. പക്ഷെ സാധാരണഗതിയില്‍ ചിലരെയെല്ലാം അത്തരം സംവാദങ്ങള്‍ വെറുപ്പിച്ചെന്നും വരാം.

തിരുമേനിയെ സംബന്ധിച്ച് അങ്ങനെ പലരും പ്രതികൂല മനോഭാവം പുലര്‍ത്താനും ഇടവന്നിട്ടുണ്ട്. സൂത്രവും വഞ്ചനയുമൊന്നും തീണ്ടിയിട്ടില്ലാത്ത അദ്ദേഹത്തിനു വിഷമകരമായ ഒരു സമരമാണു നടത്തേണ്ടി വന്നത്. തന്‍റെ വലത്തുകൈ എന്നപോലെ തന്നോടുകൂടി പ്രവര്‍ത്തിക്കയും, തന്‍റെ സഹായവും പ്രോത്സാഹനവും കൊണ്ടു എം.എ. ബിരുദം നേടുകയും ചെയ്തിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് റോമാ സഭയില്‍ ചേരുന്നതിന് ഏതാനും മാസങ്ങള്‍ മുമ്പു പരസ്പരം നടന്ന ഒരു സംഭാഷണത്തിന്‍റെ വിവരങ്ങള്‍ അതു കേട്ടുനിന്ന ഒരാളില്‍ നിന്ന് എനിക്കു ഗ്രഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ബഥനി മെത്രാച്ചന്‍ സ്ത്രീകളുടെ കുമ്പസാരം കേള്‍ക്കുന്നതിനെ (ധ്യാനയോഗങ്ങള്‍ നടക്കുമ്പോള്‍ അതു രാത്രിയിലും നടത്തപ്പെട്ടതായി വട്ടശ്ശേരില്‍ തിരുമേനി അറിഞ്ഞു) ശക്തമായി എതിര്‍ത്തു സംസാരിച്ചു.

നമ്മുടെ പിതാക്കന്മാര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ഓടിക്കൊള്ളാനാണ്. ബോധപൂര്‍വ്വം അങ്ങനെയുള്ള അവസരങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് അപകടകരമാണെന്നാണു പുണ്യവാന്മാരായിരുന്നവരുടെ അനുഭവം.
എത്ര സത്യസന്ധവും പ്രായോഗികവുമായ അഭിപ്രായങ്ങളും നിഷ്ഠകളുമാണു തിരുമേനിക്കു സന്യാസ ജീവിതത്തെക്കുറിച്ചുണ്ടായിരുന്നതെന്നു തെളിയിക്കുന്നതിനാണ് ഈ സംഭവം ഞാന്‍ ഇവിടെ ഉദ്ധരിച്ചത്. കപടഭക്തിയോ ഭക്തിപ്രകടനമോ തിരുമേനിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കടന്നുകൂടിയിരുന്നില്ല. അതു ഉദാഹരിക്കാന്‍ മറ്റൊരു സംഭവം കൂടി പറയാം. അതു മാര്‍ത്തോമ്മാ സഭയിലെ കാലംചെയ്ത ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി എന്നോടു നേരിട്ടു പറഞ്ഞതാണ്.

