ബഹു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഭാ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്ന യാക്കോബായ സഭയുടെ നിലപാട് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വിധത്തിലുളളതാണെന്ന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത.
1958 ല്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ വിധിയുടെ അടിസ്ഥാനത്തിലാണ് സഭയില്‍ സമാധാനം ഉണ്ടായത്. 1995 ല്‍ ഉണ്ടായ സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്നാണ് സഭയില്‍ സമാധാന നീക്കം ശക്തമാകുകയും ഇരുവിഭാഗത്തെയും സഹകരിപ്പിച്ച് സുപ്രീം കോടതി നിയോഗിച്ച നീരിക്ഷകന്‍ ജസ്റ്റിസ് മളിമഠിന്‍റെ സാന്നിദ്ധ്യത്തിലാണ് പരുമലയില്‍ മലങ്കര അസോസിയേഷന്‍ ചേര്‍ന്നത്. അസോസിയേഷന്‍ ബഹിഷ്കരിച്ച് പുത്തന്‍കുരിശില്‍ യോഗം ചേര്‍ന്ന് ബദല്‍ സൊസൈറ്റി രൂപീകരിക്കുകയായിരുന്നു യാക്കോബായ വിഭാഗം. കോടതിവിധി മാനിക്കില്ല എന്ന് പറയുന്നവര്‍ എന്തിനാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് മനസ്സിലാകുന്നില്ല.
ഇരുവിഭാഗത്തിനും തങ്ങളുടെ വാദമുഖങ്ങളും തെളിവുകളും സമര്‍പ്പിക്കുവാന്‍ കോടതി അവസരം നല്‍കിയിട്ടുളളതുമാണ്. അവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിപ്രസ്താവിച്ചതും. അയോധ്യ പ്രശ്നവുമായുളള താരതമ്യം അപ്രസക്തമാണ്. ഏതെങ്കിലും വ്യവസ്ഥാപിത സഭയുടെ പ്രാദേശിക ഘടകത്തില്‍ നിന്ന് കുറെ പേര്‍ പിരിഞ്ഞു പോകുമ്പോള്‍ പളളികളുടെ സ്വത്തിന്‍റെ ഉടമസ്ഥത പങ്കിട്ട് കൊണ്ടുപോകാന്‍ സാധിക്കുമോ ?. സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നാളിതുവരെ നടന്നിട്ടുളള എല്ലാ മദ്ധ്യസ്ഥ ശ്രമങ്ങളിലും സഹകരിക്കാതിരുന്നവര്‍ വീണ്ടും അതേ ആവശ്യം ഉന്നയിക്കുന്നത് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്.


