വായന. വി. ലൂക്കോസ് 15/ 11..
മുടിയനായ പുത്രൻറെ ഉപമ പ.നോമ്പിൽ ധ്യാനത്തിനും മനനത്തിനുമായി വരുന്നു. വി. ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ സമാനമായ ആശയം നല്കുന്ന മൂന്നു ഉപമകൾ ഉണ്ട്. പ്രിയപ്പെട്ടത് നഷ്ടമാകുകയും, അതു തിരികെ കിട്ടുമ്പോൾ ഉടമസ്ഥർക്ക് ഉണ്ടാകുന്ന സന്തോഷവുമാണ് പ്രധാന ചിന്ത. മകൻറെ തിരികെ വരവിൽ പിതാവ് അടക്കാനാകാത്ത ആനന്ദത്താൽ ഒരു മഹോത്സവം തന്നെയാണ് സംഘടിപ്പിക്കുന്നത്.. കണ്‍വെൻഷൻ പന്തലിൽ എവിടെയോ കേട്ട ഒരു കഥ ഇങ്ങനെയാണ്. പിതാവിനോട് പിണങ്ങി പോയ ഒരു മകൻ. കുറെ കാലം കഴിഞ്ഞു തിരികെ വരുവാൻ ആഗ്രഹം തോന്നി. പിതാവ് സ്വീകരിക്കുമോ എന്ന് സംശയം. പിതാവിനൊരു കത്തെഴുതി. തിരികെ വരുവാൻ ആഗ്രഹം ഉണ്ട്. സമ്മതം എങ്കിൽ വീട്ടു മുറ്റത്തെ മരത്തിൽ ഒരു വെള്ള കൊടി കെട്ടണം. പിതാവ് മരം നിറയെ കൊടി കെട്ടി തൻറെ സ്നേഹം പ്രകടിപ്പിച്ചതായി കഥ.
നഷ്ടപ്പെട്ടത് തിരികെ കിട്ടുമ്പോൾ നഷ്ടപെട്ട വ്യക്തിയേക്കാൾ ഉടമസ്ഥൻ കൂടുതലായി സന്തോഷിക്കുന്നു. സ്കൂൾ യാത്രയിലെ കളികൾക്കിടയിൽ പ്രാണനെ പോലെ സ്നേഹിച്ചിരുന്ന കുഞ്ഞു പെൻസിൽ നഷ്ടമായി. വിഷമം കൊണ്ട് ക്ലാസ്സിൽ ആ ദിവസം ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല. വൈകിട്ട് ബെൽ അടിച്ചതും പോയ പാത ഓർത്തുവച്ചു, ശ്രദ്ധാ പൂർവ്വം അന്വേഷിച്ചു. അവസാനം കരികിലയ്ക്കിടയിൽ നിന്നും കുഞ്ഞു പെൻസിൽ കിട്ടിയ സന്തോഷത്തിനു ഒരു കോടി രൂപയുടെ നിധിയെക്കാളും വിലയുണ്ടായിരുന്നു.
മകൻ ഭവനത്തിൽ നിന്നും ഇറങ്ങി പോയത് വലിയ ആഘാതം പിതാവിൽ സൃഷ്ടിച്ചു. ഊണില്ല, ഉറക്കമില്ല, ഉത്സാഹം ഇല്ല. മകൻ പോയ വഴിയിൽ കണ്ണും നട്ടിരിപ്പാണ് പിതാവ്. മകൻറെ പ്രാകൃത രൂപം വിദൂരതയിൽ. എങ്കിലും മകൻ തിരികെ വന്നുവല്ലോ. ആനന്ദാതിരേകത്താൽ ഓടി ചെല്ലുന്ന സ്നേഹം.
മാനസാന്തരം ഒരുവന് ആന്തരികമായി സംഭവിക്കുന്ന ഒരു മാറ്റമാണ്. മെറ്റാനൊയിയ എന്ന ഗ്രീക്ക് പദം വേദ പഠിതാക്കൾക്ക് സുപരിചിതമാണ്. അനുതാപത്തിന് ഉപയോഗിക്കുന്ന വാക്കാണ്. മിസ്റ്റിക്കൽ ആയി പറഞ്ഞാൽ ലോകത്തോടും അതിൻറെ മോഹങ്ങളോടും ആഭിമുഖ്യം ഇല്ലാതാക്കി ദൈവത്തിങ്കലേക്കു തിരിയുന്നതാണ് മെറ്റാനൊയിയ കൊണ്ടുള്ള സൂചന.സാധാരണ മനുഷ്യജീവിതം ലോകത്തിൻറെ സൌന്ദര്യത്തിൽ മനസ്സ് ഉറച്ച്,
അതിനെ ലാളിച്ച് കുടുങ്ങി കിടക്കുന്നു എന്നാണു മിസ്ടിക്കുകൾ പറയുക. ആത്മാവ് മനസ്സിന്നടിമയും, മനസ്സ് ഇന്ദ്രിയങ്ങളുടെ പിടിയിലും ആയിരിക്കുന്നു. അനുതാപം അല്ലെങ്കിൽ മെറ്റന്നൊയിയ എന്നാൽ ആത്മാവ് മനസ്സിൻറെ മേലും മനസ്സ് ഇന്ദ്രിയങ്ങളുടെ മേലും ആധിപത്യം നേടാൻ ആരംഭിക്കുന്നു എന്നർത്ഥം. മനുഷ്യൻറെ ശ്രദ്ധ ഉള്ളിലേക്കാകുമ്പോൾ ( inward ) ആത്മാവ് ദൈവത്തിങ്കലേക്കു യാത്ര ആരംഭിക്കുന്നു. അങ്ങനെ ആത്യന്തികമായി ആത്മാവ് ദൈവവുമായി പുനരൈക്യപ്പെടുന്നു.
പിതാവിന്റെ സന്തോഷ കാരണം ഇപ്പോൾ മനസ്സിലായി കാണും. ഇന്ദ്രിയ സുഖാന്വേഷിയായി അലഞ്ഞു തിരിഞ്ഞ മകൻ, ലോകത്തിൻറെ വഞ്ചന മനസ്സിലാക്കി, അതിന്മേൽ വിജയം പ്രാപിച്ചു മടങ്ങി വന്നിരിക്കുന്നു.
വി.യോഹന്നാൻ 3/ 13-21 വരെ വായിക്കുക.
യേശു ക്രിസ്തു എല്ലാം ഉപമകളിലൂടെ ആണ് സംസാരിക്കുന്നത് . സാധാരണ മനുഷ്യർക്ക് മനസ്സിലാക്കുവാൻ സൗകര്യപ്രദമായ രീതിയാണിത്.
ക്രിസ്തുവിന്റെ മരണ രീതിയും മരണത്തിൻറെ ലക്ഷ്യവും ലോകത്തെ പഠിപ്പിക്കുവാനാണ് ഇവിടെ ശ്രമം. യെഹൂദന്മാർക്ക് നന്നായിട്ടറിയാവുന്ന സംഭവമാണ് മരുഭൂമിയിൽ ജനം പാമ്പ് കടിയേറ്റു അനേകർ മരിച്ചതും, പിത്തള സർപ്പത്തെ പാളയ മദ്ധ്യേ ഉയർത്തി, അതിൽ നോക്കി ജനം മരണത്തിൽ നിന്നും രക്ഷ പ്രാപിച്ചതും. പാമ്പ് കടി ഏറ്റു ഒരു വംശം നശിച്ചു പോകാതിരിപ്പാനാണ് യെഹൂദർക്ക് ഏറ്റം പ്രിയപ്പെട്ട പ്രവാചകൻ മോശെ പിത്തള സർപ്പത്തെ ഉയർത്തിയത്. യഹോവയുടെ കല്പനാനുസൃതം ആയിരുന്നു . സർപ്പം മുഖേനയുള്ള മരണം ഇല്ലാതാക്കാൻ സർപ്പത്തെ തന്നെ ഉപയോഗിക്കുന്ന ദൈവ കരുതൽ അപാരം തന്നെയാണ്.
മനുഷ്യനെ ഇപ്പോഴും ഭയപ്പെടുത്തുന്ന അനുഭവം മരണം ആണ്. മരണത്തെ ഭയമില്ലത്തവരും കാണും.
മരണത്തെ ജയിക്കുവാൻ മരണം തന്നെ ഉപയോഗിക്കുന്ന ദൈവിക പദ്ധതി പ്രത്യേകത ആണ്. കുരിശിൽ അരങ്ങേറിയത് മരണം ആയിരുന്നു. മരണത്തിൻറെ ഭീകരത ക്രിസ്തു ആസ്വദിച്ചു, അതിൻറെ കയ്പ്പ് ഇല്ലാതാക്കി.
ക്രിസ്തു മരണത്തെ പേടിച്ചോടുകയല്ല, മരണത്തെ ക്ഷണിച്ചു വരുത്തി അതിനെ മനസ്സോടു സ്വീകരിച്ചു മരണത്തിൻറെ ഗർവ്വ് ഇല്ലാതാക്കി. മരണം ഇനിമേൽ ഒരു ബാധ്യത അല്ല. ഒരു സാധ്യത ആണ് എന്ന് പഠിപ്പിച്ചു . മനുഷ്യന് നോക്കി ആശ്വാസം പ്രാപിക്കുവാൻ ഒരു അടയാളം നല്കി. അത് ക്രൂശിലെ ക്രിസ്തു തന്നെ.