വിശുദ്ധ ചുംബനവും കരചുംബനവും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ

നമ്മുടെ സഭയില്‍ വിശ്വാസികള്‍ പട്ടക്കാരുടെ കൈ മുത്തുന്നതിന്‍റെ പ്രാധാന്യമെന്ത്?

വി. കുര്‍ബ്ബാനാനന്തരം വിശ്വാസികള്‍ ഓരോരുത്തരായി വന്ന് പട്ടക്കാരന്‍റെ വലതു കൈ മുത്തി പിരിഞ്ഞുപോകുന്നു. ഇതില്‍ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു.

1. വിശ്വാസികള്‍ പട്ടക്കാരോടുള്ള ഭക്തിയും ആദരവും രമ്യതയും സ്നേഹവും വ്യക്തിപരമായി പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണിത്.

2. പള്ളിയില്‍ വന്നുചേര്‍ന്ന വിശ്വാസികളെ എല്ലാവരെയും ആരാധനാമധ്യേ ആളാംപ്രതി തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യുക സാധ്യമല്ലല്ലോ. എന്നാല്‍ കൈ മുത്തി കടന്നുപോകുമ്പോള്‍ വ്യക്തിപരമായി കാണുന്നതിനും തിരിച്ചറിയുന്നതിനും പരസ്പരം അഭിവാദ്യം അര്‍പ്പിക്കുന്നതിനും അവസരം ഉണ്ടാകുന്നു.

3. പാശ്ചാത്യ സംസ്ക്കാരത്തില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ കൈ ചുംബിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന രീതിയുണ്ട്. പ്രജകള്‍ രാജാവിന്‍റെ കൈ മുത്തി വിധേയത്വവും ബഹുമാനവും പ്രകടിപ്പിക്കുന്ന രീതിയും നിലനിന്നിരുന്നു. എന്നാല്‍ വിശ്വാസികള്‍ പട്ടക്കാരന്‍റെയോ മേല്പ്പട്ടക്കാരന്‍റെയോ കൈ മുത്തുന്നത് ഇക്കാരണങ്ങള്‍ കൊണ്ടല്ല. പട്ടക്കാരന്‍/മേല്‍പ്പട്ടക്കാരന്‍ യേശുക്രിസ്തുവിന്‍റെ കൗദാശിക സാന്നിധ്യമാണ്. വി. കുര്‍ബ്ബാന അര്‍പ്പിച്ച് കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങള്‍ വഹിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത അവരുടെ കൈകള്‍ക്ക് പ്രത്യേക ദൈവിക ചൈതന്യമുണ്ട്. ആ കൈകള്‍ ചുംബിക്കുന്നത് അനുഗ്രഹമാകുന്നു.

മലങ്കരസഭയില്‍ വി. കുര്‍ബ്ബാനയ്ക്കു ശേഷവും മറ്റ് ശുശ്രൂഷകള്‍ക്കു ശേഷവും മാത്രമേ പട്ടക്കാരുടെ കൈമുത്തുന്ന പതിവുള്ളു. എന്നാല്‍ മേല്പ്പട്ടക്കാരുടെ കൈകള്‍ സാധാരണ കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലും മുത്താറുണ്ട്. മറ്റ് പല പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ ഈ വ്യത്യാസം കാണുന്നില്ല. വിശ്വാസികള്‍ എല്ലാ അവസരങ്ങളിലും പട്ടക്കാരുടെയും മേല്പ്പട്ടക്കാരുടെയും വലതു കൈ ചുംബിക്കുന്നു.
നമ്മുടെ സഭയില്‍ ചില പട്ടക്കാര്‍ വിശ്വാസികളെ കുരിശു മാത്രം മുത്തിപ്പിക്കുന്നത് കാണാം. ഇത് ശരി തന്നെ. എന്നാല്‍ ഇതോടൊപ്പം കൈയും കൂടി മുത്തുന്നതിനുള്ള സന്ദര്‍ഭമായി കാണണം. പൗരസ്ത്യ സഭകളില്‍ പട്ടക്കാര്‍/മേല്പ്പട്ടക്കാര്‍ വിശുദ്ധ കുരിശോ ഐക്കണോ (പവിത്ര ചിത്രം) വഹിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ വിശ്വാസികള്‍ വി. കുരിശ് അല്ലെങ്കില്‍ ഐക്കണ്‍ മുത്തുന്നതോടൊപ്പം പട്ടക്കാരന്‍റെ കരം കൂടെ ചുംബിക്കുന്നു.

– ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

വിശുദ്ധ ചുംബനവും കരചുംബനവും

ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ

PDF File

ആമുഖം

വി. കുര്‍ബാനാനന്തരം കാര്‍മ്മികന്‍റെ കൈമുത്തി പിരിയുന്ന പാരമ്പര്യം സംബന്ധിച്ച് ഒരു ലഘുപഠനം ആയിരുന്നു ഈ കുറിപ്പിനു തുടക്കം. എന്നാല്‍ കുറെക്കൂടി വിശാലമായൊരു അടിത്തറയില്‍ നിന്നുകൊണ്ടുമാത്രമേ ഈ അന്വേഷണം പൂര്‍ണ്ണമാവുകയുള്ളൂ എന്ന തിരിച്ചറിവില്‍ എത്തിച്ചേരുകയായിരുന്നു. വി. വേദപുസ്തകത്തിലും സഭാ പാരമ്പര്യത്തിലും സമാധാനവന്ദനം, വി. ചുംബനം എന്നീ അനുഷ്ഠാനങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ കരചുംബനത്തിന്‍റെ (കൈമുത്തിന്‍റെ) പൊരുളും പ്രസക്തിയും വെളിവാകുന്നുള്ളൂ. ഇവ മൂന്നും ഒന്നുപോലെ ചേര്‍ത്തു മനസ്സിലാക്കേണ്ട അനുഷ്ഠാനങ്ങളാകുന്നു.

വിശുദ്ധ ചുംബനം പുതിയ നിയമത്തില്‍

പരിശുദ്ധനായ പൗലോസ് അപ്പൊസ്തോലന്‍റെ പ്രബോധനം ശ്രദ്ധിക്കാം, ڇവി. ചുംബനം കൊണ്ട് അന്യോന്യം വന്ദനം ചെയ്വിന്‍, വിശുദ്ധന്മാര്‍ എല്ലാവരും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നുڈ (2കൊരിന്ത്യര്‍ 13:12, 13= 1കൊരിന്ത്യര്‍16 : 19,20). വി. കുര്‍ബാനയിലെ ഒരു അനുഷ്ഠാനമാണല്ലോ വി. ചുംബനം. സഭയുടെ ഉത്ഭവം മുതല്‍ ഇത് ആചരിക്കുന്നു. വി. ചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്വിന്‍ എന്ന് പരിശുദ്ധ പൗലോസ് അപ്പൊസ്തോലന്‍ എഴുതുമ്പോള്‍ വി. കുര്‍ബാനയിലെ അനുഷ്ഠാനമാണ് പ്രധാനമായും അദ്ദേഹം സൂചിപ്പിക്കുന്നത്. വി. സ്നാനത്തിലൂടെയും വി. കുര്‍ബാനാനുഭവത്തിലൂടെയും യേശുക്രിസ്തുവില്‍ ആഴമായ ഒരു ബന്ധത്തിലേക്കു വിശ്വാസികള്‍ പ്രവേശിക്കുന്നു, ജീവിക്കുന്നു. ഇത് ഏറ്റവും പ്രകാശിതമാകുന്നതും വീണ്ടും വീണ്ടും അനുഭവമാകുന്നതും വി. ആരാധനയിലത്രേ, പ്രത്യേകിച്ചും വി. കുര്‍ബാനയില്‍. പരിശുദ്ധ പൗലോസ് അപ്പൊസ്തോലന്‍ ഈ ലേഖനം എഴുതുന്നത് കര്‍ത്തൃദിനം (ഞായറാഴ്ച) വി. കുര്‍ബാനയ്ക്ക് എത്തുന്ന വിശ്വാസികള്‍ വായിച്ചു കേള്‍ക്കുന്നു എന്നു മുന്‍ കണ്ടുകൊണ്ടാണ്. അച്ചടിയന്ത്രം ഉണ്ടാകുന്നതിനു മുമ്പ് ഓലയിലും, തുകലിലും എഴുതുന്ന കാലം ലേഖനത്തിന്‍റെ പ്രതികള്‍ പകര്‍ത്തി എഴുതി കൈമാറാനേ കഴിയുമായിരുന്നുള്ളൂ. ഇത് എളുപ്പവും സാധാരണക്കാര്‍ക്കു സാധ്യവും ആയിരുന്നില്ല. എന്നാല്‍ വി. കുര്‍ബാനയ്ക്ക് ഒത്തുകൂടുന്ന വിശ്വാസികള്‍ക്ക് ഉറക്കെ വായിച്ചു കേള്‍ക്കാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ ലേഖനത്തിന്‍റെ ആരാധനാ സന്ദര്‍ഭം ഗൗരവമായി എടുക്കണം എന്ന് സാരം. പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും ഇങ്ങനെ ആരാധനാ സന്ദര്‍ഭത്തില്‍ എഴുതിയതും, വായിച്ചു കേട്ടതും, ഇന്ന് വ്യാഖ്യാനിച്ച് മനസ്സിലാക്കേണ്ടതും ആകുന്നു. കരചുംബനം അല്ലെങ്കില്‍ കൈമുത്തുള്‍പ്പെടെ സഭയുടെ എല്ലാ കര്‍മ്മങ്ങളും ആരാധനാനുഷ്ഠാനങ്ങളോ ആരാധനയില്‍ നിന്ന് ഉത്ഭവിച്ചു വന്ന സാമൂഹിക ആചാരങ്ങളോ ആകുന്നു. ചുംബനം സഹജവും സാധാരണവുമായ സ്നേഹ പ്രകടനമാണ്. എന്നാല്‍ ആരാധനയില്‍ അത് വിശുദ്ധവും, ദിവ്യവുമായ ചുംബനമത്രെ. ഈ ആചാരം പള്ളിക്കുള്ളിലായിരുന്നാലും പള്ളിയ്ക്ക് വെളിയില്‍ ആയിരുന്നാലും വിശുദ്ധവും ദിവ്യവുമായ ഉയര്‍ന്ന തലത്തില്‍ തന്നെ കാണണം, നിലനില്‍ക്കണം.

