വളച്ചൊടിക്കപ്പെട്ട ചരിത്രം കൃത്യതയോടെ സമൂഹത്തെ ബോധ്യപ്പെടുത്താനും സ്വയം തിരിച്ചറിയാനും കഴിയണമെന്ന്: ഡോ. ഗീവർഗീസ് മാർ യൂലിയോസ്
കുന്നംകുളം : വിദേശ ആത്മീയ മേൽക്കോയ്മയെ തള്ളിപറഞ്ഞ് ആർത്താറ്റ് പള്ളിയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഏതാനും പിതാക്കന്മാർ ചേർന്ന് എഴുതി തയാറാക്കി ഒപ്പിട്ട രേഖയായ ആർത്താറ്റ് പടിയോലയെക്കുറിച്ചു പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് ഒന്നാമന്റെ ചരമ ദ്വിശതാബ്ദിയോടനുബന്ധിച്ചു സെമിനാർ നടത്തി. ആസൂത്രണ ബോർഡ് അംഗം സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. മുറിയാത്ത കണ്ണികളുള്ള ചരിത്രമാണു കേരള ക്രിസ്തീയ സഭാചരിത്രമെന്നും അതിൽ കഥകളിൽനിന്നു ചരിത്രത്തിലേക്കുള്ള യാത്രയിൽ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖയാണ് ആർത്താറ്റ് പടിയോല എന്നും ജോൺ പറഞ്ഞു. വളച്ചൊടിക്കപ്പെട്ട ചരിത്രം കൃത്യതയോടെ സമൂഹത്തെ ബോധ്യപ്പെടുത്താനും സ്വയം തിരിച്ചറിയാനും കഴിയണമെന്ന് അധ്യക്ഷനായിരുന്നു ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഓർമിപ്പിച്ചു.
മാർ തോമ ശ്ലീഹായുടെ പാരമ്പര്യമുള്ള ക്രിസ്ത്യാനികളുടെ സ്വത്വം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പരിശ്രമമായിരുന്നു മട്ടാഞ്ചേരിയിലെ കൂനൻകുരിശ് സത്യം. ഇതു ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. കൂനൻകുരിശ് സത്യം പോർച്ചുഗീസ്, റോമ ആധിപത്യത്തിനു എതിരായിരുന്നുവെങ്കിൽ മുഴുവൻ വിദേശ മേൽക്കോയ്മയെയും തള്ളുന്ന പ്രഖ്യാപനമാണ് ആർത്താറ്റ് പടിയോല എന്നു ഡോ. കുര്യൻ തോമസ് അഭിപ്രായപ്പെട്ടു. 1946ൽ വീണ്ടെടുത്ത പടിയോല പാലിയത്തച്ചന്മാരുടെ തറവാട്ടിലാണു കണ്ടെത്തിയത്.
ആലുവ യുസി കോളജ് പ്രഫസർ ജോണപ്പയുടെ കൈവശം എത്തിയ ഇതു റവ. ഡോ. ജോസഫ് ചീരൻ മുഖാന്തിരം പി.സി. മാത്യു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ഏൽപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. ജോണപ്പ ബാവായ്ക്ക് സമർപ്പിച്ച നാലു സെന്റിമീറ്റർ വീതിയും 56.5 സെന്റിമീറ്റർ നീളവുമുള്ള ഈ ചരിത്രരേഖ സഭ ആസ്ഥാനത്തു സൂക്ഷിക്കുന്നു. സെമിനാറിൽ പി.സി. മാത്യു, ഫാ. വി.എം. ശാമുവേൽ എന്നിവരും പ്രസംഗിച്ചു