അദ്ദേഹത്തിന്‍റെ പേരുമായി എന്‍റെ പേരിനുള്ള സാമ്യം നിമിത്തം അദ്ദേഹത്തിന്‍റെ ഉറ്റമിത്രവും എന്‍റെ ഗുരുവരനുമായിരുന്ന ഡബ്ലൂ. ഇ. എസ്. ഹോളണ്ട് എന്നെ സഫ്രഗന്‍ എന്നാണു വിളിച്ചിരുന്നത്. ആലുവാ കോളജ് സംബന്ധിച്ച ചില കാര്യങ്ങള്‍ക്കായി ഞാന്‍ തിരുമേനിയുടെ അരമനയില്‍ തിരുമേനിയുടെ വാത്സല്യാതിരേകം ആസ്വദിച്ചു താമസിച്ചിട്ടുമുണ്ട്. അങ്ങനെയൊരവസരത്തിലാണു തിരുമേനി ആ സംഭവം വിവരിച്ചത്. സമുദായക്കേസില്‍ ഹൈക്കോടതി ആദ്യം വട്ടശ്ശേരില്‍ തിരുമേനിക്കെതിരായി വിധി പ്രഖ്യാപിച്ചു. വീരരാഘവ അയ്യങ്കാരുടെ വിധിയെന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച ആ ദുര ദൃഷ്ടത്തിനുശേഷം എന്താണ് ഇനിയും ചെയ്യേണ്ടതെന്നു ശാന്തമായി ആലോചിക്കുവാന്‍ തിരുമേനി പരുമല സെമിനാരിയില്‍ താമസിച്ചു വിശ്രമിക്കുകയായിരുന്നു. ആയവസരത്തില്‍ തിരുമേനിയെ കാണാനും ആശ്വാസവാക്കുകള്‍ പറയാനും, ധീരമായ ചില നടപടികള്‍ സ്വീകരിക്കണമെന്നു പറയാനുമാണ് അന്നു സഫ്രഗന്‍ മെത്രാപ്പോലീത്താ ആയിരുന്ന ഏബ്രഹാം മാര്‍ത്തോമ്മാ തിരുമേനി പരുമല എത്തിയത്. ഒന്നുമില്ലാതെ യാക്കോബായ സഭയില്‍ നിന്നു വേര്‍പെട്ടുപോന്ന മാര്‍ത്തോമ്മാ സഭയ്ക്ക് ഇന്ന് അവഗണനീയമല്ലാത്ത സ്ഥാനം നേടാന്‍ കഴിഞ്ഞതു ദൈവാശ്രയത്തോടു കൂടി കേസും വ്യവഹാരവും, അവകാശവാദങ്ങളും ഉപേക്ഷിക്കുവാന്‍ സന്നദ്ധമായതുകൊണ്ടാണെന്നു തിരുമേനി അനുസ്മരിപ്പിച്ചു. സശ്രദ്ധം മാര്‍ത്തോമ്മാ തിരുമേനിയുടെ വാക്കുകള്‍ കേട്ടശേഷം വട്ടശ്ശേരില്‍ തിരുമേനി പറഞ്ഞതിപ്രകാരമാണ്. “മെത്രാച്ചാ സെന്‍റ് പോളിനും മറ്റും അത്തരം ത്യാഗത്തിനുള്ള ധീരത ലഭിച്ചിരുന്നു. എനിക്കതില്ല. അതുണ്ടെന്നു ഞാന്‍ ഭാവിച്ചു വല്ലതും ചെയ്താല്‍ അതബദ്ധമായേ തീരൂ.” ആ Sincerity യുടെ മുമ്പാകെ കുമ്പിടാന്‍ തോന്നിയെന്നു മാര്‍ത്തോമ്മാ തിരുമേനി എന്നോടു പറഞ്ഞു.

വട്ടശ്ശേരില്‍ തിരുമേനി റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു കേസ് ജയിക്കയാണു ചെയ്തത്. അദ്ദേഹം ഒരു ധീരനായ യോദ്ധാവായിരുന്നു. പരാജയങ്ങളില്‍ പതറാതിരുന്നത്, അദ്ദേഹം മനസ്സിലാക്കിയിരുന്നവിധം ആത്മാര്‍ത്ഥമായി ദൈവഹിതത്തിനനുസരിച്ചു സ്വന്തം ചുമതലകളെ നിറവേറ്റാന്‍ സന്നദ്ധനായതുകൊണ്ടാണ്. മലങ്കരസഭ മെത്രാന്‍ കക്ഷിയും ബാവാ കക്ഷിയുമായി പിളര്‍ന്നു പടവെട്ടിയ അവസരങ്ങളില്‍, ബാവാകക്ഷി സഭയില്‍ നിന്നു വേര്‍പെട്ടു നില്‍ക്കുന്നതില്‍ സങ്കടം അനുഭവിച്ചതില്‍ വളരെ കൂടുതല്‍ വേദന മാര്‍ ഈവാനിയോസ് തിരുമേനിയും ബഥനിയാശ്രമാംഗങ്ങളില്‍ ഭൂരിപക്ഷവും സഭ വിട്ടുപോയ അവസരത്തില്‍ തിരുമേനി സഹിക്കേണ്ടി വന്നു. എന്നാല്‍ ഏതു ക്ഷോഭജനകമായ അവസ്ഥയിലും ബുദ്ധിപരമായ ശാന്തത പാലിക്കാന്‍ കഴിഞ്ഞ ഒരു ധീരാത്മാവായി അദ്ദേഹം വളര്‍ന്നു. മല്‍പാനായിരുന്ന കാലങ്ങളില്‍ ശെമ്മാശന്മാരെയും മറ്റും നല്ലവണ്ണം അടിക്കുന്നത് അദ്ദേഹത്തിന്‍റെ പതിവായിരുന്നു എന്നു കേട്ടിട്ടുണ്ട്. “”Spare the rod, spoil the child” എന്ന തത്വത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. പക്ഷെ സ്വന്തം ശിക്ഷണത്തിലും ആ ജാഗ്രത പാലിച്ചതുകൊണ്ടാണ് അദ്ദേഹം ശിഷ്യഗണങ്ങളാല്‍ ആരാധിക്കപ്പെട്ടുപോന്നത്. ഇന്നാകട്ടെ വടിയുമില്ല, അടിയുമില്ല, ശിക്ഷണവും അദ്ധ്യാപകനും അദ്ധ്യേതാക്കള്‍ക്കുമില്ല എന്ന സ്ഥിതി വന്നിരിക്കയാണല്ലോ.

