മലങ്കരസഭാ വൈദിക ട്രസ്റ്റി. പാമ്പാക്കുട കോനാട്ടു കുടുംബത്തില്‍ മലങ്കര മല്പാന്‍ മാത്തന്‍ കോറെപ്പിസ്കോപ്പായുടെ പുത്രനായി 1908 മാര്‍ച്ച് 30-നു ജനിച്ചു. ആലുവാ സെന്‍റ് മേരീസ് ഹൈസ്കൂളില്‍ പഠിച്ചു. തുടര്‍ന്ന് ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ശിഷ്യത്വം സ്വീകരിച്ച് വൈദികപഠനം നടത്തി. 1930-ല്‍ അദ്ദേഹത്തില്‍നിന്ന് കശീശ്ശാ സ്ഥാനം സ്വീകരിച്ച് പാമ്പാക്കുടെ വലിയപള്ളി വികാരിയായി. 1963-ല്‍ പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഇദ്ദേഹത്തിന് ‘മലങ്കര മല്പാന്‍’ സ്ഥാനം നല്‍കി.
മലങ്കര അസോസിയേഷന്‍ സഭാ വൈദികട്രസ്റ്റിയായി തിരഞ്ഞെടുത്തു. 1987 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സ്വന്തം പിതാവു ചെയ്തിരുന്നതു പോലെ, സ്വന്തം ഉടമസ്ഥതയിലുള്ള മാര്‍ ജൂലിയസ് പ്രസില്‍നിന്ന് ആരാധനാക്രമങ്ങള്‍ സുറിയാനിയിലും മലയാളത്തിലും ഇദ്ദേഹം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. മലങ്കരസഭയില്‍ ഉപയോഗത്തിലിരിക്കുന്ന വി. കുര്‍ബ്ബാനതക്സ, ആണ്ടുതക്സ, കൂദാശക്രമങ്ങള്‍, ശ്ഹീമാനമസ്കാരം, നോമ്പിലെ നമസ്കാരം, കന്തീലാക്രമം, വൈദികരുടെ ശവസംസ്കാരക്രമം മുതലായവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇദ്ദേഹമാണ്. തന്‍റെ പിതാവ് ആരംഭിച്ചിരുന്ന പുതിയനിയമ പുസ്തകങ്ങളുടെ തര്‍ജ്ജിമ ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചു. വി. സുവിശേഷങ്ങളുടെ വ്യാഖ്യാനം മലങ്കരസഭയില്‍ ഇദംപ്രഥമമായി പ്രസിദ്ധീകരിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. സുറിയാനി പെങ്കീസാ നമസ്കാരം മൂന്നു വാല്യങ്ങളായി എഡിറ്റുചെയ്ത് ആദ്യമായി പ്രസിദ്ധീകരിച്ചതും ഇദ്ദേഹമാണ്. പൊതുപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ദീര്‍ഘനാള്‍ പാമ്പാക്കുട പഞ്ചായത്തു പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. 1987 മാര്‍ച്ച് 2-ന് നിര്യാതനായി.