മനോരമയുടെ കൂട്ടുയാദാസ്ത് (Memorandum of Association)

1-ാമത്. ഈ കമ്പനിയുടെ പേര്‍ മലയാള മനോരമക്കമ്പിനി (ക്ലിപ്തം) എന്നാകുന്നു. 2-ാമത് ഈ കമ്പനിയുടെ റജിസ്റ്ററാക്കിയ ആഫീസ് സ്ഥാപിക്കുന്ന സ്ഥലം കോട്ടയം ആകുന്നു. 3-ാമത് ഈ കമ്പനി കൂടുന്നതിന്‍റെ ഉദ്ദേശ്യങ്ങള്‍ (എ) ഒരു അച്ചുകൂടം നടത്തുന്നതിലേക്ക് ആവശ്യപ്പെട്ടതായി തിരുവിതാംകൂര്‍ സംസ്ഥാനത്ത് വല്ല സ്ഥലമോ കെട്ടിടമോ രണ്ടും കൂടിയോ വിലയോ ഒറ്റിയോ ആയി വാങ്ങുകയോ പാട്ടത്തിന് ഏല്‍ക്കുകയോ ചെയ്യുകയും ഈ അച്ചുകൂടം നടത്തുന്നതിലേക്ക് ആവശ്യപ്പെട്ടതായ എല്ലാ കെട്ടിടങ്ങളും വീടുകളും മേല്‍പറഞ്ഞ സ്ഥലത്ത് പണി ചെയ്യിക്കയോ ഉണ്ടാക്കുകയോ ചെയ്യുകയും ഈ അച്ചുകൂടം നടത്തുന്നതിലേക്ക് ആവശ്യപ്പെട്ടതായ എല്ലാ സാമാനങ്ങളും ക്രമമായും യോഗ്യമായും വാങ്ങുകയും ചെയ്യുക. (ബി) മലയാളത്തില്‍ അര്‍ഹങ്ങളായ എല്ലാ വിഷയങ്ങളെപ്പറ്റിയും സ്വാതന്ത്ര്യത്തോടുകൂടിയും പക്ഷപാതംകൂടാതെയും എങ്കിലും എല്ലാ ജനസമുദായങ്ങളെയും പ്രത്യേകം ക്രിസ്ത്യാനി സഭകളെയും കോയ്മകളെയും കുറിച്ച് ആദരവോടുകൂടിയും വ്യവഹരിക്കുന്ന ഒരു വര്‍ത്തമാന പത്രിക പ്രസിദ്ധം ചെയ്യുകയും കൂലിക്കായിട്ടും മറ്റുമുള്ള വേറെ അച്ചടിവേലകള്‍ നടത്തുകയും ഇതിലേക്ക് ആവശ്യപ്പെട്ട സകല സാമാനങ്ങളും വാങ്ങുകയും ഇത് സംബന്ധമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും ചെയ്യുക. (സി) പുസ്തകങ്ങള്‍, കടലാസ്, മഷി മുതലായവ കച്ചവടം നടത്തുകയും അതിനുവേണ്ട കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക. (ഡി) ഈ കമ്പനി വകയായിട്ടുള്ള വല്ല സ്ഥാവരവസ്തുവോ കെട്ടിടമോ വില്‍ക്കയോ പാട്ടത്തിനു കൊടുക്കയോ ചെയ്യുക. (ഇ) വാഗ്ദത്തപത്രങ്ങളും (പ്രോമിസറി നോട്ട്സ്) മറ്റു കൈമാറ്റ പത്രങ്ങളും (ആശഹഹ ീള ഋഃരവമിഴല) ഉണ്ടാക്കുകയോ സ്വീകരിക്കുകയോ … ചെയ്യുക. (എഫ്) കമ്പനിക്ക് യുക്തമെന്ന് തോന്നുന്ന വേറെ വല്ലവിധത്തിലും പണം ശേഖരിക്കുക. (ജി) മേല്‍പറഞ്ഞ ഉദ്ദേശ്യങ്ങളോ അവയില്‍ ഒന്നോ സാധിക്കേണ്ടതിലേക്ക് സമയോചിതമായിട്ടുള്ള എല്ലാ കാര്യങ്ങളും നടത്തുകയും ചെയ്യുക. നാലാമത് അംഗങ്ങളുടെ സാധ്യത ക്ലിപ്തപ്പെടുത്തിയിരിക്കുന്നതുമാകുന്നു.  