1958-ലെ സഭാസമാധാന കല്പനകള്‍

പ. പാത്രിയര്‍ക്കീസ് ബാവായുടെ സഭാ സമാധാന കല്പന

നമ്പര്‍ 447

സര്‍വ്വശക്തനായി, സാരാംശ സമ്പൂര്‍ണ്ണനായിരിക്കുന്ന നിത്യന്‍റെ തിരുനാമത്തില്‍ അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും ശ്ലൈഹിക സിംഹാസനത്തിന്‍റെ ബലഹീനനായ യാക്കോബ് തൃതീയന്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ്

(മുദ്ര)

അന്ത്യോഖ്യായുടെയും കിഴക്ക് ഒക്കയുടെയും പത്രോസിനടുത്തതും ശ്ലൈഹികവുമായ സിംഹാസനത്തിന്‍റെ അധികാരസീമയില്‍പെട്ട മലങ്കരയിലെയും ഇന്‍ഡ്യയിലെയും നമ്മുടെ സ്നേഹഭാജനങ്ങളായ ശ്രേഷ്ഠ മെത്രാപ്പോലീത്തന്മാര്‍ ബഹുമാന്യ കോര്‍എപ്പിസ്കോപ്പന്മാര്‍, സുകൃതമുള്ള ദയറാക്കാര്‍, വെണ്‍മയുള്ള കശീശന്മാര്‍, നിര്‍മ്മലരായ ശെമ്മാശന്മാര്‍ എന്നിവര്‍ക്കും വിശ്വാസികളായ സകല സുറിയാനി ജനതയ്ക്കും ദൈവമാതാവായ മറിയാമിന്‍റെയും സകല ശുദ്ധിമാന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ ദിവ്യസമാധാനവും അപ്പോസ്തോലിക വാഴ്വും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആമ്മീന്‍.

നിങ്ങളുടെ ആത്മികവും ശാരീരികവുമായ ക്ഷേമം അന്വേഷിച്ചുകൊണ്ട് നാം പറയുന്നത്:- “സമാധാനം നടത്തുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവമക്കള്‍ എന്നു വിളിക്കപ്പെടും” എന്ന് കര്‍ത്താവ് അരുളിചെയ്തിരിക്കുന്നു. “സമാധാനം” എന്ന വചനം എത്ര ഇമ്പവും, ശ്രവണ മധുരവും ഹൃദയാവര്‍ജ്ജകവുമാകുന്നു. എന്തെന്നാല്‍ സമാധാനം ഇടിഞ്ഞവയെ പണിയുകയും വിടവുകളെ അടയ്ക്കുകയും ഹൃദയങ്ങളെ സംയോജിപ്പിക്കുകയും ഒരു ജനതയുടെ അവയവങ്ങളെ കൂട്ടിച്ചേര്‍ത്ത് വളര്‍ത്തുകയും ഏക സഭയുടെ മക്കളെ ഏക ഐക്യതയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. സ്വര്‍ഗ്ഗം ഭൂമിയോട് കോപിച്ചിട്ട് അയ്യായിരം സംവത്സരങ്ങള്‍ക്കു ശേഷം രക്ഷാകരമായ മനുഷ്യാവതാരം മുഖാന്തരം ഇതുപോലൊരു മാസത്തില്‍ ദൈവം ആ വിശുദ്ധ സമാധാനം ഭൂതലത്തിനു നല്‍കി.

