മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് 1877-ല്‍ കാലംചെയ്തതിനെ തുടര്‍ന്ന് ആ സ്ഥാനത്തിന്‍റെ പിന്തുടര്‍ച്ചാവകാശത്തപ്പറ്റി ഉണ്ടായ സിവില്‍ വ്യവഹാരത്തിന്‍റെ അന്തിമവിധിയാണ് 1889-ലെ റോയല്‍കോര്‍ട്ടുവിധി എന്ന് സഭാചരിത്രത്തില്‍ സുവിദമായിരിക്കുന്നത്. മലങ്കര മാര്‍ത്തോമ്മാ സഭ എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട നവീകരണ സുറിയാനി സഭയുടെ സ്ഥാപനത്തിന് കാരണഭൂതമായ ഈ വ്യവഹാരം ആ അര്‍ത്ഥത്തില്‍ മാത്രമല്ല, മറ്റു പല കാരണങ്ങളാലും പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.
1877 കര്‍ക്കിടകം 2-ന് പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് കാലംചെയ്തു. തുടര്‍ന്ന്, തന്നെ മലങ്കര മെത്രാപ്പോലീത്തായായി അംഗീകരിക്കണമെന്നും മാര്‍ മാത്യൂസ് അത്താനാസ്യോസ് ഏകപക്ഷീയമായി മെത്രാനായി വാഴിക്കുകയും വില്‍പ്പത്രപ്രകാരം മലങ്കര മെത്രാപ്പോലീത്തായായി നിയമിക്കുകയും ചെയ്ത പാലക്കുന്നത്ത് തോമസ് അത്താനാസ്യോസിന്‍റെ കൈവശമുള്ള മലങ്കരസഭാ സ്വത്തുക്കളും മലങ്കര മെത്രാന്‍റെ സ്ഥാനചിഹ്നങ്ങളും തനിക്ക് കൈവശപ്പെടുത്തിത്തരണമെന്നും പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ കൊല്ലവര്‍ഷം 1054-ല്‍ ഛ.ട. 439 നമ്പറായി സിവില്‍ വ്യവഹാരം ഫയല്‍ ചെയ്തു. ഈ വ്യവഹാരം വാദിക്ക് അനുകൂലമായി വിധിച്ചതിനെ തുടര്‍ന്ന് പ്രതികളായ പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് മുതല്‍പേര്‍ തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ 1059-ല്‍ അ.ട. 137 നമ്പര്‍ അപ്പീല്‍ ബോധിപ്പിച്ചു. അപ്പീല്‍ തള്ളി മാര്‍ ജോസഫ് ദീവന്നാസ്യോസിന് അനുകൂലമായ ആലപ്പുഴ ജില്ലാ കോടതി വിധി ഹൈക്കോടതി സ്ഥിരപ്പെടുത്തി.
ഈ വിധിക്കെതിരെ വീണ്ടും പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് മുതല്‍പേര്‍ തിരുവിതാംകൂര്‍ റോയല്‍ കോടതിയില്‍ 1061-ല്‍ മൂന്നാം നമ്പറായി അപ്പീല്‍ ഫയല്‍ ചെയ്തു. മഹാരാജാവിനു വേണ്ടി ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവു, ഇ. ഓംസ്ബി, എ. സീതാരാമയ്യര്‍ എന്നിവര്‍ വാദം കേട്ടു. കെ. കൃഷ്ണസ്വാമിറാവു, എ. സീതാരാമയ്യര്‍ എന്നിവര്‍ അപ്പീല്‍ തള്ളിയും ഇ. ഓംസ്ബി തോമസ് അത്താനാസ്യോസിന് അനുകൂലമായും വിധിയെഴുതി. 1064 മിഥുനം 30-ന് തിരുവിതാംകൂര്‍ മഹാരാജാവ് ഭൂരിപക്ഷ ബഞ്ചിന്‍റെ തീരുമാനം അംഗീകരിച്ച് വിധി പ്രഖ്യാപിച്ചു. 1889-ലെ റോയല്‍ കോടതി വിധി എന്ന് അറിയപ്പെടുന്നത് ഈ വിധിന്യായമാണ്.
1889-ലെ റോയല്‍ കോടതി വിധിയില്‍ സ്ഥാപിക്കപ്പെട്ടത് പ്രധാനമായും താഴെ പറയുന്ന വസ്തുതകളാണ്.
