പരിശുദ്ധിയുടെ പുനര്‍വായന: മാര്‍ അല്‍വാറിയോസ് പഠിപ്പിച്ച പാഠങ്ങള്‍ / എം. തോമസ് കുറിയാക്കോസ്

Alvares Mar Julius
ഓര്‍ത്തഡോക്സ് വിശ്വാസിയുടെ പ്രാര്‍ത്ഥനാക്രമത്തില്‍ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നിടത്ത് “നിന്‍റെ ആടുകളെ പിടിച്ച് ചിന്തുവാന്‍ ആഗ്രഹിക്കുന്നവരായി കുഞ്ഞാടുകളുടെ വേഷം ധരിച്ച ചെന്നായ്ക്കളെ നശിപ്പിക്കാനുള്ള വായും നാവും പ്രാപ്തിയും അവര്‍ക്കു കൊടുക്കണമെ” എന്നു കാണാം. വൈദികവൃത്തി എന്നത് കേവലം സുവിശേഷ പ്രസംഗങ്ങള്‍ നടത്താനും, പ്രാര്‍ത്ഥനായോഗങ്ങള്‍ക്ക് അദ്ധ്യക്ഷം വഹിക്കാനും വി. കുര്‍ബ്ബാന ചൊല്ലുവാനും മാത്രമുള്ള ഒരു തിരഞ്ഞെടുപ്പല്ല. മറിച്ച് വ്യക്തമായ സാമൂഹിക വീക്ഷണത്തോടുകൂടി എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാനും തോലുരിക്കേണ്ടതിനെ തോലുരിച്ചും കാട്ടാനുമുള്ള കര്‍ത്തവ്യം കൂടിയാണ്.

ആദിമസഭയില്‍ പൗരോഹിത്യം ഒരു തിരുത്തല്‍ ശക്തികൂടി ആയിരുന്നു. വര്‍ദ്ധിക്കുന്ന സുഖലോലുപതകള്‍ക്കെതിരായി ശബ്ദമുയര്‍ത്തിയ സന്യാസിമാരും, പ്രകടമായ ധൂര്‍ത്തും പ്രകടമായ ക്രൈസ്തവതയുള്ളവരുടെ കൊട്ടാരങ്ങളിലേക്ക് വിമര്‍ശനശരം എയ്ത മാര്‍ ഈവാനിയോസും, ലാളിത്വത്തിന്‍റെ പരുക്കന്‍ വസ്ത്രങ്ങള്‍ അണിഞ്ഞപ്പോഴും ഘനഗംഭീര നിലപാടുകളെടുത്ത മാര്‍ ബസേലിയോസും ഈ ഗണത്തില്‍ ഉല്‍പ്പെട്ടവരായിരുന്നു. ഈ ആദിമപിതാക്കളുടെ ആത്മാവുമായി ഭാരതത്തില്‍ വന്നുപിറന്ന മാണിക്യമായിരിന്നു Antonio Francisco Xavier Alvaris പാദ്രി എന്ന ഇന്ത്യയുടെയും ലങ്കയുടെയും ഗോവയുടെയും മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ.

മഹാപിതാക്കന്മാരുടെ ആത്മീയതയെ കീറിമുറിച്ചു വിചിന്തനം ചെയ്യുവാനുള്ള യോഗ്യതയോ ശേഷിയോ എനിക്കില്ല. വേദപുസ്തക വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ആത്മീയതക്ക് ബലം നല്‍കുവാനും ഇവിടെ മുതിരുന്നില്ല. മാര്‍ യൂലീയോസിന് അതിന്‍റെ ആവശ്യവുമില്ല. മറിച്ച് ആ പരിശുദ്ധന്‍റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അദ്ദേഹത്തിന്‍റെ ആനുകാലിക പ്രസക്തിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതായും കൂടുതല്‍ ഉചിതം.
പോര്‍ട്ടുഗീസ് രാജാവിന്‍റെ “ദൈവത്തെ ഭയന്ന്” കയ്യില്‍ കിട്ടിയ ദേവതാ രൂപങ്ങളുമായി നാടുവിടേണ്ടിവന്നവരുടെ നാട്ടിലെ സ്വാതന്ത്ര്യദാഹം മനസ്സിലാക്കാന്‍ ഒരു പക്ഷെ ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന നമുക്ക് സാധിച്ചേക്കില്ല. സ്വത്വത്തെയും സംസ്കാരത്തെയും കുറിച്ച് ഊറ്റം കൊള്ളുമ്പോഴും മറ്റൊരുവന്‍റെ സംസ്കാരത്തെ മനസിലാക്കാനോ അംഗീകരിക്കാനോ നാം തയ്യാറായില്ല എന്നും വരാം. നമ്മുടെ അഹങ്കാരത്തിന്‍റെ ഈ താന്‍പോരിമ ഉരിഞ്ഞു കളയാതെ മാര്‍ അല്‍വാറീസിനെ മനസിലാക്കുക ബുദ്ധിമുട്ടായിരിക്കും.