ഏതാണ്ട് അമ്പത് സംവത്സരങ്ങള്‍ക്കു മുമ്പ് മലങ്കര സുറിയാനി സഭയില്‍ ആവിര്‍ഭവിച്ചതായ തര്‍ക്കം, നാനാപ്രകാരേണ സഭയെ ക്ഷീണിപ്പിച്ച് ക്ഷയിപ്പിച്ചു എന്ന കാര്യം ഒരു രഹസ്യമല്ല. പ്രാരംഭം മുതലെ സഭാ സ്നേഹികളും ദൈവഭക്തരുമായ അനേകരും സമാധാനവും ഐക്യവും ഈ ഭിന്നതയ്ക്ക് ഒരു പരിഹാരവും ദര്‍ശിക്കുന്നതിന് ഏറ്റം ആഗ്രഹിച്ചിരുന്നിട്ടും അത് സാധിക്കാതെ ദുഃഖനിമഗ്നരായി ഐഹികവാസം വെടിയുവാനിടയായി. നാമും മലങ്കരസഭയില്‍ സമാധാനവും ഏകഗാത്രത്തിന്‍റെ അവയവങ്ങളുടെ ഐക്യവും, കാണുന്നതിന് പണ്ടേ തന്നെ അഭിലഷിച്ചിരുന്നു.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്മേലുള്ള നമ്മുടെ സ്ഥാനാരോഹണത്തിനു ശേഷം, നിങ്ങള്‍ക്കയച്ച നമ്മുടെ ശ്ലൈഹികമായ ഔദ്യോഗിക ലേഖനത്തില്‍ ഈ വാഞ്ച്ഛ നാം വിശദമാക്കിയിട്ടുണ്ട്. നമ്മുടെ ഈ അഭിവാഞ്ച്ഛ തണുത്തുപോകാതെ ദൈനംദിനം തീക്ഷ്ണമായി ശക്തിപ്പെട്ടുവരികയും നാം മുഖാന്തരം ഈ വിടവ് അടയ്ക്കുവാന്‍ തക്കവണ്ണം ദൈവംതമ്പുരാന്‍ പ്രസാദിക്കുകയും ചെയ്തിരിക്കുന്നു. തന്‍റെ നാമത്തിനു മഹത്വം.
മലങ്കരസഭയില്‍ സമാധാനം സ്ഥാപിക്കേണ്ടതിലേക്കായി ഇതിനാല്‍ മോര്‍ ബസ്സേലിയോസ് ഗീവറുഗീസിനെ കാതോലിക്കോസായി നാം സ്വീകരിച്ചിരിക്കുന്നു.

ആകയാല്‍ നിങ്ങള്‍ ആനന്ദഭരിതരായി ഭവിക്കുന്ന സമാധാനത്തിന്‍റെ ഈ മാസത്തില്‍ ശാന്തിയുടെ സ്വാഗതാര്‍ഹവും, ഹൃദ്യവുമായ ഭാവുകങ്ങള്‍ നിങ്ങള്‍ക്ക് ഇതോടൊപ്പം നാം ആശംസിക്കുന്നു. കര്‍ത്താവ് തന്‍റെ ഐശ്വര്യമേറിയ അനുഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ വര്‍ഷിക്കുന്നതിനു നാം പ്രാര്‍ത്ഥിക്കുന്നു. അസൂയാര്‍ഹവും സകല സുകൃതങ്ങളാലും സമലംകൃതവും ആയ ജനമായി നിങ്ങള്‍ തീരുന്നതിനുവേണ്ടി തന്‍റെ ഉത്തമ തിരുഹിതത്തിന് പ്രീതികരമായ ദിവ്യപരിപാലനം കൊണ്ടും ആരോഗ്യം കൊണ്ടും സുഭിക്ഷതകൊണ്ടും ദൈവംതമ്പുരാന്‍ നിങ്ങളെ ധന്യരാക്കി തീര്‍ക്കുമാറാകട്ടെ.

ആയതു തന്‍റെയും തന്‍റെ പിതാവിന്‍റെയും പരിശുദ്ധ റൂഹായുടെയും കൃപയാലും, കരുണയാലും തന്നെ. ആമ്മീന്‍.

ആകാശങ്ങളിലിരിക്കുന്ന…

നമ്മുടെ പാത്രിയര്‍ക്കാ വാഴ്ചയുടെ രണ്ടാം ആണ്ട് ക്രിസ്തബ്ദം 1958 ഡിസംബര്‍ 9-നു സിറിയായില്‍ ഹോംസിലെ നമ്മുടെ അരമനയില്‍ നിന്നും.

