മ്നോര്‍ത്തായില്‍ നിറം വെളുപ്പ് | ഡോ. എം. കുര്യന്‍ തോമസ്


മ്നോര്‍ത്താ എന്ന സുറിയാനി വാക്കിന് പീഠം എന്നാണ് അര്‍ത്ഥം. വലിയനോമ്പില്‍, പാതി ബുധന്‍ മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ സ്ലീബാ ഉയര്‍ത്തി നിര്‍ത്തുന്ന പീഠത്തിനാണ് സാധാരണ മ്നോര്‍ത്താ എന്നു വിവക്ഷിച്ചു വരുന്നത്.

പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍, കര്‍ത്താവിന്‍റെ പരസ്യ ശുശ്രൂഷ, കഷ്ടാനുഭവം, കുരിശുമരണം, കബറടക്കം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം എന്നിവയുടെ ദൃശ്യപ്രതീകമായാണ് പാതിബുധനാഴ്ച മുതല്‍ സ്ലീബാ, പള്ളിയുടെ മദ്ധ്യത്തില്‍ സ്ഥാപിക്കുന്നത്. വലിയ നോയമ്പിലെ പ്രാര്‍ത്ഥനകള്‍ പരിശോധിച്ചാല്‍ അവ കര്‍ത്താവിന്‍റെ പരസ്യാവതാരകാലത്തെ അനുസ്മരിക്കത്തക്കവിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്നു കാണാം. കാനാവിലെ കല്യാണം മുതല്‍ ഓരോ പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിച്ചശേഷം കര്‍ത്താവ് ഓശാനാ ദിനം യേറുശലേമില്‍ പ്രവേശിച്ചതും, പെസഹാ ഭക്ഷിച്ചതും, പീഡിപ്പിക്കപ്പെട്ടതും കുരിശുമരണം അനുഭവിച്ചതും, കബറടക്കപ്പെട്ടതും, പാതാളത്തില്‍ തടവിലാക്കപ്പെട്ട ആത്മാക്കളോടു പ്രസംഗിച്ചതും, ഉയിര്‍ത്തെഴുന്നേറ്റതും, ശ്ലീഹന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതും, മാര്‍ത്തോമ്മാ ശ്ലീഹായെ വിശ്വാസത്തില്‍ ഉറപ്പിച്ചതും, സ്വര്‍ഗ്ഗാരോഹണം ചെയ്തതും യഥാക്രമം അനുസ്മരിക്കപ്പെടുന്നു.

കഷ്ടാനുഭവ ആഴ്ച മുതല്‍ ക്രിസ്തുവിന്‍റെ പ്രതിരൂപമായാണ് ഊറാറാ കെട്ടിയ മരക്കുരിശ് കരുതപ്പെടുന്നത്. സൂക്ഷ്മമായി ചിന്തിച്ചാല്‍ ഈ സ്ലീബായുടെ സ്ഥാനവും പരസ്യാവതാര വ്യാപാരകാലത്തെ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് മാറുന്നതായി കാണാം. പാതി ബുധനാഴ്ച പള്ളിയുടെ നടുവിലാണ് സ്ലീബാ ഉയര്‍ത്തപ്പെടുന്നത്. ഇത് ജനമദ്ധ്യത്തിലെ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. മലങ്കരയിലെ പല പള്ളികളിലും ഓശാനാ സന്ധ്യയ്ക്ക് (ശനിയാഴ്ച അസ്തമിച്ച) സ്ലീബാ അഴിയ്ക്കകത്തേക്കു മാറ്റി സ്ഥാപിക്കുന്നു. ഓശാനയ്ക്ക് കര്‍ത്താവ് യേറുശലേമില്‍ പ്രവേശിച്ചതിന്‍റെ പ്രതീകമായാണ് ഇത് കരുതപ്പെടുന്നത്. കുരിശാരോഹണം വരെ സ്ലീബാ അഴിയ്ക്കകത്ത് (യേറുശലേമില്‍) സ്ഥിതി ചെയ്യുന്നു.

