പ്രസവം വേദനയാണുണ്ണീ…. സിസേറിയനല്ലോ സുഖപ്രദം!

cesearian

പ്രസവം വേദനയാണുണ്ണീ…. സിസേറിയനല്ലോ സുഖപ്രദം!

 

ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് ജ്യോത്സ്യനെക്കൊണ്ട് സമയം കുറിപ്പിച്ച് ഒരു സ്ത്രീ പ്രസവിക്കാന്‍ വന്നു. ജ്യോത്സ്യന്‍ പറഞ്ഞ സമയം അടുക്കാറായപ്പോഴും യുവതിക്ക് പ്രസവവേദന തുടങ്ങിയില്ല. ബന്ധുക്കള്‍ നിര്‍ബന്ധിച്ച് ഡോക്ടറെക്കൊണ്ട് ജ്യോത്സ്യന്‍ പറഞ്ഞ സമയത്തു തന്നെ സിസേറിയന്‍ നടത്തി. ആ കുഞ്ഞ് വീട്ടുകാരുടെ ആഗ്രഹം പോലെ തന്നെ മിടുക്കനായി വളര്‍ന്നു…
എന്നിട്ട് അവനിപ്പോള്‍ എവിടെയാണ്?
അവനിപ്പോള്‍ വേറെങ്ങുമല്ല… മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.!!!!
തിരുവനന്തപുരത്തെ ഒരു സീനിയര്‍ ഗൈനക്കോളജിസ്റ്റ് പങ്കുവച്ച അനുഭവമാണ് മുകളില്‍ പറഞ്ഞത്.

ജൂലിയസ് സീസര്‍മാര്‍
റോമാ സാമ്രാജ്യം അടക്കി ഭരിച്ച ജൂലിയസ് സീസര്‍ ആയിരുന്നു ആദ്യത്തെ സിസേറിയന്‍ കുഞ്ഞെന്നും അതുകൊണ്ടാണ് പ്രസവശസ്ത്രക്രിയയ്ക്ക് സിസേറിയന്‍ എന്ന പേരുവന്നതെന്നും ഒരു വാദമുണ്ട്. എന്നാല്‍, സിസേറിയനിലൂടെ ജനിക്കുന്നവരെല്ലാം ജൂലിയസ് സീസര്‍ ആകുന്നില്ലെന്നു ചരിത്രം നമ്മോടു പറയുന്നു. എങ്കിലും നല്ല സമയം നോക്കി വയറു കീറുമ്പോള്‍ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ഗര്‍ഭിണിയുടെ ബന്ധുക്കള്‍ കരുതുന്നത് ഈ നവജാതശിശു ഒരു സീസറെങ്കിലും ആകുമെന്നാണ്. അതുകൊണ്ടാണ് ചില സിസേറിയന്‍ സമ്മര്‍ദങ്ങള്‍ പോലും ഇവര്‍ മറക്കുന്നത്.

മറ്റൊരു സംഭവമിങ്ങനെ, മധ്യകേരളത്തിലെ ഒരു താലൂക്ക് ആശുപത്രിയില്‍ ഓണക്കാലത്ത് നടന്നതാണ്. അവധി ആഘോഷി ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് തിടുക്കമായി. പക്ഷേ, ഗര്‍ഭിണികളുടെ നീണ്ട നിര. പലരും ഇന്നോ നാളെയോ പ്രസവിക്കും എന്ന അവസ്ഥ. എല്ലാവരും ശരാശരി വിദ്യാഭ്യാസം മാത്രമുള്ള സാധാരണ സ്ത്രീകള്‍. അവസാനം ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. എല്ലാവരെയും സിസേറിയന്‍ ചെയ്യുക.

അങ്ങനെ രണ്ടു ദിവസത്തിനുള്ളില്‍ ഡോക്ടര്‍മാര്‍ എല്ലാ ഗര്‍ഭിണികളെയും പ്രസവിപ്പിച്ചു. അവര്‍ അവധി ദിവസങ്ങള്‍ ആഘോഷപൂര്‍വം ആഘോഷിക്കുകയും ചെയ്തു. പിന്നീട് സംഭവം വാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞു.

