ചാറ്റിങ്ങി’ലെ ചതിക്കുഴിയുടെ ‘ടാഗു’മായി വൈദികന്റെ ഇരുപതാം ഹ്രസ്വചിത്രം

കൈയില്ലാത്ത ബ്ലൗസുമിട്ട് സഹോദരി നില്‍ക്കുന്ന ചിത്രം സഹോദരന്‍ ഫെയ്‌സ് ബുക്കിലിട്ടത് അവളെ ഒന്ന് പറ്റിക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട്, സൈബര്‍ലോകത്തെ കുടുക്കുകളിലേക്ക് സഹോദരി ‘ടാഗ്’ ചെയ്യപ്പെടുന്നത് അമ്പരപ്പോടെ നോക്കിനില്‍ക്കാനേ സഹോദരനുമായുള്ളൂ. അവളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറിമാറിവന്നു…….

എല്ലാം കൃത്രിമമായിരുന്നു. ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കാനാകാതെ പെണ്‍കുട്ടി തേങ്ങി. അവളുടെ സുഹൃത്തിന്റെ അച്ഛനായ പോലീസ് ഓഫീസര്‍ കേസ് അന്വേഷിച്ചു….അദ്ദേഹമാണ് പെണ്‍കുട്ടിയെ മരണത്തില്‍നിന്ന് രക്ഷിക്കുന്നത്.

ഒട്ടേറെ പേരുടെ ജീവിതം കശക്കിയെറിയുന്ന സൈബര്‍കുരുക്കിന്റെ കഥയാണ് ഫാ. വര്‍ഗീസ് ലാല്‍ സംവിധാനംചെയ്ത ‘ടാഗ്’ എന്ന ഹ്രസ്വചിത്രം. അദ്ദേഹത്തിന്റെ ഇരുപതാമത്തെ ഹ്രസ്വചിത്രംകൂടിയാണിത്. വിജയരാഘവന്‍, നീനാ കുറുപ്പ്, അഞ്ജു കുര്യന്‍ തുടങ്ങിയവര്‍ വേഷമിടുന്നു.എയ്ഡ്‌സ് രോഗികളെ പട്ടികളെപ്പോലെ ആട്ടിയോടിക്കുന്നതിനെതി രെയായിരുന്നു ആദ്യചിത്രം. ‘തേസ്റ്റ് ഫോര്‍ ലൈഫ്’ എന്ന ചിത്രം മേളകളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു.

കോട്ടയം പഴയ സെമിനാരിയിലായിരുന്നു പഠനം. തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അദ്ദേഹത്തെ ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ സിനിമാ ആന്‍ഡ് ടി.വി. എം.എ. പഠനത്തിന് അയച്ചു.

മൂന്നാംറാങ്കോടെയായിരുന്നു വിജയം. ദേവലോകത്ത് സഭയുടെ വെബ്‌സൈറ്റ് മാനേജരായി നിയമിതനായ അദ്ദേഹം, വീണ്ടും ഹ്രസ്വചിത്ര സംവിധായകനായി. വിവാഹമോചനത്തിനെതിരായി തയ്യാറാക്കിയ ‘ഭൂമിയില്‍ ഒരു സ്വര്‍ഗം’ കൂടുതല്‍ പ്രൊഫഷണല്‍ ടച്ചുള്ള ഒന്നായിരുന്നു.

വൈദികവൃത്തിക്കും സിനിമാസംവിധാനത്തിനും ഇടയില്‍ അച്ഛന്‍ പഠനം തുടരുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് എം.ഫില്‍ നേടി. ഇപ്പോള്‍ എം.ജി. സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകന്‍ ഡോ. ജോസ് കെ. മാനുവലിന്റെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തി വരികയാണ്. കൊട്ടാരക്കര പുത്തൂര്‍ വലിയപള്ളി ഇടവക അങ്ങവും, കൂട്ടാലുംവിള കുടുംബാംഗവുമായ ഇദ്ദേഹം ഇപ്പോള്‍ കോട്ടയം എസ്.എച്ച്. മൗണ്ടിലെ പൈങ്കിയില്‍ താമസിക്കുന്നു…….