പ. കാതോലിക്കാ ബാവായുടെ കല്പന

നമ്പര്‍ 105

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനുമായ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)

വിശുദ്ധ മാര്‍തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരുഢനായിരിക്കുന്ന ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ.

(മുദ്ര)

നമ്മുടെ അധികാരസീമയില്‍പ്പെട്ട നമ്മുടെ സ്നേഹഭാജനങ്ങളായ മേല്പട്ടക്കാര്‍, പട്ടക്കാര്‍, ശെമ്മാശന്മാര്‍ ഇവര്‍ക്കും വിശ്വാസികളായ ജനങ്ങള്‍ക്കും ദൈവിക കൃപയും അപ്പോസ്തോലിക വാഴ്വും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ.

ദീര്‍ഘകാലമായി നമ്മുടെ സഭയില്‍ നിലനിന്നുവന്ന അസമാധാനവും കലഹങ്ങളും അവസാനിപ്പിക്കുന്നതിനു കാലം ചെയ്ത മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും നാമും പല ശ്രമങ്ങളും നടത്തിയതില്‍ സമാധാനം കൈവരുത്തുന്നതിനു സാധിക്കാതെയിരുന്നതില്‍ നാം എപ്പോഴും ദുഃഖത്തില്‍ ഇരുന്നിരുന്നു. എന്നാല്‍ അസമാധാനം തീര്‍ത്ത് ഒന്നായിത്തീരുന്നതിനുള്ള സന്നദ്ധത കാണിച്ചു നാം ഒന്നായിച്ചേര്‍ന്നിരിക്കുന്നതിനാല്‍ നാം അത്യധികം സന്തോഷിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

സഭയിലെ സമാധാനത്തിനുവേണ്ടി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പാസ്സാക്കി നടപ്പിലിരിക്കുന്ന ഭരണഘടനയ്ക്കു വിധേയമായി മോറോന്‍ മാര്‍ ഇഗ്നാത്യോസ് യാക്കൂബ് തൃതീയനെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആയി സ്വീകരിക്കുന്നതിന് നാം പ്രസാദിച്ചിരിക്കുന്നു.

അദ്ദേഹത്തിന്‍റെ കീഴില്‍ മലങ്കരയുള്ള മേല്പട്ടക്കാരെയും ടി ഭരണ ഘടനയിലെ വ്യവസ്ഥകള്‍ക്ക് അനുസരണമായി സ്വീകരിക്കുന്നതിനു നമുക്ക് സന്തോഷമുണ്ട്.

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവ മാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെയും ഇന്‍ഡ്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാശ്ലീഹായുടെയും ശേഷമുള്ള എല്ലാ ശുദ്ധിമാന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ… ഇത്യാദി.

എന്ന്

1958 ഡിസംബര്‍ 16-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും

മെത്രാസന ഇടവക വിഭജനകല്‍പന

നമ്പര്‍ 31/1959

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന ബലഹീനനായ രണ്ടാമത്തെ
ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ

(മുദ്ര)

നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്:-

അന്ത്യോഖ്യായുടെ മോറാന്‍ മാര്‍ ഇഗ്നാത്യോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായും നാമും പരസ്പരം കല്‍പനകള്‍ മൂലം സ്വീകരിക്കുകയും നമ്മുടെ സഭയില്‍ സമാധാനം സ്ഥാപിതമാകയും ചെയ്തതിനെ തുടര്‍ന്ന് നമ്മുടെ മലങ്കര മഹാഇടവകയിലെ മെത്രാസന ഇടവകകളുടെ ഭരണം സംബന്ധിച്ച് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീരുകയാല്‍ മലങ്കര അസോസ്യേഷന്‍ മാനേജിംഗ് കമ്മറ്റിയും എപ്പിസ്കോപ്പല്‍ സുന്നഹദോസും ………………………സ്ഥിതിഗതികള്‍ പരിഗണിച്ച് മെത്രാസന ഇടവകകള്‍ പുനര്‍വിഭജനം ചെയ്യണമെന്ന് അഭിപ്രായമുള്ളതുകൊണ്ട് മുറപ്രകാരമുള്ള നടപടികള്‍ നടത്തി ആ സംഗതി തീരുമാനിക്കുന്നതുവരെ താല്‍ക്കാലികമായി ഭരണം നടത്തുന്നതിന് മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടുകൂടിയും എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ശുപാര്‍ശ അനുസരിച്ചും താഴെ വിവരിക്കുന്നപ്രകാരം മേല്‍പട്ടക്കാര്‍ക്ക് ഇടവകകള്‍ തിരിച്ചു കൊടുത്ത് അവയുടെ ഭരണത്തിന് അവരെ നാം അധികാരപ്പെടുത്തിയിരിക്കുന്നു. ഈ താല്‍ക്കാലിക ക്രമീകരണമനുസരിച്ച് മലബാര്‍ മെത്രാസനം പത്രോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പായും, കൊച്ചി മെത്രാസനം പൗലൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും, അങ്കമാലി മെത്രാസനം ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും, കണ്ടനാടു മെത്രാസനം ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായും, പൗലൂസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായും ഒരുമിച്ചും കോട്ടയം മെത്രാസനം കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സീനിയര്‍ മെത്രാപ്പോലീത്തായും, മാത്യൂസ് മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പാ സഹായമെത്രാനായും, നിരണം മെത്രാസനം മാര്‍തോമ്മാ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും, തുമ്പമണ്‍ മെത്രാസനം ദാനിയേല്‍ മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പായും, കൊല്ലം മെത്രാസനം അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ സീനിയര്‍ മെത്രാപ്പോലീത്തായായും മാത്യൂസ് മാര്‍ കൂറിലോസ് എപ്പിസ്കോപ്പാ സഹായമെത്രാനായും ഭരിക്കുന്നതാകുന്നു. ക്നാനായ വിഭാഗത്തിന്‍റെ പ്രത്യേക സ്വഭാവത്തേയും കീഴ്നടപടികളെയും ആദരിച്ച് ക്നാനായ സമുദായാംഗങ്ങള്‍ ചേര്‍ന്നു നടക്കുന്ന പള്ളികള്‍ എല്ലാംകൂടി ഒരു മെത്രാസന ഇടവകയായിരിക്കണമെന്നും ആ മെത്രാസനത്തിന്‍റെ ഭരണം ഏബ്രഹാം മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ നടത്തണമെന്നും ആ മെത്രാസനവും മലങ്കരസഭയുമായുള്ള ബന്ധം അതേപ്പറ്റി പഠിച്ച് എപ്പിസ്കോപ്പല്‍ സുന്നഹദോസിനു റിപ്പോര്‍ട്ടു ചെയ്യുന്നതിന് നിയമിക്കപ്പെട്ടിട്ടുള്ള കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം നിര്‍ണ്ണയിക്കണമെന്നും തീരുമാനിച്ചിരിക്കുന്നതും അതനുസരിച്ച് ആ മെത്രാസനം മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ ഭരിക്കുന്നതും ആകുന്നു. മലങ്കര മെത്രാപ്പോലീത്തായുടെ ആസ്ഥാനമായ കോട്ടയത്തുള്ള കോട്ടയം ചെറിയ പള്ളിയും അതോടു ബന്ധപ്പെട്ട പള്ളികളും ചാപ്പലുകളും അവയോടുകൂടി മാര്‍ ഏലിയാ ചാപ്പല്‍ ഇടവകയും മലങ്കര മെത്രാപ്പോലീത്തായുടെ നേരിട്ടുള്ള ഭരണത്തില്‍ തുടരുന്നതാകുന്നു.

