നൂറ്റി നാല്‍പതിലധികം സംഗീത കലാകാരന്‍മാരും എഴുപത് വാദ്യോപകരപണങ്ങളും ഒത്തുചേരുന്ന അപൂര്‍വ സംഗീത വിസ്മയം അക്ഷര നഗരിയില്‍ ഒരുങ്ങുന്നു. പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ഒത്തുചേരുന്ന സോമ്റോ 15, എട്ടാം തിയതി കോട്ടയത്ത് അരങ്ങേറും.
മലയാളക്കര ഇന്നോളം കണ്ടിട്ടില്ലാത്ത സംഗീത വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്രയും കോറല്‍ സിംഫണിയും സമ്മേളിക്കുന്ന സോമ്റോ 15 പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങളുടെ മിശ്രണം ആണ്. വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള സംഗീതമാണ് ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്ര. എഴുപത് സംഗീതോപകരണങ്ങളാണ് സോമ്റോയില്‍ ഒരുക്കിയിരിക്കുന്ന ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്രയില്‍ ഉപയോഗിക്കുന്നത്. ഒരുമണിക്കൂറുള്ള ഈ നാദ വിസ്മയം വിഷുപ്പക്ഷിയുടെ സംഗീതത്തെ ആസ്പദമാക്കിയാണ്. ക്രിസ്തുവിന്‍റെ ജനനം മുതല്‍ ഉത്ഥാനംവരെയുള്ള സംഭവങ്ങളാണ് ഇതിവൃത്തം.
ഉപകരണങ്ങളുടെ അകന്പടിയോടെ ഗായകര്‍ സംഗീതം ആലപിക്കുന്നതാണ് കോറല്‍ സിംഫണി. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയുടെ ഇരുന്നൂറാം വാര്‍ഷികത്തോടും ശ്രുതി മ്യൂസിക് അക്കാദമിയുടെ രജത ജൂബിലി ആഘോഷങ്ങളോടും അനുബന്ധിച്ചാണ് സിംഫണി ഒരുങ്ങുന്നത്. ശ്രുതി മ്യൂസിക് അക്കാദമി ഡയറക്ടര്‍ ഫാദര്‍ എം.പി ജോര്‍ജിന്‍റെ ഒരുവര്‍ഷക്കാലത്തെ അത്യധ്വാനമാണ് സോമ്റോ. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും , ഗായിക കെ.എസ് ചിത്രയും സംഗീത വിരുന്നില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് ആറിനാണ് സോമ്റോ 15 അരങ്ങിലെത്തുന്നത്.