ഉയിര്‍പ്പു ഞായര്‍ മുതല്‍ സ്ലീബായുടെ സ്ഥാനം വി. മദ്ബഹായ്ക്കുള്ളിലാണ്. ഉയിര്‍ത്തെഴുന്നേറ്റ ശേഷം ഭൂമിയില്‍ തന്നെ വ്യാപരിച്ച (എന്നാല്‍ അസ്പര്‍ശ്യനായി) കര്‍ത്താവിന്‍റെ പ്രതീകമാണ് വി. മദ്ബഹായിലെ സ്ഥാനം. സ്വര്‍ഗ്ഗാരോഹണം വരെ ഈ നില തുടരുന്നു.

പ്രാര്‍ത്ഥനകളിലും പാട്ടുകളിലും ഈ ഘട്ടങ്ങള്‍ക്കനുസരിച്ച് മാറ്റം വരുന്നുണ്ട്. ലയം, ഭാവം ഇവയെല്ലാം സന്ദര്‍ഭത്തിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഇതനുസരിച്ച് മ്ര്‍നോത്തായുടെയും സ്ലീബായുടെയും ചമയങ്ങളുടെ നിറവും മാറുന്നുണ്ട്.

ഇപ്പോള്‍ മലങ്കരയില്‍ നിലവിലുള്ള പാരമ്പര്യമനുസരിച്ച് പാതി ബുധന്‍ മുതല്‍ ഓശാന വരെ മ്നോര്‍ത്തായുടെ വിരിയും, സ്ലീബായുടെ ഊറാറായും ചുവന്ന നിറത്തിലാണ്. കഷ്ടാനുഭവ ആഴ്ചയില്‍ ഇവ രണ്ടും കറുപ്പാകും. വീണ്ടും ഉയിര്‍പ്പു ഞായറാഴ്ച ചുവപ്പിലേയ്ക്കു മാറും. കൂടുതലായി സ്ലീബാ ഒരു ചുവന്ന ശോശപ്പാ കൊണ്ടു മൂടും.

എന്നാല്‍ ഈ വര്‍ണ്ണ ക്രമീകരണം ശരിയാണോ? ഓശാന വരെയുള്ള ദിവസങ്ങളും, കഷ്ടാനുഭവ ആഴ്ചയുമല്ല പരാമര്‍ശന വിഷയം, ഉയിര്‍പ്പു മുതലുള്ള ദിവസങ്ങളാണ്. ആ ദിവസങ്ങളില്‍ മ്നോര്‍ത്തായുടെ നിറം യഥാര്‍ത്ഥത്തില്‍ വെള്ളയല്ലേ?

മലങ്കരയിലെ ആണ്ടു തക്സായില്‍ ഉയിര്‍പ്പു ദിവസത്തെ ചമയത്തെപ്പറ്റിയുള്ള പരാമര്‍ശനം (ഉയിര്‍പ്പ് ഞായറാഴ്ച) … കബറില്‍നിന്ന് സ്ലീബായെടുത്ത് കബറില്‍ വെച്ചപ്പോഴുണ്ടായിരുന്ന വസ്ത്രങ്ങള്‍ നീക്കി ആഘോഷത്തിനനുയോജ്യമായ വിശിഷ്ട വസ്ത്രങ്ങള്‍ ധരിപ്പിക്കണം. ڇആദൂമില്‍ നിന്ന് ചുവന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടു വരുന്ന ഇവന്‍ ആര്ڈ എന്നാദിയായി ഏശായാ ദീര്‍ഘദര്‍ശി പറഞ്ഞിരിക്കുന്നതനുസരിച്ച് വസ്ത്രങ്ങള്‍ ചുവപ്പു നിറമുള്ളതായിരിക്കണം… എന്നാണ്. അന്ത്യോഖ്യന്‍ സഭയിലെ അമേരിക്കയുടെ ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ യേശു സാമുവേല്‍ അത്താനാസ്യോസ് പ്രസിദ്ധീകരിച്ച ആണ്ടു തക്സായില്‍ During the evening service of Easter eve, the dark-hued spreads and covers, which were used during Passion week, are removed to be replaced with white and colourful ones…. The buried cross is taken out from the tomb… then decorated with a red silk scarf as prophesied by Prophet Issaiah… This cross, wrapped in a red scarf, shall be kept on the stand, in the sanctuary, till the feast of the Ascension എന്നും കാണുന്നു.