1. മലങ്കര മെത്രാന്‍ സ്ഥാനത്തിന് ജനത്തിന്‍റെ തിരഞ്ഞെടുപ്പും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കൈവയ്പ്പും അത്യന്താപേക്ഷിതമാണ്. അദ്ദേഹം ഒരു മലങ്കര സ്വദേശിയായിരിക്കണം.
2. മാര്‍ ജോസഫ് ദീവന്നാസ്യോസിന് ഇവ രണ്ടും ഉള്ളതിനാലും തോമസ് അത്താനാസ്യോസിന് ഇവ രണ്ടും ഇല്ലാത്തതിനാലും പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസിന്‍റെ പിന്‍ഗാമിയായ മലങ്കര മെത്രാപ്പോലീത്താ അസല്‍ വാദി (മാര്‍ ജോസഫ് ദീവന്നാസ്യോസ്) ആണ്.
3. അതിനാല്‍ മലങ്കരസഭാ സ്വത്തുക്കളും, പണവും, സ്ഥാനചിഹ്നങ്ങളും, കൊച്ചി പഞ്ചായത്തുവിധി പ്രകാരമുള്ള വസ്തുക്കളും അസല്‍ പ്രതി, മാര്‍ ജോസഫ് ദീവന്നാസ്യോസിന് കൈമാറണം.
4. മലങ്കരയില്‍ മേല്പട്ടം നല്‍കാനും മൂറോന്‍ കൂദാശ ചെയ്യാനുമുള്ള അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനാണ്.
5. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ മലങ്കരയിലെ അധികാരം ആത്മീയ വിഷയങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. അദ്ദേഹത്തിന് ലൗകികഭരണത്തില്‍ യാതൊരു സ്ഥാനവുമില്ല.
6. റിശീസാ പാത്രിയര്‍ക്കീസിനോ ഭരിക്കുന്ന മെത്രാനോ അവകാശപ്പെട്ടത് എന്ന് ഖണ്ഡിതമായി പറയാനാവില്ല.
പാലക്കുന്നത്ത് തോമസ് അത്താനാസ്യോസും സഹചാരികളും സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു എന്നതും പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്ത് സ്ഥിരപ്പെട്ടു എന്നതുമൊഴികെ ആര്‍ക്കും അഘോഷിക്കാന്‍ ഒന്നും അവശേഷിപ്പിച്ച ഒരു സമ്പൂര്‍ണ്ണ വിജയം റോയല്‍ കോടതി വിധിയിലൂടെ ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മനസിലാക്കണമെങ്കില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്, മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് എന്നിവര്‍ ഈ വിധിയിലൂടെ നേടാതെ പോയതെന്താണെന്നു മനസിലാക്കണം.
1875-77 വര്‍ഷങ്ങളിലെ തന്‍റെ മലങ്കര പര്യടനകാലത്തു തന്നെ മലങ്കരയുടെ ലൗകികഭരണം കൈയടക്കാന്‍ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ആവുംമട്ടു ശ്രമിച്ചിരുന്നു. 1876-ലെ രാജകീയ വിളംബരം മലങ്കരയുടെ ആത്മീയവും ലൗകികവുമായ സര്‍വാധികാരം തന്നില്‍ നിക്ഷിപ്തമാക്കുമെന്ന് പാത്രിയര്‍ക്കീസ് പ്രതീക്ഷിച്ചു. പക്ഷേ മലങ്കര മെത്രാപ്പോലീത്താ സ്ഥാനതര്‍ക്കം സിവില്‍ കോടതിയില്‍ തീര്‍പ്പാക്കത്തക്കവിധം പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസിനെ കോടതികള്‍ക്കു വിധേയനാക്കുക മാത്രമാണ് രാജകീയ വിളംബരം ചെയ്തത്. ഇതിനെ തുടര്‍ന്ന് ഭഗ്നാശനായ പാത്രിയര്‍ക്കീസ് താന്‍ വാഴിച്ച ആറു നവ മെത്രാന്മാരുടെ കയ്യില്‍നിന്നും സമ്പൂര്‍ണ വിധേയത്വത്തിന്‍റെ ഉടമ്പടി രജിസ്റ്റര്‍ ചെയ്തു വാങ്ങി. ചില ഇടവകപ്പള്ളികളില്‍ നിന്നും അത്തരം ഉടമ്പടി വാങ്ങാന്‍ പാത്രിയര്‍ക്കീസ് ശ്രമിച്ചു. പക്ഷേ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനോ മുളന്തുരുത്തി സുന്നഹദോസ് രൂപംകൊടുത്ത അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയോ ഇത്തരം രജിസ്റ്റര്‍ ഉടമ്പടി നല്‍കാന്‍ തയാറായില്ല. തന്‍റെ മടക്കയാത്രക്കു ശേഷവും പാത്രിയര്‍ക്കീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മാനേജിംഗ് കമ്മിറ്റി ഈ ആവശ്യം പരിഗണിച്ചില്ല.
