കുടുംബവശാലും വ്യക്തിപരമായ പ്രാഗത്ഭ്യത്താലും ശക്തനും ഉന്നതവ്യക്തിയുമായിരുന്ന കോട്ടയം അക്കരെ സി. ജെ. കുര്യനെപ്പറ്റി 1993-ല്‍ പ്രസിദ്ധപ്പെടുത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭാവിജ്ഞാനകോശത്തില്‍ ഇങ്ങനെ പറയുന്നു:
“മലങ്കരസഭാ അത്മായ ട്രസ്റ്റിയായിരുന്നു. 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലുമായി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ (സഭാചരിത്രത്തില്‍ ദീവന്നാസ്യോസ് അഞ്ചാമന്‍) വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് എന്നീ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിമാരോടൊത്ത് അത്മായ ട്രസ്റ്റിയായി പ്രവര്‍ത്തിച്ച ആള്‍. അബ്ദുള്ളാ പാത്രിയര്‍ക്കീസും വട്ടശ്ശേരില്‍ മെത്രാപ്പോലീത്തായും തമ്മില്‍ ഉണ്ടായ വ്യവഹാര കോലാഹലങ്ങളില്‍ പാത്രിയര്‍ക്കീസ് പക്ഷത്ത് നേതൃത്വം നല്‍കിയ പ്രമുഖന്‍. രാഷ്ട്രീയ തലത്തിലും സാമൂഹ്യതലത്തിലും വളരെ സ്വാധീനവും പ്രാമുഖ്യവും ഉണ്ടായിരുന്നു.”
സി. ജെ. കുര്യന്‍റെ ലഘുജീവചരിത്രവും അദ്ദേഹം ആനപ്പാപ്പി വധത്തില്‍ വഹിച്ച പങ്കും 1996-ല്‍ സി. ടി. ജോണ്‍ അക്കര പുരാട്ടു പ്രസിദ്ധീകരിച്ച “അക്കര കുടുംബ ചരിത്ര”ത്തില്‍ നിന്ന് ഉദ്ധരിക്കുകയാണ്. ഒരു ഉന്നത വ്യക്തിയെപ്പറ്റി സ്വന്തം കുടുംബത്തില്‍പെട്ടവരും സമുന്നതരായ സമകാലികരും നല്‍കുന്ന വിഭിന്ന ചിത്രങ്ങളില്‍ നിന്ന് ബുദ്ധിയും വിദ്യാഭ്യാസവും വിവേകവും ഉള്ളവര്‍ക്ക് യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ലല്ലോ.
അക്കര കുടുംബചരിത്രത്തില്‍ സി. ജെ. കുര്യനെപ്പറ്റി ഇങ്ങനെ പറയുന്നു: അക്കര കുടുംബത്തിലെ ഏറ്റവും പ്രധാന വ്യക്തിയായ ഉലഹന്നന്‍റെ ആണ്‍മക്കളില്‍ രണ്ടാമത്തെ മകനായ സി. ജെ. കുര്യന്‍ (അക്കര കൊച്ചൂഞ്ഞ്) 1036 (1860) -ല്‍ ജനിച്ചു. മൂത്ത ആളായ അക്കര കുഞ്ഞ് ബിസിനസ്സിലും വീട്ടുകാര്യത്തിലും പൊതുമേല്‍നോട്ടം കാര്യപ്രാപ്തിയോടെ നടത്തി. സി. ജെ. കുര്യന്‍, കുര്യന്‍ റൈട്ടരുടെ സഹായിയായി കൊച്ചിയിലും ചാവക്കാട്ടും താമസിച്ച് അവിടെയുള്ള ബിസിനസ്സിന്‍റെ മേല്‍നോട്ടം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വെസ്റ്റേണ്‍ സ്റ്റാര്‍ പത്രത്തിന്‍റെ നടത്തിപ്പിലും, സമുദായ പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും റൈട്ടരുടെ പിന്‍ഗാമിയായി വര്‍ത്തിച്ച് ഉന്നത നിലവാരം കൈവരിച്ചു. റൈട്ടറുടെ മരണശേഷവും ശ്രീമൂലം രാജാവുമായുള്ള മൈത്രീബന്ധം, ശ്രീമൂലം അസംബ്ലി അംഗത്വം, കോട്ടയം മുനിസിപ്പാലിറ്റിയുടെ രൂപീകരണപ്രധാനി, അതിന്‍റെ ആദ്യത്തെ ഇലക്റ്റഡ് ചെയര്‍മാന്‍, സമുദായട്രസ്റ്റി, ഇരുപത്തിനാലായിരം കായല്‍ കുത്തി വിപുല കൃഷിക്കാരന്‍ തുടങ്ങി മലയാളികളുടെ ഇടയില്‍ കുടില്‍തൊട്ട് കൊട്ടാരം വരെ അറിയപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. കുര്യന്‍ റൈട്ടര്‍ നേടിയ കുടുംബ പ്രശസ്തി നിലനിര്‍ത്തുവാനും വര്‍ദ്ധിപ്പിക്കുവാനും കുര്യനും സാധിച്ചു. അദ്ദേഹം സുമുഖനും ബുദ്ധിശാലിയും മനുഷ്യരോട് പെരുമാറുവാന്‍ പ്രത്യേക കഴിവുള്ള ആളുമായിരുന്നു.
ചെറുപ്പത്തില്‍ ചിറ്റപ്പന്‍ കുര്യന്‍ റൈട്ടറുടെ ശിക്ഷണത്തില്‍ സി. ജെ. കുര്യനും ഇലഞ്ഞിക്കല്‍ ഇ. ജെ. ജോണും ഒന്നിച്ച് ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ചു. സ്കൂള്‍ ഫൈനല്‍ വരെ ആയപ്പോള്‍ റൈട്ടറുടെ നിര്‍ദ്ദേശപ്രകാരം പഠിത്തം നിര്‍ത്തി വെളിച്ചെണ്ണ വ്യാപാരത്തോടു ബന്ധപ്പെട്ടു. ചാവക്കാട്ടെ തെങ്ങിന്‍തോപ്പിന്‍റെ മേല്‍നോട്ടത്തെ തുടര്‍ന്നു ‘വെസ്റ്റേണ്‍ സ്റ്റാര്‍’ പത്രത്തിന്‍റെ മാനേജരായി.
ജ്യേഷ്ഠന്‍ അക്കര കുഞ്ഞിന് 11 വയസ്സുള്ളപ്പോള്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തു. സി. ജെ. കുര്യനും കല്യാണാലോചനകള്‍ വന്നു. പുത്തനങ്ങാടി കൊച്ചുപുരയ്ക്കല്‍ ഐപ്പ് ഉതുപ്പ് മുതലു പിടിക്കാരന്‍റെ രണ്ടാം വിവാഹത്തിലെ മൂത്ത മകള്‍ അക്കാമ്മയെ കല്യാണം കഴിച്ചു. പ്രതാപമുള്ള രണ്ടു കുടുംബത്തിലെ വിവാഹച്ചടങ്ങ്. സി. ജെ. കുര്യന്‍ പിന്നീട് താമസിച്ചിരുന്നതും കൊച്ചുപുരയ്ക്കല്‍ ആയിരുന്നല്ലോ. അന്നത്തെ പ്രശസ്ത കുടുംബവും അതായിരുന്നു. വാരിക്കാട്ട് മൂലകുടുംബം ആണ് കൊച്ചുപുരയ്ക്കല്‍. ഐപ്പ് ഉതുപ്പ് മുതല്‍പിടിക്കാരനായിരുന്നു. പിന്നീട് ഈ ജോലിക്ക് വലിയ ജാമ്യവ്യവസ്ഥ വന്നപ്പോള്‍ അദ്ദേഹം രാജി വച്ചു. ഇദ്ദേഹം ആദ്യം കെട്ടിയിരുന്നത് തേവലക്കര തെങ്ങുവിളയില്‍ കൊച്ചുമ്മന്‍ ജഡ്ജിയുടെ മകള്‍ അന്നമ്മയെയാണ്. ഏലിയാസ്, ഉമ്മന്‍, അന്നാമ്മ എന്നിങ്ങനെ മൂന്ന് കുട്ടികള്‍ ഉണ്ടായശേഷം ഭാര്യ മരിച്ചു. രണ്ടാമത് തുമ്പമണ്‍ പുത്തന്‍വീട്ടില്‍ അമിനാദാരുടെ മകള്‍ ആച്ചിയമ്മയെ വിവാഹം ചെയ്തു. അതില്‍ രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു. മൂത്തമകള്‍ അക്കാമ്മയെ സി. ജെ. കുര്യന്‍ കെട്ടി. രണ്ടാം മകള്‍ മറിയാമ്മയെ പുതുപ്പള്ളി കാക്കോളില്‍ കെട്ടിച്ചു.
ഐപ്പ് ഉതുപ്പിന്‍റെ മകന്‍ കൊച്ചുപുരയ്ക്കല്‍ ഉമ്മച്ചന്‍ തറവാട് അവകാശിയായി. പിന്നീട് തനിക്കും പിതാവിനും ധാരാളം കടബാധ്യത ഉണ്ടായതിനാല്‍ മൂലേച്ചരില്‍ പിതാവും, മകന്‍ ഉമ്മച്ചന്‍ കല്ലൂര്‍ പുരയിടത്തിലും താമസമാക്കി. കൊച്ചുപുരയ്ക്കല്‍ പുരയും പറമ്പും ലേലത്തിലായി. സി. ജെ. കുര്യന്‍റെ അമ്മായിഅപ്പന്‍റെ നിര്‍ദ്ദേശത്തോടെ അക്കരക്കാര്‍ അത് ലേലത്തില്‍ പിടിച്ചു. സി. ജെ. കുര്യന്‍ അവിടെ താമസിച്ചു. വലിയ മുതലുപിടിക്കാരന്‍ പണിയിപ്പിച്ച ഈ കൊച്ചുപുരയ്ക്കല്‍ വീടുപോലെ തടിക്കോളും ബലമേറിയതും വിചിത്ര പണിയുള്ളതുമായ തടിപ്പുര കേരളത്തില്‍ ചുരുക്കമാണ്. തിരഞ്ഞെടുത്ത വിദഗ്ദ്ധ പണിക്കാരെക്കൊണ്ട് നല്ല തടികള്‍ ഉപയോഗിച്ച് പണിയിച്ചതാണ് കൊച്ചുപുരയ്ക്കല്‍ പുര.
