കൈക്കുഞ്ഞുമായി ബസ്സില്‍ യാത്രചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥന ഇനി ഈ വൈദികന് സ്വന്തം

fr_jacob_bus1

 

ബസ്സില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം: ഒരു വൈദികന്റെ പോരാട്ടത്തിലൂടെ

fr_jacob_bus

പത്തനംതിട്ട: ബസ്സില്‍ കൈക്കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്ന അമ്മമാരുടെ പ്രാര്‍ഥനകള്‍ ഈ വൈദികനൊപ്പമുണ്ടാവും എന്നും. സംസ്ഥാനത്തെ ബസ്സുകളില്‍ അമ്മയ്ക്കും കുഞ്ഞിനും 2 സീറ്റുകള്‍ സംവരണംചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍തീരുമാനം വരുമ്പോള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ച പത്തനംതിട്ട കുമ്പഴ കല്ലിച്ചേത്ത് വീട്ടില്‍ ഫാ. ജേക്കബ്ബിന് ഇതുധന്യനിമിഷം. ഒരുവര്‍ഷമായി അദ്ദേഹം ഇതിനുവേണ്ടി പരിശ്രമിക്കുന്നു. അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്ന ഞായറാഴ്ചയ്ക്ക് നാളുകള്‍ക്ക് മുമ്പാണ് ഇതിനുള്ള ഉത്തരവെത്തിയതെന്നത് ഇരട്ടിസന്തോഷം നല്‍കുന്നു.

അമ്മയും കുഞ്ഞും സമൂഹത്തിന്റെ ആദരവും പരിഗണനയും അര്‍ഹിക്കുന്നവരാണ്. യാത്ര ചെയ്യുമ്പോള്‍ ഉചിതമായ ഇരിപ്പിടം അവര്‍ക്കുറപ്പാക്കുക എന്നത് സംസ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഫാദര്‍ പറയുന്നു.

തന്റെ മുന്നില്‍കണ്ട അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ നിയമപോരാട്ടത്തിന് പിന്നില്‍. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടവരെ ഒരിക്കല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രചെയ്തപ്പോള്‍ കണ്ട കാഴ്ചയാണ് ഏറെ വേദനിപ്പിച്ചത്. ഒരു അമ്മയും മകളും അവരുടെ രണ്ടുകൊച്ചുകുട്ടികളും ബാഗുകളുമായി കയറി. നല്ല തിരക്കുള്ള ദിനം. ആരും സീറ്റൊഴിഞ്ഞ് നല്‍കിയില്ല. മുതിര്‍ന്ന സ്ത്രീ വേദനയോടെ സീറ്റ് ചോദിച്ചു. ആരും നല്‍കിയില്ല. ഫാദര്‍ പിന്നില്‍ നിന്നെത്തി അവരെ വിളിച്ച് തന്റെ സീറ്റൊഴിഞ്ഞു നല്‍കി.

അധികംവൈകാതെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിക്ക് മുന്നില്‍ ഫാദര്‍ നിവേദനവുമാെയത്തി. 2014 ജൂണ്‍ 21ന് അമ്മയ്ക്കും കുഞ്ഞിനും സീറ്റ് അനുവദിച്ച് അദ്ദേഹം ഉത്തരവിട്ടു. ഈ ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ നിന്ന് ഉത്തരവായി കിട്ടാനായി പിന്നെ ശ്രമം. അതിനുള്ള ഘട്ടങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ ഉത്തരവ് വന്നു. സംസ്ഥാന വനിതാകമ്മീഷനും ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടിയും ഇതിന് പിന്തുണ നല്‍കി.

അന്ത്യാളന്‍കാവ് പള്ളിയിലെ വികാരിയായ ഫാ. ജേക്കബ്ബ് കുമ്പഴയിലെ കുടുംബവീട്ടില്‍ ഭാര്യ ബിന്‍സിക്കും അമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുന്നു. തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍െക്കതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ വൈദികന്‍.