5-ാമത്, ഈ കമ്പനിയുടെ മുതല്‍ ഓഹരി ഒന്നിന് 100 രൂപാ വീതം വിലയുള്ള ആയിരം പ്രിഫറന്‍സ് ഓഹരികളും ഓഹരി ഒന്നിന് 100 രൂപാ വീതം വിലയുള്ള 100 സാധാരണ “എ” ഓഹരികളും, ഓഹരി ഒന്നിന് 100 രൂപാ വീതം വിലയുള്ള തൊള്ളായിരം സാധാരണ “ബി” ഓഹരികളും, ഓഹരി ഒന്നിന് 10 രൂപാ വീതം വിലയുള്ള അയ്യായിരം ഡിഫേര്‍ഡ് ഓഹരികളും ആയി വിഭജിക്കപ്പെട്ടിരിക്കുന്ന രണ്ടരലക്ഷം ബ്രിട്ടീഷ് രൂപാ ആയിരിക്കുന്നതും ഈ മുതല്‍ ഓഹരിക്കാരുടെ യുക്തംപോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതുമാകുന്നു.
ഈ കൂട്ടുയാദാസ്ത് അനുസരിച്ച് താഴെ പേരെഴുതി കയ്യൊപ്പിടുന്നവരായ ഞങ്ങളെ ഒരു കമ്പനിയായി ചേര്‍ക്കുന്നതിലേക്കു ആഗ്രഹിക്കുന്നതും ഞങ്ങളുടെ പേരുകളോട് അടുത്ത് എഴുതിയിരിക്കുന്നതായി കമ്പനിയുടെ മുതലില്‍ ഉള്ള ഓഹരികളുടെ എണ്ണങ്ങളെ എടുക്കുന്നതിലേക്ക് ഞങ്ങള്‍ ഓരോരുത്തരും സമ്മതിച്ചിരിക്കുന്നതും ആകുന്നു.
കയ്യൊപ്പുകാരുടെ പേരുകളും            ഓരോ കയ്യൊപ്പുകാരനാല്‍
മേല്‍വിലാസങ്ങളും വിവരണവും.       എടുക്കപ്പെട്ട ഓഹരികളുടെ എണ്ണം
മലയാളത്തിന്‍റെ മാര്‍ ദീവന്നാസ്യോസ്
മെത്രാപ്പോലീത്താ (ഒപ്പ്)  4
കോനാട്ട് മാത്തന്‍ കത്തനാര് മല്പാന്‍ കോട്ടയം (ഒപ്പ്)  1
കണ്ടത്തില്‍ കുടുംബയോഗത്തില്‍ മുതല്‍പിടിയില്‍
മാത്തുള്ള ഈപ്പന്‍ (ഒപ്പ്) 6
പന്നമ്പുന്നയില്‍ ഉണിച്ചെറിയ ചാക്കോ
(പി. ഒ. ചാക്കോ റൈട്ടര്‍ കോട്ടയം (ഒപ്പ്)  1
കുന്നുംപുറത്ത് ഉലഹന്നാന്‍ കുര്യന്‍
(സി. ജെ. കുര്യന്‍, മാനേജിംഗ് പ്രൊപ്രൈറ്റര്‍
വെസ്റ്റേണ്‍ സ്റ്റാര്‍, കൊച്ചിന്‍ (ഒപ്പ്) 1
മലമേല്‍ പുത്തന്‍പുരയ്ക്കല്‍ മാത്തു ചാക്കോ
(പി. എം. ചാക്കോ വാദ്ധ്യാര്‍, കോട്ടയം (ഒപ്പ്) 1
കുരാടമണ്ണില്‍ പോത്ത മത്തായി
(പി. മാത്യു വാദ്ധ്യാര്‍, കോട്ടയം (ഒപ്പ്)  1
കണ്ടത്തില്‍ ഈപ്പന്‍ ഗീവര്‍ഗീസ്
(കെ. ഐ. വര്‍ഗ്ഗീസ് മാപ്പിള കോട്ടയം) (ഒപ്പ്)  1
ആകെ 16
(Source: മലയാള മനോരമ ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരകഗ്രന്ഥം, 1950)
