സഭാ തര്‍ക്കം പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു: പാത്രിയര്‍ക്കീസ്‌ ബാവയും കാതോലിക്കാ ബാവയും കൂടിക്കാഴ്‌ച നടത്തിയേക്കും 

HH_bava_patriarch

 

church_unity_2015

കോട്ടയം: മലങ്കരസഭയില്‍ നാലു പതിറ്റാണ്ടിലേറെയായ തര്‍ക്കം പരിഹരിക്കാന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ഭാരത സന്ദര്‍ശനത്തോടെ വഴിയൊരുങ്ങുമെന്നു സൂചന. കോട്ടയത്തെത്തുന്ന പാത്രിയര്‍ക്കീസ്‌ ബാവ ഓര്‍ത്തഡോക്‌സ്‌ സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.
പാത്രിയര്‍ക്കീസ്‌ ബാവയുടെ മലങ്കര സന്ദര്‍ശനത്തെ സ്വാഗതം ചെയ്‌തുകൊണ്ടും സഭയില്‍ ശ്വാശ്വത സമാധാനം ഉണ്ടാക്കുന്നതിനു പാത്രിയര്‍ക്കീസ്‌ ബാവ മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്കു കത്ത്‌ അയച്ചിരുന്നു. ഈ കത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്‌ച നടത്താന്‍ പാത്രിയര്‍ക്കീസ്‌ ബാവ തയാറാകുമെന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ പക്ഷം പറയുന്നത്‌.
പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്ക്‌ സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം ഈമാസം എട്ടിനു കോട്ടയത്താണു നല്‍കുന്നത്‌. ചടങ്ങിലേക്കു വിവിധ സഭാ മേലധ്യക്ഷന്‍മാര്‍ക്കു ക്ഷണമുണ്ട്‌. ഈ അവസരത്തില്‍ പാത്രിയര്‍ക്കീസ്‌ ബാവായും കാതോലിക്കാ ബാവായും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുമെന്നാണ്‌ അറിയുന്നത്‌. ചടങ്ങില്‍ സഭാ തര്‍ക്കം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്‌.
മുന്‍ കാലങ്ങളില്‍ സഭാ തര്‍ക്കം നിലനില്‍ക്കുന്ന പളളികളില്‍ പാത്രിയര്‍ക്കീസ്‌ ബാവ പ്രവേശിക്കുന്നതിനെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം എതിര്‍ത്തിരുന്നു. എന്നാല്‍ മലങ്കര സഭയിലെ ഏതു പളളികളിലും പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്ക്‌ പ്രവേശിക്കാമെന്ന നിലപാടാണ്‌ ഇത്തവണ ഓര്‍ത്തഡോക്‌സ്‌ വിഭാഗം സ്വീകരിച്ചിരിക്കുന്നത്‌. സഭാതര്‍ക്കം നിലനില്‍ക്കുന്ന പളളികളില്‍ പാത്രിയര്‍ക്കീസ്‌ ബാവായെ കൊണ്ടുപോകുന്നതിനു യാക്കോബായ വിഭാഗം ഇത്തവണ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്‌.
ഈ മാസം ഏഴിനു സംസ്‌ഥാന സര്‍ക്കാരിന്റെ അഥിതിയായി കേരളത്തിലെത്തുന്ന എത്തുന്ന പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ ഊഷ്‌മളമായ സ്വീകരണ പരിപാടികളാണ്‌ ഒരുക്കിയിട്ടുള്ളത്‌. യാക്കോബായ സഭയുടെ ഔദ്യോഗിക സ്വീകരണ പരിപാടിയും എട്ടിനാണ്‌. കോട്ടയത്ത്‌ നടത്തുന്ന സ്വീകരണത്തില്‍ ഒരുലക്ഷം സഭാ വിശ്വാസികള്‍ പങ്കെടുക്കുമെന്നാണു യാക്കോബായ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്‌.

ഷാലു മാത്യു

Source: http://www.mangalam.com/print-edition/keralam/278250#sthash.6Dwn8opq.xYW0E4X6.dpuf