ലോകം മുഴുവന്‍ വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യന്‍ ബലി നല്‍കപ്പെടുന്ന, ആഗോളവല്‍ക്കരണത്തിന്‍റെ പേരില്‍ പൈതൃകങ്ങള്‍ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന, ഈ കാലഘട്ടത്തില്‍ മുമ്പെന്നത്തേക്കാളുമധികം മാര്‍ അല്‍വാറീസ് ചരിത്രപരമായി പ്രസക്തനാകുന്നു. പ്രത്യേകിച്ചും പൗരസ്ത്യ ചരിത്ര/സംസ്ക്കാര വിദ്യാര്‍ത്ഥികള്‍ക്ക്
ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ സേവകരാകണമെന്നും. മനുഷ്യരെ കേള്‍ക്കാന്‍ മനസ്സില്ലാത്തവര്‍ ഭരിക്കാന്‍ പോകരുത് എന്നും അദ്ദേഹം എഴുതി. ഭരിക്കുന്നത് തമ്പുരാനായാലും പാപ്പയായാലും ജനങ്ങള്‍ക്ക് ദോഷം ചെയ്യുന്നവര്‍ ചോദ്യം ചെയ്യപ്പെടണം എന്ന് താന്‍ ഉറച്ചു വിശ്വസിച്ചു. ക്രിസ്തുവിന്‍റെയോ സഭയുടെയോ പേരിലായാലും, കുപ്പായത്തിന്‍റെയോ വിശ്വാസസംഹിതകളുടെയോ പിന്‍ബലമുണ്ടെങ്കിലും തെറ്റുകാട്ടുന്നവര്‍ എതിര്‍ക്കപ്പെടണം എന്നു താന്‍ ഉദ്ബോധിപ്പിച്ചു. “സംഘര്‍ഷങ്ങളൊഴിവാക്കാന്‍” അധികാരികള്‍ക്ക് അപ്രിയരാകാതിരിക്കാന്‍ മൗനം ദീക്ഷിക്കുന്നവരോട് വായതുറന്നു മിണ്ടാന്‍ പറഞ്ഞതാണ് മാര്‍ അല്‍വാറീസ് പഠിപ്പിച്ച ഒന്നാമത്തെ പാഠം.

മാര്‍ അല്‍വാറീസ് തന്‍റെ അടിസ്ഥാന വിശ്വാസപ്രമാണത്തെ ഒരിക്കലും തള്ളിപ്പറഞ്ഞില്ല. എന്നാല്‍ കാലഘട്ടത്തിനും ചരിത്രപരമായ ആവശ്യഗതകള്‍ക്കുമനുസരിച്ച് തന്‍റെ പ്രവര്‍ത്തനശൈലിയില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തുവാനും തന്‍റെ സ്വന്തം നിലപാടുകള്‍ പോലും തെറ്റെന്നംഗീകരിക്കുവാനും താന്‍ തയ്യാറായിരുന്നു. തന്‍റെ ക്രൈസ്തവതയിലും സംസ്കാരത്തിലും നിലപാടുകളിലും ഉറച്ചുനില്‍ക്കുകയും അഭിമാനിക്കുകയും ചെയ്തപ്പോഴും, പാപ്പാമതംവിട്ട് ഓര്‍ത്തഡോക്സി സ്വീകരിക്കുകയും, Political Absolutism  വിട്ട് ലിബറലിസത്തിന്‍റെ ഭാഷയില്‍ സംസാരിച്ചു തുടങ്ങുകയും ചെയ്തതുവഴി ബാഹ്യ പ്രതീകങ്ങളെക്കാള്‍ ആന്തരീക അര്‍ത്ഥതലങ്ങള്‍ക്കും അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍ക്കുമാണ് പ്രാധാന്യം എന്നും, തെറ്റു മനസ്സിലാക്കി തിരുത്തുന്നിടത്താണ് മനുഷ്യത്വത്തിന്‍റെ സത്തയെന്നും അദ്ദേഹം പറയാതെ പറഞ്ഞുവച്ചു. മാര്‍ അല്‍വാറീസ് തന്‍റെ വിശ്വാസമോ പാരമ്പര്യമോ അല്ല തള്ളിപ്പറഞ്ഞത്, അവയുടെ പേരില്‍ നടക്കുന്ന യൂറോപ്യന്‍വല്‍ക്കരണത്തെയും സ്വാതന്ത്ര്യധ്വംസനത്തേയും ദുര്‍ഭരണത്തെയുമാണ്. ലക്ഷ്യത്തോടൊപ്പം തന്നെ ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തിനും പ്രാധാന്യമുണ്ട് എന്നു മാര്‍ അല്‍വാറീസ് കാട്ടിത്തന്നു. വിശ്വാസസംഹിതകള്‍ കൊലക്കളമാകുന്ന ഇന്നത്തെ ലോകത്തില്‍ ഇതിനാല്‍ത്തന്നെ മാര്‍ അല്‍വാറീസിന് അതീവപ്രാധാന്യം ഉണ്ടാകുന്നു.

