‘‘ആരോഗ്യം മുഴുവന്‍ ഊറ്റിയെടുത്ത് അമ്മയൊരു ബാധ്യതയാകുമ്പോള്‍ ഇവിടെ കൊണ്ടുവന്ന് വലിച്ചെറിയുന്നു. ആദ്യമാക്കെ കുറച്ചു പൈസ ചിലവിനായി തരും. പിന്നീടത് കുറഞ്ഞു കുറഞ്ഞുവരും. ഒടുവില്‍ ഒന്നുമില്ലാതെയാകും. ഒന്നു വിളിച്ച് അന്വേഷിക്കാന്‍ പോലും പലര്‍ക്കും സമയമില്ല. ഞങ്ങള്‍ മരിച്ചാല്‍ മാത്രം വീട്ടുകാരെ അറിയിക്കും. അല്ലാതെ ഒന്നും അവരോട് ആവശ്യപ്പെടാറില്ല. വാര്‍ധക്യം ഈ അമ്മമാരുടെ കുറ്റമല്ലല്ലോ. വാര്‍ധക്യം ഒരാള്‍ക്കുവേണ്ടി മാത്രമുള്ളതല്ല, അതെല്ലാവരെയും തേടിവരും.. മക്കള്‍ അതൊന്നു ചിന്തിച്ചാല്‍ വളരെ നല്ലത്.’’- കോട്ടയം അയ്മനത്തുള്ള ഹന്ന ഓള്‍ഡ് ഏജ് ഹോമിലെ അമ്മമാരുടെ വിശേഷങ്ങള്‍ വനിത ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് സിസ്റ്റര്‍ ലുദിയ.
ഹന്ന ഭവന്റെ ആത്മാവ്
സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് ഹന്ന ഭവന്‍. 60 പേര്‍ക്ക് താമസിക്കാനുള്ള അനുമതിയാണ് ഗവണ്‍മെന്റില്‍ നിന്നുള്ളത്. നിയമം അനുസരിച്ച് 60 വയസ്സില്‍ താഴെയുള്ളവരെ എടുക്കാന്‍ പറ്റില്ല. ഇവിടുത്തെ സെക്രട്ടറിയാണ് ഞാന്‍. സിസ്റ്റര്‍ യൂലീത്തിയാണ് ഹന്ന ഭവന്റെ ട്രഷറര്‍.
1986 ല്‍ ആണ് ഹന്ന ഭവന്‍ എന്ന ഈ സ്ഥാപനം ഞങ്ങള്‍ക്കു ലഭിച്ചത്. നഴ്സിങ് അഡ്വൈസര്‍ ഓഫ് ഇന്ത്യയായിട്ട് റിട്ടയര്‍ ചെയ്ത അന്നമ്മ ചെറിയാന്‍ എന്നയാളുടെ പിതൃസ്വത്താണ് ഇത്. ഞങ്ങളുടെ കോണ്‍വെന്റിന് അവര്‍ എഴുതി തന്നതാണ്. മറ്റുള്ളവരെ ആശ്രയിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത വ്യക്തിയായിരുന്നു. അന്ന് വലിയ തറവാടുകളിലെല്ലാം നഴ്സിങ് ജോലി മോശമായി കണ്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ നഴ്സിങ് പഠിച്ചു സേവനത്തിനു മുന്നിട്ടിറങ്ങിയതാണ് അന്നമ്മ ചെറിയാന്‍. ഇവിടെ താമസിച്ച് ഇവിടെ വച്ചാണ് അവര്‍ മരണപ്പെടുന്നതും. കാന്‍സര്‍ ആയിരുന്നു, മരിക്കുന്നതിന്റെ രണ്ടു മാസം മുന്‍പുവരെയും ഇവിടെയുള്ള ഒരു ഹോസ്പിറ്റലില്‍ ഫ്രീയായിട്ട് സേവനം ചെയ്യുകയായിരുന്നു.