ഈ നിലപാടിനെ ശരിവയ്ക്കുന്നതായിരുന്നു 1889 ജൂലൈ 12-ലെ റോയല്‍ കോടതി വിധി. ടി. വിധിയില്‍, പാത്രിയര്‍ക്കീസിനു മലങ്കരയില്‍ ലൗകികാധികാരം ഇല്ലെന്നും, റിശീസാ പാത്രിയര്‍ക്കീസിനുള്ളതോ ഭരിക്കുന്ന മെത്രാനുള്ളതോ എന്നു പറയാനാവില്ലെന്നും, ജനങ്ങളുടെ തെരഞ്ഞെടുപ്പു കൂടാതെ വാഴിക്കപ്പെടുന്ന മെത്രാന്മാര്‍ക്ക് ഭരണാധികാരം ഇല്ലെന്നും നിശ്ചയിച്ചിരുന്നു. ഇത് മലങ്കരയിലെ പള്ളികളും സ്വത്തുക്കളും തനതു വകയെന്നു വിശ്വസിച്ചിരുന്ന പാത്രിയര്‍ക്കീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തന്‍റെ മലങ്കര പര്യടനകാലത്തടക്കം വിധേയത്വത്തിന്‍റെ ഉടമ്പടി നല്‍കുന്നതിന് വിസമ്മതിച്ചതിനാല്‍ ഈ പരാമര്‍ശനങ്ങള്‍ക്കു പിന്നിലും മാര്‍ ദീവന്നാസ്യോസ് അഞ്ചാമനാണെന്ന് പാത്രിയര്‍ക്കീസ് വിശ്വസിച്ചു. ഇതിനെ തുടര്‍ന്ന് ലൗകികാധികാരം മറ്റു മാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുക്കാന്‍ അദ്ദേഹം ശ്രമമാരംഭിച്ചു. ഇതിന്‍റെ ഭാഗമായി 1892 നവംബര്‍ ഏഴിന് മാര്‍ ദീവന്നാസ്യോസ് കൊല്ലം, കൊച്ചി ഇടവകകളിലൊഴികെ മറ്റൊരിടത്തും പ്രവേശിക്കരുതെന്ന് വിലക്കിക്കൊണ്ട് പാത്രിയര്‍ക്കീസ് കല്പന അയച്ചു. ഈ കല്പനയില്‍ മാര്‍ ദീവന്നാസ്യോസിനെതിരായി അനേകം ആരോപണങ്ങള്‍ ഉന്നയിക്കുകയും അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു.
ഈ കല്പനയെപ്പറ്റി ആലോചിക്കാന്‍ 1892-നു കൊല്ലവര്‍ഷം 1068 വൃശ്ചികം 13-ന് കോട്ടയത്തു സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മിറ്റി താഴെ പറയുന്ന തീരുമാനങ്ങള്‍ എടുത്തു.
1. മാര്‍ ദീവന്നാസ്യോസിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ വ്യാജമാണ്.
2. അദ്ദേഹത്തെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നു നീക്കാന്‍ സാദ്ധ്യമല്ല.
3. പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടപ്രകാരം ലൗകികാധികാരം സമ്മതിച്ച് ഉടമ്പടി കൊടുക്കാന്‍ മാനേജിംഗ് കമ്മിറ്റി തയ്യാറല്ല.
4. മാര്‍ ദീവന്നാസ്യോസ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ പൊതു മേലധികാരിയായിരിക്കും.
5. മലങ്കരയില്‍ നിന്നും പാത്രിയര്‍ക്കീസിന് എത്തുന്ന പരാതികള്‍ മാനേജിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുപ്രകാരം മാത്രമേ തീരുമാനിക്കാവൂ.
