മേരിയുടെ “സുവിശേഷം” കണ്ടെത്തി

GOSPEL_OF_MARY

കെയ്‌റോ: ആറാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മേരിയുടെ സുവിശേഷം കണ്ടെത്തി. “മേരിയുടെ സുവിശേഷം” എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ പുസ്‌തകത്തെ ബൈബിളിലെ സുവിശേഷങ്ങളുടെ ഭാഗമായി കരുതുന്നില്ല. ക്രിസ്‌തുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കു പകരം പ്രതിസന്ധികളില്‍നിന്നു കരകയറാനുള്ള മാര്‍ഗങ്ങളാണു പുസ്‌തകത്തിലുള്ളത്‌.
കോപ്‌റ്റിക്‌ ഭാഷയില്‍ ആറാം നൂറ്റാണ്ടിലാണ്‌ പുസ്‌തകം രചിക്കപ്പെട്ടതെന്നാണു സൂചന.

1984 ല്‍ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയുടെ സക്ലര്‍ മ്യൂസിയത്തിനു ലഭിച്ചതാണിത്‌. പ്രിന്‍സ്‌ടണ്‍ സര്‍വകലാശാലയിലെ പ്രഫ. ആനി ലുജെന്‍ദികിന്റെ നേതൃത്വത്തിലാണു പുസ്‌തകത്തെക്കുറിച്ചുള്ള പഠനം നടന്നത്‌. മേരിയുടെ സുവിശേഷമെന്ന നിലയില്‍ ക്രിസ്‌തുവിനെക്കുറിച്ചുള്ള വിവരമാണു പ്രതീക്ഷിച്ചതെന്നു പ്രഫ. ആനിയും സമ്മതിക്കുന്നു. 160 പേജുകള്‍ പഠിച്ചതില്‍നിന്നുമാണു ദൈവിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാണു പുസ്‌തകത്തിലുള്ളതെന്നു വ്യക്‌തമായത്‌.

“ദൈവത്തില്‍ഹൃദയമര്‍പ്പിക്കുന്നവര്‍ക്കു പരിഹാരം ലഭിക്കും. ഇരു മനസുമായി മുന്നോട്ടു പോകരുത്‌. ഓ മനുഷ്യാ, ഇതു സംഭവിക്കുമോയെന്നു കരുതരുത്‌. സംഭവിക്കുമെന്നു വിശ്വസിക്കുക.”- തുടങ്ങിയ വാക്യങ്ങള്‍ ഈ പുസ്‌കത്തിലുണ്ട്‌. ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍, ഇയ്യോബ്‌, സദൃശ്യവാക്യങ്ങള്‍, മത്തായി, ലൂക്കോസ്‌, യോഹന്നാന്‍ എന്നി പുസ്‌കങ്ങളിലെ വാക്യങ്ങള്‍ മേരിയുടെ സുവിശേഷത്തില്‍ ഇടംപിടിക്കുന്നുണ്ട്‌. മരണാനന്തര ജീവിതം, സ്വര്‍ഗം തുടങ്ങിയവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ പുസ്‌തകത്തിലില്ല. മത പ്രചാരണത്തിന്റെ ഭാഗമാക്കാതെ മതനേതാക്കള്‍ സ്വകാര്യമായി സൂക്ഷിച്ചതാകാം പുസ്‌തകമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.

രണ്ടാം നൂറ്റാണ്ടു മുതല്‍ 17 ാം നൂറ്റാണ്ട്‌ വരെ ഈജിപ്‌തില്‍ സംസാരഭാഷയായിരുന്നു കോപ്‌റ്റിക്‌. ഗ്രീക്കില്‍നിന്നാണ്‌ ഈ ഭാഷ രൂപപ്പെട്ടത്‌.

SOURCE: http://www.mangalam.com/print-edition/international/279731#sthash.VCM05Ng6.4QI98aPh.dpuf