വഴിതെറ്റിക്കാനുളള ശ്രമം അരുത്: ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പളളിതര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധി സുവ്യക്തവും സുതാര്യവുമായിരിക്കെ അത് തെറ്റായി വ്യാഖ്യാനിച്ച്  വിശ്വാസികളെ വഴിതെറ്റിക്കാനും സഭാ സമാധാനത്തിനുളള സാധ്യത ഇല്ലാതാക്കാനുമുളള ചില തല്പര കക്ഷികളുടെ കുത്സിതശ്രമം അപലപനീയമാണെന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്.  സുപ്രീം കോടതി വിധി പേജ് 272 , ക്ലോസ് 22 ഇപ്രകാരമാണ്  ” ڇ 1934 ലെ ഭരണഘടന മലങ്കര സഭാ വസ്തുക്കളിന്മേല്‍ ഇപ്പോഴുളളതോ ഭാവിയിലുണ്ടാകാവുന്നതോ ആയ നിക്ഷിപ്തമോ, യാദൃശ്ചികമോ ആയുളള ഏതെങ്കിലും അവകാശത്തെയോ, പദവിപ്പേരിനെയോ, താല്പര്യത്തെയോ ഉളവാക്കുകയോ, പ്രഖൃാപിക്കുകയോ ചുമതലപ്പെടുത്തുകയോ, പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ലാത്തതുകൊണ്ടും ഒരു ഭരണസംവിധാനം വ്യവസ്ഥ ചെയ്യുക മാത്രമാണ് എന്നതിനാലും അത് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലാത്തതാകുന്നു.  എന്തുതന്നെയായിരുന്നാലും മേല്പറഞ്ഞ കാരണങ്ങളാല്‍ തന്നെ രജിസ്റ്റര്‍ ചെയ്തു എന്നവകാശപ്പെടുന്ന ഉടമ്പടികള്‍ 1934 ലെ ഭരണഘടനയ്ക്ക് പകരമാകാവുന്നതല്ല. ڈ” ഇത്രയും സ്പഷ്ടമായ കാര്യം തെറ്റായി  തര്‍ജ്ജമ ചെയ്ത് അസത്യവും അബദ്ധജടിലവുമായ ലേഖനം പ്രസിദ്ധീകരിക്കുന്നത് (മംഗളം, എറണാകുളം പേജ് 3 , ജൂലൈ 8) മാധ്യമധര്‍മ്മത്തിന് ഒട്ടും ചേരുന്ന നടപടിയല്ല.
സുപ്രീം കോടതി വിധി മലങ്കര സഭയിലെ എല്ലാ പളളികള്‍ക്കും ബാധകമാണെന്ന് ബഹു. സുപ്രീം കോടതി സംശയാതീതമായി വിധിച്ചിരിക്കെ വിധിയുടെ ദുര്‍വ്യഖ്യാനം മൂലം സംശയത്തിന്‍റെ പുകമറ സൃഷ്ടിക്കാനുളള ഗൂഢ്രശ്രമം വിലപ്പോകുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സമാധാനത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു.