അച്ഛനും സുഹൃത്തിനും കാഴ്ചയുടെ ലോകം തുറന്ന് ഒന്‍പതുവയസ്സുകാരി

josmy

കോട്ടയം: അച്ഛനു മാത്രമല്ല ജോസ്മിയെന്ന ഒന്‍പതുവയസ്സുകാരി കാഴ്ചയുടെ ലോകത്ത് വഴികാട്ടുന്നത്. അച്ഛന്റെ സുഹൃത്തിനും കാഴ്ചയുടെ ലോകം കാണിച്ചും മനസ്സിലാക്കിയും കൊടുത്താണ് ജോസ്മിയുടെ യാത്ര. അച്ഛന്‍ ഫ്രാന്‍സിസിനെയും സുഹൃത്ത് സേവ്യറേയും എത്തേണ്ട സ്ഥലത്ത് കൃത്യമായെത്തിക്കും ഈ കുരുന്ന്. ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോടും യാത്രക്കാരോടും ചോദിച്ച് മനസ്സിലാക്കാനും ഈ നാലാംക്ലാസ്സുകാരി മുന്‍പിലുണ്ടാകും.

ജന്മനാ അന്ധരാണ് ചേര്‍ത്തല പാണാവള്ളി പുലവേലില്‍ പി.ജെ.ഫ്രാന്‍സിസും സുഹൃത്ത് മായിത്തറ കാട്ടുശ്ശേരില്‍ സേവ്യറും. ഒളശ്ശ അന്ധവിദ്യാലയത്തില്‍ ഒരുമിച്ചു പഠിച്ചു. ഫ്രാന്‍സിസ് തൃപ്പൂണിത്തുറ മ്യൂസിക്ക് അക്കാദമിയില്‍ സംഗീതം പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ സേവ്യര്‍ തിരുവനന്തപുരത്ത് ബി.എ.യ്ക്ക് ചേര്‍ന്നു. എങ്കിലും സൗഹൃദം വിട്ടില്ല. ഗാനമേളകളില്‍ ഇവര്‍ ഒരുമിച്ചു. ഫ്രാന്‍സിസ് പാടുമ്പോള്‍ സേവ്യര്‍ കീബോര്‍ഡ് വായിച്ചു. ഫോണ്‍ നമ്പരില്‍പോലും സാമ്യമുണ്ട്. ഫ്രാന്‍സിസിന്റെ നമ്പര്‍ 9497635967 ആകുമ്പോള്‍ സേവ്യറിന്റെ നമ്പര്‍ 9497635965. അവസാനത്തെ രണ്ട് അക്കത്തില്‍ മാത്രമാണ് വ്യത്യാസം. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട ഇവരുടെ യാത്രകളിലെല്ലാം തുണയാകുന്നത് ജോസ്മിയാണ്. ഇതിനായി ചില ദിവസങ്ങളില്‍ പഠനംപോലും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. ചേര്‍ത്തല ബസ് സ്റ്റാന്‍ഡില്‍ ഫ്രാന്‍സിസും സേവ്യറും ഒരുമിച്ചശേഷമാണ് യാത്ര.

ജോസ്മിയുടെ സഹോദരന്‍ ഒന്‍പതാംക്ലൂസ്സുകാരനായ ജിജോയും അച്ഛനും സുഹൃത്തിനും വഴികാട്ടിയായി പലപ്പോഴും മാറാറുണ്ട്. യാത്രക്കിടയില്‍ കഴിക്കാനുള്ള ലഘുഭക്ഷണവും വെള്ളവുമൊക്കെ തോള്‍സഞ്ചിയില്‍ തൂക്കിയാണ് ഇവരോടൊപ്പമുള്ള ജോസ്മിയുടെ യാത്ര. ജോസ്മിയേറ്റവും മുന്നില്‍ നടക്കും. തോളില്‍ പിടിച്ച് അച്ഛന്‍, അദ്ദേഹത്തിന്റെ തോളില്‍ പിടിച്ച് സുഹൃത്ത് സേവ്യര്‍. ഇങ്ങനെയാണ് ഈ മൂവര്‍സംഘത്തിന്റെ യാത്ര. ഞായറാഴ്ച കോട്ടയത്ത് നടന്ന ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ സമ്മേളനത്തിനെത്തിയതും ഇങ്ങനെ. ആലപ്പുഴ ജില്ലക്കാര്‍ക്ക് കോട്ടയം സമ്മേളനത്തില്‍ പങ്കില്ലെങ്കിലും സുഹൃത്തുക്കള്‍ നടത്തിയ സമ്മേളനത്തിന് ഫ്രാന്‍സിസ് ആണ് പ്രാര്‍ത്ഥനാഗാനം ചൊല്ലിയത്.

കുഞ്ഞുമോളാണ് ഫ്രാന്‍സിസിന്റെ ഭാര്യ. സേവ്യറിന്റെ ഭാര്യ ലൂസി. സ്വന്തമായി ഗാനമേള സംഘടിപ്പിക്കുന്ന ഇവര്‍ പട്ടണക്കാട് സംഗീതസാഗര്‍ ഓര്‍ക്കസ്ട്ര സംഘത്തിലും അംഗങ്ങളാണ്

Source