വിശ്വാസങ്ങളെ അപമാനിച്ചാല്‍ തിരിച്ചടി പ്രതീക്ഷിക്കണം; ഫ്രാന്‍സിസ് മാര്‍പാപ്പ; ‘ദൈവത്തിന്റെ പേരിലുള്ള ആക്രമണം ബുദ്ധിശൂന്യം’

അഭിപ്രായ സ്വാതന്ത്ര്യമെന്നത് അതിരുകളില്ലാത്ത ഒന്നല്ലെന്നും മാര്‍പ്പാപ്പ.

pope_francis

മനില: മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപമാനിച്ചാല്‍ തിരിച്ചടി പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫഞ്ച് ആക്ഷേപ ഹാസ്യ മാഗസിന്‍ ചാര്‍ളി എബ്ദോക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിനാണ് മാര്‍പാപ്പയുടെ പ്രതികരണം.

എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റങ്ങളെ മാര്‍പ്പാപ്പ അപലപിച്ചു. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ ബുദ്ധിശൂന്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു.  ശ്രീലങ്കയില്‍നിന്ന് ഫി ലിപ്പൈന്‍സിലേക്ക് പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യമെന്നത് അതിരുകളില്ലാത്ത ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ളി എബ്ദോയുടെ അതിജീവിച്ചവരുടെ ലക്കത്തിലും പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിനെതിരെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മാര്‍പാപ്പയുടെ പ്രതികരണം വന്നിരിക്കുന്നത്.’എല്ലാം പൊറുത്തിരിക്കുന്നു’ എന്ന തലക്കെട്ടില്‍ ‘ഞാന്‍ ഷാര്‍ളി’ എന്നെഴുതിയ പേപ്പറും പിടിച്ച് കൊല്ലപ്പെട്ടവരെ ഓര്‍ത്ത് പ്രവാചകന്‍ കരയുന്ന തരത്തിലാണ് പുതിയ ലക്കം മാഗസിന്റെ കവര്‍ പേജ്. മാര്‍പാപ്പയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണും പുതിയ ലക്കത്തില്‍ ഉണ്ടായിരുന്നു.

ജനുവരി ഏഴിന് പാരീസിലെ ചാര്‍ളി എബ്ദോ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 12 പേരാണ് വെടിയേറ്റ് മരിച്ചത്. എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേസമയം രാജ്യത്തെ എല്ലാ മതവിശ്വസികളേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍കോയിസ് ഹൊളന്തെ പറഞ്ഞു. മതഭ്രാന്തിന്റെ മുഖ്യ ഇരകള്‍ ഇസ്ലാം മതവിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പൗരന്‍മാര്‍ക്കുള്ള അവകാശങ്ങള്‍ രാജ്യത്തെ മുസ്ലീം ജനതയ്ക്കുമുണ്ട്. മുസ്ലീമുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ആഴ്ച്ചയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 15,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യത്ത് വിവിധ ഇടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

Source