എന്നെ അത്യധികം ആകര്‍ഷിച്ചിട്ടുള്ള ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. കെ. സി. ചാക്കോ എന്നോടു പറഞ്ഞിട്ടുള്ള കാര്യമാണ് ഒന്ന്. മനപ്രാര്‍ത്ഥന extempore prayers നമുക്കു വിരോധിച്ചിട്ടുണ്ടോ എന്നു തിരുമേനിയുടെ അടുക്കല്‍ ചോദിച്ചപ്പോള്‍ തിരുമേനി പറഞ്ഞ മറുപടി ചാക്കോയെ ആഹ്ലാദിപ്പിച്ചതായി ഒരിക്കല്‍ പറഞ്ഞു. “എന്താണു പറയുന്നത്, മനപ്രാര്‍ത്ഥന നിരോധിക്കയെന്നോ? ഒരപ്പന്‍റെ അടുക്കല്‍ മക്കള്‍ക്ക് എന്തും ചോദിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം സഭ നിരോധിക്കയോ, ഒരിക്കലുമില്ല. എന്നാല്‍ സംഘങ്ങളായി കൂടി പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഒരാള്‍ക്കു തോന്നുന്നതെല്ലാം പ്രാര്‍ത്ഥനയായി പറയുന്ന പതിവ് അനാശാസ്യമെന്നു കണ്ട് അതു നമ്മള്‍ തടഞ്ഞിട്ടുണ്ട്. കുടുംബപ്രാര്‍ത്ഥനയ്ക്കും പരസ്യാരാധനയ്ക്കും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നാം നിശ്ചയിച്ചിട്ടുള്ളതു പുണ്യമതികളായവരുടെ നല്ല പ്രാര്‍ത്ഥനകളെ അടിസ്ഥാനമാക്കിയാണ്.”

മറ്റൊരു സംഭവം സഭാ ഐക്യത്തെക്കുറിച്ചു തിരുമേനി ഒരിക്കല്‍ പറഞ്ഞതാണ്. മാര്‍ തേവോദോസ്യോസ് തിരുമേനി ഓര്‍ത്തഡോക്സ് സഭകളുടെ ഐക്യത്തിനുള്ള ആലോചനകളെക്കുറിച്ചു വട്ടശ്ശേരില്‍ തിരുമേനിയോടു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാനും അടുത്തുണ്ടായിരുന്നു. തിരുമേനിയുടെ രസകരവും വിജ്ഞാനപ്രദവുമായ മറുപടി എന്നെ ഹഠാദാകര്‍ഷിച്ചു എന്നു പറയേണ്ടതില്ലല്ലോ. തിരുമേനി പറഞ്ഞതിങ്ങനെയാണ്. “മെത്രാച്ചാ എങ്ങാണ്ടോ കിടക്കുന്ന അര്‍മ്മീനിയക്കാരും കോപ്റ്റിക്കു സഭക്കാരും ഒക്കെയായി നാം ഐക്യം സ്ഥാപിക്കുന്നതിന് എന്താണു പ്രാധാന്യം. നമ്മുടെ അയല്‍വക്കത്തുള്ള മാര്‍ത്തോമ്മാക്കാരുമായുള്ള ഐക്യമല്ലേ നമുക്കു സജീവ പ്രശ്നം. ഒരു റിയാലിറ്റി വേണ്ടേ നമ്മുടെ പരിശ്രമങ്ങള്‍ക്ക്.” മാര്‍ത്തോമ്മാ സഭയുമായുള്ള ഐക്യം എങ്ങനെയെന്നും എപ്പോഴെന്നും തിരുമേനിയൊന്നും പറഞ്ഞില്ല. എന്നാല്‍ തിരുമേനിയുടെ മനസ്സില്‍ അതൊരു ചിന്താവിഷയമായിരുന്നുയെന്നുള്ളതില്‍ എനിക്കു സംശയമില്ല. അല്ലെങ്കില്‍ സഭയില്‍ വ്യവഹാരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും, തിരുമേനിയുടെ സഭാവിശ്വാസങ്ങളെ കേസില്‍ ചോദ്യം ചെയ്യുകയും ചെയ്ത അവസരത്തില്‍ ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് സ്ഥാപനത്തിനു തിരുമേനി അനുമതി നല്‍കുമായിരുന്നില്ല. ക്രാന്തദര്‍ശിയായിരുന്ന അദ്ദേഹം വലിയ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു പ്രായോഗികമായും ആദര്‍ശപരമായും പ്രശ്നങ്ങളെ വീക്ഷിക്കാനുള്ള അനിതരസാധാരണമായ കഴിവും ആ പ്രതിഭാശാലിക്കുണ്ടായിരുന്നു. മലങ്കര സുറിയാനി സഭയുടെ ചരിത്രത്തില്‍ അദ്വിതീയസ്ഥാനം വഹിക്കുന്ന ആ മഹാപുരുഷന് എന്‍റെ വിനീതമായ ആദരാഞ്ജലി.

(1974 ഏപ്രിലില്‍ കോട്ടയത്തു നടന്ന വട്ടശ്ശേരില്‍ സിമ്പോസിയത്തില്‍ എന്‍. എം. ഏബ്രഹാം അവതരിപ്പിച്ച പ്രബന്ധമാണിത്).