മലങ്കരയ്ക്കു വെളിയിലുള്ള ഇടവകകളുടെ ഭരണം അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കണമെന്നും നാം തീരുമാനിച്ചിരിക്കുന്നു.
അനുഗ്രഹിക്കപ്പെട്ട വാത്സല്യമക്കളെ, ദീര്‍ഘകാലമായി നമ്മുടെ ഇടയില്‍ നിലനിന്നിരുന്ന കക്ഷിഭിന്നതകളും തര്‍ക്കങ്ങളും അവസാനിക്കയും സമാധാനം കൈവരികയും നാം ഒന്നായിത്തീരുകയും ചെയ്തിരിക്കുന്നതിനാല്‍ ഈ സൗഭാഗ്യം നമുക്കു നല്‍കിയ കാരുണ്യവാനായ ദൈവത്തെ സ്തുതിക്കുകയും തന്നില്‍ ആശ്രയിച്ചുകൊണ്ട് സഭയുടെ വളര്‍ച്ചയ്ക്കും പുരോഗമനത്തിനും ആയി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുകയും ചെയ്യണം. നിങ്ങള്‍ ദൈവഭയത്തിലും സത്യവിശ്വാസത്തിലും വളരണം. സഭയുടെ നിയമങ്ങള്‍ പാലിക്കുകയും പാരമ്പര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യണം. നിങ്ങളെ സത്യവിശ്വാസത്തില്‍ വളര്‍ത്തുന്നതിനും നേര്‍വഴിയിലൂടെ നടത്തുന്നതിനും പ്രബോധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഗുണദോഷിക്കുന്നതിനും ശാസിക്കുന്നതിനും അധികാരവും കടമയും ഉള്ള നിങ്ങളുടെ പിതാക്കന്മാരും ഇടയന്മാരും ആയ ഇടവക മെത്രാപ്പോലീത്തന്മാരെ നിങ്ങള്‍ അനുസരിക്കുകയും അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും കല്‍പനകള്‍ പ്രമാണിക്കുകയും മെത്രാസന ഭോഗങ്ങള്‍ കൊടുക്കുകയും ചെയ്യണം. എല്ലാ ഇടവകകളിലേയും പ്രവര്‍ത്തനങ്ങള്‍ സഭാ ഭരണഘടനയ്ക്കു വിധേയമായി നടത്തുകയും നമ്മുടെ സഭയില്‍ മേല്‍ക്കുമേല്‍ സമാധാനവും സംപ്രീതിയും വര്‍ദ്ധിച്ചുവരുവാനും ദൈവതിരുനാമം മഹത്വപ്പെടുവാനും തക്കവണ്ണം എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തിക്കൊള്ളുകയും ചെയ്യണം. ശേഷം പിന്നാലെ.

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടുംകൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ, ആയതു ദൈവമാതാവായ വി. കന്യകമറിയാമിന്‍റെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമ്മാ ശ്ലീഹായുടേയും സകല ശുദ്ധിമാന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ….. ഇത്യാദി.

എന്ന്, 1959 ഫെബ്രുവരി 25-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും.

POULOSE PHILOXINOS
METROPOLITAN
GETHSEMANE ASHRAM
PIRAMADAM
Mannathoor P. O.
Moovattupuzha
Kerala State, India

22-12-1958

പൗരസ്ത്യ കാതോലിക്കാ നി.വ.ദി.മ.ശ്രീ. മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിലേക്ക്.

സഭയില്‍ സമാധാനം ഇല്ലാതെ വളരെക്കാലം കഴിഞ്ഞ ശേഷം ദൈവകൃപയാല്‍ ഈ മാസം 16-ാം തീയതി അസമാധാനം അവസാനിപ്പിച്ച് യോജിക്കുന്നതിന് ഇടയായതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
സഭയുടെ ഭാവി കാര്യങ്ങള്‍ തിരുമനസ്സിലെ ആജ്ഞയിന്‍കീഴില്‍ ഭംഗിയായി നടക്കുമെന്നു വിശ്വസിക്കുന്നു. അവയുടെ നിവര്‍ത്തിക്ക് സഭയുടെ കാനോനാകളും, നടപ്പിലിരിക്കുന്ന ഭരണഘടനയും, അപ്പഴപ്പോള്‍ തിരുമേനി നല്‍കുന്ന നിര്‍ദ്ദേശങ്ങളും അനുസരിച്ച് എപ്പോഴും ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് അറിയിച്ചുകൊള്ളുന്നു.
കണ്ടനാടു ഭദ്രാസന ഇടവകയുടെ
പൗലോസ് പീലക്സീനോസ് മെത്രാപ്പോലീത്താ (ഒപ്പ്)

