മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം

fr-johnson-punchakkonam

മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജയുടെ തുകിലുണർത്തുപാട്ട് ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സർവ്വരെയും ഞെട്ടിച്ചുകളഞ്ഞു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിൽ വന്മരങ്ങൾ എന്ന് സ്വയം അഭിമാനിച്ചവർ കടപുഴുകി ഒഴുകിപ്പോയി. ഇളംകാറ്റല്ല വീശിയത്, മറിച്ചു മാറ്റത്തിന്റെ വൻകൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ് ചെയ്തത്. ഈ യാഥാർഥ്യം ഇനിയും നാം തിരിച്ചറിഞ്ഞ് സഭയുടെ നിലപാടുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ തയ്യാറായില്ലെങ്കിൽ മലങ്കര സഭക്ക് വലിയവില കൊടുക്കേണ്ടിവരും, മാത്രമല്ല വരും തലമുറയോട് ചെയ്യുന്നത് മഹാഅപരാധം കൂടിയായിരിക്കും അത്.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വൈദീക ട്രസ്റ്റിയായി ഫാ. ഡോ. എം. ഒ. ജോണ്‍, അൽമായ ട്രസ്റ്റിയായി ശ്രീ.ജോര്‍ജ് പോള്‍ എന്നിവരെ തിരഞ്ഞെടുത്തു. ഫാ. ഡോ. എം. ഒ.ജോൺ അച്ചന്റെ ഭൂരിപക്ഷം എതിർ സ്ഥാനാർഥി നേടിയ ആകെ വോട്ടുകളേക്കാൾ കൂടുതൽ. എതിരാളികളെ പോലും ഞെട്ടിച്ചുകൊണ്ട് ആകെ പോൾ ചെയ്ത 3666 വോട്ടുകളിൽ 2384 വോട്ടുകൾ നേടി. മലങ്കരസഭയിലെ ബഹുഭൂരിപക്ഷം വൈദീകരും, വിശ്വാസികളും കഴിഞ്ഞ കാലങ്ങളിൽ സഭാ നേതൃത്വം സ്വീകരിച്ച നിലപാടുകളിൽ അതൃപ്തരാണ് എന്നതാണ് ഈ ജനവിധി വിളിച്ചു പറയുന്നത്.