ഇവിടെ രണ്ടും ശോശപ്പാ ചുവപ്പ് ആണെന്ന് സ്പഷ്ടമായും പറയുന്നുണ്ട്. അതിന്‍റെ വേദസാക്ഷ്യവും (യെശയ്യാ 63:1) സൂചിപ്പിക്കുന്നു. എന്നാല്‍ മ്നോര്‍ത്തായുടെ വിരിയെപ്പറ്റി പ്രത്യേക പരാമര്‍ശനമില്ല. എന്നാല്‍ ഉയിര്‍പ്പു മുതല്‍ വി. മദ്ബഹായുടെ ചമയങ്ങള്‍ എല്ലാം വെള്ളയായിരിക്കണമെന്ന് നടപടിക്രമത്തില്‍ കാണുന്നു. മലങ്കരയിലെ പല പള്ളികളിലും ചിത്തോലയും വിരിക്കൂട്ടും, ത്രോണോസു വിരിയും, കാപ്പയും കുര്‍ബ്ബാന ചെരുപ്പു വരെ വെള്ളനിറമുള്ളതു മാത്രമാണ് ഈ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത്. ഹേവോറാ (ശുഭ്രദിനങ്ങള്‍) എന്നാണ് ഉയിര്‍പ്പിനുശേഷമുള്ള ദിവസങ്ങള്‍ അറിയപ്പെടുന്നതു തന്നെ. ആ സാഹചര്യത്തില്‍ മ്നോര്‍ത്തായുടെ വിരിയും വെള്ളയാകുന്നതല്ലേ യുക്തി?

ഈ വിഷയത്തില്‍ അന്ത്യോഖ്യന്‍ സഭ ഇന്ന് അനുവര്‍ത്തിക്കുന്ന രീതിയെപ്പറ്റി നടത്തിയ അന്വേഷണത്തില്‍ ലഭ്യമായ വിവരം താഴെ പറയുന്നപ്രകാരമാണ്. ഓശാന വരെ പള്ളിയുടെ മദ്ധ്യത്തില്‍ മ്നോര്‍ത്താ വയ്ക്കുന്ന പതിവ് അന്ത്യോഖ്യന്‍ സഭയിലില്ല. പാതി ബുധനാഴ്ച സ്ലീബാ ആഘോഷത്തിനുശേഷം സ്ലീബാ മാറ്റിവയ്ക്കുന്നു. പിന്നീട് കഷ്ടാനുഭവ ആഴ്ചയില്‍ കറുപ്പണിയിച്ച് അഴിയ്ക്കകത്തിനു സമമായ സ്ഥാനത്തു വയ്ക്കുന്നു.

ഉയിര്‍പ്പിനുശേഷം സ്ലീബാ ചുവപ്പു തൂവാലകൊണ്ടു മൂടി, താഴെവശത്ത് ഒരു കെട്ടു കെട്ടും. ഉള്ളിലെ ഊറാറാ അപ്പോള്‍ ചുവപ്പായിരിക്കും. അതിനുശേഷം മദ്ബഹായില്‍ വെളുത്ത വിരിയിട്ടു വെച്ച മ്നോര്‍ത്തായില്‍ സ്ഥാപിക്കുന്നു. ചുരുക്കത്തില്‍ മ്ര്‍നോത്തായ്ക്ക് ചുവന്ന വിരി അന്ത്യോഖ്യന്‍ സഭയിലില്ല (ഈ വിവരത്തിനു കടപ്പാട് – ഐസക്ക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ).