വിശുദ്ധചുംബനം ആരാധനയില്‍

വി. കുര്‍ബാനയില്‍ വിശ്വാസപ്രമാണവും രഹസ്യപ്രാര്‍ത്ഥനയും കഴിഞ്ഞ് പദവിയില്‍ കയറി നിന്നുകൊണ്ട് കാര്‍മ്മികന്‍ സമാധാന പ്രാര്‍ത്ഥന ചൊല്ലുന്നു: സകലത്തിന്‍റെയും ഉടയവനായ ദൈവമെ, നിഷ്കപടമായ സ്നേഹ ബന്ധത്താല്‍ (സ്നേഹ പാശത്താല്‍) ഐക്യപ്പെട്ടുകൊണ്ട് (ഒന്നായി വന്ന്) പരിശുദ്ധവും ദിവ്യവുമായ ചുംബനത്താല്‍ പരസ്പരം സമാധാനം നല്‍കുവാന്‍ തക്കവണ്ണം അയോഗ്യരായ ഞങ്ങളെ ഈ രക്ഷയ്ക്ക് യോഗ്യരാക്കി തീര്‍ക്കണമെ (പരിശുദ്ധ യാക്കോബിന്‍റെ ക്രമം). ഇതിന് ശേഷം രഹസ്യങ്ങളില്‍ നിന്ന് ചൈതന്യം ആവാഹിച്ചു ജനങ്ങളിലേക്ക് പകര്‍ന്നുകൊണ്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടായിരിക്കട്ടെ എന്ന് കാര്‍മ്മികന്‍ ആശംസിക്കുന്നു. തുടര്‍ന്നു കാര്‍മ്മികനില്‍ നിന്ന് സമാധാനം സ്വീകരിച്ച് ശുശ്രൂഷകന്‍ (ശെമ്മാശന്‍) വിശ്വാസികള്‍ക്കുകൈമാറുന്നു. വിശ്വാസികള്‍ അന്യോന്യം വണങ്ങി കരംഗ്രഹിച്ച് സമാധാനം നല്‍കുന്നു. ശുശ്രൂഷകരും വിശ്വാസികളും പട്ടക്കാരുടെ കൈമുത്തുന്നു. മേല്‍പട്ടക്കാര്‍ സന്നിഹിതരെങ്കില്‍ അവര്‍ അന്യോന്യം കരംഗ്രഹിച്ചു സമാധാനം നല്‍കും; പട്ടക്കാരും ശുശ്രൂഷകരും ഓരോരുത്തരായി വന്നു മേല്‍പട്ടക്കാരന്‍റെ സ്ലീബായും, കരവും ചുംബിക്കുന്നു. (ഇന്ത്യയില്‍ സ്ലീബാ മാത്രം മുത്തിപോകുന്നതായി കാണുന്നു).