ജീവിതം മുഴുവനും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അവര്‍. ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്ത്, ഒറ്റപ്പെട്ട അവിവാഹിതകള്‍ക്കു വേണ്ടിയായിരുന്നു ആദ്യം ഈ സ്ഥാപനം തുടങ്ങിയത്. അവരുടെ വാര്‍ധക്യത്തില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള ഒരിടം എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ പിന്നീട് ഒറ്റപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കു വേണ്ടിയും ഹന്ന ഭവന്റെ വാതിലുകള്‍ തുറന്നിട്ടു. ഇന്നിവിടെ അവിവാഹിതര്‍ മാത്രമല്ല, മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍, മക്കള്‍ ഉപേക്ഷിച്ച അമ്മമാര്‍, കിടപ്പുരോഗികള്‍ എന്നിവരും താമസിക്കുന്നു.
ഒരാള്‍ മരിച്ചാല്‍ പകരം ആറു പേര്‍ വരും
48 പേരാണ് ഇപ്പോള്‍ അന്തേവാസികളായിട്ടുള്ളത്. അതിങ്ങനെ കൂടിയും കുറഞ്ഞും ഇരിക്കും. ഒരാള്‍ മരിച്ചാല്‍ പകരം ആറുപേര്‍ വരും. മക്കള്‍ കൊണ്ടുവന്നു വിടുന്ന അമ്മമാരുണ്ട്, അല്ലാതെ പള്ളികളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍, വാര്‍ഡ് മെമ്പര്‍മാര്‍ ഇടപെട്ട് ഇവിടെ കൊണ്ടുവന്നു വിടുന്നവര്‍, സാമൂഹിക ക്ഷേമ വകുപ്പ് ഇടപെട്ടും ചില കേസുകള്‍ വരാറുണ്ട്. ആരുമില്ലാതെ റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും കൊണ്ടുവന്നുവിടാറുണ്ട്.
മരിച്ചു കഴിയുമ്പോള്‍ മൃതദേഹം കൊണ്ടുപോകണം എന്ന നിര്‍ബന്ധം മാത്രമേ ഞങ്ങള്‍ക്കുള്ളൂ.. മൂന്നു പേരെ അടക്കാവുന്ന ഒരു സെല്‍ ഇവിടെയുണ്ട്. 90 വയസിനു മുകളില്‍ ഉള്ളവരാണ് കൂടുതലും. അതുകൊണ്ട് പെട്ടെന്നു രണ്ടോ- മൂന്നോ മരണങ്ങള്‍ അടുപ്പിച്ചു നടന്നാല്‍ മൃതദേഹം അടക്കം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ചിലരെ മരിച്ചു കഴിഞ്ഞാല്‍ ഏറ്റെടുക്കുന്നവരുണ്ട്. ചിലര്‍ അതും ചെയ്യാറില്ല. കുറച്ചു മാസങ്ങള്‍ ആയിട്ട് ബെഡ് പേഷ്യന്റ്സിനെ ഞങ്ങള്‍ എടുക്കാറില്ല. ഞങ്ങള്‍ക്കും കുറേ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്. ഞാനും കൊച്ചു സിസ്റ്ററും മാത്രമാണ് ഓടി നടക്കാനുള്ളത്. സിസ്റ്റര്‍ യൂലീത്തി കാന്‍സര്‍ പേഷ്യന്റാണ്.
48 പേര്‍ക്കും ഓരോ കഥകള്‍…
അമ്മമാരെ ഇവിടെ കൊണ്ടുവന്നു വിട്ടിട്ട് തിരിഞ്ഞുനോക്കാത്ത എത്രയോ പേരുണ്ട്. ചിലരൊക്കെ ചെറുപ്പകാലം തൊട്ട് വീടുകളില്‍ ജോലിക്കു നിന്ന് ഒടുവില്‍ ആരോഗ്യം മുഴുവനും നശിച്ചു അവശയായി കഴിയുമ്പോള്‍ ഇവിടെ കൊണ്ടുവന്നു വിടും. പിന്നീട് ആരും അവരെ തിരിഞ്ഞുനോക്കാറില്ല. ഇവിടെയുള്ള 48 പേര്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. ജീവിതത്തില്‍ ഏറെ അനുഭവങ്ങള്‍ ഉള്ളവരാണ് ഏറെയും.
