വിശപ്പിന്റെ വിളികളുമായുള്ള കാഴ്ചകള്‍

chennai_mosc chennai_mosc_priest chennai_mosc_priest1

ചെന്നൈയിലെ പ്രളയ ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കുന്നംകുളത്തുനിന്നും യാത്ര തിരിച്ച വൈദികനും സുഹൃത്തുക്കള്‍ക്കും വിശപ്പിന്റെ വിളികളുമായുള്ള കാഴ്ചകള്‍

തോരാമഴക്കിടയില്‍ ഭക്ഷണത്തിനായി തിക്കും തിരക്കും. ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള പരാക്രമങ്ങള്‍. കനത്ത മഴയിലും വാഹനമെത്താത്തിടത്ത് തലച്ചുമടായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചപ്പോള്‍ കണ്ടത് കരളലിയിപ്പിക്കുന്ന ദൃശ്യം. ചെന്നൈയിലെ പ്രളയ ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കുന്നംകുളത്തുനിന്നും യാത്ര തിരിച്ച വൈദികനും സുഹൃത്തുക്കള്‍ക്കും വിശപ്പിന്റെ വിളികളുമായുള്ള കാഴ്ചകള്‍ മനസ്സില്‍നിന്നും മായുന്നില്ല. കുന്നംകുളം ബഥനി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ പ്രധാനാധ്യാപകനും ഫോട്ടോഗ്രാഫറുമായ ഫാ. പത്രോസ്, സുഹൃത്തുംഫോട്ടോഗ്രാഫറുമായ മനൂപ് ചന്ദ്രന്‍, വിഷ്ണുജിത്ത് എന്നിവരാണ് ഒരു വണ്ടി നിറയെ ഭക്ഷണ സാധനങ്ങളും കുടിവെള്ളവുമായി ദുരന്ത ഭൂമിയിലെത്തിയത്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ട് കിടക്കുന്നു. 40 അടിയോളം ഉയരമുള്ള പാലങ്ങള്‍ കരകവിഞ്ഞാണ് ഒഴുകിയത്. സഹായമെത്തിക്കുന്ന പ്രവര്‍ത്തകരെ നിര്‍വീര്യമാക്കും വിധമാണ് പൊലീസും എഐഎഡിഎംകെ പ്രവര്‍ത്തകരും പെരുമാറിയതെന്ന് ഇവര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ എത്തിക്കുന്ന സഹായങ്ങള്‍ ക്യാമ്പിലെത്തിക്കാതെ വില്‍പ്പന നടത്തുന്നതായി വ്യാപക ആക്ഷേപമുണ്ട്. ഇതോടെയാണ് ആവശ്യ വസ്തുക്കള്‍ നേരിട്ടെത്തിക്കാനുള്ള ശ്രമം നടത്തിയത്.  മഴയ്ക്ക് ശമനമായിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നാലേ ദുരന്തത്തിന്റെ ഭീകരത മുഴുവനും മനസ്സിലാകൂ. വരാനിരിക്കുന്ന പകര്‍ച്ചവ്യാധി ഭീഷണി ചെന്നൈ നഗരത്തെ അലട്ടുന്ന വലിയ പ്രശ്നമായി മാറിയെന്നും പലയിടത്തും മാലിന്യ കൂമ്പാരങ്ങള്‍ കെട്ടിക്കിടക്കുകയാണെന്നും തിരിച്ചെത്തിയ സംഘാംഗങ്ങള്‍ പറഞ്ഞു.