പ്രസവം വേദനയായിരുന്നു മലയാളിക്കും. എന്നാല്‍, ഇനി വേദനയോടെ പ്രസവിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു. മാത്രമല്ല സമയവും കാലവും നക്ഷത്രവും നോക്കി ഗര്‍ഭിണികളുടെ വയറു കീറുന്ന പ്രവണത കൂടിക്കൊണ്ടുമിരിക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നത് കേരളത്തില്‍ പ്രസവങ്ങളുടെ ശരാശരി കൂടുന്നില്ലെങ്കിലും സിസേറിയന്‍ പ്രസവങ്ങളുടെ ശരാശരി അമേരിക്കയിലേതിനെക്കാള്‍ കൂടുതലാണെന്നാണ്.

സിസേറിയന്‍ പ്രസവങ്ങളിലെ കച്ചവടതാത്പര്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണ പ്രസവത്തിന് അയ്യായിരം രൂപ വേണ്ടിടത്ത് അമ്പതിനായിരം രൂപ ബില്ലിടുന്ന സ്വകാര്യ ആശുപത്രികളും വീട്ടില്‍ വന്നു കാണുന്ന ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്ന ചില ഡോക്ടര്‍മാരും പൊതുജനത്തിനു മുന്നില്‍ ഇപ്പോഴൊരു വാര്‍ത്തയല്ല. പ്രസവത്തിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ തയാറുള്ളവരും വാര്‍ത്തയില്‍ വരുന്നില്ല. പകരം പ്രസവവേദനയെ ശസ്ത്രക്രിയ കൊണ്ടു മറികടക്കുന്നവരാണ് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്നത്. അറിയാതെയാണെങ്കിലും അവര്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

സിസേറിയന്‍ എന്ന വജ്രായുധം
പണ്ട് രാവണന്റെ കാലത്ത് സിസേറിയന്‍ കണ്ടു പിടിച്ചിരുന്നില്ല. അതുകൊണ്ട് ഭാര്യ പ്രസവിക്കുന്ന സമയത്ത് രാവണന്‍ ചെയ്തിരുന്നത് തന്റെ വജ്രായുധം ഉപയോഗിച്ച് ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുമൊക്കെ വരുതിയില്‍ നിര്‍ത്തുകയായിരുന്നു. ഇന്ന് വജ്രായുധം ഇല്ലാത്തതുകൊണ്ട് ആള്‍ക്കാര്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നോക്കി ഡോക്ടര്‍മാരെക്കൊണ്ട് കത്തിയെടുപ്പിക്കുന്നു. വിശ്വാസത്തിന്റെ വഴികള്‍ വിചിത്രവും ദുരൂഹവുമാണ് പലപ്പോഴും. ചില വഴികള്‍ നോക്കുക.

കല്യാണം, ഗൃഹപ്രവേശം പോലെയുള്ള ചടങ്ങുകള്‍ക്കായിരുന്നു പണ്ടുമുതല്‍ക്കേ ശുഭമുഹൂര്‍ത്തങ്ങള്‍ അന്വേഷിച്ചിരുന്നത്. കൃഷി സംബന്ധിയായി തെങ്ങും വാഴയും നടാനും നല്ല സമയം നോക്കിയിരുന്നു. ഇപ്പോള്‍ ഇതിനെക്കാളെല്ലാം പ്രധാനമായി പലരും നല്ല സമയം നോക്കുന്നത് പ്രസവത്തിനാണ്.

ചില വിശേഷദിവസങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ കല്യാണങ്ങള്‍ നടക്കാറുണ്ട്. അതുപോലെയാണ് പ്രസവവും. അതിലൊരു വിശേഷദിവസം പത്താമുദയമാണ്.

പ്രസവം പത്താമുദയത്തില്‍
പ്രസവവും പത്താമുദയവും തമ്മില്‍ ബന്ധമുണ്ടെന്നാണ് കേരളത്തിലെ ആശുപത്രി കണക്കുകള്‍ പറയുന്നത്. പ്രസവങ്ങളുടെ ശരാശരിയെടുത്തപ്പോഴാണ് ആരോഗ്യവകുപ്പ് അധികൃതരെപ്പോലും ഞെട്ടിപ്പിച്ച പത്താമുദയ പ്രസവം പുറത്തായത്.