വി. ചുംബനത്തിന്‍റെയും കരചുംബനത്തിന്‍റെയും ആന്തരാര്‍ത്ഥം ഒന്നുതന്നെ. യേശുക്രിസ്തുവില്‍ ദൈവമക്കള്‍ പങ്കിടുന്ന അന്യോന്യതയും പാരസ്പര്യവുമാണ് ഈ അനുഷ്ഠാനത്തിന്‍റെ പൊരുള്‍. എന്നാല്‍ ഇതു മൂന്നുരീതിയില്‍ പ്രകാശിപ്പിക്കപ്പെടുന്നു; അന്യോന്യം ചുംബിച്ചും, കരം ചുംബിച്ചും, കരം ഗ്രഹിച്ചും ഓരോരുത്തരും അവരവരുടെ നിലയനുസരിച്ച് സമാധാനം നല്‍കുന്നു, സ്വീകരിക്കുന്നു. സമരായവര്‍ അന്യോന്യം ആശ്ലേഷിച്ചും, കരം ഗ്രഹിച്ചും സമാധാനം പങ്കിടുമ്പോള്‍ ഗുരുസ്ഥാനീയരുടെ കരം ചുംബിച്ച് മറ്റുള്ളവര്‍ സമാധാനം പങ്കിടുന്നു.

വി. ചുംബനം മറ്റു സഭാ പാരമ്പര്യങ്ങളില്‍

ബൈസന്‍റയിന്‍ പാരമ്പര്യത്തിലുള്ള കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ വി. കുര്‍ബാനയില്‍ വി. ചുംബനത്തിനുള്ള സമയം കര്‍ത്തൃപ്രാര്‍ത്ഥനയ്ക്ക് ശേഷവും വി. കുര്‍ബാനാനുഭവത്തിനു തൊട്ടുമുമ്പുമാണ്. ആ സമയം മേല്‍പട്ടക്കാരും, പട്ടക്കാരും മാത്രം വി. ചുംബനം നല്‍കുന്നു. വിശ്വാസികള്‍ അന്യോന്യം സമാധാനം നല്‍കുന്ന പതിവു കുറെ നൂറ്റാണ്ടുകളായി നിലവില്‍ ഇല്ല. എന്നാല്‍ ബൈസന്‍റയിന്‍ സഭാ കുടുംബത്തിലുള്ള ചില സഭകളിലും പള്ളികളിലും വിശ്വാസികള്‍ അന്യോന്യം വി. ചുംബനം നല്‍കുന്ന പുരാതന പാരമ്പര്യം പുനസ്ഥാപിക്കുന്നതിനുള്ള പരിശ്രമം നടക്കുന്നുണ്ട്. എന്നാല്‍ വേണ്ടത്ര പൊതുവായി തീര്‍ന്നിട്ടില്ല. പാശ്ചാത്യ സഭാപാരമ്പര്യത്തില്‍, പ്രധാനമായും റോമന്‍ കത്തോലിക്കാസഭയില്‍, വി. കുര്‍ബാനാനുഭവത്തിനു തൊട്ടുമുമ്പാണ് സമാധാന ചുംബനം. ഈ അവസരം ڇനിങ്ങള്‍ക്ക് സമാധാനംڈ എന്ന് ആശംസിച്ചുകൊണ്ട് വൈദികരും വിശ്വാസികളും ചിലര്‍ ആശ്ലേഷിച്ചുചുംബിച്ചും ചിലര്‍ അന്യോന്യം കരം ഗ്രഹിച്ചും ഈ അനുഷ്ഠാനം നിര്‍വഹിക്കുന്നു.

അപ്പൊസ്തോലിക സാക്ഷ്യം

ക്രിസ്ത്വബ്ദം 4 -ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട അപ്പൊസ്തോലിക പ്രമാണങ്ങള്‍ (അുീീഹെേശര ഇീിശെേൗശേേീിെ) എന്ന ഗ്രന്ഥത്തില്‍ അപ്പൊസ്തോലിക കാലം മുതലുള്ള ഏറ്റവും പുരാതനമായ പാരമ്പര്യങ്ങള്‍ സമാഹരിച്ചു രേഖപ്പെടുത്തിയിരിക്കുന്നു. വി. ചുംബനം സംബന്ധിച്ചുള്ള പാരമ്പര്യം സുറിയാനി ആരാധനാ പാരമ്പര്യത്തില്‍ കാണുന്നതു പോലെ തന്നെയാണ് ഈ ഗ്രന്ഥത്തിലും. വിശ്വാസപ്രമാണവും മുട്ടുകുത്തിയുള്ള രഹസ്യപ്രാര്‍ത്ഥനയും കഴിഞ്ഞു പദവിയില്‍ നിന്നുകൊണ്ട് കാര്‍മികന്‍ സമാധാന പ്രാര്‍ത്ഥന ചൊല്ലുന്നു. തുടര്‍ന്ന് സമാധാനാശംസ കഴിഞ്ഞു വിശുദ്ധ ചുംബനം എന്ന കര്‍മ്മം നടത്തുന്നു. മേല്‍പട്ടക്കാര്‍, പട്ടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്യോന്യവും, വിശ്വാസികളായ പുരുഷന്മാര്‍ അന്യോന്യവും, സ്ത്രീകള്‍ അന്യോന്യവും ചുംബനം നല്‍കുന്നു.

