മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനത്തില്‍ പെട്ട ചേലക്കര പള്ളിയിലെ വികാരി അച്ഛനേയും ഓർത്തഡോക്സ് സഭാ വിശ്വാസികളെയും കേസില്‍ പ്രതികളാക്കി ജയിലില്‍ അടച്ച നടപടിയേമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധൃക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ ശക്തമായി അപലപിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ വിയ്യൂര്‍ ജയില്‍ സന്ദര്‍ശിക്കുകയും , സഭാ സെക്രട്ടറി ഡോ:ജോര്‍ജ് ജോസഫ്, സഭ മാനേജിങ് കമ്മിറ്റി മെമ്പര്‍മാരായ അലക്സാണ്ടർ കെ ജോൺ, ജിജു പി വർഗ്ഗീസ് എന്നിവരുമായി സ്ഥിതി ഗതികൾ വിലയിരുത്തുകയും, ജയിലിലായ സഭ വിശ്വാസികളുടെ ബന്ധുക്കളെ ആശ്വാസിപ്പിക്കുകയും ചെയ്തു.
Manorama, 10-08-2015
താക്കോല്‍ കൈമാറിയതോടെ യാക്കോബായ വിഭാഗം ബോര്‍ഡും സ്ഥാപിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് സ്ഥലത്തുണ്ടായിരുന്നു. രാവിലെ ഏഴിന് തുടങ്ങിയ കുര്‍ബ്ബാന 10 മണിക്ക് സമാപിച്ചു. റിസീവര്‍ ഭരണത്തിലിരിക്കെ 7 മുതല്‍ 9 മണി വരെയായിരുന്നു കുര്‍ബ്ബാനയ്ക്ക് സമയം അനുവദിച്ചിരുന്നത്. ഇതിനുശേഷമായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബ്ബാന നടത്തിയിരുന്നത്.
ആരാധനയ്ക്ക് മറ്റു സൗകര്യങ്ങളില്ലാത്തതിനാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഞായറാഴ്ച കുര്‍ബ്ബാന നടത്തിയില്ല. പള്ളിയില്‍ അതിക്രമിച്ചു കയറിയതിനും പോലീസിനെ മര്‍ദ്ദിച്ചതിനുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റ്‌ചെയ്ത് നീക്കിയശേഷം സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍നിന്നുതന്നെ വിട്ടയച്ചു.
മാതൃസഭയിലേക്ക് തിരിച്ചുവരണം
-ഏലിയാസ് മാര്‍ അത്താനാസിയോസ്
ഓര്‍ത്തഡോക്‌സ് വിഭാഗം മാതൃസഭയായ യാക്കോബായയിലേക്ക് തിരിച്ചുവരണമെന്ന് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ് മാര്‍ അത്താനാസിയോസ് തിരുമേനി പറഞ്ഞു. ഓര്‍ത്തഡോക്‌സിനു മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. 41 വര്‍ഷത്തിന്റെ കാത്തിരിപ്പിനുശേഷം സത്യം ജയിച്ചിരിക്കുന്നു. കേസുകള്‍ ഒന്നിനും പരിഹാരമല്ല. സത്യം കോടതി തിരിച്ചറിഞ്ഞു. ആ സത്യം ആര്‍.ഡി.ഒ. തീര്‍പ്പാക്കി ഉത്തരവിറക്കി. പോലീസ് അധികാരികള്‍ സത്യസന്ധമായി ഉത്തരവ് നടപ്പിലാക്കി – വാര്‍ത്താസമ്മേളനത്തില്‍ തിരുമേനി പറഞ്ഞു.
വികാരി ഫാ. ജോണി ചുങ്കത്ത്, ട്രസ്റ്റി സി.വി. കുര്യാക്കോസ്, സി.ജി. ബാബുരാജ്, ജോണി മേക്കാട്ടുകുളം എന്നിവരും പങ്കെടുത്തു.