ബഹു. എം.ഓ.ജോൺ അച്ചൻ പരിശുദ്ധ സഭയിലെ വൈദീകസെമിനാരി ചരിത്രവിഭാഗം അധ്യാപകൻ ആയിരുന്നു. സഭാചരിത്ര-വിശ്വാസ പഠനങ്ങളിൽ അനേകം സംഭാവനകൾ നൽകിയ വൈദീക ശ്രേഷ്‌ഠനാണ് അദ്ദേഹം. മലങ്കര സഭയുടെ ചരിത്ര നാഴികകല്ലിൽ തീരാകളങ്കമായി മാറുന്ന തരത്തിലുള്ള അപമാനകഥകൾ എഴുതി പെരുപ്പിച്ച് നാടെങ്ങും പരത്തിവിട്ട് ദൈവീക പദ്ധതിക്ക് തുരങ്കം വയ്ക്കാൻ ശ്രമിച്ച സകലരോടും ദൈവം ക്ഷമിക്കട്ടെ എന്ന് മാത്രമേ പറയുവാനുള്ളു. മലങ്കര സഭയിൽ ഒരു സ്ഥാനത്തേക്ക് മത്സരിച്ചുപോയാൽ പിന്നെ അയാൾ എതിർസഭാപക്ഷക്കാരാണ്. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഇനി വിലപ്പോകില്ല. ഇത് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന് വാറോലനിർമ്മാതാക്കൾ ഓർത്താൽ നന്ന്. ചിലരെ ചിലപ്പോഴൊക്കെ കബളിപ്പിക്കുവാൻ സാധിക്കും. എന്നാൽ എല്ലാവരെയും എല്ലായിപ്പോഴും കബളിപ്പിക്കുവാൻ സാധിക്കില്ല എന്ന് ഈ തെരെഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നു. ഒരു വലിയ മനുഷ്യനെ, അദ്ദ്ദേഹത്തിന്റെ ദൈവവിളിയെ, വിദ്യാഭ്യാസത്തെ, നന്മകളെ ഉപയോഗപെടുത്തുവാൻ ശ്രമിക്കാതെ തെറ്റുകാരനെന്ന് മുദ്രകുത്തി വേട്ടയാടുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഇരുപതായി കഴിഞ്ഞു. മലങ്കര സഭയുടെ ഒരു മേലദ്ധ്യക്ഷൻ എന്ന സ്ഥാനത്തേക്ക് ഉയർത്തുവാൻ എന്തുകൊണ്ടും അദ്ദേഹത്തിന് അർഹതയുണ്ടായിരുന്നു. ഒരുപക്ഷെ ബഹു. ജോൺഅച്ഛന്റെ തുറന്ന നിലപാടുകൾ, സുവ്യക്തമായ അഭിപ്രായങ്ങൾ പലരുടേയും കണ്ണിൽ കരടാക്കി മാറ്റി. ഇന്ന് അൽപ്പം വൈകിയെങ്കിലും ദൈവാത്മാവ് മലങ്കരസഭയുടെ വൈദീക ട്രസ്റ്റീ സ്ഥാനത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചു ഉയർത്തിയിരിക്കുന്നു. പരിശുദ്ധ കാതോലിക്കാബാവായോടൊപ്പം മറ്റു പിതാക്കന്മാരോടും ചേർന്ന് നിന്നുകൊണ്ട് സഭയുടെ ഭിത്തിയെ ബലമായ് നിർത്തുവാൻ ബഹു. ജോൺഅച്ഛന്റെ പ്രവർത്തനം സഹായകമാവട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു പൊട്ടക്കുഴിയിൽ ഇട്ടു. യഹോവ യോസേഫിനോടുകൂടെ ഇരുന്നു, അവൻ ചെയ്തതൊക്കെയും സഫലമാക്കുകയാണ് ചെയ്തത്. പൊട്ടക്കുഴിയിൽ വലിച്ചെറിഞ്ഞ യോസേഫ് മിസ്രയീമിൽ മന്ത്രിയായി എന്നത് ഇവിടെ അർഥവത്താകുന്നു. ഒരിക്കൽ സ്വന്തമായതില്‍ നിന്നും, സ്വന്തക്കാരില്‍ നിന്നും തിരസ്ക്കരിക്കപ്പെട്ടവൻ, അന്യനാക്കപ്പെട്ടവൻ, സഹോദരങ്ങള്‍ യോസേഫിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് പുതിയൊരു തുടക്കത്തിന് വേണ്ടിയായിരുന്നു. ജോസഫ് എല്ലാം സഹിച്ചു, എല്ലാം മറന്നു, സഹോദരങ്ങളോട് ക്ഷമിച്ചു. ഈ സഹനം പുതിയൊരു സ്ഥാനത്തിനുള്ള ഒരുക്കമായിരുന്നു എന്ന് വേണം വിശ്വസിക്കുവാൻ. മഹത്വീകരണത്തിനുള്ള ഒരുക്കം. യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു;നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ. ഈ ശബ്ദമാണ് ഇപ്പോൾ ജോൺ അച്ഛന്റെ വിജയം നമ്മോടു വിളിച്ചറിയിക്കുന്നത്. ഇനിയും നാം പഠിച്ചില്ലെങ്കിൽ, പാഠങ്ങൾ ഉൾകൊള്ളാൻ തയ്യാറാകുന്നില്ലെങ്കിൽ അപകടം വ്യക്‌താക്കൾക്കല്ല മലങ്കരസഭക്കാണ് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം

ഇത് ദൈവീക നടത്തിപ്പ്. ഇനിയും നാം കണ്ണടച്ച് ഇരുട്ടാണെന്നു പറയുവാൻ ശ്രമിക്കരുത്. ഈ മാറ്റത്തിൽ സഭാ വിശ്വാസികൾ എല്ലാവരും ഒന്ന്ചേർന്ന് കഴിഞ്ഞു. ഇനി നമുക്ക് ഒരുമിച്ചു മുന്നേറാം. സഭയിലെ വൈദീകരും ജനങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. ഇത് അംഗീകരിക്കുവാനുള്ള വിവേകമാണ് സഭാ നേതൃത്വത്തിന് ഉണ്ടാകേണ്ടത്.
തള്ളിക്കളഞ്ഞ കല്ല് മൂലകല്ലായി എന്നത് ദൈവീക നീതി. ഇനിയെങ്കിലും എല്ലാം മറന്ന് അദ്ദേഹത്തെ മലങ്കരസഭ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തണം. സഭാചരിത്രവിഭാഗം പ്രൊഫസർ ബഹു. റ്റി ഐ വർഗ്ഗീസ് അച്ഛൻ അടുത്ത വർഷം റിട്ടയർ ചെയ്യുകയാണ്. കേവലം തെറ്റിദ്ധാരണയുടെ പേരിൽ വൈദീകസെമിനാരിയിൽ നിന്ന് രാജിവെക്കേണ്ടിവന്ന സഭാചരിത്രപണ്ഡിതൻ കൂടിയായ ബഹു. ജോണ്‍അച്ഛനെ വൈദീകസെമിനാരിയിൽ സഭാചരിത്രവിഭാഗം പ്രൊഫസർ ആയി നിയമിക്കണം. ബഹു.കോനാട്ട് അച്ഛൻ അടുത്ത വർഷം വൈദീക സെമിനാരി പ്രിൻസിപ്പാൾ ആവുകയാണ്. ഇവർ രണ്ടുപേരും ഒരുമിച്ചു വൈദീകസെമിനാരിയിൽ ഐക്യത്തോട് കൂടി
ഒരുമിച്ചു പ്രവർത്തിക്കുന്നത് കാണുവാനാണ് സഭയിലെ ഒട്ടുമിക്ക വൈദീകരും ആഗ്രഹിക്കുന്നത്. ആരെയും പുറത്താക്കുകയല്ല മറിച്ച് എല്ലാവരെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് സഭക്ക് നല്ലത്. അവിവാഹിതനായ ബഹു.ജോണ്‍ അച്ഛൻ ഇനി മുഴുവൻ സമയം മലങ്കര സഭക്കായി മാറ്റിവക്കണം. ദേവലോകം അരമനയിലോ, വൈദീക സെമിനാരിയിലോ വൈദീകട്രസ്റ്റിക്കു താമസസൗകര്യം ഒരുക്കണം. ബാന്ഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി പ്രൊഫസറായ അച്ഛൻ ആ ചുമതലയിൽ നിന്ന് ഒഴിയുകയും ഒപ്പം മലങ്കരദീപം മാസികയുടെ പ്രസിദ്ധീകരണം നിർത്തുവാൻ ബഹു. എം ഓ ജോൺ അച്ഛനും തയ്യാറാവണം എന്നത് മലങ്കര സഭാ മക്കളുടെ അഭിലാഷം കൂടിയാണ്.

“ഇനിയും പഠിച്ചില്ല ഞാൻ പാഠങ്ങൾ ഒന്നും
ഗ്രഹിച്ചില്ല ഞാൻ ഓലകളൊന്നും
അറിഞ്ഞില്ല ഞാൻ അറിവുകളൊന്നും
നേടിയില്ല ഞാൻ ഫലകങ്ങളൊന്നും”
എന്ന് വിലപിക്കുവാൻ ഇടവരാതിരിക്കട്ടെ