വിശുദ്ധ കരചുംബനം (കൈമുത്ത്)

നമ്മുടെ സഭയുടെ ആരാധനാപാരമ്പര്യത്തില്‍ വി. കുര്‍ബാനാനന്തരം കാര്‍മികന്‍ വി. മദ്ബഹായുടെ പടിഞ്ഞാറേനടയില്‍ വന്നു നില്‍ക്കുന്നു. വിശ്വാസികള്‍ ഓരോരുത്തരായി വന്ന് കാര്‍മികന്‍റെ കൈമുത്തി പിരിഞ്ഞുപോകുന്നു. കാണിക്ക അര്‍പ്പിക്കാനുള്ള സന്ദര്‍ഭമായും ഇത് ഉപയോഗിക്കുന്നു. കാര്‍മികന്‍ മേല്‍പട്ടക്കാരനെങ്കില്‍ സ്ലീബായാവും മുത്തുക. ഇന്ത്യയില്‍ (മലങ്കരയില്‍) പഴയകാലത്ത് അംശവസ്ത്രത്തിന്‍റെ ഭാഗമായ കയ്യുറയെടുത്ത് കയ്യില്‍ പിടിച്ചുകൊണ്ടാണ് ചില പട്ടക്കാര്‍ കൈമുത്തിച്ചിരുന്നത്. അടുത്ത കാലത്തായി അതിനുപകരം സ്ലീബാ കയ്യില്‍ പടിച്ചുകൊണ്ട് കൈമുത്തിക്കുന്ന പതിവുവന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ വൈദികരില്‍ ചിലര്‍ക്ക്, പ്രത്യേകിച്ചും യുവ വൈദികര്‍ക്ക് കുരിശുമുത്തിക്കുകയാണോ, കൈമുത്തിക്കുകയാണോ എന്ന് വേണ്ടത്ര നിശ്ചയമില്ല എന്നുതോന്നുന്നു. ഉദാഹരണമായി വി. കുര്‍ബാനാനന്തരമുള്ള പ്രസ്താവനയില്‍ കൈമുത്തിക്കുകഎന്നതിനു പകരം കുരിശുമുത്തിക്കുക എന്നാക്കിയിരിക്കുന്നു. കൈമുത്തിക്കുന്നെങ്കില്‍ തന്നെ കൈ തലയില്‍ വച്ച് അനുഗ്രഹിക്കും വിധമാണ് ആ കര്‍മ്മം നടത്തുന്നത്. പകരം, കുരിശ് മുത്തിക്കുകയാണെങ്കില്‍ അതിന് വേണ്ടവിധം കുരിശു പിടിക്കുകയല്ല. കുരിശ് അവരുടെ തലയില്‍ വച്ചു അനുഗ്രഹിക്കും വിധമാണ് ആ കര്‍മ്മം നിര്‍വഹിക്കുന്നത്. മേല്‍പട്ടക്കാര്‍ പോലും ഇങ്ങനെ ചെയ്തു കാണുന്നു.

ശരിയായ സഭാ പാരമ്പര്യം

യഥാര്‍ത്ഥ സഭാ പാരമ്പര്യം എന്താണ്? കൈമുത്തിക്കുകയാണോ; സ്ലീബാ മുത്തിക്കുകയാണോ?; കൈ തലയില്‍ വച്ച് അനുഗ്രഹിക്കുകയാണോ; സ്ലീബാ തലയില്‍ വച്ച് അനുഗ്രഹിക്കുകയാണോ? പ്രായമുള്ള വൈദികര്‍ക്കും വിശ്വാസികള്‍ക്കും ശരി ഉത്തരമറിയാം. കൈമുത്തുക തന്നെയാണ് സഭാപാരമ്പര്യം. യഥാര്‍ത്ഥത്തില്‍ വി. കുര്‍ബാനയിലെ അനാഫോറയുടെ ആദ്യം നടത്തുന്ന സമാധാനപ്രാര്‍ത്ഥന, സമാധാനവന്ദനം, വി. ചുംബനം, കരചുംബനം, കരഗ്രഹണം എന്നിവയുടെ തുടര്‍ച്ചയും പുരണവുമാണ് വി. കുര്‍ബാനക്ക് ഒടുവിലുള്ള കൈമുത്ത് അഥവാ കരചുംബനം. വി. കുര്‍ബാനയുടെ ആരംഭത്തില്‍ നടന്ന വി. ചുംബനം എന്ന കര്‍മ്മത്തിലൂടെ ദൈവമക്കള്‍ക്ക് അവരുടെ ഇടയനുമായി വ്യക്തിപരമായി നേരിട്ട് സമാധാനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അതിന് അവസരമുണ്ടാവുന്നു. ഇടയനും ആടുകളും തമ്മിലും, കാര്‍മ്മികനും ആരാധകരും തമ്മിലുമുള്ള അഭിവദനവും അഭിവന്ദനവും, ഇവിടെ നടക്കുന്നു. ഇത് ഇരുകൂട്ടര്‍ക്കും ഒരു പ്രധാനപ്പെട്ട അനുഭവം തന്നെയാണ്. ഇക്കാരണത്താല്‍ പള്ളിയില്‍ എത്തുന്ന സാധാരണ ഭക്തര്‍ കൈമുത്ത് ഒഴിവാക്കുകയില്ല. അങ്ങനെ വരുന്നത് അനുഗ്രഹക്കുറവായോ ഇടയനുമായുള്ള ബന്ധം മുറിഞ്ഞുപോകുന്നതിനു തുല്യമായോ അവര്‍ കണക്കാക്കുന്നു.

