കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍: ഐഎസ് ക്രൂരതയെ അപലപിച്ച് മാര്‍പാപ്പ

pope_francis_orthodox

വത്തിക്കാന്‍ സിറ്റി: ഈജിപ്തിലെ 21 ക്രൈസ്തവരെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊല്ലപ്പെട്ടവരെ രക്തസാക്ഷികള്‍ എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. വത്തിക്കാനില്‍ ചര്‍ച്ച ഓഫ് സ്‌കോട്ടലാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.

കൊല്ലപ്പെട്ടവര്‍ കത്തോലിക്കരോ, ഓര്‍ത്തഡോക്‌സുകാരോ, ലൂഥരന്‍സോ എന്തുമാകട്ടെ. അവര്‍ എല്ലാവരും ക്രൈസ്തവാരാണ്. ഒരേരക്തമുള്ളവര്‍. വിശ്വാസത്തിന്റെ പേരിലാണ് എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. അതിനാല്‍ ഇനിയവര്‍ രക്തസാക്ഷികളായി ജീവിക്കും. മരണത്തിലേക്ക് തലനീട്ടുമ്പോള്‍ അവരെല്ലാം അവസാനമായി പറഞ്ഞത് ‘യേശുവേ രക്ഷിക്കണേ’ എന്നാണ്. തന്റെ മാതൃഭാഷയായ സ്പാനിഷിലാണ് പാപ്പ പ്രസ്താവനയിറക്കിയത്.

കഴിഞ്ഞദിവസമാണ് ഈജിപ്തിലെ തട്ടിക്കൊണ്ടുപോയ 21 ക്രൈസ്തവരുടെ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടത്. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്ക് രക്തം കൊണ്ടുള്ള സന്ദേശം എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വീഡിയോയില്‍ ഉസാമ ബിന്‍ലാദന്റെ മൃതദേഹമൊഴുക്കിയ കടലില്‍ ക്രിസ്ത്യാനികളുടെ രക്തമൊഴുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ രക്തം കടലിലേക്ക് ഒഴുക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കാണാം.

അതേസമയം, ലിബിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഈജിപ്ത് ശക്തമായ ബോംബാക്രമണം ആരംഭിച്ചു. ഐഎസിന്റെ ആയുധപ്പുരകളും, പരിശീലന ക്യാമ്പുകളും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സൈനിക നടപടികള്‍ക്ക് അറബ് രാഷ്ട്രങ്ങള്‍ പിന്തുണ അറിയിച്ചു.