താന്‍ വിധേയത്വത്തിന്‍റെ ഉടമ്പടി രജിസ്റ്റര്‍ ചെയ്തു വാങ്ങിയവരില്‍ പ. പരുമല തിരുമേനിയടക്കം അന്ന് ജീവിച്ചിരുന്ന എല്ലാ മെത്രാന്മാരും ഒപ്പുവെച്ച ഈ തീരുമാനം റോയല്‍ കോടതി വിധിയേക്കാള്‍ വലിയ പ്രഹരമാണ് പാത്രിയര്‍ക്കീസിന് ഏല്പിച്ചത്. ഈ തീരുമാനം മൂലം പാത്രിയര്‍ക്കീസിനുള്ളതായി വകവെച്ചിരുന്ന അപ്പീല്‍ അധികാരവും കൂടി ഫലത്തില്‍ അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി തിരിച്ചെടുത്തു.
അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ ഈ തീരുമാനം ഇല്ലെങ്കില്‍പോലും 1889-ലെ റോയല്‍ കോടതി വിധി മൂലം സ്ഥാപിക്കപ്പെട്ട തന്‍റെ ആത്മീയ അധികാരം ഉപയോഗിക്കുന്നതിന് പാത്രിയര്‍ക്കീസിന് പരിമിതികളുണ്ടായിരുന്നു. മലങ്കരയില്‍ മെത്രാന്‍ സ്ഥാനത്തിന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കൈവയ്പ്പുപോലെതന്നെ ജനത്തിന്‍റെ തിരഞ്ഞെടുപ്പും അത്യന്താപേക്ഷിതമാണെന്ന വിധി മൂലം ഏകപക്ഷീയമായി മെത്രാന്മാരെ വാഴിക്കുക പാത്രിയര്‍ക്കീസിനു അസാദ്ധ്യമായി. 1876-ല്‍ത്തന്നെ മെത്രാന്‍ വാഴ്ചയ്ക്കു തങ്ങളുടെ സമ്മതം ആവശ്യമാണെന്ന് മാനേജിംഗ് കമ്മിറ്റി പാത്രിയര്‍ക്കീസിനെ മുഖദാവില്‍ അറിച്ചിയിരുന്നതാണെന്ന വസ്തുതയും ഇതോട് ചേര്‍ത്തു വായിക്കണം. മെത്രാന്‍ മലങ്കര സ്വദേശിയായിരിക്കണം എന്ന കൊല്ലം പഞ്ചായത്തു വിധി റോയല്‍ കോടതി ശരിവെച്ചതിനാല്‍ ഏതെങ്കിലും ശീമബാവായെ മലങ്കര മേഞ്ഞു ഭരിപ്പാന്‍ അയയ്ക്കുക എന്നതും നിയമവിരുദ്ധമായി.
തന്‍റെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്ഥാപിച്ചു കിട്ടി എങ്കിലും മലങ്കരയുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കൈവശം വന്നെങ്കിലും, മലങ്കരയുടെ ലൗകികാധികാരം മലങ്കരയില്‍ മാത്രമാണെന്നു ഉറപ്പിച്ചു കിട്ടി എങ്കിലും മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും ദുഃഖിതനും ആശങ്കാകുലനുമായിരുന്നു. 1889-ലെ റോയല്‍ കോടതി വിധിയെത്തുടര്‍ന്ന് പാലക്കുന്നത്ത് തോമസ് അത്താനാസ്യോസിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം സഭ വിട്ടുപോവുകയും നവീകരണ സുറിയാനി സഭ എന്ന പേരില്‍ പുതിയൊരു സഭ സ്ഥാപിക്കുകയും ചെയ്തു. ഒരിക്കലും സംഭവിക്കരുതെന്ന് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ആഗ്രഹിച്ച ഒന്നായിരുന്നു ഇത്. നസ്രാണി സമൂഹത്തിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ പരമാവധി വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം തയാറായിരുന്നു. അദ്ദേഹം വിളിച്ചുചേര്‍ത്ത 1873-ലെ പരുമല സുന്നഹദോസിന്‍റെ ഒന്നാം നിശ്ചയംതന്നെ എതിര്‍ വിഭാഗത്തെ അനുനയിപ്പിച്ച് ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു.