സി. ജെ. കുര്യന്‍ വിവാഹശേഷം കൊച്ചിയിലും തിരുവനന്തപുരത്തുമായിട്ടായിരുന്നു ജീവിതം. വെസ്റ്റേണ്‍ സ്റ്റാര്‍ പത്രത്തിന്‍റെ ചുമതല മുഴുവന്‍ വന്നപ്പോള്‍ താമസം അധികവും തിരുവനന്തപുരത്തായി. കുര്യന്‍ റൈട്ടര്‍ ആയില്യം രാജാവിന്‍റെ സുഹൃത്തായിരുന്നുവല്ലോ. ഈ രാജകുടുംബബന്ധം ശ്രീമൂലം രാജാവിന്‍റെ കാലത്ത് സി. ജെ. കുര്യനും തുടര്‍ന്നു. വെസ്റ്റേണ്‍ സ്റ്റാര്‍ പത്രാധിപത്യമാണ് ഈ സുഹൃത്ബന്ധം നിലനിര്‍ത്താന്‍ പ്രധാനമായി സഹായിച്ചത്. സി. ജെ. കുര്യന് ശ്രീമൂലം രാജാവിനെ കൂടെക്കൂടെ ചെന്നു കണ്ട് സംസാരിക്കണം എന്നത് രാജാവിന്‍റെ നിര്‍ദ്ദേശമായിരുന്നു. കുര്യനെ കുറെനാള്‍ കണ്ടില്ലെങ്കില്‍ ആളെവിട്ടു തിരക്കും. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയായ എം.എല്‍.എ. മാരെപ്പോലെ അല്ലല്ലോ അന്നത്തെ ജനപ്രതിനിധികള്‍. ഓരോ ദേശത്തുനിന്നും ദേശസമ്മതരായ ആള്‍ക്കാരെ പ്രജാസഭാ മെമ്പര്‍മാരായി ഗവണ്മെന്‍റ് നോമിനേറ്റ് ചെയ്യും. സി. ജെ. കുര്യന്‍ മരിക്കുംവരെ കോട്ടയം പ്രജാസഭാ മെമ്പറായിരുന്നു. ആ സ്ഥാനം ഉപയോഗിച്ച് കോട്ടയം മുനിസിപ്പാലിറ്റി രൂപീകരണത്തിന് സി. ജെ. കുര്യന്‍ പ്രധാന പങ്കുവഹിച്ചു. സി. ജെ. കുര്യന്‍റെ ശ്രീമൂലം രാജാവുമായുള്ള മൈത്രീബന്ധം അന്നത്തെക്കാലത്ത് വളരെ വിലപ്പെട്ടതായിരുന്നു. സുറിയാനി സമുദായത്തിന്‍റെ ട്രസ്റ്റിയായി എതിരില്ലാതെ മരിക്കുംവരെ അദ്ദേഹം ആയതിനാല്‍ അന്നുത്ഭവിച്ച വട്ടിപ്പണക്കേസില്‍ പ്രധാന കക്ഷിയായി പ്രവര്‍ത്തിക്കേണ്ടി വന്നു.
അദ്ദേഹത്തിന്‍റെ കാലത്ത് വിപുലമായി നെല്‍കൃഷി നടത്തുന്നതിനായി ഇരുപത്തിനാലായിരം കായല്‍ പതിപ്പിച്ചെടുത്ത് വരമ്പുകള്‍ ഉണ്ടാക്കി കൃഷി നടത്തി. കായല്‍ രാജാവായിത്തീര്‍ന്ന സി. ജെ. കുര്യന് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ സൗഹൃദം, ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ മേലുള്ള സ്വാധീനം എന്നിവ ഒരു വലിയ നേട്ടമായിരുന്നു.
സഭാവഴക്കില്‍ കുടുങ്ങി
സി. ജെ. കുര്യനും കോനാട്ട് മല്‍പാനും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍റെ കാലത്ത് സഭാട്രസ്റ്റികളായിരുന്നു. വലിയ മെത്രാച്ചനു ക്ഷീണവും പ്രായവുമായി. പിന്‍ഗാമി ആരാണ് എന്നൊരു ചിന്ത അദ്ദേഹത്തെ അലട്ടി. വട്ടശ്ശേരില്‍ മല്‍പ്പാന്‍ കാര്യശേഷിയുള്ളവനും ബുദ്ധിമാനുമാണ്. അംഗവൈകല്യമുള്ളവര്‍ക്ക് മെത്രാന്‍പട്ടം കൊടുക്കരുത് എന്ന് ഒരു മാമൂല്‍. അതുകൊണ്ട് കണ്ണിനു തകരാറ് (കോങ്കണ്ണ്) ഉള്ളതിനാല്‍ വട്ടശ്ശേരില്‍ മല്‍പാനെ മെത്രാനാക്കുവാന്‍ വടക്കര്‍ക്കും തെക്കര്‍ക്കും ഒരുപോലെ എതിര്‍പ്പായി. പൗലൂസ് റമ്പാന്‍ സാധുവും കാര്യപ്പിടിപ്പില്ലാത്ത ആളും. വട്ടശ്ശേരില്‍ മല്‍പാനോട് താല്‍പര്യക്കാരനും അദ്ദേഹത്തിന്‍റെ കഴിവിനെപ്പറ്റി ബോധവാനുമായിരുന്ന സി. ജെ. കുര്യന്‍ തെക്കും വടക്കുംപോയി എതിരഭിപ്രായമുള്ളവരെ കണ്ട് വട്ടശ്ശേരില്‍ മല്‍പാനെപ്പോലെ ബുദ്ധിമാനായി മറ്റാരും സഭയില്‍ ഇല്ല എന്നും അതുകൊണ്ട് അദ്ദേഹത്തിനു തീര്‍ച്ചയായും പട്ടം കൊടുക്കണം എന്നും എല്ലാവരെയും ഒരുവിധം സമ്മതിപ്പിച്ചു. തുടര്‍ന്ന് അതിനുള്ള എഴുത്തുകുത്തുകള്‍ എല്ലാം തയ്യാറാക്കി. …
സ്ലീബാ ശെമ്മാശന്‍റെയും പൗലൂസ് റമ്പാച്ചന്‍റെയും കൂടെ ഇദ്ദേഹത്തേയും ശീമയ്ക്ക് വിട്ടു. ഒസ്താത്തിയോസ്, കൂറിലോസ്, ദീവന്നാസ്യോസ് എന്നീ പേരുകളില്‍ 1908 മെയ് 31-ാം തീയതി ഇവര്‍ മൂന്നുപേരും മെത്രാന്മാരായി അവരോധിക്കപ്പെട്ടു. മെത്രാപ്പോലീത്താമാര്‍ മൂവരും നാട്ടില്‍ തിരിച്ചെത്തി.
അക്കരക്കാരുടെ മാറാ ട്രസ്റ്റി സ്ഥാനവും സഭയിലെ ഔന്നത്യവും പല നേതാക്കള്‍ക്കും അസൂയയ്ക്കും വിദ്വേഷത്തിനും കാരണമായി. ചില സ്വന്തക്കാര്‍ എതിര്‍പ്പുള്ളവരുമായി കൂട്ടുപിടിച്ചു. കോട്ടയം പരിസരങ്ങളിലുള്ള പല പ്രമാണികള്‍ക്കും ഓരോ കാരണത്താല്‍ സി. ജെ. കുര്യനോട് ഉള്ളില്‍ നീരസം ഉളവായി. ഇതില്‍ പലരും വട്ടശ്ശേരില്‍ തിരുമേനിയെ സി. ജെ. കുര്യനില്‍നിന്നും അകറ്റാന്‍ ശ്രമിച്ചു. മെത്രാച്ചന്‍ സി. ജെ. യുടെ കൈയാളായി നടക്കുന്നു എന്നാണ് ജനസംസാരം എന്നുവരെ മെത്രാച്ചനെ ധരിപ്പിച്ചു. മെത്രാച്ചനും ഈ ജനസംസാരം മാറ്റണം എന്ന് ഒരു ഗര്‍വ്വ് ഉണ്ടായി. അതോടെ കൂട്ടുട്രസ്റ്റികളെ തീര്‍ത്തും അവഗണിച്ച് അവരോട് ആലോചിക്കാതെ കാര്യങ്ങള്‍ നടത്തി മുമ്പോട്ടുപോയി. മെത്രാച്ചന്‍റെ അനുഭാവികളായി പലരും ഇതിനു കൂട്ടുകൂടി. സെമിനാരിയിലെ ബസ്ഗാസാ മുറിയുടെ മൂന്നു താക്കോലില്‍ ഒന്നു മെത്രാച്ചന്‍റെയും ഒന്ന് അല്‍മായ ട്രസ്റ്റിയുടെയും (സി. ജെ. കുര്യന്‍) ഒന്നു വൈദിക ട്രസ്റ്റിയുടെയും (കോനാട്ടു മല്‍പാന്‍) കൈയില്‍ ആയിരിക്കണം എന്നതായിരുന്നു സഭാചട്ടം. മെത്രാച്ചന്‍ താക്കോല്‍ മൂന്നും കസ്റ്റഡിയില്‍ വെച്ചു. മെത്രാച്ചന്‍റെ സ്വേച്ഛാധിപത്യ പ്രവൃത്തികളും കൂടെ നിന്നവരുടെ പ്രേരണാശക്തിയും സമുദായത്തെ രണ്ടു ചേരികളാക്കി എന്നു പറയാം. രണ്ടു കക്ഷികളും അവരവരുടെ കക്ഷിയിലേക്ക് ആളുപിടിത്തവും ശക്തമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. തുടര്‍ന്നു സമുദായത്തിലെ കുഴപ്പം കൂട്ടുട്രസ്റ്റികള്‍ പാത്രിയര്‍ക്കീസ് ബാവായെ അറിയിച്ചു. പരിഹാരം കാണുവാന്‍ ബാവാ മലങ്കരയില്‍ വരണം എന്ന് അഭ്യര്‍ത്ഥിച്ചു.
അന്നത്തെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് താമസിയാതെ മലങ്കരയിലേക്ക് വന്നു. ബാവാ വന്നത് തന്നെ മുടക്കാനാണ് എന്നു തെറ്റിദ്ധരിച്ചോ എന്തോ വട്ടശ്ശേരില്‍ തിരുമേനി ബാവായെ സമീപിച്ചില്ല. തുടര്‍ന്നു ബാവാ മെത്രാച്ചനെ മുടക്കി. സെമിനാരിയില്‍ വച്ച് വളരെ ക്ഷുഭിതമായ അന്തരീക്ഷത്തില്‍ മുടക്കുകല്‍പന വായിച്ചു. ഇതേ തുടര്‍ന്ന് രണ്ടു കക്ഷിയായി പിരിഞ്ഞു. ചെറിയപള്ളിയില്‍ അടി. ആനപ്പാപ്പിക്കേസ്, തുടര്‍ന്ന് പല പള്ളികളിലും രണ്ടു ചേരി. കൂറിലോസ് മെത്രാച്ചനും ഒസ്താത്തിയോസ് മെത്രാനും ഒരു ഭാഗത്തും, വട്ടശ്ശേരില്‍ തിരുമേനിയും മുറിമറ്റത്തു മെത്രാച്ചനും മറു ഭാഗത്തുനിന്നും കേസുകള്‍ക്കു പുറമേ കേസുകളായി പൊതുസ്വത്തിനും വട്ടിപ്പണപലിശയ്ക്കും പൊതുവായും ഓരോ പള്ളിക്കും പ്രത്യേകം പ്രത്യേകമായും കേസുകള്‍ തുടങ്ങി. പള്ളികള്‍ മിക്കതും പൂട്ടി. സ്കൂളുകള്‍ ആയതുകൊണ്ട് എം.ഡി. സെമിനാരിയും, പഴയസെമിനാരിയും പൂട്ടിയില്ല. പഴയസെമിനാരി പള്ളി മാത്രം പൂട്ടി. നാലുകെട്ടും കുശിനിയും പൂട്ടാതെ കുട്ടികളുടെ ആവശ്യത്തിന് വിട്ടുകൊടുത്തു. നാടകശാലയുടെ മുകള്‍തട്ട് വൃത്തിയാക്കി കുര്‍ബാനയും മറ്റു കര്‍മ്മങ്ങളും അവിടെ വച്ച് നടത്തിക്കൊണ്ടിരുന്നു. മനോരമ ചാപ്പലും ആരാധനയ്ക്കും, വിവാഹം, മാമോദീസാ തുടങ്ങിയ ചടങ്ങുകള്‍ക്കും ഉപയോഗിച്ചു വന്നു. കോട്ടയത്തുള്ള മെത്രാന്‍ കക്ഷിക്കാര്‍ക്ക് ഈ രണ്ടു ചാപ്പലും ബാവാ കക്ഷിക്കാര്‍ക്ക് പാണമ്പടിക്കല്‍ പള്ളിയും ക്നാനായക്കാരുടെ വലിയപള്ളിയും മാത്രം ആരാധനയ്ക്കു ശേഷിച്ചു. കൂടാതെ ചെങ്ങളം പള്ളി, കല്ലുങ്കത്ര, ഒളശ്ശ പൊന്നരത്തു പള്ളി, കുമരകം ആറ്റമംഗലം പള്ളി എന്നിവയും കോട്ടയം മുതല്‍ വടക്കോട്ടുള്ള മിക്ക പള്ളികളും ബാവാ കക്ഷിക്കാര്‍ക്ക് മാത്രം ആരാധനാലയങ്ങളായി. പുതുപ്പള്ളി രണ്ടു കൂട്ടരും ഉപയോഗിച്ചു.