കരചുംബനം മറ്റു സഭകളില്‍

ബൈസന്‍റയിന്‍ പാരമ്പര്യത്തിലുള്ള കിഴക്കന്‍ സഭകളില്‍ മുന്നമേ സൂചിപ്പിച്ച പ്രകാരം വി. കുര്‍ബാന മധ്യേ വൈദികഗണത്തില്‍പ്പെട്ടവര്‍ മാത്രം അന്യോന്യം വിശുദ്ധചുംബനം നല്‍കുന്നു. എന്നാല്‍ വി. കുര്‍ബാനാനന്തരം വിശുദ്ധ മദ്ബഹായുടെ പടിഞ്ഞാറേ നടയില്‍ കാര്‍മ്മികന്‍ രണ്ടുകൈകള്‍കൊണ്ടും വിശുദ്ധ കുരിശുപിടിച്ചുകൊണ്ടുനില്‍ക്കും. വിശ്വാസികള്‍ ഓരോരുത്തരായി വന്ന് കുരിശുമുത്തി കാര്‍മ്മികന്‍റെ കരം മുത്തി പിരിഞ്ഞുപോകുന്നു. സുറിയാനി ആരാധനയില്‍ ഉയിര്‍പ്പുപെരുന്നാള്‍ദിവസം ഉയിര്‍പ്പിന്‍റെ ശുശ്രൂഷകഴിഞ്ഞ് വി. മദ്ബഹായിലുള്ളവര്‍ വിശുദ്ധ കുരിശുമുത്തി കാര്‍മ്മികന്‍റെ കരംമുത്തി സമാധാനം കൊടുത്തശേഷം അന്യോന്യം ഓരോരുത്തരുടേയും നിലയനുസരിച്ച് സമാധാനം നല്‍കുന്നു. തുടര്‍ന്ന് കുരിശ് മദ്ബഹായുടെ വാതില്‍ വക്കുന്നു. ജനം കുരിശുമുത്തി അന്യോന്യം സമാധാനം നല്‍കുന്നു. എന്നാല്‍ സൗകര്യാര്‍ത്ഥം കുര്‍ബാനാനന്തരമാണ് വിശ്വാസികള്‍ ഈ കര്‍മ്മം നിര്‍വഹിക്കുന്നത്. ഏതാണ്ട് ഇതിന് സമാനമാണ് ബൈസന്‍റയിന്‍ സഭകളില്‍ വി. കുര്‍ബാന കഴിഞ്ഞ് നടത്തുന്ന കുരിശുമുത്തും കൈമുത്തും.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. കുര്‍ബാനാനുഷ്ഠാനം എപ്പോഴായാലും അത് ഉയിര്‍പ്പുകുര്‍ബാനയുടെ വീണ്ടും വീണ്ടുമുള്ള ആവിഷ്ക്കാരവും അനുഭവവുമാണ്. ഇക്കാരണത്താല്‍ ബൈസന്‍റയിന്‍ പാരമ്പര്യത്തിലെന്നപോലെ കുരിശുമുത്തിയും കൈമുത്തിയും പിരിഞ്ഞുപോകുന്ന പാരമ്പര്യമാണ് നമ്മുടെ സഭയിലും നിലനിര്‍ത്തേണ്ടത്. ഇപ്പോള്‍തന്നെ മേല്‍പ്പട്ടക്കാരന്‍ കുരിശുപിടിച്ചുകൊണ്ട് കൈമുത്തിക്കുന്നുണ്ടല്ലൊ. സഭാപാരമ്പര്യത്തിനനുസരണമായി ഇത് ശരിപ്പെടുത്താന്‍ ശ്രദ്ധിക്കണം എന്നത് മറ്റൊരു കാര്യം.