1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതിയുടെ അന്തിമവിധി വരുന്നതിന് തൊട്ടു മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവ് ഒരു അനുരഞ്ജന ശ്രമം നടത്തി. റോയല്‍ കോടതി വിധി എന്താണെന്ന് അറിയാതെ തന്നെ, എതിര്‍വിഭാഗം തലവന്‍ പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് സത്യവിശ്വാസം സ്വീകരിക്കുന്നപക്ഷം അദ്ദേഹത്തിനായി താന്‍ മലങ്കര മെത്രാന്‍സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണെന്ന് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ അറിയിച്ചു. അപ്രതീക്ഷിതമായ ഈ ഹൃദയവിശാലത മഹാരാജാവിനെ സന്തോഷിപ്പിച്ചെങ്കിലും തോമസ് അത്താനാസ്യോസ് ഈ വാഗ്ദാനം നിരസിച്ചു. അതോടെ സഭയില്‍ പിളര്‍പ്പ് അനിവാര്യമായി. മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ ഏറെ ദുഃഖിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്.
1889-ലെ റോയല്‍ കോടതി വിധി മൂലം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു കരഗതമായ ആത്മീയ അധികാരം മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ ആശങ്കാകുലനാക്കി. പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യം മുതലുള്ള സംഭവപരമ്പര മൂലം തന്‍റെ ആത്മീയ അധികാരത്തിന്‍റെ പരിധിയില്‍ വരുന്ന മേല്പട്ടസ്ഥാനം, വി. മൂറോന്‍ എന്നിവവെച്ച് പാത്രിയര്‍ക്കീസ് ഭാവിയില്‍ വില പേശുമെന്ന് അദ്ദേഹത്തിനു വ്യക്തമായിരുന്നു. മലങ്കരസഭയില്‍ ഇത്തരമൊരു ദുരവസ്ഥയ്ക്കു കാരണമായത് പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസിന്‍റെ അധികാരമോഹമായിരുന്നു.
മലങ്കര നസ്രാണികളുടെ ഭരണാധികാരം കൈക്കലാക്കാന്‍ പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യം മുതല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍ ശ്രമിച്ചു വന്നെങ്കിലും വിജയം വരിച്ചില്ല. 1843 വരെയുള്ള സ്ഥിതി ഇതായിരുന്നു. മലങ്കരയില്‍ ഏതെങ്കിലുംവിധത്തിലുള്ള അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനുണ്ടെന്നു സ്ഥാപിക്കപ്പെട്ടത് പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് മൂലമാണ്. മലങ്കരയ്ക്ക് മറ്റൊരു മെത്രാന്‍റെ യാതൊരു ആവശ്യവുമില്ലാതിരിക്കെയാണ് അദ്ദേഹം സ്വന്ത താല്പര്യപ്രകാരം മാത്രം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ സമീപിക്കുന്നതും 1843-ല്‍ മേല്പട്ടക്കാരനായി തിരിച്ചെത്തുന്നതും. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനാല്‍ പട്ടംകെട്ടപ്പെട്ട മലങ്കരയിലെ ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. ജനങ്ങളുടെ തിരഞ്ഞെടുപ്പില്ലാത്ത മാര്‍ മാത്യൂസ് അത്താനാസ്യോസിന് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തിന് അവകാശവാദമുന്നയിക്കുവാന്‍ യാതൊരു നൈയാമിക പിന്‍ബലവും കീഴ്നടപ്പുമില്ലായിരുന്നു. പക്ഷേ, തന്നെ മലങ്കര മെത്രാനായി പാത്രിയര്‍ക്കീസ് നിയമിച്ചിട്ടുണ്ടെന്നും, അതിനുള്ള അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനാണെന്നും നിലവിലിരുന്ന പാരമ്പര്യത്തിനു കടകവിരുദ്ധമായി അദ്ദേഹം വാദിച്ചു. മലങ്കരയുടെമേല്‍ അധികാരമുറപ്പിക്കാന്‍ തക്കംപാര്‍ത്തിരുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഈ സമയംനോക്കി മാര്‍ യൂയാക്കീം കൂറിലോസെന്ന അന്ത്യോഖ്യന്‍ മെത്രാനെ കേരളത്തിലേയ്ക്കയച്ചു. അന്ന് മലങ്കര മെത്രാനായിരുന്ന ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ അധികാരമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും മാര്‍ അത്താനാസ്യോസും മാര്‍ കൂറിലോസും ആ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തതോടെ പ്രശ്നം സിവില്‍ കോടതിയുടെ തീര്‍പ്പിനു വിട്ടു.
