യൂബർ ടാക്സി മാനഭംഗത്തിലൂടെ ദേശീയ തലസ്ഥാന നഗരത്തിലെ വനിതകളുടെ സുരക്ഷ ഒരിക്കൽക്കൂടി ചർച്ച ചെയ്യപ്പെട്ടു. കടന്നുപോകുന്ന വഴികളും അനുഭവിക്കുന്ന മാനസികവ്യഥകളും പങ്കുവയ്ക്കാൻ മാനഭംഗങ്ങൾക്ക് ഇരയാകുന്നവർ ധൈര്യം കാട്ടാറില്ല. യൂബർ ടാക്സിയിൽ മാനഭംഗത്തിന് ഇരയായ യുവതി തന്റെ അനുഭവങ്ങൾ തുറന്നെഴുതാൻ തയാറായി. യുവതി ദി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് എഴുതിനൽകിയ അനുഭവക്കുറിപ്പിലെ പ്രസക്തഭാഗങ്ങൾ:
(ഡിസംബർ അഞ്ചിനു രാത്രി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണു സഞ്ചരിച്ചിരുന്ന ടാക്സിയിലെ ഡ്രൈവർ യുവതിയെ മാനഭംഗപ്പെടുത്തിയത്. പ്രതി ശിവകുമാർ യാദവ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. ശിവകുമാർ ഒട്ടേറെ മാനഭംഗക്കേസുകളിൽ പ്രതിയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. സംഭവത്തിനു കുറച്ചുദിവസം മുൻപ്, ഇതേ കാറിൽ സഞ്ചരിച്ച മറ്റൊരു യുവതിയെയും ശല്യപ്പെടുത്താൻ ശ്രമിച്ചതായി പരാതിയുണ്ട്.)
‘‘ഇതെനിക്ക് ഒരിക്കലും സംഭവിക്കരുതായിരുന്നു. ഈ മഹാനഗരം എന്നെ തോൽപ്പിച്ചു. ആ രാത്രി, നിരത്തുകളിൽ പൊലീസ് പട്രോളിങ് കണ്ടില്ല. ഞാൻ ഏറ്റവും അധികം വിശ്വസിച്ച യൂബർ ടാക്സി കമ്പനി ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്ക്, അതും ടാക്സി ഓടിക്കുന്നതിനുള്ള ബാഡ്ജില്ലാത്തയാൾക്കു ജോലി നൽകി. അതു മാത്രമല്ല, മറ്റൊരു വനിതാ യാത്രക്കാരി ഡ്രൈവർ ശിവകുമാർ യാദവിന് എതിരെ നൽകിയ പരാതിയിൽ യൂബർ ടാക്സി കമ്പനി നടപടി സ്വീകരിച്ചില്ല. കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണു ഞാനും എന്റെ കുടുംബവും ഇന്നനുഭവിക്കുന്ന വേദനകൾക്കു കാരണം.
ഡിസംബർ അഞ്ചിന്, രാത്രി ആഹാരത്തിനു ശേഷം എങ്ങനെ വീട്ടിൽ പോകുമെന്ന് ആലോചിച്ചപ്പോൾ, ഞാൻ ഏറ്റവും അധികം വിശ്വസിക്കുന്ന യൂബർ ടാക്സിയെ തന്നെ ആശ്രയിച്ചു. വനിതകൾ രാത്രിയിൽ കോൾ ടാക്സികളിൽ യാത്ര ചെയ്യുന്നതാണു സുരക്ഷിതമെന്നായിരുന്നു 2012 ഡിസംബർ 16ലെ ഡൽഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധരുടെ നിർദേശം. യൂബർ ടാക്സി തിരഞ്ഞെടുക്കാൻ അതുമൊരു കാരണമായി.
മുൻപു പലപ്രാവശ്യം യൂബർ ടാക്സിയുടെ സേവനം ലഭ്യമാക്കിയിരുന്നതിനാലാണ് അവരിൽ വിശ്വാസം അർപ്പിച്ചത്. അർധരാത്രി വീട്ടിൽ കൊണ്ടുവിടുന്നതിനു സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ബുദ്ധിമുട്ടിക്കാനും എനിക്കു താൽപര്യമുണ്ടായിരുന്നില്ല.
ഇന്ന്, ഉറങ്ങാൻ ഞാൻ പ്രയാസപ്പെടുകയാണ്. കണ്ണടയ്ക്കുമ്പോൾ ആ ഭീകരരാത്രിയുടെ ഓർമകൾ എന്നെ വേട്ടയാടാനെത്തുന്നു. ഉറങ്ങാൻ എത്ര ശ്രമിച്ചാലും മനസ്സിനെ മൂടിയ ഭയം അലട്ടുന്നു. ആ രാത്രിയിലെ സംഭവം എന്റെ മനസ്സിന് ആഴത്തിലുള്ള മുറിവാണ് ഏൽപ്പിച്ചത്, ഒറ്റയ്ക്കു വീടിനു പുറത്തിറങ്ങാൻ ഭയമാണ്.
