മദ്യനയം – ഓർത്തഡോക്സ് സഭ സർക്കാരിനൊപ്പം: പ. പിതാവ്

bava_press_meet

അബുദാബി: നിലവിലുള്ള മദ്യനയത്തിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയാൽ ഓർത്തഡോക്സ് സഭ പുതിയ നയങ്ങൾക്കൊപ്പമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമ പൗലോസ് ദ്വിദീയൻ ബാവ.

ഒരു ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ ബാവാ അബുദാബിയിൽ വാർത്താലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.

ജനങ്ങൾക്ക് ദോഷകരമായ കാര്യങ്ങളെ ദോഷകരമെന്നു തന്നെ പറയും. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്, എന്നാൽ സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യും. ദീപിക പ്രതിനിധിയുടെ ചോദ്യത്തിന് ഉത്തരമായി ബാവ പറഞ്ഞു.

ആര് മുഖ്യമന്ത്രിയായി ഇരിക്കുന്നു എന്നതല്ല സഭക്ക് നീതി ലഭ്യമാകുന്നുവോ എന്നതാണ് സഭ പരിഗണിക്കുന്ന മാനദണ്ഡം. സഭക്ക് അർഹിക്കുന്ന നീതി ലഭ്യമാകണം. ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പിലാക്കപ്പെടണം.

വ്യവഹാരങ്ങളിൽ തീർപ്പുണ്ടാക്കുന്ന നിയമസംവിധാനങ്ങളിൽ വിശ്വാസമാണ്. നിയമ സംവിധാനങ്ങളെ മാനിക്കുന്ന നിലപാടാണ് ക്രൈസ്തവർക്കുള്ളത്. നിയമങ്ങളെ വെല്ലുവിളിക്കാനുള്ള അഭ്യസനം ക്രൈസ്തവ സഭ നൽകാറില്ല. നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ മറ്റു മാർഗങ്ങൾ തേടാമെന്ന്, സഭാതർക്കങ്ങൾ കോടതിക്ക് പുറത്തു പരിഹരിക്കുന്നതിനുള്ള സാധ്യതകൾ തേടാത്തതെന്തന്ന ചോദ്യത്തിന് മറുപടിയായി ബാവ പറഞ്ഞു.

ഇന്ത്യയിൽ നിലവിൽ നിൽക്കുന്ന രാഷ്ര്‌ടീയ പരിതസ്‌ഥിതിയിൽ സഭക്ക് യാതൊരു വെല്ലുവിളികളും ഉണ്ടായിട്ടില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ബാവ പറഞ്ഞു.

സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ

വട്ടശേരിൽ തിരുമേനിയുടെ തിരുശേഷിപ്പ് അലൈൻ ഓർത്തഡോക്സ് പള്ളിയിൽ സ്‌ഥാപിക്കുന്ന ശുശ്രൂഷക്ക് നേതൃത്വം നൽകാനാണ് ബസേലിയസ് ബാവ യുഎഇയിൽ എത്തിയത്.

വാർത്താസമ്മേളനത്തിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദെമെത്രിയോസും പങ്കെടുത്തു.

Source