കരചുംബനം ആരാധനേതര സന്ദര്‍ഭത്തില്‍

നമ്മുടെ സഭയില്‍ ആരാധനയുടെ സന്ദര്‍ഭത്തിലല്ലാതെ പട്ടക്കാരുടെ കൈമുത്തുന്ന പതിവ് സാധാരണമല്ല. എന്നാല്‍ മേല്‍പട്ടക്കാരുടെ കൈമുത്തുന്ന പതിവുണ്ട്. ബൈസന്‍റയിന്‍ പാരമ്പര്യത്തില്‍ വിശ്വാസികള്‍ പട്ടക്കാരുടെയും മേല്‍പട്ടക്കാരുടെയും കരം ചുംബിക്കുന്നു. വലതുകൈ ഇടതു കയ്യുടെ മുകളില്‍ നിവര്‍ത്തി വച്ചു “പിതാവേ” എന്ന് പട്ടക്കാരനോടും “നാഥാ” എന്ന് മേല്‍പട്ടക്കാരോടും “അനുഗ്രഹിക്കേണമേ” എന്ന് വിളിച്ചപേക്ഷിക്കുന്നു. പട്ടക്കാരന്‍ / മേല്‍പട്ടക്കാരന്‍ കൈകുമ്പിളിനുനേരേ കുരിശുവരക്കുന്നു. വിശ്വാസി കരം ഗ്രഹിച്ച് ചുംബിച്ച് അനുഗ്രഹം പ്രാപിക്കുന്നു.

സന്യാസപാരമ്പര്യത്തില്‍

സന്യാസാശ്രമപിതാവിന് ഒരു മേല്പട്ടക്കാരനടുത്തസ്ഥാനം ആശ്രമത്തിലുണ്ട്. സന്യാസികള്‍ പിതാവിന്‍റെ കരം ചുംബിക്കുന്നു. അതേപോലെ തന്നെ സന്യാസിനീ മഠാംഗങ്ങള്‍ മഠാധിപയായ അമ്മയുടെയും കരം ചുംബിക്കുന്നു. വ്രതപ്രതിജ്ഞാകര്‍മ്മം കഴിഞ്ഞ് സന്യാസസഹോദരന്‍ കുരിശുവഹിച്ചുകൊണ്ട് അഴിക്കകത്ത് പടിഞ്ഞാറോട്ടു തിരിഞ്ഞ് നില്‍ക്കന്നു. സന്യാസസഹോദരരും വിശ്വാസികളും അദ്ദേഹത്തിന്‍റെ കൈമുത്തുന്നു. ഇതേപോലെ തന്നെ വ്രതപ്രതിജ്ഞാശുശ്രൂഷക്കുശേഷം മഠാംഗങ്ങളും സ്ത്രീകളും സന്യാസസഹോദരിയുടേയും കരം ചുംബിക്കുന്നു. ബൈസന്‍റയിന്‍ സഭാപാരമ്പര്യത്തില്‍ രണ്ടുസന്യാസിനീ മഠങ്ങളുടെ അധിപകളായ അമ്മമാര്‍ പരസ്പരം ആശ്ലേഷിച്ച് ചുംബിച്ച് അന്യോന്യം കരംഗ്രഹിച്ച് കൈമുത്തുന്നത് കണ്ടിട്ടുണ്ട്.
ഇവയെല്ലാം തന്നെ വിശുദ്ധ കുര്‍ബാനയിലെ വിശുദ്ധ ചുംബനം എന്ന ശ്രേഷ്ഠമായ അനുഷ്ഠാനം സാധാരണ ജീവിതത്തില്‍ ആവിഷ്ക്കരിക്കുന്ന സന്ദര്‍ഭങ്ങളായി നാം തിരിച്ചറിയുന്നു. ആരാധനാജീവിത്തെ ലോകജീവിതത്തോടും ലോകജീവിതത്തെ ആരാധനാജീവിതത്തോടും ചേര്‍ത്തിണക്കുമ്പോഴാണല്ലോ ജീവിതം സമഗ്രവും സമ്പൂര്‍ണ്ണവുമാവുക.

