2017 മാര്‍ച്ച് 1-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ ഒരിക്കല്‍ കൂടി യോഗം ചേര്‍ന്നു. 2017-22 കാലത്തേക്കുള്ള മാനേജിംഗ് കമ്മിറ്റിയേയും വൈദിക-അവൈദിക ട്രസ്റ്റിമാരേയും തിരഞ്ഞെടുത്ത് 2002-ലെ സുപ്രീംകോടതി വിധിപ്രകാരമുള്ള ഉത്തരവാദിത്വം നിവര്‍ത്തിച്ചു. 4,000-ല്‍ അധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മതപാര്‍ലമെന്‍റും ക്രൈസ്തവ ജനാധിപത്യപ്രക്രിയയും കുറ്റമറ്റരീതിയില്‍ നടത്തുന്നതില്‍ സംഘാടകര്‍ വിജയിച്ചു എന്നതു നിസ്തര്‍ക്കമാണ്.
എന്നാല്‍ ഈ വിജയത്തിന്‍റെ ശോഭ കെടുത്തിയ ഒരു നടപടി പറയാതിരിക്കാന്‍ തരമില്ല. അത് യോഗത്തിനു ഒരാഴ്ച മുമ്പു കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും നിറച്ച ഫ്ളക്സുകളേയും ആര്‍ച്ചുകളേയും പറ്റിയാണ്. കോട്ടയം നഗരത്തിലെ ഇടറോഡുകളില്‍ പോലും ഉയര്‍ന്ന ഇവ പിന്നീട് കോട്ടയം ജില്ലാതിര്‍ത്തികള്‍ വരെ വ്യാപിച്ചു. ഇവയ്ക്കു മകുടം ചാര്‍ത്തിക്കൊണ്ട് എം.ഡി. സെമിനാരിക്കു മുമ്പില്‍ ദേശീയപാതയ്ക്കു മുകളില്‍ തികച്ചും നിയമവിരുദ്ധമായി തോരണവും കെട്ടി! യോഗം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ. പിതാവിന്‍റെ ചിത്രത്തോടു കൂടിയ ഫ്ളക്സുകള്‍ അംഗഭംഗം വന്നു പാതയോരത്തു കിടക്കുന്ന ദയനീയ കാഴ്ചയാണ് കോട്ടയത്തു ദൃശ്യമാവുന്നത്.
സംഘാടക കമ്മിറ്റി വച്ചവയ്ക്കു പുറമേ ട്രസ്റ്റി സ്ഥാനാര്‍ത്ഥികളുടെ വക വേറെയുമുണ്ട്. അത്മായ ട്രസ്റ്റി ജോര്‍ജ്ജ് പോളിന്‍റെ ജൈവ ഉല്പന്നങ്ങള്‍ കൊണ്ടുണ്ടാക്കി മാധ്യമശ്രദ്ധ (മാതൃഭൂമി, മംഗളം 1 മാര്‍ച്ച് 2017) പിടിച്ചുപറ്റിയ വേറിട്ട പരിസ്ഥിതി സൗഹൃദ ബോര്‍ഡുകള്‍ ഒഴികെ ബാക്കിയെല്ലാം പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍. ഇവ ആഴ്ച പിന്നിട്ടിട്ടും നഗരത്തില്‍ കൂടിക്കിടക്കുന്നു.
നിയമലംഘനം കൂടാതെ മൂന്നു കാരണങ്ങള്‍ കൊണ്ട് ഇത് തികച്ചും അപലപനീയമാണ്. ഒന്നാമതായി, ഇവ പ്രകൃതിക്കു വരുത്തുന്ന ആഘാതം തന്നെ. പ. സഭ, പ്ലാസ്റ്റിക്ക് രഹിത – പരിസ്ഥിതി സൗഹൃദ – ഹരിത പ്രാന്തങ്ങള്‍ പള്ളികളിലും സഭാസ്ഥാപനങ്ങളിലും വളര്‍ത്തിയെടുക്കാന്‍ ആഹ്വാനം ചെയ്യുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുമ്പോള്‍ സഭയുടെ അത്യുന്നത പാര്‍ലമെന്‍റ് വേദിയും പരിസരവും അതിനു വിപരീതമായി പ്ലാസ്റ്റിക്ക് കൊണ്ട് നിറച്ചത് തികച്ചും പ്രതിഷേധാര്‍ഹമാണ്. പരുമലയിലും പരിസരത്തും പ. ദിദിമോസ് ബാവാ പ്ലാസ്റ്റിക്ക് നിരോധിച്ച വിവരം പരുമല സെമിനാരിയില്‍ ഫ്ളക്സ് കെട്ടി അറിയിച്ച വീരന്മാരില്‍നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ട എന്നു സമാധാനിക്കാം.
