സൊമ്റോ-2015,ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്ര മാര്‍ച്ച് എട്ടിന്

zumorobi

കോട്ടയം: കേരളത്തിലെ സംഗീത ആസ്വാദകര്‍ക്ക് പുതുമയാര്‍ന്ന അനുഭവമാകാന്‍ സൊമ്റോ-2015 വരുന്നു. മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്രയും കോറല്‍ സിംഫണിയും സമ്മേളിക്കുന്ന സംഗീത വിസ്മയമാണ് സൊമ്റോ-15.
കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയുടെ 200-ാം വാര്‍ഷികത്തോടും ശ്രുതി മ്യൂസിക് അക്കാദമിയുടെ രജത ജൂബിലി ആഘോഷത്തോടും അനുബന്ധിച്ച് ഒരുക്കുന്ന സിംഫണി അണിയിച്ചൊരുക്കുന്നത് കോട്ടയം സുമോറോ ക്വയറാണ്. കോടിമത വിന്റര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് ആറിനാണ് സിംഫണി അവതരിപ്പിക്കുന്നത്. ശ്രുതി അക്കാദമി ഡയറക്ടര്‍ ഫാ.ഡോ. എം.പി. ജോര്‍ജ്ജാണ് സിംഫണിയുടെ സംവിധായകന്‍.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 140ല്‍ കലാകാരന്മാരാണ് സൊമ്റോ-15ല്‍ സംഗീത വിസ്മയം തീര്‍ക്കാന്‍ എത്തുന്നത്. ഒരു മണിക്കൂര്‍ നീളുന്ന ഫില്‍ഹര്‍മോണിക്ക് ഓര്‍ക്കസ്ട്രയില്‍ ബെംഗളൂരു, ചെന്നൈ, ഊട്ടി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 80 പ്രതിഭകള്‍ അണിനിരക്കും.
തുടര്‍ന്നു കോറല്‍ സിംഫണിയില്‍ സുമോറോ ക്വയറിലെ 63 കലാകാരന്മാര്‍ അണിനിരക്കും. പാശ്ചാത്യ സംഗീതവും മധ്യപൌരസ്ത്യ സംഗീതവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രാഗങ്ങളും സമ്വയിപ്പിച്ച് ഒരുവര്‍ഷം കൊണ്ടാണ് ഫാ.ഡോ. എം.പി. ജോര്‍ജ്ജ് സിംഫണി രൂപപ്പെടുത്തിയത്. ഓര്‍ത്തഡോക്സ് സെമിനാരിയുടെ സംഗീത വിഭാഗമായ ശ്രുതി മ്യൂസിക്കല്‍ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജേക്കബ് കുര്യാണ്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര എന്നിവരെ ആദരിക്കും. പീയാനോ മാസ്റര്‍ അശ്വിന് പുരസ്കാരം നല്‍കും. വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് സംഗീതം ആവിഷ്കരിക്കുന്ന രീതിയാണ് ഫില്‍ഹര്‍മോര്‍ണിക് ഓര്‍ക്കസ്ട്ര. വാദ്യോപകരണങ്ങളുടെ സഹായത്തോടെ ഗായകര്‍ സംഗീതം ആലപിക്കുന്നതാണ് കോറല്‍ സിംഫണി. ക്രിസ്തുവിന്റെ ജനനം മുതല്‍ മരണവും ഉത്ഥാനവും അടക്കമുള്ള ജീവിത കഥകളാണ് സിംഫണിയായി ഒരുക്കിയിരിക്കുന്നത്.
ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്ര ഇന്ത്യന്‍ കൂക്കുവിന്റെ സംഗീതം അടിസ്ഥാനമാക്കിയുള്ളതാണ്. വിഷുക്കിളി എന്നുകൂടി അറിയപ്പെടുന്ന ഈ ദേശാടനക്കിളി ജറുസലേമിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് കഥ ചിട്ടപ്പെടുത്തിയത്. ജറുസലേമില്‍ എത്തുന്ന കിളി ദൈവപുത്രന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള ജീവിതം കാണുകയും ആ ചരിത്രകഥ പറയുകയും ചെയ്യുന്നു. കേരളത്തിലെ ആദ്യത്തെ ഫില്‍ഹര്‍മോണിക് സിംഫണിയാണ് സൊമ്റോ 2015.