മക്കള്‍ വലിയ കൊട്ടാരം പോലുള്ള വീടുകള്‍ ഉണ്ടാക്കിയിട്ടിട്ട് അതില്‍ അമ്മയുടെ മോഷനും മൂത്രവും വീഴുന്നത് സഹിക്കാന്‍ പറ്റാത്തവരുണ്ട്. പ്രത്യേകിച്ചും കൊച്ചുമക്കള്‍ക്കു പ്രശ്നം ഉണ്ടാകുമ്പോള്‍ അമ്മമാര്‍ പുറത്താകും. ഇതെല്ലാം ഉള്‍ക്കൊള്ളാനുള്ള ശീലത്തിലൂടെയല്ലല്ലോ കൊച്ചുമക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നത്. പ്ലാസ്റ്റിക് വലിച്ചെറിയുന്ന പോലെ യൂസ് ആന്‍ഡ് ത്രോ. അവരുടെ ആരോഗ്യം ഊറ്റിയെടുത്ത് ബാധ്യതയാകുമ്പോള്‍ വലിച്ചെറിയുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ എല്ലാ അമ്മമാരും. അവരെല്ലാം ഒരു ജീവിതം ജീവിച്ചവരാണ്. എപ്പോഴും സ്വന്തം മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം പോകണമെന്ന് അവര്‍ ആഗ്രഹിക്കും. ഓരോ സ്കൂളുകളില്‍ നിന്നും കുട്ടികള്‍ ഗ്രൂപ്പായി വരുമ്പോള്‍, കുഞ്ഞുമക്കളെ കാണുമ്പോള്‍ ഇവരുടെ സ്നേഹം ഒന്നുകാണണം. സ്കൂളുകളിലും കോളജുകളില്‍ നിന്നും കുട്ടികള്‍ വരുന്നതാണ് ഇവിടുത്തെ അമ്മമാര്‍ക്ക് ഏറ്റവും സന്തോഷം. കാരണം അവര്‍ക്കു നഷ്ടപ്പെട്ട കൊച്ചുമക്കളെയൊക്കെ ആ കുഞ്ഞുങ്ങളില്‍ അവര്‍ കണ്ടെത്തുകയാണ്.
ആദ്യമാക്കെ കുറച്ചു പൈസ ചിലവിനായി തരും. പിന്നീടത് കുറഞ്ഞു കുറഞ്ഞുവരും. ഒടുവില്‍ ഒന്നുമില്ലാതെയാകും. അങ്ങനെയാണ് പലരും. ഞങ്ങള്‍ മരിച്ചാല്‍ മാത്രം വീട്ടുകാരെ അറിയിക്കും. അല്ലാതെ ഒന്നും അവരോട് ആവശ്യപ്പെടാറില്ല. ഞാനിവിടെ 10 വര്‍ഷം ആയി. ഇവിടെ വന്നുപോകുന്ന ആളുകള്‍ പറയുന്നതാണ് ഞങ്ങളുടെ പബ്ലിസിറ്റി. അറിഞ്ഞുകേട്ടുവരുന്നവരാണ് പലപ്പോഴും സാമ്പത്തിക സഹായങ്ങള്‍ ചെയ്യാറുള്ളത്. ഞങ്ങള്‍ നല്ല ദൈവ വിശ്വാസമുള്ളവരാണ്. അതുകൊണ്ടുതന്നെ ദൈവം ഒന്നിനും ഇതുവരെ ഒരു മുടക്കവും വരുത്തിയിട്ടില്ല.