കോട്ടയത്തിനു തെക്കോട്ട് കൂടുതല്‍ പള്ളികളും കുന്നംകുളത്തും കോതമംഗലത്തുമുള്ള ചുരുക്കം പള്ളികളും മെത്രാന്‍ കക്ഷിക്കാരുടെ സ്വാധീനത്തിലായിരുന്നു. തിരുവല്ല പാലിയേക്കര പള്ളി ഒന്നിടവിട്ട് ഓരോരുത്തരും, കട്ടപ്പുറത്തെ പള്ളി ബാവാ കക്ഷിക്കാര്‍ക്ക് മാത്രമായും തുടര്‍ന്നു. മനോരമപത്രം മെത്രാച്ചന് താങ്ങും തണലുമായി വര്‍ത്തിച്ചു. ജില്ലാക്കോടതിയില്‍ കേസ് ബാവാകക്ഷിക്കാര്‍ക്ക് ദോഷമായി വിധിച്ചു. ഹൈക്കോര്‍ട്ടില്‍ അപ്പീല്‍ പോയി. മദ്രാസില്‍ പ്രശസ്ത വക്കീലായ സി. പി. രാമസ്വാമിഅയ്യരെ ബാവാ കക്ഷിക്കാര്‍ക്കു വേണ്ടി വാദിക്കാന്‍ സി. ജെ. കുര്യന്‍ കൊണ്ടുവന്നു. പിന്നീട് കേരളത്തിലെ മുഖ്യകഥാപാത്രവും തിരുവിതാംകൂര്‍ ദിവാനുമായി മാറിയ സി. പി. യെ സി. ജെ. കുര്യന് പരിചയപ്പെടുത്തിയതും ഇടപാടാക്കിയതും അന്നു ദിവാനായിരുന്ന സി. രാജഗോപാലാചാരിയാണ്. വക്കീലിനെ കാണാനും സഭാകാര്യങ്ങളും മറ്റും തര്‍ജ്ജമ ചെയ്തു പഠിപ്പിക്കുവാനും എരുത്തിക്കലച്ചന്‍, മാലിയിലച്ചന്‍ മുതലായവര്‍ തിരുവനന്തപുരത്ത് താമസമാക്കി. കോട്ടയത്ത് പല വീട്ടുകാരും വളരെ വാശിയോടെ രണ്ടു കക്ഷിയായി നിന്നു.
വട്ടശ്ശേരില്‍ മെത്രാപ്പോലീത്താ മുറിമറ്റത്തില്‍ കാതോലിക്കാ ബാവാ, ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ (കല്ലാശ്ശേരില്‍), ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് (വാകത്താനം) എന്നിവര്‍ മെത്രാന്‍ കക്ഷിക്ക് നേതൃത്വം കൊടുത്തു. സി. പി. രാമസ്വാമി അയ്യര്‍ വിദഗ്ദ്ധമായി വാദിച്ച കേസില്‍ മെത്രാന്‍കക്ഷിക്കാര്‍ തോറ്റു. അതേതുടര്‍ന്ന് മെത്രാന്‍ കക്ഷിനേതാക്കള്‍ കൊച്ചുപുരയ്ക്കല്‍ വന്നു സി. ജെ. കുര്യനെ കണ്ട്, താക്കോല്‍ ഏല്‍പിക്കാന്‍ വന്നതാണ് എന്നും അവര്‍ സമുദായം വിട്ടു പോകും എന്നും പറഞ്ഞതായി പറയുന്നു. കേസില്‍ ജയവും തോല്‍വിയും ഉണ്ട്. നമുക്ക് ഒന്നായി പോകണം. അതേപ്പറ്റി ഉടനെ ആലോചിക്കാമെന്നും, ഉടനെ ശ്രീമൂലം അസംബ്ലിക്കു പോകേണ്ടിയിരിക്കുന്നു. തിരിയെ വന്നു ഈ കാര്യങ്ങള്‍ ആലോചിക്കണം എന്നും പറഞ്ഞ് സി. ജെ. കുര്യന്‍ താക്കോല്‍ വാങ്ങാതെ അവരെ സമാധാനപ്പെടുത്തി വിട്ടു എന്നു പറയുന്നു. എന്നാല്‍ അസംബ്ലിക്കു പോകാനിരുന്ന സി. ജെ. കുര്യന് പെട്ടെന്നു വാതരോഗം മൂര്‍ച്ഛിച്ചു അവശനായി. 1924 മാര്‍ച്ച് 2-ന് അദ്ദേഹം മരണമടഞ്ഞു.
ഇതാണ് കുടുംബക്കാരുടെ ചരിത്രം.
ഇസ്സഡ്. എം. പാറേട്ട് പറയുന്നു
സുപ്രസിദ്ധ സഭാചരിത്രകാരനായ ഇസ്സഡ്. എം. പാറേട്ട് 1969-ല്‍ പ്രസിദ്ധീകരിച്ച വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് (മലങ്കര നസ്രാണികള്‍ 4) എന്ന ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു:
മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസിന്‍റെ ഭരണത്തിന്‍റെ ആദ്യമടങ്ങായി ഗണിക്കേണ്ട ആറു വര്‍ഷക്കാലം എന്നല്ല മലങ്കര നസ്രാണികളുടെ ചരിത്രം ഒട്ടാകെ എടുത്താല്‍തന്നെയും അതില്‍ സാരമായ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു നേതാവായിരുന്നു 1098 കുംഭം 19-ന് അന്തരിച്ച സി. ജെ. കുര്യന്‍ എന്ന് അദ്ദേഹം സമ്പാദിച്ച നിരവധി ശത്രുക്കള്‍പോലും സമ്മതിക്കും. കുംഭം 21-ലെ മലയാള മനോരമയില്‍ ഉണ്ടായിരുന്ന സുദീര്‍ഘമായ മുഖപ്രസംഗത്തില്‍ “സമുദായ ചരിത്രത്തില്‍ ഒരു സുപ്രധാനഭാഗം വഹിക്കത്തക്കവിധം അസാമാന്യമായ സ്ഥിരോത്സാഹം, കാര്യനിര്‍വ്വഹണശക്തി, കീഴ്പ്പെടാത്ത മനസ്സ് എന്നിവയെല്ലാം സി. ജെ. കുര്യനില്‍ പ്രശോഭിച്ചിരുന്നു എന്നുള്ളത് അദ്ദേഹത്തെപ്പറ്റി ഏറ്റം പ്രബലമായ അഭിപ്രായവ്യത്യാസമുള്ളവരും മുക്തകണ്ഠം സമ്മതിക്കുന്നതാണ്. അഭിപ്രായവ്യത്യാസമുള്ള സംഗതികളെ മാറ്റിവച്ചു പറയുന്നതായാല്‍, അദ്ദേഹം നിസ്സംശയമായി ഒരു മഹാനുഭാവനും രാജ്യത്തിനും സമുദായത്തിനും ഒരലങ്കാരവുമായിരുന്നു എന്ന് സമ്മതിക്കുന്നതിന് യാതൊരു മടിയുമില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സി. ജെ. കുര്യന്‍ ജാത്യാഭിമാനിയും ദേശാഭിമാനിയുമായിരുന്നു. മലങ്കര നസ്രാണികളുടെമേല്‍ അന്ത്യോഖ്യായ്ക്ക് ലൗകികാധികാരമില്ലെന്നു തിരുവിതാംകൂറിലെയും കൊച്ചിയിലെയും റോയല്‍കോടതികള്‍ തീര്‍പ്പു കല്‍പിച്ചിട്ടും, തുര്‍ക്കി രാജ്യക്കാരനായ പാത്രിയര്‍ക്കീസിന് ഇവിടെ ആത്മീയ ലൗകികാധികാരങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ തന്‍റെ പണവും സ്വാധീനവും എല്ലാം കണ്ണുപൂട്ടി ചെലവാക്കിയ ആള്‍ എങ്ങനെ ജാത്യാഭിമാനിയാകും, ദേശാഭിമാനിയാകും എന്നും ചോദിക്കാം. മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസിന്‍റെ അധികാരത്തെ ജനപ്രതിനിധി എന്ന നിലയില്‍ നിയന്ത്രിക്കുന്നതിനു തനിക്കുണ്ടെന്നു അദ്ദേഹം വിശ്വസിച്ച അവകാശം സ്ഥാപിക്കുന്നതിനു സി. ജെ. കുര്യന്‍ നടത്തിയ ഭഗീരഥപ്രയത്നത്തില്‍ വിജയിക്കുന്നതിനു വിദേശിയായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ കൂടെ കൂട്ടുപിടിച്ചു എന്നു വ്യാഖ്യാനിക്കാം. ഏഷ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് എവിടെനിന്നെങ്കിലും വരുന്നവരെ അതിമാനുഷരോ അര്‍ദ്ധദൈവങ്ങളോ ആയി ഗണിക്കുകയും, അവരുടെ അശൗചാവസ്ഥയെ തന്നെ മഹത്വത്തിന്‍റെ ലക്ഷ്യമായി എണ്ണുകയും, അവരുടെ നാട് ഏതു നരകക്കുഴി ആയാലും “ശീമ” ആയി ഘോഷിക്കുകയും ചെയ്യുന്ന “ശീമ സേവകരുടെ” കൂട്ടത്തില്‍പ്പെട്ട ആളായിരുന്നില്ല സി. ജെ. കുര്യന്‍. വട്ടിപ്പണക്കേസില്‍ അദ്ദേഹം കൊടുത്ത മൊഴി ഇതിനു തെളിവാണ്. വടക്കുപടിഞ്ഞാറന്‍ ഏഷ്യക്കു “ശീമ” എന്ന വിശേഷസ്ഥാനമല്ല “തുര്‍ക്കി” എന്ന പേരാണ് അദ്ദേഹം കൊടുത്തിരിക്കുന്നത്. പിതൃതുല്യനായിരുന്ന കുര്യന്‍ റൈട്ടര്‍ക്കു, മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെയും ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെയും കാലത്ത് സമുദായകാര്യങ്ങളില്‍ ഉണ്ടായിരുന്ന ഉന്നതസ്ഥാനമോ നിയന്ത്രണ സ്വാധീനങ്ങളോ തനിക്കു വേണമെന്ന് സി. ജെ. കുര്യന്‍ ആഗ്രഹിച്ചു. ഗീവറുഗീസ് ദീവന്നാസ്യോസ് അതു വകവച്ചു കൊടുത്തില്ല. വകവെച്ചു കൊടുക്കാന്‍ താത്വികമായി നിവൃത്തി ഇല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അവര്‍ തമ്മില്‍ തെറ്റി എന്നീവിധം വ്യാഖ്യാനിച്ചു കൂടയോ അവര്‍ തമ്മിലുണ്ടായ അകല്‍ച്ചയേയും അതിന്‍റെ കാരണങ്ങളേയും? എന്തിനും പോരുന്ന കോനാട്ടു മല്‍പാനെയും ആ വഴിക്കു “തുര്‍ക്കികളെയും” കൂട്ടിപ്പിടിച്ചുകൊണ്ട് ഭാരതയുദ്ധത്തിനു പുറപ്പെട്ടു. മലങ്കര നസ്രാണികളുടെ അനേകലക്ഷം രൂപയും, അവരുടെ അര ശതാബ്ദക്കാലത്തെ ശ്രമവും സ്വന്തം ധനവും വെള്ളത്തിലാക്കുകയും ചെയ്തു. അതുകൊണ്ട് ഭരണധുരന്ധനായ ഗീവറുഗീസ് ദീവന്നാസ്യോസിന്‍റെ അതിരുറ്റ കഴിവുകൊണ്ടുള്ള പ്രയോജനം ആര്‍ക്കും ഇല്ലാതെ പോയി. മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസും സി. ജെ. കുര്യനും യോജിച്ചു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ നില എന്തായിരിക്കുമായിരുന്നു?