1875-77 കാലത്ത് മലങ്കരയില്‍ പര്യടനം നടത്തിയ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസും മ്നോര്‍ത്താ വിരിയുടെ നിറത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല … ബുധനാഴ്ച പാതി നുയമ്പായിരുന്നു. അന്നു പിതാവു കാലത്തെ നമസ്ക്കാരം കഴിഞ്ഞു കുറുബാന ചൊല്ലി. … പള്ളിയുടെ നടുവില്‍ തലെദിവസി സ്ഥാപിച്ചിരുന്ന കര്‍ക്കബസാ എന്ന സിംഹാസനത്തിന്‍റെ മുമ്പാകെ കിഴക്കൊട്ടു മുഖമായി നിന്നു. ക്രമങ്ങള്‍ ചൊല്ലി കഴിച്ചു. … സ്ലീബാ കര്‍ക്കബസായില്‍ വച്ചുകഴിഞ്ഞശെഷം കുറുബാനയില്‍ ശെഷം തുടങ്ങി തികച്ചു… ഉയിര്‍പ്പിന്‍റെ നമസ്ക്കാരം തുടങ്ങി. രാവിന്‍റെ രണ്ടു കൌമ്മാ കഴിഞ്ഞശെഷം ത്രൊനൊസിന്നകത്തുനിന്നു സ്ലീബാ എടുത്ത ത്രൊനൊസിമ്മെല്‍ വച്ച… ഇതിന്‍റെ ശെഷം സ്ലീബാ പള്ളിഅകത്തുനിന്നു ഗാഹുല്‍ത്താ എന്നു പറയുന്ന സിംഹാസനം കൊണ്ടുവന്ന മദുബഹയുടെ അകത്തു വടക്കുവശത്തു വച്ച അതിമ്മെല്‍ സ്ലീബാ ഇട്ടു നിറുത്തി. സ്ലീബാമെല്‍ ചുമന്ന തൂവാലയും വളച്ചിട്ടു… എന്നു മാത്രമാണ് കരവട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് അദ്ദേഹത്തിന്‍റെ നടപടികളെ വിവരിക്കുന്നത്.

കോനാട്ട് മാര്‍ യൂലിയോസാകട്ടെ, … (പാതി ബുധനാഴ്ച) കുരിശുനാട്ടുവാന്‍ ഉണ്ടാക്കിയ തണ്ടുമ്മെല്‍ അല്‍മത്തി ധരിപ്പിച്ചു വെള്ളിക്കുരിശുമെല്‍ തൂവാല ചുറ്റി കുരിശു തണ്ടുമ്മെല്‍ നിവര്‍ത്തി. രണ്ടുവശത്തും അതിമെല്‍തന്നെ മെഴുകുതിരിയും കൊളുത്തി. പള്ളിയുടെ നടുക്കു നാട്ടിനിറുത്തികൊണ്ടു ശ്ഹീമ്മായില്‍ നിന്നു അന്നത്തെ റംശാ തൊട്ട നമസ്ക്കരിച്ച…. കുറുബാന കഴിഞ്ഞു ജനത്തെ കല്പനപ്രകാരം കുരിശു മുത്തിച്ചു. മുന്‍നിര്‍ത്തിയിരുന്ന തണ്ടേല്‍തന്നെ നിര്‍ത്തി. നമസ്കാരത്തിനും മറ്റും ംരം തണ്ടെലു തിരി കത്തിക്കും… രണ്ടുമൂന്നു ദിവസത്തിനു ശെഷം മെല്‍ കുരിശു അന്നത്തെ അടിയന്തിരം കഴിഞ്ഞാല്‍ താഴെ വയ്ക്കുമെന്നു എളെ ബാവാ (പാത്രിയര്‍ക്കീസിന്‍റെ കൂടെ വന്ന അബ്ദുള്ളാ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, പിന്നീട് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ്) കല്പിച്ച അതു നീക്കിവെച്ചു. … ഉയിര്‍പ്പിനു രാത്രിയില്‍ മുറപൊലെ നമസ്ക്കാരം കഴിച്ചു. ഹല്ലെലുയ്യാക്കു മുമ്പെ കുരിശ എടുത്ത പനിനീരകൊണ്ടു കഴുകി മറനീക്കി പടിഞ്ഞാട്ടു കൊണ്ടുവന്നു ജനത്തെ കാണിച്ചു… മ്മ്നര്‍ത്താമെല്‍ മദുബഹായുടെ മുകള്‍നടയില്‍ വടക്കുവശത്തെ വച്ചു. … എന്നു പരാമര്‍ശിക്കുന്നുണ്ട്. അന്ത്യോഖ്യന്‍ സഭയിലെ വിവിധ പാരമ്പര്യങ്ങളുടെ വക്താക്കള്‍ എന്ന നിലയിലാണ് പാത്രിയര്‍ക്കീസും മെത്രാപ്പോലീത്തായും വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.