കേരളത്തില്‍ ഒരു ദിവസം ശരാശരി ആയിരത്തി അഞ്ഞൂറു പ്രസവങ്ങളാണു നടക്കുന്നത്. എന്നാല്‍, ചില ദിവസങ്ങളില്‍ അത് രണ്ടായിരം വരെയാവും. ഇതെന്തുകൊണ്ട് ചില ദിവസങ്ങളില്‍ പ്രസവം ഇത്രയും കൂടുന്നു എന്ന ആരോഗ്യവകുപ്പിന്റെ അന്വേഷണമാണ് സംഭവബഹുലമായ ചില കണ്ടെത്തലുകളിലേക്കു നയിച്ചത്.

ആ വിശേഷ ദിവസങ്ങളില്‍ നടക്കുന്ന രണ്ടായിരത്തോളം പ്രസവങ്ങളില്‍ ഏറെക്കുറെ മുക്കാല്‍ പങ്കും സിസേറിയനായിരുന്നു. അതായത് രണ്ടായിരത്തില്‍ ആയിരത്തി ഇരുനൂറോളം പ്രസവങ്ങളും സിസേറിയന്‍. ഇത്രയും പ്രസവങ്ങള്‍ നടന്ന ദിവസത്തിന്റെ പ്രത്യേകത അന്ന് പത്താമുദയമായിരുന്നു എന്നതാണ്. സാധാരണയായി വീടു പാലുകാച്ചാനും വീടു പണി തുടങ്ങാനുമൊക്കെയുള്ള ശുഭദിനമാണ് ഇപ്പോള്‍ പ്രസവത്തിനായി തിരഞ്ഞെടുക്കുന്നത്.

പൂരം നാളാണ്… പേരെന്തു വേണം?
അതുപോലെ തന്നെ മകം, പൂരം നാളുകളിലും കേരളത്തില്‍ പ്രസവം കൂടുതലാണ്. ഗര്‍ഭത്തില്‍ പെണ്‍കുട്ടികളാണെന്ന് അറിയുമ്പോള്‍ മകത്തിനും ആണ്‍കുട്ടിയാണെങ്കില്‍ പൂരത്തിനുമായി ഡിമാന്‍ഡ്. മകം പിറന്ന മങ്കയും പൂരം പിറന്ന പുരുഷനും ലോകം കീഴടക്കും എന്നാണു വിശ്വാസം. പല പ്രമുഖ ഗൈനക്കോളജിസ്റ്റുകളും നാളു നോക്കിയാണ് ഇപ്പോള്‍ അവരുടെ പരിപാടികള്‍ പ്ളാന്‍ ചെയ്യുന്നത്. മകം നാളിനും പൂരം നാളിനും ഡോക്ടര്‍മാര്‍ക്ക് നിന്നു തിരിയാന്‍ നേരമുണ്ടാവില്ല.

നാളെ പൂരം നാളാണ് ആശുപത്രിയില്‍ വലിയ തിരക്കായിരിക്കും. എന്നു പറഞ്ഞാണ് പല ഡോക്ടര്‍മാരും വീട്ടില്‍ നിന്ന് ഇറങ്ങുന്നതു തന്നെ.

ആരോഗ്യവകുപ്പിന്റെ ഈ കണ്ടെത്തല്‍ സിസേറിയന്റെ മറ്റൊരു മുഖമാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. ആശുപത്രികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വേദന അറിയാതെ പ്രസവിക്കണമെന്ന ഗര്‍ഭിണികളുടെയും നല്ല സമയത്ത് പ്രസവിപ്പിക്കണമെന്ന ബന്ധുക്കളുടെയും ആഗ്രഹമാണ് പലപ്പോഴും സിസേറിയന്‍ നിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണം.

സമയം നോക്കി പ്രസവിപ്പിക്കുന്നതില്‍ ജാതിമതഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. ജ്യോത്സ്യന്മാരും അതുപോലെയുള്ളവരും കുറിച്ചുകൊടുക്കുന്ന സമയം അനുസരിച്ചാണ് ഡോക്ടര്‍മാര്‍ ലേബര്‍ റൂമിലേക്കു കുതിച്ചെത്തുന്നത്. രാവിലെ ആറിനും എട്ടിനും ഇടയ്ക്കാണ് കൂടുതല്‍ സിസേറിയന്‍ പ്രസവങ്ങള്‍ നടക്കുന്നത്. എന്നാല്‍, ചില കേസുകളില്‍ രാത്രി ഒരു മണിക്കും, രണ്ടുണിക്കുമൊക്കെ പ്രസവങ്ങള്‍ നടക്കും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സിസേറിയന്‍ വേണമെന്നും പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍ പ്രസവം വേണമെന്നും ഡോക്ടര്‍മാരോടു പറയുന്ന ഗര്‍ഭിണികളും കുറവല്ല. ഇങ്ങനെ നല്ല മുഹൂര്‍ത്തത്തില്‍ ജനിക്കാന്‍ എത്രയെത്ര സിസേറിയന്‍ കുഞ്ഞുങ്ങള്‍!!