“നീയുണ്ടാക്കിയ കുഴപ്പം”
വട്ടശ്ശേരില്‍ തിരുമേനിയെ മുടക്കിയ ശേഷം 1087-ല്‍ (1911) ആലുവായില്‍ ചേര്‍ന്ന പള്ളിപ്രതിപുരുഷ യോഗത്തില്‍ പാത്രിയര്‍ക്കീസിനു ആത്മികാധികാരവും ലൗകികാധികാരവും ഉണ്ടെന്നുള്ള പ്രമേയം പാസ്സാക്കാന്‍ സി. ജെ. കുര്യന്‍ സമ്മതിച്ചില്ല. മുടക്കുകൊണ്ട് സാധിക്കാവുന്ന നേട്ടങ്ങളെപ്പറ്റി സി. ജെ. കുര്യനു ചില ധാരണകളുണ്ടായിരുന്നു. അക്കാര്യത്തെപ്പറ്റി വടകര ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന – സമുന്നത വൈദികനും ഔഗേന്‍ റമ്പാച്ചന്‍റെ (പിന്നീട് ഔഗേന്‍ ബാവ) ഉറ്റ മിത്രവുമായിരുന്ന – പരേതനായ ചെമ്മങ്കുഴ സി. എസ്. സ്കറിയാ അച്ചന്‍ “മലങ്കര സഭാ പ്രശ്നം: ചില ഉള്ളുകള്ളികള്‍” എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു.
“മെത്രാച്ചനെ പാതയില്‍ നിന്നു തട്ടിമാറ്റണമെന്നല്ലാതെ പാത്രിയര്‍ക്കീസിന് അധികാരം കിട്ടണമെന്ന് സി. ജെ. കുര്യന്‍ വിചാരിച്ചില്ല. മുടക്കിയാല്‍ അതെത്രയും എളുപ്പം സാധിക്കുമെന്നു കണക്കുകൂട്ടി. മുടക്കുകല്‍പനയോടുകൂടി 14 രൂപാ സ്റ്റാമ്പൊട്ടിച്ച് ഒരപേക്ഷ സര്‍ക്കാരില്‍ കൊടുത്താല്‍ വടി, മുടി, സ്ലീബാ വച്ചൊഴിഞ്ഞുപോകാന്‍ ഉത്തരവു ലഭിക്കുമെന്നുതന്നെ അദ്ദേഹം വിശ്വസിച്ചിരുന്നത്രെ. മുടക്ക് ആലോചനയിലിരിക്കുമ്പോള്‍ പരേതനായ ചൊള്ളമ്പേലച്ചനോട് ഇങ്ങനെ പറഞ്ഞതായി അദ്ദേഹം പലപ്പോഴും നേരിട്ടു പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ മുടക്കിനെപ്പറ്റി ഇടവഴിക്കല്‍ മാര്‍ സേവേറിയോസ് ആലോചനാസമയത്ത് പറഞ്ഞത് സ്മരണീയമാണ്. ‘ഈ വടികൊണ്ട് ഈ പാമ്പ് ചാവുകയില്ല’ എന്നാണ് ഫലിതമായി പറഞ്ഞത്.
പാത്രിയര്‍ക്കീസിനു പണ്ടുള്ള അധികാരമൊക്കെയുണ്ടെന്നും ഡലിഗേറ്റിന് റമ്പാന്മാരുടെ മേല്‍നോട്ടമിരിക്കട്ടെ എന്നുമാണ് ആലുവായില്‍ നിശ്ചയിച്ചത്. അപ്പോഴാണ് പാത്രിയര്‍ക്കീസ് തന്‍റെ നില അവതാളത്തിലായല്ലോ, പണവും ഇല്ല, അധികാരവും ഇല്ല എന്നു മനസ്സിലാക്കിയത്. സി. ജെ. കുര്യന്‍റെ കൈയില്‍ ഒരു പാവയായിപ്പോയല്ലോ എന്നോര്‍ത്ത് മനസ്ഥാപപ്പെട്ടു. കുര്യനും ബാവായുമായി, ബാവായുടെ യാത്രയ്ക്ക് ഒന്നു രണ്ടു ദിവസം മുമ്പു നടന്ന ഒരു സംഭാഷണത്തെപ്പറ്റി ഒരു വിവരണം ഈ എഴുത്തുകാരന്‍ 1102-ല്‍ അറിഞ്ഞത് ഇവിടെ ചേര്‍ക്കുകയാണ്. 1102-ല്‍ ആലുവായില്‍ കോനാട്ട് മല്‍പാനച്ചന്‍, കുരിശിങ്കല്‍ മാണിയച്ചന്‍, സി. പി. തരകന്‍, എം. എ. ചാക്കോ, പൈലോ വക്കീല്‍ മുതല്‍പേര്‍ കൂടി നടത്തിയ മഹായോഗത്തിന് ഒരു ദിവസം മുമ്പ് ഇവരും മറ്റു പലരും ആലുവായില്‍ സി. ജെ. മാണിയുടെ കെട്ടിടത്തില്‍ (സി.എം.എസ്. പള്ളിക്കു സമീപം) കൂടി പലതിനെക്കുറിച്ചും ആലോചിക്കുകയും ചെയ്തു. ഞാനും ആ കൂട്ടത്തിലുണ്ടായിരുന്നു. എം. എ. ചാക്കോയാണിതു പറഞ്ഞത്. ബാവായുടെ യാത്രയ്ക്കു മുമ്പ് അദ്ദേഹത്തെ കണ്ട് സംസാരിക്കണമെന്ന് മെത്രാച്ചന് ഉദ്ദേശ്യമുണ്ടായിരുന്നു. അദ്ദേഹം എറണാകുളത്തെത്തി താമസിച്ചു. മെത്രാച്ചനും ബാവായുമായി കണ്ടു സംസാരിച്ചാല്‍ ഒരു പക്ഷേ തനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രയാസങ്ങളില്‍ നിന്ന് ഒഴിവാകാന്‍ സാധിച്ചേക്കുമെന്ന് കുര്യന്‍ വിചാരിച്ചിരിക്കണം. സംസാരിക്കാന്‍ ഇടകൊടുക്കണമെന്ന് ബാവായോട് കുര്യന്‍ തന്നെ പറഞ്ഞു. ബാവാ കോപിച്ചു, “നീയുണ്ടാക്കിയ കുഴപ്പം നീ തന്നെ വഹിച്ചുകൊള്ളുക” എന്നു പറഞ്ഞു മുഖം തിരിച്ചുകളഞ്ഞു. ഇതിനെക്കുറിച്ച് സൂക്ഷ്മമായി അറിയാതെ എം. എ. ചാക്കോ ഇങ്ങനെ പറയാന്‍ ഇടയില്ല. കേട്ടവരാരും അതിനെ നിഷേധിച്ചുമില്ല. ബ. മല്‍പ്പാനച്ചന്‍ ബാവായുടെ യാത്രയ്ക്കു മുമ്പ് എപ്പോഴും കൂടെയുണ്ടായിരുന്ന ആളായിരുന്നല്ലോ. കുര്യന്‍റെ സഹപ്രവര്‍ത്തകനുമാണ്. അബ്ദുള്ളാ പാത്രിയര്‍ക്കീസ് ധീരനും എല്ലാം തുറന്നു പറയുന്നവനും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുന്നവനുമായിരുന്നു. ഒളിച്ചുകളി ഒന്നും അദ്ദേഹം കാണിച്ചില്ല. അത്രയ്ക്ക് അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നു.”
സമുദായക്കേസ് ചൂടുപിടിച്ച കാലം. ആനപ്പാപ്പി വധം സംബന്ധിച്ചും സെമിനാരി റിക്കാര്‍ഡുകള്‍ കടത്തിക്കൊണ്ടു പോകുമെന്ന് ശ്രുതി പരന്നതിനെ തുടര്‍ന്നുള്ള സി. ജെ. കുര്യന്‍റെ മുന്‍കരുതലുകളെപ്പറ്റിയും സെമിനാരി കാവലിനുവേണ്ടി വിളിച്ചാക്കിയ താഴത്തങ്ങാടി സ്വദേശികളായ മുസ്ലീങ്ങളുടെ കാര്യങ്ങള്‍ നോക്കുവാന്‍ നിയോഗിക്കപ്പെട്ട “ശാന്തനും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനുമായിരുന്ന പാപ്പന്‍റെ ഗ്രഹപ്പിഴ”യെ സംബന്ധിച്ചും അകാലമരണം, ഭാര്യയുടെ മരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട മൂന്നു കുഞ്ഞുങ്ങളുടെ സ്ഥിതി എന്നിവയെപ്പറ്റിയും അക്കര കുടുംബ ചരിത്രത്തില്‍ ഇങ്ങനെ പറയുന്നു:
സമുദായക്കേസ് ചൂടുപിടിച്ച കാലം
ഈ കാലഘട്ടത്തിലായിരുന്നു (1910) സമുദായക്കേസിന്‍റെ ചൂടുകാലം. സമുദായട്രസ്റ്റി സി. ജെ. കുര്യനും മലങ്കര മെത്രാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും ഇരുചേരികളില്‍ നിന്നു നേതൃത്വം കൊടുത്തു. കോട്ടയത്ത് ആള്‍ സ്വാധീനം സി. ജെ. കുര്യന്‍റെ ചേരിയായ പാത്രിയര്‍ക്കീസ് കക്ഷിക്കായിരുന്നു. ചെറിയ പള്ളിയില്‍ രണ്ട് കക്ഷികള്‍ തമ്മിലുണ്ടായ അടി കുപ്രസിദ്ധമാണല്ലോ. ഇതിനിടെ വട്ടശ്ശേരില്‍ തിരുമേനി കോട്ടയത്തുനിന്നും തെക്കന്‍ ഭാഗത്തെവിടെയോ ആസ്ഥാനം മാറ്റുമെന്നും സെമിനാരിയിലിരിക്കുന്ന റിക്കാര്‍ഡുകള്‍ എല്ലാം കടത്തിക്കൊണ്ടുപോകുമെന്നും ശ്രുതി പരന്നിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ സി. ജെ. കുര്യന്‍ ചില മുന്‍കരുതലുകള്‍ എടുത്തു. താഴത്തങ്ങാടി കുളപ്പുരക്കടവിനു സമീപമുള്ള അഭ്യാസികളായ മുസ്ലീം യുവാക്കന്മാരെ പള്ളിസാധനങ്ങള്‍ ഒന്നും കടത്തിക്കൊണ്ടു പോകാതിരിക്കാന്‍ പള്ളിപരിസരങ്ങളില്‍ കാവലിനു നിയോഗിച്ചു. സെമിനാരിക്കു സമീപം താമസിച്ചിരുന്ന തന്‍റെ ജ്യേഷ്ഠന്‍റെ മകന്‍ പുരാട്ടു പാപ്പനെ ഇവരുടെ കാര്യങ്ങള്‍ നോക്കുവാന്‍ ഭരമേല്‍പിച്ചു.
