അനുരഞ്ജനത്തിലൂടെ സമാധാനം ആര്‍ജ്ജിക്കാമെന്ന് പാപ്പാ

Pope greets crowd after praying rosary at Basilica of St. Mary Major in Rome

ശ്രീലങ്കയില്‍ സന്ദര്‍ശനത്തിന്‍റെ പ്രഥമദിനമായ ജനുവരി 13-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് നല്കിയ ആദ്യസന്ദേശം കൊളംമ്പോ എയര്‍പ്പോര്‍ട്ടിലെ സ്വീകരണവേദിയിലായിരുന്നു. ഹൃദ്യമായ സ്വീകരിണത്തിന് നന്ദിപറഞ്ഞുകൊണ്ട് പാപ്പാ തുടക്കമിട്ടു. പുതിയ പ്രസിഡന്‍റിനെയും ശ്രീലങ്കന്‍ ജനതയെയും പാപ്പാ അഭിവാദ്യംചെയ്തുകൊണ്ടായിരുന്ന സ്വീകരണച്ചടങ്ങിലെ പ്രഭാഷണം:

എന്‍റെ സന്ദര്‍ശനം പ്രധാനവുമായും അജപാലനപരമാണ്. ആഗോളസഭയുടെ തലവന്‍ എന്ന നിലയില്‍ ദ്വീപിലെ വിശ്വാസികളെ സന്ദര്‍ശിച്ച്, ഇവിടെ ക്രിസ്തുവെളിച്ചം പരത്തിയ വാഴ്ത്തപ്പെട്ട ജോസഫ് വാസിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുക എന്നതാണ് സന്ദര്‍ശന ലക്ഷൃം. ഒപ്പം സഭയ്ക്ക് ശ്രീലങ്കന്‍ ജനതയോടുള്ള സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും പ്രകടനംകൂടിയാണിത്. ഇവിടത്തെ ജനതയുടെ സമൂഹൃജീവിതത്തില്‍ ദേശീയ സഭ സജീവ പങ്കാളിയാകണമെന്നതും എന്‍റെ ആഗ്രഹമാണ്.

ലോകത്ത് വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധത്തിലാണെന്നത് ഇന്നും തുടരുന്ന യാഥാര്‍ത്ഥ്യവും ദുരന്തവുമാണ്. വിയോജിപ്പുകളിലും വ്യതിരിക്തതകളിലും അനുരജ്ഞനപ്പെടാനാവാതെ, ഒടുങ്ങാത്ത പഴയതും പുതിയതുമായ പകയും വൈരാഗ്യവും വച്ചുപുലര്‍ത്തുകയാണ്. അങ്ങനെ വംശീയവും, മതാത്മകവുമായ സംഘര്‍ഷങ്ങളും അധിക്രമങ്ങളും ലോകത്ത് കൊടുമ്പിരിക്കൊള്ളുന്നു. അഭ്യന്തരകലാപത്തിന്‍റെ കെടുതികള്‍ അനുഭവിച്ച ഈ നാടും പഴയ മുറിവുകള്‍ ഉണക്കുവാനും, ഇനിയും സമാധാനം വളര്‍ത്തുവാനും പരിശ്രമിക്കുകയാണ്. കലാപം വളര്‍ത്തിയ അനീതിയുടെയും ശത്രുതയുടെയും അവിശ്വസ്തയുടെയും പൈതൃകത്തെ അതിജീവിക്കുക എളുപ്പമല്ല. ഓര്‍ക്കുക, ‘തിന്മയെ നന്മകൊണ്ടു മാത്രമേ നേടാനാകൂ..’ (റോമ. 12, 21). ഐക്യദാര്‍ഢ്യത്തിലൂടെ സമാധാനം വളരണമെങ്കില്‍ അനുരഞ്ജനം അനിവാര്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

അനുരഞ്നത്തിലൂടെ രാഷ്ട്രത്തിന്‍റെ പുനഃര്‍നിര്‍മ്മിതിക്കായി പരിശ്രമിക്കുന്നതില്‍ മതങ്ങള്‍ക്കും വിവിധ സാംസ്ക്കാരിക ഭാഷാസമൂഹങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. സമാധാനം കൂട്ടായ പരിശ്രമമാണ്. എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടാവുകയും വേണം. തങ്ങളുടെ ആശകളും ആശങ്കകളും അഭിലാഷങ്ങളും പ്രകടമാക്കാന്‍ എല്ലാ വിഭാഗക്കാര്‍ക്കും അവസരം ലഭിക്കയും വേണം. സര്‍വ്വോപരി, പരസ്പരം അംഗകരിക്കുവാനും, ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും വിശ്വാസത്തിന്‍റെയും ന്യായമായ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും, ഒരുമിച്ച് ഒരു കുടുംബമായി ജീവിക്കുവാനും സാധിക്കണം. എളിമയോടും തുറവോടുംകൂടെ പരസ്പരം അംഗീകരിക്കുവാനും ശ്രവിക്കുവാനും സാധിച്ചാല്‍, വൈവിധ്യങ്ങള്‍ ഭീഷണിയാവില്ല, മറിച്ച് അവ സമ്പന്നതയുടെയും സമാധാനത്തിന്‍റെയും ശ്രോതസ്സുക്കളാകും, പിന്നെ നീതിയിലേയ്ക്കും, അനുരഞ്ജനത്തിലേയ്ക്കും സാമൂഹ്യ ഐക്യത്തിലേയ്ക്കുമുള്ള പാത തെളിഞ്ഞുവരികയുംചെയ്യും.

ഈ നാടിന്‍റെ പുനഃനിര്‍മ്മിതി ബാഹ്യമായ ഘടനയുടെയും, അഭിവൃദ്ധിയുടെയും മാത്രമായിരിക്കരുത്, സമൂഹത്തില്‍ വ്യക്തികളെ മാനിച്ചുകൊണ്ടും, അവരുടെ അന്തസ്സും, അവകാശങ്ങളും ആദരിച്ചുകൊണ്ടുമായിരിക്കട്ടെ. ശ്രീലങ്കയിലെ രാഷ്ട്രീയ സാംസ്ക്കാരിക മത നേതാക്കള്‍ ഒത്തൊരുമിച്ച്, അവരുടെ വാക്കുകളും പ്രവൃത്തികളിലുമുള്ള സൂക്ഷ്മമായ ശ്രദ്ധയോടെ, ഇവിടെയുള്ള വിഭജനത്തിന്‍റെ മുറിവുകള്‍ ഉണക്കി, ശ്രീലങ്കന്‍ ജനത ആത്മീയവും ഭൗതികവുമായ ഉന്നതി പ്രാപിക്കട്ടെ.

‘ഇന്ത്യാ മഹാസമുദ്രത്തിലെ പവിഴ’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീലങ്കയ്ക്ക്, ഇവിടത്തെ ജനങ്ങള്‍ക്ക് സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും പവിവത്തിളക്കമുണ്ടാകട്ടെ, എന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.