രണ്ടാഴ്ച നേരത്തെ പ്രസവിക്കണോ?
പ്രസവിക്കാനുള്ള ഈ സമയം നോക്കല്‍ പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചിലപ്പോള്‍ രണ്ടാഴ്ച മുമ്പേ സിസേറിയന്‍ നടത്താനുള്ള ശ്രമങ്ങള്‍ പോലും ബന്ധുക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതായി ചില ഡോക്ടര്‍മാര്‍ പറയുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന യാഥാര്‍ഥ്യം സമയം നോക്കുന്ന ബന്ധുക്കള്‍ സൌകര്യപൂര്‍വം മറക്കുന്നു.

പ്രസവത്തെ സംബന്ധിച്ച് ധാരാളം അബദ്ധധാരണകള്‍ ഉള്ളവരാണ് സിസേറിയന് നിര്‍ബന്ധം പിടിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്നും മറ്റുമുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ പ്രസവം സഹിക്കാനാവാത്ത വേദനയാണെന്ന മുന്‍ധാരണയുണ്ടാവുന്നു. ഇത് പേടിയായി മാറുന്നു. പലരെയും സിസേറിയന് നിര്‍ബന്ധിക്കുന്നത് ഈ പേടിയാണ്. തിരുവനന്തപുരത്തെ ഒരു സീനിയര്‍ ഗൈനക്കോളജിസ്റ്റ് പറയുന്നു.

നാലു സാഹചര്യങ്ങളിലാണ് ഒരു ഗര്‍ഭിണി സിസേറിയന് വിധേയയാവുന്നത്. ഒന്ന്- ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ നിര്‍ബന്ധം. രണ്ട്- ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദം. മൂന്ന്- പ്രസവത്തെക്കുറിച്ച് ഗര്‍ഭിണിക്കുള്ള അബദ്ധധാരണകളും പേടിയും. നാല്- പ്രസവം സങ്കീര്‍ണമാവുകയും ശസ്ത്രക്രിയ അത്യാവശ്യമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം.

ഇതില്‍ ആദ്യത്തെ മൂന്നു സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ടും ഈ സന്ദര്‍ഭങ്ങള്‍ ഒഴിവാക്കപ്പെടുന്നില്ല. മാത്രമല്ല ഈ സാഹചര്യങ്ങളിലേക്കു കൂടുതല്‍ ഗര്‍ഭിണികള്‍ വഴുതിവീഴുകയും ചെയ്യുന്നു. പ്രമേഹം, ടോക്സീമിയ, മുപ്പത്തിയഞ്ചു വയസിനു ശേഷമുള്ള പ്രസവം, കുഞ്ഞിന്റെ ശിരസിന്റെ വലുപ്പവും അമ്മയുടെ ഗര്‍ഭാശയമുഖവും തമ്മിലുള്ള വ്യത്യാസം. സങ്കോചവികാസങ്ങള്‍ കുറഞ്ഞ ഗര്‍ഭപാത്രം തുടങ്ങി ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്കു മാത്രമാണ് സിസേറിയന്‍ ആവശ്യമായി വരുന്നത്. എന്നാല്‍ ഇന്ന് ഇത്തരക്കാരെക്കാള്‍ കൂടുതല്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്തവരാണു സിസേറിയന്‍ തിരഞ്ഞെടുക്കുന്നത്.

ആശുപത്രി അധികൃതരില്‍ നിന്നുള്ള സമ്മര്‍ദം കൊണ്ടു മാത്രമല്ല സ്വന്തം സുരക്ഷ കൂടി നോക്കിയിട്ടാണ് പല ഡോക്ടര്‍മാരും സിസേറിയന് നിര്‍ബന്ധിക്കുന്നത്. കാരണം പ്രസവം സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ചെറിയൊരു കുറവു മതി അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാവാന്‍. ആ റിസ്ക് ഏറ്റെടുക്കാന്‍ പല ഡോക്ടര്‍മാരും തയാറാവുന്നില്ല. അതുകൊണ്ടു കൂടിയാണ് സിസേറിയന്‍ വേണ്ടി വരുന്നത്…. കോഴിക്കോട്ടെ ഒരു സീനിയര്‍ ഗൈനക്കോളജിസ്റ്റ് അഭിപ്രായപ്പെടുന്നു.