ഈ ഏര്‍പ്പാടുകള്‍ വട്ടശ്ശേരില്‍ തിരുമേനിയും കൂട്ടരും വീക്ഷിച്ചപ്പോള്‍ മറ്റൊരു ധാരണയാണുണ്ടായത്. സെമിനാരി കയ്യടക്കാനുള്ള സംരംഭമായി അവര്‍ കണക്കാക്കി. ഏതായാലും മെത്രാപ്പോലീത്തായുടെ വലംകൈയായിരുന്ന ഗീവര്‍ഗീസ് പണിക്കരച്ചന്‍ (പിന്നീട് ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ്) മേപ്രായിലേക്ക് ആളയച്ചു. ആ ഭാഗത്തെ അസാധാരണ അഭ്യാസികളും മുഷ്ക്കന്മാരുമായിരുന്ന ആനപ്പാപ്പി (വര്‍ക്കി വര്‍ഗീസ്) യെയും ശിഷ്യന്‍ തിരുവാങ്കാവന്‍ കൊച്ചുകുഞ്ഞിനെയും സെമിനാരിയില്‍ വരുത്തി. ഇവര്‍ സഭാംഗങ്ങള്‍ കൂടിയായിരുന്നു.
സെമിനാരി ആറ്റിറമ്പ് വളവ് അന്ന് വേനല്‍ക്കാലത്ത് വലിയ മണല്‍പ്പുറമായിരുന്നു. അവിടെ മഴുക്കാട്ടു കുഞ്ഞുമുഹമ്മദ് മേത്തരുടെ ഒരു ചായക്കടയുണ്ടായിരുന്നു. അവിടെയാണ് മുഹമ്മദീയര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ഒരു ദിവസം ഇവര്‍ ചായക്കടയില്‍ കാപ്പികുടി കഴിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൃഢഗാത്രരായ രണ്ട് അപരിചിതര്‍ അവിടെ കയറിച്ചെന്ന് ചായ എടുക്കാന്‍ പറഞ്ഞു. ആനപ്പാപ്പിയും കൊച്ചുകുഞ്ഞും ആയിരുന്നു അവര്‍. ആനപ്പാപ്പി അന്ന് അവിടെ എത്തിയതേയുള്ളു. വന്ന ഉടനെ മെത്രാപ്പോലീത്തായെ കണ്ട് കൈമുത്തി സംസാരിച്ചു. തുടര്‍ന്ന് ദേശം കാണാന്‍ ഇറങ്ങിയതാണ്. ആദ്യമെ മണപ്പുറത്തേക്കാണ് തിരിച്ചത്. ചായക്കടയില്‍ വന്ന് ചായ എടുക്കാന്‍ പറഞ്ഞപ്പോഴാണ് മുഹമ്മദീയരെ കണ്ടത്. സെമിനാരി സൂക്ഷിക്കാന്‍ വന്നിരിക്കുന്ന പന്നികളാണോ നിങ്ങള്‍ എന്ന് ചോദിച്ചുകൊണ്ട് അവരെ അധിക്ഷേപിച്ചു സംസാരിച്ചു. ഉടനെ മുഹമ്മദീയര്‍ക്ക് എതിര്‍കക്ഷികള്‍ കൊണ്ടുവന്ന ചട്ടമ്പികളാണ് ഇവര്‍ എന്നു മനസ്സിലായി. പാപ്പിയും കൂട്ടരും ചായക്കടയില്‍ നിന്ന് പോകുന്നതുവരെ മുഹമ്മദീയര്‍ ക്ഷോഭം ഒതുക്കി മിണ്ടാതിരുന്നു.
തങ്ങളെ പന്നികള്‍ എന്നു വിളിച്ചു പരിഹസിച്ചത് അന്നത്തെ മുസ്ലീമുകളെ സംബന്ധിച്ചു വളരെ അപമാനകരമായ ഒരു സംഭവമായിരുന്നു. അവരുടെ സമുദായത്തെ മുഴുവനായി അവഹേളിച്ചു സംസാരിക്കുന്ന ആ സംബോധന അവരില്‍ വല്ലാത്ത വാശി ഉളവാക്കി. ഇനിയും ഇത് തുടര്‍ന്നാല്‍ പാപ്പിയുമായി ഇക്കാര്യം ചോദിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. കുറെ വടികള്‍ അവര്‍ കരുതി. ചായക്കടയുടെ സമീപം അവ മണലില്‍ കുഴി മാന്തി ഇട്ട് മറച്ചുവെച്ചു. പിറ്റേന്നു മൂന്നുമണി കഴിഞ്ഞപ്പോള്‍ ഇവര്‍ ചായക്കടയില്‍ പതിവുപോലെ വന്നിരുന്നു. കുറേനേരം കഴിഞ്ഞപ്പോള്‍ പാപ്പിയും കൂട്ടരും മണല്‍പ്പുറത്തെത്തി. അവര്‍ ചായകുടിക്കാന്‍ ചായക്കടയിലേയ്ക്ക് കയറി. തുടര്‍ന്ന് ഇരുകൂട്ടരും ഒന്നും രണ്ടും പറഞ്ഞു വഴക്കു മൂത്തു. മുഹമ്മദീയര്‍ പെട്ടെന്ന് ചാടിയിറങ്ങി കുഴിച്ചിട്ടിരുന്ന വടികള്‍ എടുത്ത് അടി തുടങ്ങി. പെട്ടെന്നുണ്ടായ ഈ ആക്രമണം പാപ്പിയെയും കൂട്ടരെയും അന്ധാളിപ്പിച്ചു. പാപ്പിയുടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ മണല്‍പ്പുറത്തുനിന്ന് ഓടിക്കളഞ്ഞു. അടി മുഴുവന്‍ നിഷ്പ്രയാസം തടഞ്ഞുകൊണ്ട് അഭ്യാസിയായ പാപ്പി ഒട്ടും കൂസലില്ലാതെ പുറംതിരിയാതെ ഒഴിമുറയില്‍ പുറകോട്ട് നടന്നു. എന്നാല്‍ ഗ്രഹപ്പിഴയ്ക്ക് ആറ്റുമണലില്‍ ജീര്‍ണ്ണിച്ച് മുകളിലോട്ടു നിന്നിരുന്ന ഒരു തെങ്ങിന്‍കുറ്റിയില്‍ പാപ്പിയുടെ കാലു തട്ടി, പെട്ടെന്ന് പുറകോട്ടു ഒന്നു തിരിഞ്ഞു. ഉടന്‍ കമാലുദീന്‍ എന്ന മുഹമ്മദീയന്‍ നിമിഷംകൊണ്ട് ഒരു അടി കൊടുത്തു. പാപ്പിയുടെ തലയ്ക്കാണ് കൊണ്ടത്. തല പൊട്ടി പാപ്പി പുറകോട്ടു മറിഞ്ഞു. തുടര്‍ന്ന് ക്ഷുഭിതരായ അവര്‍ ദേഹത്തിനിട്ടും അടിച്ചു. തലയില്‍ നിന്നും രക്തം പ്രവഹിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് മുസല്‍മാന്മാര്‍ ഓടി ഒളിച്ചു. വിവരം അറിഞ്ഞ ക്ഷണം സെമിനാരിയില്‍ നിന്നും ആള്‍ക്കാര്‍ വന്നു ആനപ്പാപ്പിയെ ആശുപത്രിയില്‍ കൊണ്ടുപോയി. വേണ്ട ശുശ്രൂഷകള്‍ ചെയ്തു എങ്കിലും ആനപ്പാപ്പി രാത്രി തന്നെ മരിച്ചു.
ഈ വിവരം അറിഞ്ഞതോടെ താഴത്തങ്ങാടിയിലെ മെത്രാന്‍ കക്ഷിക്കാര്‍ ഇളകി. അവര്‍ സെമിനാരിയില്‍ ഓടിഎത്തി. ആശുപത്രിയില്‍ വച്ച് ആനപ്പാപ്പി ആസന്നമരണനായി കിടക്കുമ്പോള്‍ “അടിച്ചത് പുരാട്ടെ പാപ്പന്‍ ആണെന്ന് പറയണമെന്ന്” പ്രമുഖരില്‍ ഒരാള്‍ പാപ്പിയുടെ ചെവിയില്‍ രഹസ്യമായി പറഞ്ഞു. ഈ മുഹമ്മദീയരുടെ മേല്‍നോട്ടക്കാരനും സെമിനാരിക്കു സമീപം താമസിക്കുന്നതുമായ സി. ജെ. കുര്യന്‍റെ ജ്യേഷ്ഠന്‍റെ മകന്‍ പാപ്പന്‍റെ പേര് ഇങ്ങനെ ദുര്‍വിനിയോഗം ചെയ്താല്‍ കേസിന് ബലം കൂടുമല്ലോ എന്നായിരുന്നു എതിരാളികളുടെ ഉദ്ദേശ്യം. മജിസ്ട്രേറ്റ് സ്ഥലത്ത് വന്ന് ആനപ്പാപ്പിയുടെ മൊഴി എടുത്തു. പാപ്പി മൊഴിയില്‍ പറഞ്ഞത് പട്ടാണികള്‍ തന്നെ അടിച്ചു എന്നാണ്. പാപ്പി മരിക്കുകയും ചെയ്തു. സംഭവം കേട്ടറിഞ്ഞ് മെത്രാന്‍ കക്ഷിയില്‍പ്പെട്ട വളരെയധികംപേര്‍ മുസല്‍മാന്മാരെ നിയോഗിച്ച അക്കരക്കാരെ എടുക്കണം എന്നലറിക്കൊണ്ട് അക്കര കടവിലേയ്ക്ക് നീങ്ങി. അവിടെ ബാവാകക്ഷികള്‍ ആയുധങ്ങളുമായി നിരന്നുനില്‍ക്കുന്നതു കണ്ട് പുലഭ്യം പറഞ്ഞശേഷം തിരിച്ചുപോയി. മേത്തന്മാരെ കൊണ്ടുവന്ന് മെത്രാച്ചനെ കൊന്നിട്ട് കേസ് എതിരില്ലാതെ ജയിക്കുവാന്‍ ചെയ്ത പ്രവൃത്തിയായി ചിലര്‍ ദുഷ്പ്രചരണം നടത്തി. എങ്കിലും സി. ജെ. കുര്യനും കൂട്ടരും അത്ര വിഡ്ഢികളാണ് എന്ന് ആരും കരുതുകയില്ലല്ലോ. എതിരാളിയെ കൊന്നാല്‍ കേസ് ജയിക്കുമെങ്കില്‍ എത്ര എളുപ്പമാണ് കാര്യങ്ങള്‍. പന്നികളെ എന്ന വിളിയില്‍ ഒരടികൊണ്ടത് മരണഹേതുവായി. ആ സംഭവം ബാവാകക്ഷിക്കാര്‍ക്ക് കേസിനു വളരെ ബുദ്ധിമുട്ടു വരുത്തി.