രണ്ടാമതായി, ഇത് അനാവശ്യമാണ്. ആളു വിളിച്ചുകൂട്ടി നടത്തുന്ന മഹാസമ്മേളനമോ മെത്രാന്‍ സ്ഥാനാഭിഷേകമോ അല്ല മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വൈദിക-അവൈദിക പ്രതിനിധികള്‍ മാത്രം സമ്മേളിക്കുന്ന ഒരു സ്വകാര്യ യോഗമാണ്. അസോസിയേഷന്‍ അംഗങ്ങള്‍ക്കും വോളന്‍റിയര്‍മാര്‍ക്കും മാത്രമാണ് അവിടെ പ്രവേശനം. അവര്‍ മാത്രമാണ് അവിടെ പ്രവേശിക്കുന്നത് എന്നുറപ്പുവരുത്താന്‍ വിവിധ കടമ്പകളാണ് വാതായനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ആ സാഹചര്യത്തില്‍ ഇത്തരമൊരു പരസ്യ കോലാഹലം തികച്ചും അസ്ഥാനത്താണ്. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പതിവു സമ്മേളനത്തിനു പരസ്യം കൊടുക്കുന്നതുപോലുള്ള പ്രവര്‍ത്തിയായിപ്പോയി ഇത്. തികച്ചും അപഹാസ്യം.
മൂന്നാമതായി, ഈ പരസ്യ കോലാഹലത്തിന്‍റെ ഭീമമായ പാഴ്ചിലവ്. ലക്ഷക്കണക്കിനു രൂപയുടെ ഫ്ളക്സും ആര്‍ച്ചുകളുമാണ് വാരി വിതറിയത്. ഇവ മുഴുവന്‍ സ്പോണ്‍സേര്‍ഡ് ആയിരുന്നു; സഭയ്ക്ക് ചിലവൊന്നും വന്നില്ല എന്നു എതിര്‍വാദം ഉന്നയിച്ചേക്കാം. അതിനര്‍ത്ഥമില്ല. കാരണം പാഴ്ചിലവ് എപ്പോഴും പാഴ്ചിലവ് തന്നെയാണ്. അത് ആരുടെ പോക്കറ്റില്‍നിന്നു പോയാലും.
ആര്‍ക്കുവേണ്ടിയായിരുന്നു ഈ കെട്ടുകാഴ്ച? ചിലര്‍ ആരോപിക്കുന്നതുപോലെ കമ്മീഷനാണോ മുമ്പെങ്ങും ഇല്ലാത്തവിധം നടത്തിയ ഈ പരസ്യമാമാങ്കത്തിന്‍റെ പ്രേരക ശക്തി? അതോ ഒരു സ്ഥാനാര്‍ത്ഥിക്ക് കണ്ണായ സ്ഥാനങ്ങളില്‍ സ്പോണ്‍സര്‍ എന്ന നിലയില്‍ തന്‍റെ ചിത്രം സൗകര്യപ്രദമായി പ്രദര്‍ശിപ്പിക്കാന്‍ ഒരുക്കിയ തന്ത്രമോ? ഏതായാലും തികച്ചു ഔചിത്യരഹിതമായ ഒരു പ്രവര്‍ത്തി ആയിപ്പോയി ഇതെന്നു പറയാതെ തരമില്ല.
2017 മാര്‍ച്ച് അസോസിയേഷന്‍ യോഗത്തെപ്പറ്റി ചില കോണുകളില്‍ ഉയര്‍ന്ന വിചിത്രമായ ഒരു ആരോപണമുണ്ട്. വലിയ നോമ്പില്‍ ചതുര്‍വിഭവ സദ്യ നല്‍കി എന്ന്! ഈ വിമര്‍ശനം ഒരുതരം കപടഭക്തിയാണ്. ഇതിനു മുമ്പും നോമ്പുകളില്‍ അസോസിയേഷന്‍ നടത്തിയിട്ടുണ്ട്. അന്നൊക്കെയും ഇക്കൊല്ലത്തെപ്പോലെതന്നെ സമ്പൂര്‍ണ്ണ സസ്യാഹാരമായ സദ്യയും പ്രതിനിധികള്‍ക്കു നല്‍കിയിട്ടുണ്ട്. ലോകമെങ്ങുമുള്ള മലങ്കര നസ്രാണികളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വിളിച്ചുകൂട്ടിയ മലങ്കരമെത്രാപ്പോലീത്താ അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്. അപ്പന്‍ മക്കളെ വിളിച്ചുവരുത്തി സ്നേഹപൂര്‍വം നല്‍കുന്ന ഭക്ഷണം മോശമാക്കാനാവില്ലല്ലോ? ഇതില്‍ സഭാവിരുദ്ധമായി ഒന്നുമില്ല. കാരണം നോമ്പില്‍ മുപ്പത് അടിയന്തിരമോ ആണ്ടുചാത്തമോ വന്നാല്‍ പൂര്‍ണ്ണമായും സസ്യാഹാരത്തോടുകൂടിയ സദ്യ നല്‍കുന്നത് നസ്രാണിയുടെ പാരമ്പര്യമാണ്. അതിഭക്തി പ്രകടനം കപടഭക്തിയുടെ ഏറ്റവും വലിയ ലക്ഷണമാണെന്ന പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നിഗമനമാണ് ഈ വിമര്‍ശകര്‍ക്കുള്ള മറുപടി.