ജനിച്ച നാടിനോടും, വളര്‍ന്ന സംസ്കാരത്തോടും, കൂടെനടക്കുന്ന ജനങ്ങളോടും എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട് എന്ന് താന്‍ ഉറച്ചു വിശ്വസിച്ചു. ഗോവയെ ജീവനോടു തുല്യം സ്നേഹിച്ച മാര്‍ അല്‍വാറീസ് അവിടെ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിക്കുകയും, കുട്ടികളെ ഫ്രഞ്ച് പഠിപ്പിക്കുകയും ചെയ്തതിനൊപ്പംതന്നെ എല്ലാവരും കൊങ്കിണി പഠിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വാചാലനുമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരു വിപ്ലവകാരി ആയിരുന്ന മാര്‍ അല്‍വാറീസ് ഗോവക്കാരോട് എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കാന്‍വേണ്ടി അവരുടെ ഭക്ഷണശീലവും കൃഷിരീതിയും പരിഷ്കരിക്കുവാനും, വീഞ്ഞിനോടും ഇറക്കുമതി ചെയ്ത ഭക്ഷണത്തിനോടുമുള്ള അത്യാസക്തി ഉപേക്ഷിക്കുവാനും, കപട ആത്മീയതയും പ്രകടനപരതയും പെരുന്നാളുകളുടെ പേരിലുള്ള പാഴ്ചിലവുകളും ഇല്ലാതാക്കാനും ആഹ്വാനം ചെയ്തു.

തന്നെ വിശ്വസിച്ചു കൂടെനിന്നവര്‍ക്ക് ഭക്ഷണത്തിനായി പഴകിപ്പറിഞ്ഞ കാസക്കും ധരിച്ച് കൈയ്യില്‍ ഭിക്ഷാപാത്രവുമായി ഇരക്കേണ്ടിവന്ന മാര്‍ അല്‍വാറീസ് മെത്രാപ്പോലീത്ത നമ്മെ പഠിപ്പിക്കുന്ന മൂന്നാമത്തെ പാഠം എല്ലാ വ്യക്തിത്വബോധങ്ങളും ആത്യന്തികമായി ലക്ഷ്യം വെക്കേണ്ടത് സമത്വമാണെന്നും അതിന് നാമൊക്കെ ചില ആഡംബരങ്ങള്‍ വേണ്ടായെന്നുവെക്കേണ്ടിവരും എന്ന വളരെ പഴയ – എന്നാല്‍ നാം എല്ലാവരും മറന്നു തുടങ്ങിയ – ഒരാശയമാണ്.

മാര്‍ അല്‍വാറീസ് പഠിപ്പിക്കുന്ന നാലാമത്തെ പാഠം ഒരു വൈദികന്‍ തനിക്കോ സഭക്കോ ഉള്ളവനല്ല സമൂഹത്തിനുള്ളവനാണ് എന്നതാണ്. ഭക്ഷണത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചും മാര്‍ അല്‍വാറീസ് എഴുതി. അവക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി. കോളറ പടര്‍ന്നുപിടിച്ച കാലത്ത് വീടുകളില്‍ പോയി

ോഗികളെ ശുശ്രൂഷിച്ചു. അനാഥരെ കബറടക്കി. ഗോവയിലെ അനുഭവങ്ങള്‍വച്ച് ശ്രീലങ്കയ്ക്കുവേണ്ടി കോളറ വന്നാല്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എഴുതി. എഴുത്തും, പറച്ചിലും പ്രവര്‍ത്തനത്തോടു കൂടിയാകണം എന്ന് അദ്ദേഹം കാട്ടിക്കൊടുത്തു.

ഒരു പൗരസ്ത്യ ചരിത്ര പഠിതാവിന് അല്ലെങ്കില്‍ സംസ്ക്കാരങ്ങളെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മാര്‍ അല്‍വാറീസ് ഒരു പാഠപുസ്തകമാണ്. സ്വന്തം പൈതൃകങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ഏങ്ങനെ അന്താരാഷ്ട്ര പൗരനായി വര്‍ത്തിക്കാം എന്ന ആധുനിക ലോക രാഷ്ട്രീയത്തിലെ കടങ്കഥയുടെ ജീവിച്ചിരുന്ന ഉത്തരമായിരുന്നു അദ്ദേഹം. ഗോവാ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഗാന്ധിജിയോടു കിടപിടിക്കുന്ന ഒരു മഹാന്‍.
ഒരു മലങ്കര നസ്രാണിയെ സംബന്ധിച്ചിടത്തോളം തിരിച്ചറിവുകളിലേക്കുള്ള വാതിലാണ് മാര്‍ യൂലിയോസിന്‍റെ ഓര്‍മ്മ. എല്ലാ സംസ്ക്കാരങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് അതിനോടൊപ്പം വളരാനുള്ള ഓര്‍ത്തഡോക്സിയുടെ വിശാലതയാണ് അദ്ദേഹത്തെ “നമ്മിലൊരാള്‍” ആക്കിയത്. ഇന്നു മലങ്കര നസ്രാണിക്കു കൈമോശം വരുന്നതും അതുതന്നെയാണ്. കൈമോശം വന്നുപോകുന്ന നന്മകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് നമുക്ക് അല്‍വാറീസ് മാര്‍ യൂലീയോസ്.