കേസിനു ബലമായി ഏതായാലും സെമിനാരിക്കു സമീപം താമസിക്കുന്ന പാപ്പനെ ഒന്നാം പ്രതിയാക്കണം എന്നും ഒരു ദിവസമെങ്കിലും ജയിലില്‍ അടയ്ക്കണം എന്നും മെത്രാന്‍ കക്ഷിക്കാര്‍ ശഠിച്ചു. പാപ്പന് കുറെക്കാലം ഒളിവില്‍ കഴിയേണ്ടി വന്നു. സി. ജെ. കുര്യനെ ഒരു കേസില്‍ പോലീസില്‍ പിടിപ്പിക്കാന്‍ നേരത്തെ ശ്രമം നടത്തിയത് വിജയിച്ചില്ല. ആ വൈരാഗ്യം പാപ്പനെ അറസ്റ്റു ചെയ്യിച്ചു തീര്‍ക്കണമെന്നായിരുന്നു അവരുടെ തന്ത്രം. ഈ പ്രതികാരവും വിജയിച്ചില്ല. പാപ്പന്‍ കുറെ മാസങ്ങള്‍ വീടുകളില്‍ മാറി മാറി ഒളിവില്‍ താമസിച്ചു. ഒരു ദിവസം മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യക്കച്ചീട്ട് വച്ച് ജാമ്യത്തില്‍ ഇറങ്ങി പ്രതിസ്ഥാനത്തു നിന്നു മാറി. ആനപ്പാപ്പിക്കേസ് നടന്നു. 38 പേരെ പ്രതികളാക്കിയാണ് പോലീസ് കേസ് ചാര്‍ജ് ചെയ്തത്. കേസ് വിചാരണ നടന്നു. പാപ്പിയെ ആരാണ് അടിച്ചതെന്ന് വ്യക്തമായി തെളിയിക്കാന്‍ കഴിഞ്ഞില്ല, കേസ് തെളിവില്ലാതെ പോയി.
മേല്‍പ്പറഞ്ഞ പല കാരണങ്ങളാല്‍ വരവില്‍ കൂടുതല്‍ ചെലവ് വര്‍ദ്ധിച്ചു. തുടര്‍ന്നു പാപ്പനു കടങ്ങള്‍ വര്‍ദ്ധിച്ചു. കടം വീട്ടുന്നതിലേക്കായി 300 പറ നിലം, ചെങ്ങളക്കാട്ടിലെ വീതം, തിരുനക്കരമാളിക എന്നിവ കിട്ടിയ കുറഞ്ഞ വിലയ്ക്ക് തൈത്തറക്കാര്‍ക്ക് കൊടുത്തു. പാറയ്ക്കല്‍ പുരയിടത്തില്‍ ഒരേക്കര്‍, കരിയംപാടം, കോടിമത നിലം, മെത്രാന്‍ കായല്‍ ഇത്രയും കൊച്ചുപാപ്പി വല്യപ്പനും കൊടുത്തു. ശരിയായി വില പേശാനോ, പുറത്തു വില ചോദിച്ചു അറിയാനോ അന്നത്തെ കാലത്ത് മിനക്കെട്ടില്ല.
ശാന്തനും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനുമായിരുന്ന പാപ്പനെ ഗ്രഹപ്പിഴ എന്നവണ്ണം ഇടപെടേണ്ടി വന്ന സമുദായക്കേസും ആനപ്പാപ്പിക്കേസും മാനസികമായും, ശാരീരികമായും, സാമ്പത്തികമായും തളര്‍ത്തി. പാപ്പന്‍ 45-ാം വയസ്സില്‍ മരിച്ചു. മരിക്കാറായപ്പോള്‍ മൂന്നു മക്കളെയും അടുത്തുണ്ടായിരുന്ന കൊച്ചാപ്പി വല്യപ്പനെ ഏല്‍പ്പിച്ചു. സ്ഥലങ്ങള്‍ പലതും വിറ്റു എങ്കിലും കടമെല്ലാം തീര്‍ത്തിട്ടാണ് മരിച്ചതെന്ന് അദ്ദേഹത്തിനു മനഃസമാധാനമുണ്ടായിരുന്നു. പാപ്പന്‍റെ മരണശേഷം ഭാര്യ ആച്ചിയമ്മ മൂന്നു മാസക്കാലം പുരാട്ടു താമസിച്ചു. ആച്ചിയമ്മയും രോഗിയായി. തുടര്‍ന്ന് ആയിരൂര്‍ക്ക് പോയി വിശ്രമിക്കാമെന്നു കരുതി ആച്ചിയമ്മയുടെ പിതാവ് മാവേലി അച്ചന്‍ വള്ളവുമായി വന്ന് മകളെയും മൂന്ന് കൊച്ചുമക്കളെയും കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്താവ് മരിച്ച് 10 മാസം കഴിഞ്ഞ് 1920 സെപ്റ്റംബര്‍ 3-ാം തീയതി അയിരൂര്‍ വച്ച് ആച്ചിയമ്മയും നിര്യാതയായി.
സി. ജെ. കുര്യന്‍റെ അന്ത്യകാലം
കെ. സി. മാമ്മന്‍ മാപ്പിള എഴുതുന്നു: മെത്രാന്‍ പക്ഷക്കാര്‍ തോറ്റതിന്‍റെ ഗുണം പ്രായോഗികമായി ആസ്വദിക്കുന്നതില്‍ നേരിട്ട സാഹചര്യ പരിവര്‍ത്തനങ്ങള്‍ സി. ജെ. കുര്യനെ അവസാനഘട്ടത്തില്‍ ബാധിച്ചതിനു ദൃഷ്ടാന്തമായി ഒരു സംഭവകഥ കേട്ടിട്ടുണ്ട്. കോഴിമണ്ണില്‍ ദിവാന്‍ ബഹദൂര്‍ വി. വറുഗീസിന്‍റെ അനുജനും കോട്ടയത്ത് സര്‍ക്കാര്‍ വക്കീലുമായിരുന്ന തോമസ് വറുഗീസ് പറഞ്ഞു കേട്ടതാണ്.
ട്രോപ്പിക്കല്‍ പ്ലാന്‍റേഷന്‍സ് കമ്പനി സംബന്ധിച്ച് പാലാമ്പടം പി. ടി. തോമസ് വക്കീലും പി. എം. മാണിയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഡോ. വറുഗീസ് ആലപ്പുഴയിലെ പ്രസിദ്ധ വക്കീലായിരുന്ന കൃഷ്ണയ്യങ്കാര്‍, സി. ജെ. കുര്യന്‍ ആദിയായവര്‍ മാണിയുടെ വശത്തായിരുന്നു. ഒരിക്കല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് ആലപ്പുഴ ടി. ബി. യില്‍ കൂടി. അതില്‍ സംബന്ധിക്കാന്‍ വന്ന ഡയറക്ടറന്മാരുടെ കൂട്ടത്തില്‍ ഡോ. വര്‍ഗീസും സി. ജെ. കുര്യനും ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ അവരിരുവരും സഹപാഠികളായിരുന്നു. വര്‍ഷങ്ങള്‍ കുറെയധികം കഴിഞ്ഞിട്ടാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യകാലത്ത് നല്ല പ്രസരിപ്പും ആരോഗ്യസൗഷ്ഠവവും തികഞ്ഞിരുന്ന കുര്യന്‍ അപ്പോഴേക്ക് ശരീരവും മനസ്സും ക്ഷീണിച്ച് അവശനായി കാണപ്പെട്ടു. ഇത്ര ക്ഷീണിച്ചതിനെന്തു കാരണം എന്ന് ഡോക്ടര്‍ വറുഗീസ് ചോദിച്ചപ്പോള്‍, സമുദായക്കേസുകളും വഴക്കുകളും കൊണ്ട് തന്‍റെ ശരീരത്തിനും മനസ്സിനുമുണ്ടായിട്ടുള്ള ക്ലേശങ്ങളാണ് ഇതിനു കാരണമെന്നും തനിക്ക് അപാരമായ ക്ഷീണം തോന്നുന്നുവെന്നും സി. ജെ. കുര്യന്‍ പറഞ്ഞു. തന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ച് ഒരു വിദഗ്ദ്ധാഭിപ്രായം പറയണമെന്നും ഡോക്ടറോട് അപേക്ഷിച്ചു. ഡോക്ടര്‍ അപ്പോള്‍ തന്നെ അദ്ദേഹത്തെ പരിശോധിച്ചിട്ട് രഹസ്യമായി പറഞ്ഞു. “കൊച്ചുകുഞ്ഞേ (അതായിരുന്നു സി. ജെ. കുര്യന്‍റെ ഓമനപ്പേര്) ഉള്ളതുപറയട്ടെ, കൊച്ചുകുഞ്ഞിന് ഇനി അധികം ആയുസ്സുള്ള ലക്ഷണം കാണുന്നില്ല. ഇനിയെന്തിനാണ് കൊച്ചുകുഞ്ഞേ, ഈ സമുദായവഴക്കും വയ്യാവേലിയുമൊക്കെ തുടരുന്നത്? ഈ അവസാനകാലത്തെങ്കിലും അതു മതിയാക്കി സ്വസ്ഥമായി ഇരിക്കൂ.”
ഈ വഴക്ക് എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ ഏതു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറാണെന്നും കേസിനുവേണ്ടി താന്‍ ചെലവാക്കിയ വലിയ തുക കിട്ടിയാല്‍ സകല വഴക്കും വിട്ടുമാറാം എന്നും സി. ജെ. മറുപടി പറഞ്ഞു. ഡോക്ടര്‍, “മെത്രാപ്പോലീത്താ ആ തുകയും അതിലപ്പുറവും തരാന്‍ സമ്മതിച്ചു എന്നും കൊച്ചുകുഞ്ഞാണ് അതില്‍ വിസമ്മതം കാണിച്ചതെന്നും ആണല്ലോ ഞാന്‍ കേട്ടത്.”
