സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ  58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും

bahrain_church

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലെ മാത്യ ദേവാലയമായി പരിലസിക്കുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും 2016 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള തീയതികളില്‍ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആയിരിക്കും പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്. ഒക്ടോബര്‍ 1,3,4,6 തീയതികളില്‍ നടക്കുന്ന വാര്‍ഷിക കണ്വ്വന്‍ഷനില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും ശാലോം ടെലിവിഷന്‍ സം പ്രേഷണം ചെയ്യുന്ന “ദിവ്യ സന്ദേശം” എന്ന പരിപാടിയിലൂടെ സുപരിചതനായ റവ. ഫാദര്‍ ടൈറ്റസ് ജോണ്‍ തലവൂര്‍ വചന ശുശ്രൂഷ നടത്തും.
 സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച്ച രാവിലെ 6:30 മുതല്‍ പ്രഭാത നമസ്കാരവും, വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ പെരുന്നാള്‍ കൊടിയേറ്റും നടക്കും. ഒക്ടോബര്‍ 2,5,8 തീയതികളില്‍ വൈകിട്ട് 6:15 മുതല്‍ സന്ധ്യ നമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ മദ്ധ്യസ്ത പ്രാര്‍ത്ഥനയും, 7ന്‌ രാവിലെ 7:00 മണി മുതല്‍ പ്രഭാത നമസ്കാരവും, വിശുദ്ധ കുര്‍ബ്ബാനയും നടക്കും. പെരുന്നാളിന്റെ പ്രധാന ദിനങ്ങളായ 9 ന്‌ വൈകിട്ട്  7:00 മണിക്ക് സന്ധ്യ നമസ്കാരവും പ്രദക്ഷിണവും ആശീര്‍വാദവും, 10 തിങ്കളാഴ്ച്ച വൈകിട്ട് 6:15 മുതല്‍ സന്ധ്യ നമസ്കാരവും 7:00 ന്‌ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ “വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന” ശ്ലൈഹീക വാഴ്വ്‌, കൊടിയിറക്ക് എന്നിവ നടക്കും.
 ഈ വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയായവരെ പൊന്നാട നല്‍കി ആദരിക്കുന്ന ചടങ്ങും,  2015 -ലെ ആദ്യഫലപ്പെരുന്നാളില്‍ വിവിധ കമ്മിറ്റികളിലും മേഘലകളിലും കഴിവ് തെളിയിച്ചവരെ സമ്മാനങ്ങള്‍ നല്‍കി അനുമോദിക്കുന്ന ചടങ്ങും നടക്കും എന്ന്‌ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യൂ എന്നിവര്‍ അറിയിച്ചു.