എന്നാൽ, ഞാൻ നേരത്തേ ഇങ്ങനെയായിരുന്നില്ല. സ്വതന്ത്ര അന്തരീക്ഷം നിറഞ്ഞുനിന്ന സ്കൂളിലാണു പഠിച്ചത്. പ്രായോഗികതയുടെ പ്രാധാന്യവും സ്വാതന്ത്യ്രം, ധൈര്യം എന്നിവയുടെ മൂല്യവും അവിടെ നിന്നു പഠിച്ചു. ഡൽഹി സർവകലാശാലയിൽ ബിരുദത്തിനു പഠിക്കുമ്പോൾ ബസും മെട്രോ ട്രെയിനും ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനത്തിലായിരുന്നു യാത്ര. ഒരിക്കൽപോലും ആരുടെയും ശല്യപ്പെടുത്തലിന് ഇരയാകേണ്ടി വന്നിട്ടില്ല.
തെറ്റായ കാര്യങ്ങൾ എപ്പോൾ കണ്ടാലും ഞാൻ പ്രതികരിച്ചിരുന്നു. അതുകൊണ്ടാണ് അന്നു രാത്രി, ആ സംഭവത്തിനു ശേഷം മാതാപിതാക്കളെ വിളിക്കുംമുൻപു പൊലീസിനെ വിവരം അറിയിച്ചത്. അതുകൊണ്ടാണു ഡൽഹി കൂട്ടമാനഭംഗത്തിനു ശേഷം നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും പങ്കെടുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തത്.
വനിതകളുടെ സുരക്ഷ ഗൗരവമേറിയ വിഷയമെന്നു തന്നെ വിശ്വസിക്കുന്നു. 2012 ഡിസംബർ 16ലെ സംഭവത്തിനു ശേഷം സർക്കാർ ചില നടപടികൾ സ്വീകരിച്ചെങ്കിലും അവ ഫലപ്രദമായിരുന്നില്ലെന്ന് എന്റെ അനുഭവം തെളിയിക്കുന്നു.
ഇരുമ്പുവടി കുത്തിക്കയറ്റുമെന്നു പറഞ്ഞാണ് യൂബർ ടാക്സിയിലെ ഡ്രൈവർ എന്നെ ഭീഷണിപ്പെടുത്തിയത്. ഡൽഹി കൂട്ടമാനഭംഗത്തിനു ശേഷമുള്ള ശ്രമങ്ങൾ അയാളെ ഭയപ്പെടുത്തിയിരുന്നെങ്കിൽ ആ പെൺകുട്ടിയെ ആക്രമിച്ച ഇരുമ്പുവടിയുടെ പേരുപറഞ്ഞു മറ്റൊരാളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താനുള്ള ധൈര്യമുണ്ടാകുമായിരുന്നില്ല.
നീതിക്കു വേണ്ടി ഞാൻ യാചിക്കുന്നു. പ്രതിക്കു കഠിനമായ ശിക്ഷ നൽകണം. യൂബർ ടാക്സിക്ക് എതിരെ നടപടി സ്വീകരിക്കണം. ഇപ്രാവശ്യമെങ്കിലും കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ സമൂഹവും സർക്കാരും സംവിധാനവും എല്ലാം പരാജയമാണെന്നു തെളിയും. വ്യക്തമായ ഒരു സന്ദേശമാണു തുടർനടപടികളിലൂടെ കൈമാറേണ്ടത്.
ഡൽഹി പൊലീസിനെ ഞാൻ അഭിനന്ദിക്കുന്നു. മാന്യമായാണു പെരുമാറിയത്. പ്രതിയെ പിടികൂടുന്നതിൽ കാര്യക്ഷമത കാട്ടി. അവർക്കൊരു പ്രതിഫലം നൽകാൻ ആഗ്രഹിച്ചെങ്കിലും അതു സ്വീകരിക്കാൻ പൊലീസ് തയാറായില്ല. പകരം എനിക്കൊപ്പം കാപ്പി പങ്കിടുന്നതാണു സന്തോഷമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത്.
ഇപ്പോൾ ഭാവിയിലേക്കു നോക്കുകയാണ്. ജോലിയിൽ തുടരുന്നതും സമൂഹത്തിന് എന്നോടുള്ള സമീപനവുമാണു പ്രധാന വെല്ലുവിളികൾ. അയൽവാസികളിൽ ചിലർ എന്റെ പരിശുദ്ധിയെ തന്നെ ചോദ്യംചെയ്തു. ഒറ്റയ്ക്കു പുറത്തുപോകുന്നതു നിർത്തി, മാനസിക സമ്മർദത്തെ അതിജീവിക്കാൻ കഴിയുന്നില്ല.