രൂപാന്തരപ്പെട്ട ശരീരം

ആദ്ധ്യാത്മികതയിലെ കപടരൂപങ്ങളുടെ പരിസരവും, സ്വാവബോധത്തില്‍ ഉരുണ്ടുകൂടുന്ന ചാഞ്ചല്യം കൊണ്ടുണ്ടാകുന്ന സന്ദേഹവും, നവീകരണ സഭകളുടെ സ്വാധീനത്തില്‍ വന്ന മനോഭാവവും വൈദീകരില്‍ ഉണ്ടാക്കിയ പ്രതിസന്ധിയാണ് കൈമുത്തിനുവന്ന മൂല്യശോഷണത്തിന് കാരണം. അനുഭവവും, അധ്യാപനവും കൊണ്ട് കര്‍മ്മത്തെ മൂല്യത്തിലുറപ്പിക്കാനുള്ള ധര്‍മ്മം ഏറ്റെടുത്തിട്ടുള്ള ഗുരുജനങ്ങളാണ് ആചാര്യരും വൈദികരും. അവര്‍ ഇത് നിറവേറ്റാന്‍ സ്വയം സജ്ജരാവണം. വി. ആരാധനയില്‍ പരസ്പരം ആശ്ലേഷിച്ചുകൊണ്ടുള്ള വിശുദ്ധ ചുംബനം, കരചുംബനം, കരഗ്രഹണം എന്നീ അനുഷ്ഠാനങ്ങളിലുള്ള ശാരീരിക സ്പര്‍ശം, ഐന്ദ്രീകതയുടെ കുറഞ്ഞ (അപ) മാനത്തിലല്ല, രൂപാന്തരപ്പെട്ട ശരീരം എന്ന ഉദാത്ത (ബഹു) മാനത്തില്‍ തന്നെ കാണണം. മനുഷ്യന്‍ ദൈവത്തിന്‍റെ കാണപ്പെട്ട രൂപം ആകുന്നു. എല്ലാ രൂപങ്ങള്‍ക്കും (ലശസീി) കാണപ്പെടുന്നതും സ്പര്‍ശനീയവുമായ (്ശശെയഹല മിറ മേിഴശയഹല) ഒരു തലമുണ്ട്. ആരാധനയുടെയും, ആദ്ധ്യാത്മികയുടെയും പരിസരത്തില്‍ ഇവ രൂപാന്തരം വന്ന ശരീരങ്ങളും, രൂപാന്തരപ്പെടുത്തുന്ന സാന്നിദ്ധ്യങ്ങളുമാകുന്നു. ദൈവം മനുഷ്യനായത് മാനവ ശരീരത്തെ ഈ ഉയര്‍ന്ന മൂല്യത്തില്‍ തിരികെക്കൊണ്ടുവന്ന് ഉറപ്പിക്കാനാണല്ലോ.

ഉപസംഹാരം

രാജ-പ്രഭുവാഴ്ചയുടെ കാലത്ത് പ്രജകളും അടിമകളും അടങ്ങുന്ന കീഴാളര്‍ മേലാളരുടെ കൈമുത്തുന്നരീതി ഉണ്ടായിരുന്നിരിക്കാം. പുരുഷന്മാര്‍ സ്ത്രീകളുടെ കൈമുത്തുന്ന സാമൂഹ്യ ആചാരവും ചില സംസ്കാരങ്ങളില്‍ കാണാം. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ക്രിസ്തീയ പാരമ്പര്യത്തിലെ കരചുംബനം. ഇതിനു പല മാനങ്ങള്‍ നമുക്കു കാണാന്‍ കഴിയും. ഒന്ന്, മുകളില്‍ വിവരിച്ചതുപോലെ വൈദികരും ദൈവമക്കളും തമ്മിലുള്ള ആഴമായ ബന്ധത്തിന്‍റെ നിദര്‍ശനമാണ് കരചുംബനം. രണ്ട്, വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് കര്‍ത്താവിന്‍റെ തിരുരക്തശരീരങ്ങള്‍ വിളമ്പി തന്ന കാര്‍മികന്‍റെ ചൈതന്യം നിറഞ്ഞ കരംമുത്തി അനുഗ്രഹം പ്രാപിക്കുകയാണ് വിശ്വാസികള്‍. മൂന്ന്, വി. കുര്‍ബാനയില്‍ പടിഞ്ഞാറോട്ട് കൂടെക്കൂടെ തിരിഞ്ഞ് (ഒന്‍പത് തവണ) സമാധാന വന്ദനം ചൊല്ലി സമാധാനമുദ്രക

ട്ടി അനുഗ്രഹിക്കുന്ന അഭിഷിക്തന്‍റെ കൈമുത്തി ചൈതന്യം തൊട്ട് സ്വീകരിക്കുകയാണ് ഭക്തജനങ്ങള്‍. നാല്, ഗുരുസ്ഥാനീയനായ വൈദികനോടുള്ള വന്ദനവും, വിധേയത്വവും പ്രകാശിപ്പിക്കുന്നതിലുള്ള സന്തോഷവും ഈ കര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്നു.

കൈമുത്തിനെക്കുറിച്ച് / ഫാ. ഡോ. കെ. എം. ജോര്‍ജ്