വടുതല ഈശോ കത്തനാര്‍


വടുതല മാണിക്കത്തനാരുടെ പുത്രനാണ് ഈശോ കത്തനാര്‍. ഓമല്ലൂര്‍-കൈപ്പട്ടൂര്‍ തുടങ്ങിയ പള്ളികളുടെ വികാരിയായിരുന്നു. തികഞ്ഞ സഭാസ്നേഹിയും വിശ്വാസ സംരക്ഷകനും ഭക്തനുമായിരുന്ന ഈശോ കത്തനാര്‍ 1929-30 കാലഘട്ടത്തില്‍ ബഥനി മാര്‍ ഈവാനിയോസിന്‍റെ റോമാസഭാ പ്രവേശനത്തെ തുടര്‍ന്നു സഭയില്‍ നിന്നു റോമാ സഭയിലേക്കുണ്ടായ ഒഴുക്കു തടഞ്ഞു നിറുത്തുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇതിനുവേണ്ടി മാക്കാംകുന്നില്‍ ആരംഭിച്ച മധ്യതിരുവിതാംകൂര്‍ സിറിയന്‍ കണ്‍വന്‍ഷന്‍റെ നാലു ശില്പികളില്‍ ഒരാളായിരുന്നു വടുതല ഈശോ കത്തനാര്‍. തെങ്ങുംതറയില്‍ ഗീവറുഗീസ് കോര്‍എപ്പിസ്കോപ്പാ, ഓമല്ലൂര്‍ വടക്കേടത്തു ഗീവറുഗീസ് കത്തനാര്‍, പത്തനംതിട്ട കിഴക്കേവീട്ടില്‍ പത്രോസ് കത്തനാര്‍ എന്നിവരായിരുന്നു അച്ചന്‍റെ പ്രമുഖരായ മൂന്നു സഹപ്രവര്‍ത്തകര്‍.

ഈശോ കത്തനാരുടെ പുത്രനാണ് ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ. തിരുമേനിയെ കൂടാതെ മൂന്നു പുത്രന്മാരും അഞ്ചു പുത്രിമാരുമാണുള്ളത്. വിവാഹത്തിനു ശേഷമാണ് ഈശോ കത്തനാര്‍ കുടുംബത്തില്‍ നിന്നു മാറി കൈപ്പട്ടൂര്‍ പുളിക്കത്തറയിലും, തുടര്‍ന്നു പണ്ടകശ്ശാലയില്‍ വീട്ടിലും പിന്നീട് ഇപ്പോഴത്തെ തറവാടായ വടുതല പുത്തന്‍വീട്ടിലും താമസമാക്കിയത്. പുളിക്കത്തറ പറമ്പില്‍ വീട്ടിലാണു തിരുമേനി ജനിച്ചത്.

1948 ജനുവരി 26-നു എഴുപതാം വയസ്സില്‍ അന്തരിച്ചു. ഭാര്യ അന്നമ്മ 75-ാം വയസ്സില്‍ 1956 സെപ്തംബര്‍ 10-ന് അന്തരിച്ചു. അന്നമ്മ ഓമല്ലൂര്‍ മുള്ളനിക്കാട്ട് ആറ്റുപുറത്തു കുടുംബാംഗമാണ്. ഇരുവരും ഓമല്ലൂര്‍ സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.