“തിരുവിതാംകൂറില്‍ ആദ്യമായി നാട്ടുകാര്‍ ആരംഭിച്ച ജോയിന്‍റ് സ്റ്റോക്കു കമ്പനി മലയാള മനോരമ കമ്പനിയാണ്. അതിനു മുമ്പ് ഒരു ജോയിന്‍റ് സ്റ്റോക്കു കമ്പനി മാത്രമേ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നുള്ളു. അത് വെള്ളക്കാര്‍ ആരംഭിച്ചതും ജോലി നടപ്പാകാതെ കിടന്നതുമായ പുനലൂര്‍ കടലാസ് കമ്പനിയാണ്. ഇവിടെ ആദ്യമായി ജോലി ആരംഭിച്ച ജോയിന്‍റ് സ്റ്റോക്കു കമ്പനി മനോരമ തന്നെയാണെന്ന് അഭിമാനപൂര്‍വ്വം സ്മരിക്കാവുന്നതാണ്.
കമ്പനിയുടെ ഓഹരികള്‍ പിരിക്കുന്നതിനും കമ്പനി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും വര്‍ഗീസ് മാപ്പിളയ്ക്ക് നിരവധി സുഹൃത്തുക്കളുടെ ഹൃദയപൂര്‍വ്വമായ സഹായം ലഭിച്ചിട്ടുണ്ടെന്നുള്ളത് ഈ അവസരത്തില്‍ വ്യക്തമാണ്. എല്ലാവരുടെയും പേരുകള്‍ ഇവിടെ ചേര്‍ക്കുവാന്‍ നിര്‍വാഹമില്ല; എങ്കിലും അവരുടെ കൂട്ടത്തില്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടും കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടും പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നവരാണ്. കമ്പിനി സ്ഥാപനത്തെപ്പറ്റി വറുഗീസ് മാപ്പിള എഴുതിയ ഒരു മുഖപ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു: “കമ്പനിയില്‍ ഓഹരികള്‍ ഇത്ര എളുപ്പത്തില്‍ പതിഞ്ഞു തീരുന്നതിലേക്ക് സഹായിച്ചിട്ടുള്ള എല്ലാ മഹാജനങ്ങളെക്കുറിച്ചും കമ്പനിക്ക് ഏറ്റവും ഉപകാരസ്മരണയുള്ള വിവരവും ഈ അവസരത്തില്‍ അറിയിച്ചുകൊള്ളുന്നു. വിശേഷിച്ചും ഈ കമ്പനിയെക്കുറിച്ച് ആദ്യമായി ആലോചിച്ചു തുടങ്ങിയതു മുതല്‍ ഇതേവരെ ഇതിന്‍റെ അഭിവൃദ്ധിക്കായി നടത്തിപ്പുകാരെ അനേകവിധത്തില്‍ പ്രോത്സാഹനം ചെയ്കയും താന്‍തന്നെ ഏഴ് ഓഹരികള്‍ പേരില്‍ പതിക്കുകയും, തന്‍റെ വകയായ ബംഗ്ലാവു കമ്പനിയുടെ വേല നടത്തുന്നതിലേക്കായി വിട്ടുതരികയും മറ്റും ചെയ്തിരിക്കുന്ന നിതാന്തവന്ദ്യ ദിവ്യശ്രീ. മലയാളത്തിന്‍റെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ ദയവ് ഈ കമ്പനി ഉള്ള കാലത്തോളം മറന്നു കൂടുന്നതല്ല.”
(Source: മനോരമയുടെ ചരിത്രം (ലേഖനം), വര്‍ഗീസ് കളത്തില്‍, മലയാള മനോരമ ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരകഗ്രന്ഥം’, 1950)