മാര്‍ യൂലിയോസിന്‍റെ നിര്‍ദ്ദേശപ്രകാരമാവണം അല്‍മുത്തി (ഇന്നത്തെ കുരിശുമൊന്ത പോലുള്ള) മ്നോര്‍ത്താ വിരിയാണ് പാമ്പാക്കുട വലിയപള്ളിയില്‍ കോനാട്ടു മല്‍പ്പാന്മാര്‍ ഉപയോഗിച്ചുവന്നത്. അതിന്‍റെ നിറം വെളുപ്പായിരുന്നു താനും. സമീപകാലത്തിലാണ് ഐകരൂപ്യത്തിനായി സാധാരണരീതിയിലേയ്ക്ക് മാറ്റിയത്. 1909-ല്‍ കോനാട്ട് മാത്തന്‍ മല്പാന്‍ പ്രസിദ്ധീകരിച്ച നടപടിക്രമത്തില്‍ …മ്നോര്‍ത്തായിന്മേല്‍ ഇടുവാനുള്ള കുരിശുമൊന്തക്കൊടി ഹാശായുടെ ആഴ്ചയിലും ഉപയോഗിപ്പാന്‍ തക്കവണ്ണം ഒരു വശം ചുവപ്പും ഒരു വശം കറുപ്പുമായിട്ട് മുന്‍കാലത്തു കുടയും സ്ലീബായ്ക്കും (പ്രദക്ഷിണം) ശെമ്മാശന്മാര്‍ ധരിച്ചുവന്നിരുന്ന അല്‍മത്തി എന്നു പറയുന്ന കുപ്പായം പോലെ ഉണ്ടാക്കേണ്ടതും അതിനു മ്ര്‍നോത്തോയുടെ ചുവടുവരെ എത്തുവാന്‍ നീളം ഉണ്ടായിരിക്കേണ്ടതും ആകുന്നു… എന്ന് പരാമര്‍ശനമുണ്ട്.

ഇന്നു മലങ്കരയില്‍ ഉയിര്‍പ്പു മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ മ്നോര്‍ത്തായ്ക്ക് വെളുത്ത വിരി ഉപയോഗിക്കുന്ന അപൂര്‍വ്വം ദേവാലയങ്ങളുണ്ട്. പത്തനാപുരം ദയറായാണ് അവയില്‍ പ്രധാനം. സ്ഥാപകനായ തോമ്മാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കാലം മുതല്‍ തുടരുന്ന പാരമ്പര്യമാണിത്. 1988 മുതല്‍ ബ്രഹ്മവാര്‍ കത്തീഡ്രലിലും വെളുത്ത വിരി മ്നോര്‍ത്തായ്ക്ക് ഉപയോഗിച്ചുവരുന്നു. ആ വര്‍ഷമാണ് പത്തനാപുരം ദയറായില്‍ നിന്നുള്ള വൈദികര്‍ സുറിയാനിക്രമം അവിടെ നടപ്പിലാക്കിയത്.