ലളിതമല്ല സിസേറിയന്‍
സിസേറിയന്‍ ലളിതമായ ഒരു ശസ്ത്രക്രിയയാണ് എന്ന അബദ്ധധാരണയാണ് ഒട്ടുമിക്ക മലയാളികള്‍ക്കുമുള്ളത്. എന്നാല്‍ സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയാണ് സിസേറിയന്‍ എന്നതാണു വാസ്തവം. ഒരു വലിയ ശസ്ത്രക്രിയയ്ക്കു സംഭവിക്കാവുന്ന അപകടസാധ്യതകള്‍ ഇതിനുമുണ്ട്. അടിവയറ്റില്‍ മുറിവുണ്ടാക്കി ആന്തരിക അവയവമായ ഗര്‍ഭപാത്രം മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. ഒരു ആന്തരിക അവയവം മുറിക്കുന്നതിന്റെ റിസ്ക് സിസേറിയനുണ്ട്. പക്ഷേ, പലരും ഇക്കാര്യത്തില്‍ അജ്ഞരാണ്.

സിസേറിയന്‍ ഒരു മേജര്‍ ശസ്ത്രക്രിയ ആയതുകൊണ്ടും അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടസാധ്യതയുള്ളതുകൊണ്ടും ഒരു രാജ്യത്തിന്റെ സിസേറിയന്‍ നിരക്ക് 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നത്. എന്നാല്‍, കേരളത്തില്‍ ഈ നിരക്ക് ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ അധികം വൈകാതെ കേരളത്തിലെ ന്യൂജനറേഷന് ഒരു പ്രശ്നവും ഉണ്ടാവില്ല. കാരണം മിക്കവാറും ജനിക്കുന്നത് ഏറ്റവും ശുഭമുഹൂര്‍ത്തത്തിലാണല്ലോ. അപ്പോള്‍ പിന്നെ എന്തു പ്രശ്നമുണ്ടാകാന്‍!

കുഞ്ഞ് അമ്മയ്ക്കു സമ്മാനിക്കുന്ന ആജീവനാന്ത ഓര്‍മയാണ് ആ വേദന. പഴമക്കാര്‍ പറയുന്നത് മക്കളെന്നു കേള്‍ക്കുമ്പോള്‍ ഒരു വേദനയുടെ ഓര്‍മ കൂടി ഉണ്ടാവണമെന്നാണ്. ക്യാമറയ്ക്കു മുന്നിലെ പ്രസവത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നു നടി ശ്വേതാ മേനോന്. എങ്കിലും ശ്വേത പറഞ്ഞ വാക്കുകള്‍ ന്യൂജനറേഷന്‍ അമ്മമാര്‍ കൂടി കേള്‍ക്കേണ്ടതുണ്ട്. പ്രസവവേദന ഇത്ര സുഖമുള്ളതാണെങ്കില്‍ ഒരിക്കല്‍ കൂടി പ്രസവിക്കാന്‍ ഞാന്‍ തയാറാണ്.

കണക്കുകളുടെ പ്രസവവേദന
1987ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് കേരളത്തില്‍ സിസേറിയന്‍ പ്രസവങ്ങള്‍ കൂടുന്നതിനെക്കുറിച്ച് ആദ്യ പഠനം നടത്തിയത്. പതിനൊന്നു ശതമാനമായിരുന്നു അന്ന് സിസേറിയന്‍. 1999ല്‍ നാഷനല്‍ ഏജന്‍സിയായ ഫാമിലി ഹെല്‍ത്ത് സര്‍വീസ് നടത്തിയ സര്‍വേയില്‍ നഗരങ്ങളില്‍ 35 ശതമാനവും ഗ്രാമങ്ങളില്‍ 25 ശതമാനവും ആണെന്നു കണ്ടെത്തി. 2013-2014 വര്‍ഷത്തെ കേരളത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തില്‍ നടക്കുന്ന ആകെ പ്രസവങ്ങളില്‍ നാല്‍പതു ശതമാനത്തോളം സിസേറിയന്‍ ആണെന്നാണ്. കഴിഞ്ഞ വര്‍ഷം സിസേറിയന്‍ കണക്കില്‍ ഒന്നാമതായിരുന്ന എറണാകുളത്തെ പിന്തള്ളി പത്തനംതിട്ട ഒന്നാമതെത്തി. രണ്ടാമത് എറണാകുളം- മൂന്ന് കണ്ണൂര്‍ ജില്ല.