പൗലോസ് മാര്‍ പീലക്സിനോസിന്‍റെ പുത്തന്‍കാവ് അസോസിയേഷന്‍ പ്രസംഗം പൂര്‍ണ്ണരൂപം

“ഈ അവസരത്തില്‍ രണ്ടു വാക്കു പറവാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഈ സമാധാനത്തിനുവേണ്ടി ഞങ്ങള്‍ തീവ്രമായി പ്രാര്‍ത്ഥിക്കയും പ്രവര്‍ത്തിക്കയും ചെയ്തു. ദൈവം തിരുഹിതമായ അവസരത്തില്‍ ഞങ്ങള്‍ക്ക് ഒരുമിച്ചുകൂടിയിരുന്നു സഭയുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുവാന്‍ അവസരം കിട്ടി. പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തിന്‍റെ കൊടിക്കീഴില്‍ ആചന്ദ്രതാരം ഞങ്ങള്‍ അണിനിരക്കും. ഈ സിംഹാസനം എക്കാലവും ഇവിടെ നിലനില്ക്കും. അതില്‍ വാഴുന്ന പൊതുപിതാവിന്‍റെ നേതൃത്വത്തില്‍ യോജിച്ചു നിന്നു പ്രവര്‍ത്തിപ്പാന്‍ ദൈവം നമുക്കു സംഗതിയാക്കട്ടെ. വെറും രാഷ്ട്രീയമോ ലൗകികമോ ആയ കാര്യങ്ങളെ ഉദ്ദേശിച്ചല്ല ഞാന്‍ പറയുന്നത്. ഒരു പൊതുപിതാവിന്‍റെ നേതൃത്വത്തില്‍ ഒന്നിച്ചുനിന്ന് നമ്മുടെ കര്‍ത്താവിനെ സാക്ഷിക്കുവാന്‍ നമുക്ക് അവസരം കിട്ടിയിരിക്കുകയാണ്. ഭാരതത്തിലെ എല്ലാ സഭകളും ഈ പൊതുപിതാവിന്‍റെ നേതൃത്വത്തില്‍ അണിനിരക്കുന്നതിന് ഈ യോജിപ്പ് ആമുഖമായി പരിണമിക്കട്ടെ.

പരിശുദ്ധ കാതോലിക്കാ സിംഹാസനത്തിന്‍റെ തണലില്‍ മേല്പ്പട്ടക്കാരായ ഞങ്ങള്‍ കയ്യോടു കൈകോര്‍ത്തു പിടിച്ചുനിന്ന് പ്രവര്‍ത്തിക്കും. പ. അന്ത്യോഖ്യാ സിംഹാസനവുമായുള്ള സ്നേഹബന്ധവും പരസ്പരധാരണയും നമ്മില്‍ വര്‍ദ്ധിച്ചുവരട്ടെ. ഇനിയും ഭിന്നിച്ചു നില്ക്കുന്ന ഇന്‍ഡ്യയിലെ ഇതര സഭാവിഭാഗങ്ങളും പ. കാതോലിക്കാ സിംഹാസനത്തിന്‍കീഴില്‍ വന്നു നമ്മുടെ കര്‍ത്താവിനെ സാക്ഷിക്കുവാന്‍ ദൈവം സംഗതിയാക്കട്ടെ. നമ്മുടെ യോജിപ്പ് അതിനു വഴിതെളിക്കട്ടെ.”