കേസുകൊടുത്തതിന് അമ്മയുടെ ഒരു സുഹൃത്ത് അമ്മയെ ശകാരിച്ചു. നാണക്കേടാകുമെന്നായിരുന്നു അവർ പറഞ്ഞത്. മകൾക്കല്ല, തെറ്റു ചെയ്തയാളിനാണു മാനക്കേടുണ്ടാവുക എന്നായിരുന്നു അമ്മയുടെ പ്രതികരണം.
ഇനിയും പുറത്തിറങ്ങരുതെന്നായിരുന്നു സുഹൃത്തുക്കളെന്ന് അവകാശപ്പെടുന്ന ചിലരുടെ ഉപദേശം. എന്നാൽ, മറ്റു ചില സുഹൃത്തുക്കൾ എന്നെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി ഒപ്പമുണ്ടെന്ന ഉറപ്പ് എന്നിലേക്കു പകർന്നു തന്നു. ഈ പരീക്ഷയിൽ ഒപ്പം നിന്നവരാണ് എന്റെ യഥാർഥ സുഹൃത്തുക്കളെന്നു ഞാൻ തിരിച്ചറിഞ്ഞു.
ഇപ്പോൾ, ഞാൻ ജോലിക്കു പോയിത്തുടങ്ങി. ഓഫിസിൽ നല്ല പിന്തുണയാണു കിട്ടുന്നത്. സഹപ്രവർത്തരെല്ലാം തന്നെ കരിയറിൽ എന്റെ വളർച്ച ആഗ്രഹിക്കുന്നു. മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ കൗൺസിലർമാരുടെ സഹായം ഓഫിസിൽ ലഭ്യമാക്കിയിട്ടുണ്ട്.
സഹപ്രവർത്തകർ മാത്രമല്ല, മറ്റുള്ളവരും കരുതലോടെയാണു പെരുമാറുന്നത്. സംഭവത്തിനു ശേഷം ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. അവിടെ ആരുംതന്നെ സംഭവത്തെക്കുറിച്ചു ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല. സഹായത്തിന് ആരുമില്ലാത്ത യുവതികൾ വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നാണോ? പുറത്തിറങ്ങാനും സമാധാനത്തോടെ ജോലി ചെയ്യാനുമുള്ള സ്വാതന്ത്യ്രം നമുക്കെല്ലാവർക്കുമുണ്ട്. മാതാപിതാക്കൾക്കൊപ്പം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്, ഒരിക്കലും അരക്ഷിതത്വം അനുഭവപ്പെട്ടിട്ടില്ല. യാത്ര ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണു ഞാൻ. പക്ഷേ, ഈ നഗരം സുരക്ഷിതമല്ലെന്നു ഞാൻ തിരിച്ചറിയുന്നു.
വനിതാ ഡ്രൈവർമാരുള്ള ടാക്സികൾ ഓടിച്ചാൽ ഈ നഗരത്തിലെ വനിതകളുടെ സുരക്ഷ ഒരു പരിധിവരെ ഉറപ്പുവരുത്താം. പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണം, കൂടാതെ നിരത്തുകളിൽ പൊലീസിന്റെ കൂടുതൽ സാന്നിധ്യം ഉറപ്പു വരുത്താനും കഴിയണം. പെൺകുട്ടി സഞ്ചരിക്കുന്ന ടാക്സികൾ പരിശോധിച്ച്, ഡ്രൈവർമാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണം. യൂബർ കമ്പനി ഇതു ചെയ്തിരുന്നെങ്കിൽ ഈ ക്രൂരത എനിക്ക് അനുഭവിക്കേണ്ടി വരുമായിരുന്നില്ല.
കൂടാതെ, പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതും പ്രധാനമാണ്. പൊലീസിന്റെയും കോടതിയുടെയും നടപടികളിൽ പെട്ടുപോകുമെന്ന കാരണത്താൽ പല സംഭവങ്ങളിലും സഹായിക്കാൻ പൊതുജനങ്ങൾ വിമുഖത കാട്ടുന്നു. ആ മനോഭാവം മാറ്റിയെടുക്കപ്പെടണം.
എല്ലാ തലങ്ങളിലും വനിതകൾക്കു കൂടുതൽ അവസരം നൽകിയാൽ സ്ത്രീപീഡനങ്ങൾ ഒഴിവാക്കാൻ കഴിയും. പുരുഷ മേധാവിത്വമുള്ള സമൂഹമാണ് ഇന്ത്യയിലേത്. തുല്യ അവസരം ലഭ്യമാക്കിയാൽ സ്ത്രീകളോടുള്ള അവഗണന ഒഴിവാക്കാം. വരും തലമുറയെ രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിനും വലിയൊരു പങ്കുണ്ട്.
ഞാനുൾപ്പെടുന്ന യുവതലമുറയോടു പറയാനുള്ളത് ഒന്നുമാത്രം: പ്രതികരിക്കൂ. കാര്യങ്ങൾ കാണുക, പറയുക, നിശ്ശബ്ദരായിരിക്കരുത്…