മലങ്കര മെത്രാന്‍ സ്ഥാനത്തിന് മാര്‍ അത്താനാസ്യോസും മാര്‍ കൂറിലോസും ഉയര്‍ത്തിയ അവകാശവാദങ്ങള്‍ പരിഗണിച്ചത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ച കൊല്ലം പഞ്ചായത്തു കോടതിയാണ്. ഇരു കക്ഷികളും തങ്ങളുടെ സ്ഥാനം അവകാശപ്പെട്ടത് പാത്രിയര്‍ക്കീസിന്‍റെ നിയമനം എന്നതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. അതിനാല്‍ പാത്രിയര്‍ക്കീസിന് അതിന് അധികാരമുണ്ടോ എന്ന വിഷയം അവിടെ പരിഗണനയ്ക്കു വന്നില്ല. മറ്റൊരു വാദവും ഉയര്‍ത്താന്‍ ഇരു കക്ഷികള്‍ക്കും ഉണ്ടായിരുന്നില്ല താനും. മലങ്കര മെത്രാന്‍ ഒരു സ്വദേശി ആയിരിക്കണം എന്നതിനാല്‍ മാര്‍ അത്താനാസ്യോസിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ 1852 കര്‍ക്കിടക മാസം 15-നു തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ മലങ്കര മെത്രാപ്പോലീത്തായായി നിയമിച്ചുകൊണ്ടുള്ള തിരുവെഴുത്തുവിളംബരം പുറപ്പെടുവിച്ചു. പതിവിനു വിപരീതമായി അതില്‍ …അന്ത്യോഖ്യയില്‍ നിന്നും എഴുത്തും വാങ്ങിച്ചുകൊണ്ടു വന്നിരിക്കുന്ന… എന്നു ചേര്‍ത്തതോടെ മുന്‍ പതിവില്ലാത്ത അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ നിയമനാധികാരത്തിനു രേഖീയ പിന്‍ബലമായി. ഇതാണ് 1889-ല്‍ റോയല്‍ കോടതി വിധിയില്‍ സ്ഥിരപ്പെട്ടത്.
പാത്രിയര്‍ക്കീസിന്‍റെ ആത്മീയ വിലപേശല്‍ ഇല്ലാതാക്കേണ്ടത് അനിവാര്യമാണെന്നു മാര്‍ ദീവന്നാസ്യോസ് അഞ്ചാമനു വ്യക്തമായിരുന്നെങ്കിലും അതു ക്ഷിപ്രസാദ്ധ്യമായിരുന്നില്ല എന്ന വസ്തുതയാണ് അദ്ദേഹത്തെ ആശങ്കാകുലനാക്കിയത്. മാര്‍ മാത്യൂസ് അത്താനാസ്യോസ് മലങ്കര മെത്രാന്‍ സ്ഥാനം ലഭിക്കാന്‍ പാത്രിയര്‍ക്കീസിന് അടിയറവെച്ചതും 1899-ലെ റോയല്‍ കോടതിവിധി മൂലം സ്ഥിരപ്പെട്ടതുമായ ആത്മീയ അധികാരം മലങ്കരയില്‍ മടക്കിക്കൊണ്ടുവരിക മാത്രമാണ് ഇതിനുള്ള ഏക പോംവഴി എന്നദ്ദേഹം മനസിലാക്കി. റോയല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാത്രിയര്‍ക്കീസ് സ്വമേധയാ വിട്ടുനല്‍കാതെ ഏകപക്ഷീയമായി ആത്മീയ അധികാരം മടക്കിക്കൊണ്ടുവരിക അസാദ്ധ്യമായിരുന്നു. നിയമദൃഷ്ട്യാ സാധുവാകണമെങ്കില്‍ അപ്പോഴേയ്ക്കും മലങ്കരയില്‍ ഉറച്ചിരുന്ന പാശ്ചാത്യ സുറിയാനി സഭാവിജ്ഞാനീയം എന്ന നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നു മാത്രം വേണം ഈ തിരിച്ചുവരവ് നടത്താന്‍. അന്ത്യോഖ്യന്‍ സഭയുടെ അടിസ്ഥാന നിയമസംഹിതയായ ഹൂദായ കാനോന്‍പ്രകാരം പാത്രിയര്‍ക്കീസ്, മഫ്രിയാനാ, മെത്രാപ്പോലീത്താ എന്നിവര്‍ക്കു മേല്പട്ടം കൊടുക്കുവാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനും അധികാരമുണ്ടെങ്കിലും അന്ത്യോഖ്യാ സഭ നൂറ്റാണ്ടുകളായി മെത്രാപ്പോലീത്തന്മാരെ ഇതിനനുവദിക്കാറില്ല. അതിനാല്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് ഈ അധികാരങ്ങള്‍ ഉപയോഗിക്കുവാനാവുമായിരുന്നില്ല. ഈ സാഹചര്യത്തിലുണ്ടായിരുന്ന ഏക പോംവഴി മദ്ധ്യപൗരസ്ത്യ ദേശത്ത് അസ്തമിച്ചുപോയ മഫ്രിയാനാ (കാതോലിക്കാ) സ്ഥാനം മലങ്കരയില്‍ സ്ഥാപിക്കുക എന്നതായിരുന്നു.
മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ഇതിനായി പരിശ്രമിച്ചെങ്കിലും തന്‍റെ ജീവിതകാലത്ത് അത് സഫലമായില്ല. പക്ഷേ പിന്നീട് 1912-ല്‍ അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് അബ്ദല്‍ മ്ശിഹാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയിലെത്തി പിന്തുടര്‍ച്ചാവകാശത്തോടെ കാതോലിക്കേറ്റ് സ്ഥാപിക്കുകയും പാലക്കുന്നതു മാര്‍ മാത്യൂസ് അത്താനാസ്യോസു മൂലവും 1889-ലെ റോയല്‍ കോടതി വിധി മൂലവും തനിക്ക് കരഗതമായ മലങ്കരയുടെ ആത്മീയ അധികാരം നിരുപാധികം മടക്കി നല്‍കുകയും ചെയ്തു. 1889-ലെ റോയല്‍ കോടതി വിധി മുതല്‍ 1909-ല്‍ താന്‍ കാലം ചെയ്യുന്നതു വരെ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ ആശങ്കയിലാഴ്ത്തിയ ഒന്നായിരുന്നു റോയല്‍ കോടതി വിധിയിലെ പാത്രിയര്‍ക്കീസിന്‍റെ അത്മീയ അധികാരം.
പിതൃസഹോദരപുത്രനായ പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസിനു പറ്റിയ രണ്ടു വീഴ്ചകളാണ് റോയല്‍ കോടതി വിധിയില്‍ തോമസ് അത്താനാസ്യോസിനു വിനയായത്. ഒന്നാമതായി, അദ്ദേഹം സ്വസ്ഥാനമുറപ്പിക്കാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരയുടെമേല്‍ ഇല്ലാത്ത അധികാരം ഉണ്ടെന്നു വകവെച്ചു കൊടുത്തു. രണ്ടാമത്, നാമമാത്രമായെങ്കിലും തോമസ് അത്താനാസ്യോസിന് ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ (ജനത്തിന്‍റെ അംഗീകാരം വാങ്ങാന്‍) അദ്ദേഹം തയാറായില്ല. 1870-നു കൊല്ലം 1045 മകരം 23-നു കോട്ടയത്തു സെമിനാരിയില്‍ മലങ്കര പള്ളിയോഗവും അതേ വര്‍ഷം മിഥുനം 22-നു ആലോചനക്കൂട്ടവും കൂടിയിരുന്നു എന്ന വസ്തുത ഈ ഉദാസീനതയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇത് റോയല്‍ കോടതി വിധിയിലെ സമ്പൂര്‍ണ്ണ പരാജയത്തിനു കാരണമായി. ഇതോടൊപ്പം മഹാരാജാവിന്‍റെ അനുരജ്ഞനശ്രമത്തോടും മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ വാഗ്ദാനത്തോടും കാണിച്ച നിഷേധാത്മകമായ നിലപാട് ആത്യന്തികമായി 1889-ല്‍ പുതിയൊരു സഭ സ്ഥാപിച്ച് മലങ്കരസഭയില്‍ നിന്നും പിരിഞ്ഞുപോകാന്‍ തോമസ് അത്താനാസ്യോസിനേയും അനുചരന്മാരെയും നിര്‍ബന്ധിതരാക്കി.