ഡോക്ടര്‍ കേട്ടതു ശരിയാണെന്നു പശ്ചാത്തപസൂചകമായി സമ്മതം മൂളി. ഡോക്ടര്‍, മെത്രാപ്പോലീത്തായോടു പറഞ്ഞാല്‍ കാര്യം ഇപ്പോഴെങ്കിലും തീരും എന്നുള്ളതുകൊണ്ട് ഡോക്ടറോട് അങ്ങനെ ചെയ്യാന്‍ അപേക്ഷിച്ചു. ഡോക്ടര്‍ അത് ഏറ്റു. നിര്‍ഭാഗ്യവശാല്‍, കൊച്ചിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറും മഹാരാജാവിനെ ദിവസേന പരിശോധിക്കേണ്ട ചുമതലയുള്ള ആളും എന്ന നിലയ്ക്ക് ഡോ. വറുഗീസിനു മെത്രാപ്പോലീത്തായെ ചെന്നു കാണുവാന്‍ അന്നൊന്നും അവസരം ലഭിച്ചില്ല.
അപ്പോഴേക്കും സി. ജെ. കുര്യന്‍ ചിന്തിക്കാനും സംഭാഷണം നടത്താനും അസാധ്യമായവിധത്തില്‍ ആസന്നമരണനായി കഴിഞ്ഞിരുന്നു. 1924 മാര്‍ച്ച് 2-ന് 64-ാം വയസ്സില്‍ കുര്യന്‍ അന്തരിച്ചു.
കുര്യന്‍ റൈട്ടറും സി. ജെ. കുര്യനും
ഫാ. ഡോ. ജോസഫ് ചീരന്‍, സി. ചെറിയാന്‍ എന്നിവര്‍ രചിച്ച നസ്രാണികേസരി അക്കര കുര്യന്‍ റൈട്ടര്‍ എന്ന ഗ്രന്ഥത്തില്‍ സി. ജെ. കുര്യനെക്കുറിച്ച് എഴുതിയിരിക്കുന്നത് കാണുക:
കുര്യന്‍ റൈട്ടറുടെ സംഭവബഹുലമായ ജീവിതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് സി. ജെ. കുര്യന്. റൈട്ടറുടെ ജ്യേഷ്ഠ സഹോദരനായ ഉലഹന്നന്‍റെ ദ്വിതീയ പുത്രനായി 1862-ല്‍ അക്കരത്തറവാട്ടില്‍ ജാതനായി. ബാല്യം മുതല്‍തന്നെ സി. ജെ. കുര്യന്‍റെ ആരാധനാപാത്രമായിരുന്നു കുര്യന്‍ റൈട്ടര്‍. റൈട്ടര്‍ക്ക് കുര്യനോട് പുത്രനിര്‍വ്വിശേഷമായ സ്നേഹമാണ് ഉണ്ടായിരുന്നത്. സഹോദരപുത്രന്‍ എന്നതിലുപരി റൈട്ടറുടെ ആത്മമിത്രവും സന്തതസഹചാരിയും കാര്യദര്‍ശിയും എല്ലാമായിരുന്നു സി. ജെ. കുര്യന്‍. സമുദായനേതാവ്, രാജ്യകാര്യവിശാരദന്‍ എന്നീ തലങ്ങളില്‍ പില്‍ക്കാലത്ത് പ്രശസ്തനാകുവാന്‍ സി. ജെ. കുര്യനു സാധിച്ചത് റൈട്ടറുടെ ഉപദേശവും ശിക്ഷണവും കൊണ്ടാണ്. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ ആഗമനത്തിനുശേഷം മലങ്കര സമുദായം ബാവാകക്ഷിയും മെത്രാന്‍ കക്ഷിയുമായി ചേരിതിരിഞ്ഞപ്പോള്‍ ബാവാകക്ഷിയുടെ അനിഷേധ്യ നേതാവ് സി. ജെ. കുര്യനായിരുന്നു.
സി. ജെ. കുര്യന് കേവലം അഞ്ച് വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ കൊച്ചിയില്‍ പോയി റൈട്ടറോടൊത്ത് താമസം തുടങ്ങി. അവിടെ താമസിച്ചുകൊണ്ടാണ് വിദ്യാഭ്യാസം നിര്‍വ്വഹിച്ചത്. റൈട്ടറുടെ ഭാഗിനേയനും സി. ജെ. കുര്യന്‍റെ സമവയസ്കനുമായ ഇ. ജെ. ജോണും അവിടെ താമസിച്ചു പഠിച്ചിരുന്നു. കൊച്ചിയിലെ പഠനത്തിനു ശേഷം ചാവക്കാട്ടുള്ള ബോര്‍ഡിങ്ങ് സ്കൂളിലും അതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുമായിരുന്നു വിദ്യാഭ്യാസം. ഇവരുടെ പഠനത്തിനു വേണ്ടി റൈട്ടര്‍ തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങി. പ്രധാന നഗരങ്ങളിലെല്ലാം എല്ലാ സുഖസൗകര്യങ്ങളുമുള്ള ബംഗ്ലാവുകള്‍ കുര്യന്‍ റൈട്ടര്‍ക്ക് സ്വന്തമായുണ്ടായിരുന്നു. തിരുവനന്തപുരത്ത് കുര്യന്‍ റൈട്ടറുടെ താമസത്തിനുവേണ്ടി വാങ്ങിയത് പുളിമൂടിനു സമീപമുള്ള എല്‍. എം. എസ്. വക കെട്ടിടമാണ്. പിന്നീട് ഈ കെട്ടിടം എല്‍. എം. എസ്. കാര്‍ക്ക് തിരിച്ചു കൊടുത്തു. മെട്രിക്കുലേഷന്‍ പാസായ ശേഷം സി. ജെ. കുര്യന് റൈട്ടറുടെ നിര്‍ദ്ദേശപ്രകാരം പഠനം നിര്‍ത്തേണ്ടി വന്നു. തന്‍റെ വ്യവസായ സംരംഭത്തില്‍ കുര്യനെക്കൂടി പങ്കാളിയാക്കുക എന്നതായിരുന്നു റൈട്ടറുടെ ലക്ഷ്യം. പിതൃവ്യന്‍റെ ആഗ്രഹപ്രകാരം അങ്ങനെ സി. ജെ. കുര്യനും വ്യവസായ രംഗത്തു വന്നു. കൊച്ചിയിലും ചാവക്കാട്ടുമായി പരന്നു കിടന്ന വ്യവസായ സാമ്രാജ്യം ഭരിക്കുവാന്‍ ഊര്‍ജ്ജ്വസ്വലനായ കുര്യനെ ലഭിച്ചത് റൈട്ടര്‍ക്ക് അത്യന്തം ആശ്വാസപ്രദമായിരുന്നു. വ്യവസായം, പത്രപ്രവര്‍ത്തനം ഇവ കൂടാതെ സമുദായകാര്യങ്ങളില്‍ പൂര്‍ണ്ണമായി മുഴുകി കഴിയുക നിമിത്തം കുര്യന്‍ റൈട്ടര്‍ വിശ്രമം എന്തെന്നറിഞ്ഞില്ല. കുര്യനും റൈട്ടറുമായി ഉണ്ടായിരുന്ന പ്രത്യേകമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന രണ്ടു കത്തുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ. ആദ്യത്തെ കത്ത് സി. ജെ കുര്യന്‍ കുര്യന്‍ റൈട്ടര്‍ക്ക് ചാവക്കാട്ടു നിന്ന് 1060 ഇടവം 22 -നു എഴുതിയതാണ്:
“എന്‍റെ പ്രിയപ്പെട്ട കൊച്ചുപ്പാപ്പയ്ക്ക്, ഞാന്‍ ഇവിടെ വന്നിട്ട് അഞ്ചാറു ദിവസത്തോളമായി. ഇതേവരെയും കോടതിയില്‍ കെട്ടിവെയ്ക്കേണ്ട പണത്തിന്‍റെ തുക ഇത്രയെന്ന് അന്വേഷിക്കുകയായിരുന്നു. കൂടാതെ തേങ്ങാ വില്ക്കേണ്ടതിലേക്ക് ആളുകളെ ആകര്‍ഷിക്കുകയുമായിരുന്നു. എന്നാല്‍ ആദ്യ വിധിയും, സ്പെഷ്യല്‍ വിധിയും ഇതേവരെ ഇവിടെ വന്നിട്ടില്ലാത്തതിനാല്‍ അടയ്ക്കേണ്ട തുക ഇത്രയെന്ന് തിട്ടപ്പെടുത്തുവാന്‍ പ്രയാസമെന്നും, വന്നാലുടനെ തിട്ടപ്പെടുത്തി അയയ്ക്കാമെന്നും ഇന്ന് ഗോവിന്ദമേനോന്‍ പറഞ്ഞിരിക്കുന്നു. മൂന്നു നാലു ദിവസത്തിനകം വരുമെന്നും പറഞ്ഞിരിക്കുന്നു. തുക ഏകദേശം മൂന്നു കോടതികളിലേയും ചിലവുള്‍പ്പെടെ രണ്ടായിരത്തിയെഴുന്നൂറ് ഉറുപ്പികയോളം കാണുമെന്നാണ് പറഞ്ഞിരിക്കുന്നത്. തിട്ടമറിയുന്നതിന് വിധി കോര്‍ട്ടിലേക്കു വരാതെ പൊത്തുവരിത്തം ഇല്ല. വിശേഷിച്ചും തേങ്ങാ വില്ക്കേണ്ട കാര്യം ഞാന്‍ ഇവിടങ്ങളില്‍ എന്നു തന്നെയല്ലാ കോട്ടപ്പടി, പാവറട്ടി, പാലയൂര്‍ മുതലായ സ്ഥലങ്ങളിലും അന്വേഷിച്ചിട്ട് ആയിരത്തിന് 18, 18 1/2 ഉറുപ്പികയില്‍ കൂട്ടിയെടുക്കുന്ന ആളുകളില്ല. ഒരുത്തനും ഇല്ലാത്തതിനാല്‍ ഞാന്‍ വളരെ വ്യസനിച്ചു. കഴിയുന്നിടത്തോളം ഇവിടെയുണ്ടാകുന്നത് കഴിച്ച് അവിടെ നിന്നും വരുത്തുന്നത് എന്നു വരുകിലും ഒന്നാന്തരം കൊട്ടത്തേങ്ങ 18 ഉറുപ്പിക വിലയ്ക്ക് വില്ക്കുന്നതിന് ഞാന്‍ വളരെ മടിക്കുന്നു. നാലു മാസം കൂടി കഴിഞ്ഞ് 28 ഉറുപ്പിക, 30 ഉറുപ്പിക വില വയ്ക്കുന്ന തേങ്ങായാണ്. അതിനാല്‍ ഏതുവിധം ചെയ്യണമെന്നും ഉറുപ്പിക അയയ്ക്കുന്ന വിവരത്തിനും ഉടനെ എഴുതി അയയ്ക്കണം. എന്‍റെ പക്ഷം ഉറുപ്പിക 2700 അവിടെ നിന്നും തല്ക്കാലം അയച്ച് വിധികടം അടയ്ക്കണമെന്നാണ്. അല്ലെങ്കില്‍ ആയിരത്തിന്മേല്‍ 10 ഉറുപ്പിക നഷ്ടമുണ്ട്. ഇനി അവിടുത്തെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ ഒരുങ്ങിയിരിക്കുകയാണ്.