ജില്ല തിരിച്ചുള്ള കണക്ക് (ശതമാനത്തില്‍)
പത്തനംതിട്ട – 55.19 എറണാകുളം – 53.22 കണ്ണൂര്‍- 51.1 കൊല്ലം- 49.04 ആലപ്പുഴ – 48.56 ഇടുക്കി -47.10 കോട്ടയം – 46.38 തിരുവനന്തപുരം – 42.07 തൃശൂര്‍-41.1 കോഴിക്കോട് – 32.98 പാലക്കാട്- 28.61 മലപ്പുറം – 27.95 വയനാട് – 25.77 കാസര്‍കോട് -25.77

സിസേറിയന്‍ എന്തുകൊണ്ട് ഒഴിവാക്കണം?
1. മറ്റു ശസ്ത്രക്രിയകള്‍ പോലെ തന്നെ സങ്കീര്‍ണമാണ് സിസേറിയനും. അത്യാവശ്യമാണെന്ന ഘട്ടം വരുമ്പോള്‍ മാത്രം ചെയ്യേണ്ട ശസ്ത്രക്രിയയാണിത്. മാത്രമല്ല പിന്നീടുള്ള ജീവിതത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
2. പ്രസവം ഒരു രോഗമല്ലെന്നും അതൊരു അവസ്ഥയാണെന്നും ബന്ധുക്കളെ ബോധ്യപ്പെടുത്തുക.
3. ചൈല്‍ഡ് ബെര്‍ത്ത് എജ്യുക്കേഷന്‍ കോഴ്സുകള്‍ സംഘടിപ്പിക്കാറുണ്ട് ചില ആശുപത്രികളും സര്‍ക്കാര്‍ ഏജന്‍സികളും. ഗര്‍ഭിണികള്‍ ഇത്തരം കോഴ്സുകളില്‍ പങ്കെടുക്കുന്നത് പ്രസവത്തെ സംബന്ധിച്ചു തെറ്റിദ്ധാരണകള്‍ മാറാന്‍ സഹായിക്കും.
4. പ്രസവവേദന സ്വാഭാവികമായി തുടങ്ങേണ്ട ഒന്നാണ്. ബാഹ്യസാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് കൃത്രിമമായി പ്രസവവേദന വരുത്തി പ്രസവിക്കേണ്ടി വരുന്നത് സങ്കീര്‍ണ സാഹചര്യങ്ങളില്‍ മാത്രമാണ്. ഗര്‍ഭിണിക്കും ബന്ധുക്കള്‍ക്കും ഈ തിരിച്ചറിവ് ഉണ്ടായിരിക്കണം.
5. പരിചയമോ അടുപ്പമോ ഉള്ള ആശുപത്രിയെയും ഡോക്ടറെയും സമീപിക്കുന്നത് സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
6. ഒരു ഡോക്ടര്‍ സിസേറിയന്‍ വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കാന്‍ ഗര്‍ഭിണിയും ബന്ധുക്കളും ബാധ്യസ്ഥരാണ്.
7. ആദ്യപ്രസവം സിസേറിയന്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തെ പ്രസവം സിസേറിയന്‍ ആയിരിക്കും എന്നത് അബദ്ധ ധാരണയാണ്.
8. പൊക്കിള്‍കൊടിയുടെ തകരാര്‍ മൂലം കുഞ്ഞിന് ഓക്സിജന്‍ കിട്ടാതെ വരുന്ന സന്ദര്‍ഭത്തില്‍ സിസേറിയനു വിധേയമാകണം. ഗര്‍ഭിണിക്ക് ഹൃദയ സംബന്ധമായ പ്രശ്നമുണ്ടെങ്കിലും സിസേറിയന്‍ ആവശ്യമായി വരാം.