പിന്നീട് മലങ്കര മാര്‍ത്തോമ്മാ സഭ എന്നു നാമഭേദം വരുത്തിയ നവീകരണ സുറിയാനി സഭയുടെ സ്ഥാപന കാലം മുതല്‍ റോയല്‍ കോടതിയില്‍ തോമസ് അത്താനാസ്യോസിന് അനുകൂലമായ നിലപാടെടുത്ത ജസ്റ്റീസ് ഇ. ഓംസ്ബി എന്ന ബ്രിട്ടീഷ് ജഡ്ജിയുടെ വിധിയെ അവരില്‍ ചിലര്‍ പുകഴ്ത്തുന്നുണ്ട്. ഇത് തികച്ചും നിരര്‍ത്ഥകവും ബാലിശവുമായ കാഴ്ചപ്പാടാണ്. നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപന്മാരുടെ ഭൂരിപക്ഷാഭിപ്രായമാണ് പ്രാബല്യത്തില്‍ വരിക എന്ന് കേവലജ്ഞാനമുള്ള ആര്‍ക്കും അറിവുള്ളതാണ്. മലങ്കരസഭാ കേസില്‍ 1995-ല്‍ സുപ്രീംകോടതിയില്‍ പോലും ഇതു സംഭവിച്ചു. ഡിവിഷന്‍ ബഞ്ചിലെ പ്രിസൈഡിംഗ് ജഡ്ജി ജസ്റ്റീസ് ആര്‍. എം. സഹായ് ഒറ്റയ്ക്കും, ഇതര അംഗങ്ങളായ ജസ്റ്റീസ് ബി. പി. ജീവന്‍ റെഡ്ഡി, ജസ്റ്റീസ് സുഹാസ് സി. സെന്‍ എന്നിവര്‍ സംയുക്തമായുമാണ് വിധിയെഴുതിയത്. ഇവയില്‍ പരസ്പര വൈരുദ്ധ്യമുള്ള പോയിന്‍റുകളില്‍ ഭൂരിപക്ഷ ബഞ്ചിന്‍റെ വിധിയാണ് പ്രാബല്യത്തിലെത്തിയത്.
മാത്രമല്ല, ആലപ്പുഴ ജില്ലാ കോടതി, തിരുവിതാംകൂര്‍ ഹൈക്കോടതി, റോയല്‍ കോടതിയുടെ ഭൂരിപക്ഷ ബഞ്ച് എന്നിങ്ങനെ ഈ വ്യവഹാരം കടന്നുപോയ എല്ലാ തലങ്ങളിലും സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ പാലക്കുന്നത്ത് തോമസ് അത്താനാസ്യോസിനോ കൂട്ടാളികള്‍ക്കോ ജസ്റ്റീസ് ഇ. ഓംസ്ബിയുടെ ഒരു ഒറ്റപ്പെട്ട ന്യൂനപക്ഷവിധിയെ തങ്ങള്‍ക്കുള്ള ന്യായീകരണമായി കാണാനാവില്ല. അക്കാലത്തെ ഏക ക്രൈസ്തവ ജഡ്ജിയുടെ നീതിപൂര്‍വമായ വിധി എന്ന മട്ടിലൊക്കെയുള്ള ചില പരാമര്‍ശനങ്ങള്‍ ജസ്റ്റീസ് ഓംസ്ബിയുടെ വിധിയെപ്പറ്റി അക്കാലത്തുയര്‍ന്ന ചില ദുഃസൂചനകള്‍ ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്.
പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് മലങ്കര മെത്രാന്‍ സ്ഥാനത്തെത്താന്‍ സ്വീകരിച്ച വക്രമാര്‍ഗ്ഗമാണ് 1889-ലെ റോയല്‍ കോടതി വിധിയില്‍ അവസാനിച്ചത്. പക്ഷേ ഇതിനു കൊടുക്കേണ്ടി വന്ന വില ഭീമമായിരുന്നു. അടിയറ വെച്ച ആത്മീയ അധികാരം തിരിച്ചുകിട്ടാന്‍ കാല്‍ ശതാബ്ദം (1912 വരെ) മലങ്കരസഭയ്ക്കു പൊരുതേണ്ടി വന്നു. അതു നിലനിര്‍ത്താന്‍ ഇന്നും പൊരുതേണ്ടി വരുന്നു. പരാജിത വിഭാഗത്തിന് നസ്രാണികള്‍ക്കിടയില്‍ ഒരു പിളര്‍പ്പു കൂടി ഉണ്ടാക്കി മലങ്കര മാര്‍ത്തോമ്മാ സഭ സ്ഥാപിച്ചു പിരിഞ്ഞുപോകേണ്ടി വന്നു. ഇതില്‍ ആര്‍ക്ക് എന്ത് ആഘോഷിക്കാനിരിക്കുന്നു?
(മാര്‍ത്തോമ്മന്‍ ടി.വി., ജൂലൈ 11, 2014, ബഥേല്‍ പത്രിക ജൂലൈ 2014)