മലങ്കര നസ്രാണികള്‍ പാശ്ചാത്യ സുറിയാനിക്രമം ഔദ്യോഗികമായി അംഗീകരിച്ചത് 1809-ല്‍ മാത്രമാണ്. അത് പൂര്‍ണ്ണപ്രചാരത്തിലാവാന്‍ ഒരു നൂറ്റാണ്ടു കൂടെ കഴിയേണ്ടി വന്നു. എങ്കില്‍പോലും പാശ്ചാത്യ സുറിയാനി ആരാധനാനുഷ്ഠാനങ്ങളുടെ സൂക്ഷ്മാംശങ്ങളില്‍ അന്ത്യോഖ്യന്‍ സഭാംഗങ്ങളേക്കാള്‍ ശ്രദ്ധ ചെലുത്തുന്നതും ആചരിക്കുന്നതും നസ്രാണികളാണ്. അതിനാല്‍ മ്നോര്‍ത്തായുടെ വിരിയുടെ കാര്യത്തില്‍ ആരാധനാ പാരമ്പര്യത്തിന്‍റെ അന്തസത്തയ്ക്കനുരൂപമാംവിധം താഴെപറയും പ്രകാരം ക്രമീകരണം വരുത്തേണ്ടിയിരിക്കുന്നു.

പാതിബുധന്‍ മുതല്‍ ഓശാന വരെ – ചുവന്ന മ്ര്‍നോത്താ വിരി – ചുവന്ന ഊറാറാ.
ഹാശാ തിങ്കള്‍ മുതല്‍ ദുഃഖവെള്ളി വരെ – കറുത്ത മ്ര്‍നോത്താ വിരി – കറുത്ത ഊറാറാ.
ഉയിര്‍പ്പു മുതല്‍ സ്വര്‍ഗാരോഹണം വരെ – വെളുത്ത മ്ര്‍നോത്താ വിരി – ചുവന്ന ഊറാറാ – ചുവന്ന ശോശപ്പാ.

ഇപ്രകാരം ഒരു ക്രമീകരണം വരുത്തിയാല്‍ ഈ ദിവസങ്ങളെപ്പറ്റിയുള്ള ധ്യാനത്തിനനുരൂപമായി ക്രമീകരിച്ചിരിക്കുന്ന ലയ – ഭാവ – സംഗീത – വര്‍ണ സങ്കലനം പൂര്‍ണമാകും. ഉയിര്‍പ്പു മുതലുള്ള ശുഭ്രദിനങ്ങള്‍ എന്ന വര്‍ണ്ണന സാര്‍ത്ഥകമാകും.

ഈ ലേഖനം അവസാനിപ്പിക്കും മുമ്പ് ഒരു വസ്തുത കൂടി ചൂണ്ടിക്കാണിക്കട്ടെ. ഉയിര്‍പ്പിന് സ്ലീബാ ശോശപ്പാ കൊണ്ട് മൂടുന്നതിനു മുമ്പ് ഊറാറാ ധരിപ്പിക്കുവാന്‍ പല വൈദികരും ഇന്നു വിമുഖരാണ്. ഇതു തെറ്റാണെന്നും, പൂര്‍ണമായും ഊറാറാ ധരിപ്പിച്ചശേഷം മാത്രമേ ശോശപ്പാ കൊണ്ടു മൂടാവൂ എന്നും, ഒരിക്കല്‍ മൂടിയാല്‍ സ്വര്‍ഗ്ഗാരോഹണം വരെ ശോശപ്പാ മാറ്റാന്‍ പാടില്ലെന്നുമാണ് അനേകം വൃദ്ധ വൈദികര്‍ ഈ ലേഖകന്‍റെ അന്വേഷണത്തിനു മറുപടി നല്‍കിയത്. അന്ത്യോഖ്യന്‍ സഭയിലെ ഇന്നും പിന്‍തുടരുന്ന പാരമ്പര്യവും അതാണ്.

(മലങ്കരസഭാ മാസിക, ജനുവരി, 2012)