കത്തോലിക്കാ-ഓര്‍ത്തഡോക്സ് സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്‍കി

0003

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 12-ാം സമ്മേളനം “ആദിമസഭയിലെ കൂട്ടായ്മാ പ്രകാശനങ്ങളും ഇന്നത്തെ സഭാകൂട്ടായ്മയില്‍ അവയ്ക്കുള്ള പ്രസക്തിയും” എന്ന സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്‍കി. ജനുവരി 25 മുതല്‍ 31 വരെ റോമില്‍ നടന്ന സമ്മേളനത്തില്‍ പൊന്തിഫിക്കല്‍ കൌണ്‍സില്‍ ഫോര്‍ ക്രിസ്റിയന്‍ യുണിറ്റിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ കൂര്‍ട്ട് കോഹിന്റെയും കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്താ ആംബാബിഷോയിയും സഹാധ്യക്ഷരായി.

ഡയലോഗില്‍ പങ്കാളികളായ കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന പൂര്‍ണമായ കൂട്ടായ്മയുടെ പ്രകാശനങ്ങള്‍ എന്തൊക്കെയാണെന്ന് ഈ പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്. ഔദ്യോഗികവും അനൌദ്യോഗികവുമായ കത്തുകളുടെ കൈമാറ്റം, വിശ്വാസപരവും ശിക്ഷണപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു കൂടിയ കൌണ്‍സിലുകളും സിനഡുകളും, പരസ്പരപൂരകങ്ങളായ ലിറ്റര്‍ജിക്കല്‍ ആഘോഷങ്ങളും പ്രാര്‍ഥനകളും, പൊതുവായ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും വണക്കത്തിനായുള്ള പങ്കുചേരല്‍, എല്ലാ സഭകളിലും തന്നെ വളര്‍ന്നു വന്ന സന്യാസജീവിതശൈലി, വിവിധ സഭകളുടെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീര്‍ഥയാത്രകള്‍ തുടങ്ങയവയാണ് അവ. ഇവയില്‍ പലതും ഇന്നും സഭകളില്‍ തുടര്‍ന്നു വരുന്നു എന്നതു ശ്രദ്ധാര്‍ഹമാണ്. ഇവയുടെ പശ്ചാത്തലത്തില്‍ സഭകള്‍ തമ്മിലുള്ള മറ്റുവ്യത്യാസങ്ങളും ക്രിയാത്മകമായ പരിശോധനയ്ക്കു വിഷയമാക്കണമെന്ന് കമ്മീഷനംഗങ്ങള്‍ തീരുമാനിച്ചു.

സഭാ വിശ്വാസത്തിന്റെ അന്തഃസത്തയെ ബാധിക്കാത്ത വിധത്തില്‍ സഭകളുടെ വ്യത്യാസങ്ങളെ സമന്വയിപ്പിച്ച് പൂര്‍ണമായ ഐക്യത്തിലേക്ക് വളരാന്‍ ശ്രമിക്കണമെന്നാണ് കമ്മീഷനംഗങ്ങളുടെ നിലപാട്. അതിന് തുടക്കം കുറിച്ചുകൊണ്ട് വിവിധ ഓര്‍ത്തഡോക്സ് സഭകളില്‍ പ്രവേശനകൂദാശകള്‍ പരികര്‍മം ചെയ്യുന്ന രീതികള്‍ കമ്മീഷനംഗങ്ങള്‍ ഈ മീറ്റിംഗില്‍ പഠനവിഷയമാക്കി.

ഈ പഠനത്തിന്റെ തുടര്‍ച്ചയായിരിക്കും അടുത്ത കമ്മീഷന്‍ മീറ്റിംഗില്‍ നടക്കുക. കമ്മീഷന്റെ അടുത്ത മീറ്റിംഗ് ഈജിപ്തില്‍ കയ്റോയില്‍ കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആതിഥേയത്വത്തില്‍ 2016 ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ നടത്താന്‍ തീരുമാനിച്ചു.

വെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷന്‍ അംഗങ്ങളെ പ്രത്യേകം കണ്ടിരുന്നു. പ്രസ്താവനയുടെ ഒരു കോപ്പി കമ്മീഷന്‍ അധ്യക്ഷന്മാര്‍ മാര്‍പാപ്പായ്ക്കു കൈമാറി.

ഇന്ത്യയില്‍ നിന്നും കേരളീയരായ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് (തിരുവനന്തപുരം), യൂഹാനോന്‍ മാര്‍ ദെമേത്രിയോസ് (ഡല്‍ഹി), തെയോഫിലോസ് മാര്‍ കുര്യാക്കോസ് (മുളന്തുരുത്തി), മല്‍പാന്‍ റവ. ഡോ. മാത്യു വെള്ളാനിക്കല്‍ എന്നീ നാലു പേരുള്‍പ്പെടെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളേയും കത്തോലിക്കാസഭയെയും പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം ദൈവശാസ്ത്രജ്ഞരാണ് മീറ്റിംഗില്‍ സംബന്ധിച്ചത്.

 

ഫാ. ജോസഫ് സ്രാമ്പിക്കല്‍

Source