പിന്നെയും കൊച്ചുപ്പാപ്പന്‍ കറുപ്പ് കുത്തക പിടിക്കുന്നതിലേയ്ക്ക് തിരുവനന്തപുരത്തിന് പോകുന്നു എന്നു കേട്ടതില്‍ ഞാന്‍ വളരെ വ്യസനിക്കുന്നു. ഞാന്‍ അവിടെ പറയുന്നതിന് യോഗ്യനല്ലെങ്കിലും ഈ വയസ്സുകാലത്ത് ഇനിയും ഉണ്ടാകാനിരിക്കുന്ന ബുദ്ധിമുട്ടിനേയും പ്രയാസത്തേയും കുറിച്ചു മാത്രം എഴുതുന്നതാണ്. ഞങ്ങളുടെ താത്പര്യം നിങ്ങളിനിയും സുഖമായിട്ടിരുന്ന് ഞങ്ങളുടെ പ്രയത്നങ്ങളെ കണ്ട് സന്തോഷിക്കുകയും നിങ്ങള്‍ നടത്തിയതും നടത്തുന്നതും ആയ സ്ഥിതിയില്‍ ആറിനൊരോഹരി നടത്തുവാന്‍ പ്രാപ്തന്മാര്‍ അല്ലെങ്കിലും കേള്‍വിദോഷത്തിനിടവരാതെ നിങ്ങള്‍ ഞങ്ങളെ ഏര്‍പ്പെടുത്തിയിരിക്കുന്നതും ഏര്‍പ്പെടുത്തുന്നതുമായ കാര്യാദികള്‍ അന്വേഷിച്ച് നിങ്ങളെ സന്തോഷിപ്പിച്ച് അനുഗ്രഹം വാങ്ങിക്കുകയും ചെയ്യണമെന്നാണ്. അതുകൊണ്ട് കൊച്ചുപ്പാപ്പന്‍ കുത്തകയ്ക്കായിട്ട് ശ്രമിച്ചു പോകുന്നതില്‍ ഞാന്‍ വളരെ വ്യസനിക്കുന്നു. ഇപ്പോള്‍ ഉള്ള ജോലികള്‍ ഒതുക്കി ഉള്ളതുകൊണ്ട് മാനത്തോടെ ഇരിക്കുന്നതിന് ദൈവം തിരുമനസ്സായിട്ടുള്ളപ്പോള്‍ കൊച്ചുപ്പാപ്പന്‍ ഇനിയും ബുദ്ധിമുട്ടി നടക്കണമെന്നില്ലല്ലോ. കൊച്ചുപ്പാപ്പന്‍ ഇതേവരെയും ഒരു ദിവസമെങ്കിലും സാവകാശത്തോടുകൂടി ഇരുന്നു കഞ്ഞി കുടിച്ച ദിവസമില്ലല്ലോ. അത് യൗവനകാലത്തില്‍ മനസ്സും ശരീരവും ഒരുമിച്ച് ചെയ്യാവുന്ന കാലത്തില്‍ എന്നു വിചാരിക്കാം. എന്നാല്‍ ഇപ്പോള്‍ ഈ വയസ്സുകാലത്ത് മനസ്സ് ചെല്ലുന്നിടത്ത് ദേഹം ചെല്ലാത്ത കാലത്തില്‍ വലിയ ഭാരങ്ങള്‍ കഴുത്തേല്‍ ഏറ്റ് കഞ്ഞിയും വെള്ളവും സുഖമായിട്ടിരുന്ന് കുടിക്കാന്‍ പാടില്ലാതെ വരുന്നതില്‍ ഞങ്ങള്‍ക്ക് എത്രയോ വിഷമമുണ്ട്. അതിനാല്‍ കഴിയുമെങ്കില്‍ കുത്തക പിടിക്കാതെ പോരണമെന്ന് ഞാന്‍ വീണ്ടും വീണ്ടും അവിടെ അപേക്ഷിക്കുന്നു. ഇത്രയൊക്കെ എഴുതിയത് അവിടേയ്ക്ക് ഇനിയും ഉണ്ടാകുന്ന ബുദ്ധിമുട്ടിനേയും പ്രയാസത്തേയും കുറിച്ചുള്ള എന്‍റെ മനോവ്യസനം ഉണ്ടാകകൊണ്ട് മുഷിച്ചില്‍ വിചാരിക്കരുതെന്ന് ഞാന്‍ വീണ്ടും വീണ്ടും അപേക്ഷിക്കുന്നു. എനിക്ക് കോട്ടയത്തു നിന്നും പോരുമ്പോള്‍ നാലഞ്ചു ദിവസം പനിയായി കിടന്നു പോയി. അവിടെ എല്ലാവരുടെയും ശരീരസുഖത്തിനും പണമയയ്ക്കുന്ന വിവരത്തിനും ഞാന്‍ നടക്കേണ്ടുംക്രമങ്ങള്‍ക്കും എഴുതി അയയ്ക്കണമെന്ന് അപേക്ഷിക്കുന്നു.”
ഈ എഴുത്തിന് കുര്യന്‍ റൈട്ടര്‍ അയച്ച മറുപടി ഇതാണ്: “22-നു എഴുതി അയച്ചതും 30-നു ഗോവിന്ദമേനോന്‍ എഴുതി അയച്ചതും ഇവിടെ കിട്ടി അറിഞ്ഞു. കുമ്പനഴികത്തുകാരുടെ വിധികടത്തിലേക്ക് നെല്ലായിട്ടും നാളികേരമായിട്ടും വിറ്റാലെന്തു കിട്ടുമെന്ന് തിട്ടപ്പെടുത്തുവാന്‍ പോയിട്ടു വന്ന എഴുത്തുകള്‍ കൊണ്ട് മനസ്സിന് ഒരു സമാധാനവുമാകുന്നില്ല. ആ കടത്തിലേയ്ക്ക് മുതല്‍ അവിടം കൊണ്ടു തന്നെ ഉണ്ടാകുന്നതല്ലാതെ ഇവിടെ ഉണ്ടാകുവാന്‍ പ്രയാസവും ഉണ്ടാക്കുക എന്നു വച്ചാല്‍ വിമ്മിട്ടവും നിനക്ക് കുറവും എന്ന് പറയേണ്ടിയിരിക്കുന്നു. നിന്‍റെ കാര്യവിചാരത്തില്‍ നിന്നും മുതലൊന്നും ഉണ്ടാകുന്നതല്ലെങ്കില്‍ വസ്തു പണയം കൊടുത്ത് മേടിച്ച് കാര്യം നടത്തുകയും ഇരിപ്പു ചരക്കും, മേലാല്‍ ഉണ്ടാകുന്ന ചരക്കും ഇതുകളെ കൊണ്ട് ആ വക കടം തീര്‍ത്ത് വസ്തു തിരികെ വാങ്ങുകയും ചെയ്യാനുള്ള കടമ നിന്‍റെ മേലിരിക്കുന്നു. ഇവിടെ നിന്നും ഉണ്ടാക്കി അയപ്പാന്‍ പറയുന്നതും നിനക്ക് എളുപ്പം തന്നെ. കോട്ടയത്ത് ആയിട്ടും ഇവിടെ ആയിട്ടും ഉള്ള ബുദ്ധിമുട്ട് അറിവില്ലാത്ത ഒരുവനെപ്പോലെ നീ എഴുതിയിരിക്കുന്നു. അവിടുത്തെ ചരക്കു വില്‍ക്കുന്നത് കഴിച്ച് വേണ്ടി വന്നാല്‍ പത്തോ ആയിരമോ അയയ്ക്കാമെന്നായിരുന്നു പോകുമ്പോള്‍ പറഞ്ഞതിന്‍റെ താത്പര്യം. അതുകൊണ്ട് ആ വിധികടം തീര്‍ക്കേണ്ട ചുമതല നിന്‍റെ മേല്‍ വച്ചിരിക്കുന്നു. വസ്തു പണയമെഴുതുന്നതിലേയ്ക്ക് എന്‍റെ മുക്തിയാര്‍ രജിസ്റ്റര്‍ വേണ്ടുന്നതിന് പകര്‍പ്പ് അയച്ചാല്‍ ഞാന്‍ ഒപ്പിട്ട് രജിസ്റ്റര്‍ ചെയ്ത് അയച്ചുതരാം. കടം വാങ്ങുന്ന മുതല്‍ ആറു മാസത്തിനകം പിരിവുകളും കൊണ്ടും മറ്റും തീര്‍ക്കാമല്ലോ. ഇത് നിന്നെക്കൊണ്ട് സാധിക്കുമോ ഇല്ലയോ എന്ന് മടക്കത്തപാല്‍ മാര്‍ഗ്ഗം മറുപടി അയയ്ക്കണം.
വിധി വന്നിരുന്നാല്‍ സംഖ്യയും അറിയിക്കണം. കുത്തക ലേലത്തിന് ഗോവിന്ദമേനോനെ അയച്ചിരുന്നു. രണ്ടാഴ്ചവട്ടത്തേയ്ക്ക് ലേലം നിര്‍ത്തി വച്ചതായി എഴുത്തും കമ്പിയും വന്നു. ഗോവിന്ദമേനോന്‍ തിരികെ എത്തിയില്ല. നമ്പര്‍ ഇന്നു വിധിക്കും. വസ്തുവിന്മേല്‍ ചുമത്തിയല്ലാതെ നമ്മുടെ മേല്‍ സ്ഥാപിച്ചു വരുകയില്ല (ഇത് ആദ്യത്തെ വട്ടിപ്പണക്കേസില്‍ ആലപ്പുഴ ജില്ലയിലെ വിധിയെപ്പറ്റിയാണ്). നിന്‍റെ എഴുത്തിന്‍റെ ഒടുവിലത്തെ ഭാഗം പിന്നെയും പിന്നെയും വായിച്ചു. എഴുത്തിലെ വാചകപുഷ്ടിപോലെ കാര്യം നടത്തുന്ന മക്കളുണ്ടായിരുന്നാല്‍ ഞങ്ങള്‍ എത്ര ഭാഗ്യമുള്ളവരായിരുന്നെന്ന് മാത്രം വിചാരിച്ച് സമാധാനപ്പെടുകയും ഞങ്ങളുടെ തലയിലെഴുതിയപ്രകാരം രാപകലില്ലാതെ അദ്ധ്വാനിച്ച് നിങ്ങളെ സുഖത്തോടെ ഇരുത്താമെന്ന് ഉറയ്ക്കുകയും ചെയ്യുന്നതുകൊണ്ട് കാര്യാദികള്‍ക്ക് വീഴ്ച കൂടാതെ നടക്കുമെന്നാണ് എന്‍റെ അഭിപ്രായം” (1060 മിഥുനം 3).
(നസ്രാണികേസരി അക്കര കുര്യന്‍ റൈട്ടര്‍, പേജ് 231-235)
കുര്യന്‍ റൈട്ടറുടെ സമ്പാദ്യം സി. ജെ. കുര്യന്‍ സ്വന്തമാക്കിയെന്ന്!
“മരണത്തിനു മുമ്പ് റൈട്ടര്‍ ജ്യേഷ്ഠന്‍ ഉലഹന്നനുമായി വസ്തുവകകള്‍ വീതിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കുര്യന്‍ റൈട്ടര്‍ സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവനും ഉലഹന്നന്‍റെ പേരില്‍ ആയിരുന്നു. സ്വത്തുക്കള്‍ ഭാഗം വയ്ക്കുന്ന കാര്യത്തില്‍ ഉലഹന്നാച്ചന്‍ യാതൊരു താത്പര്യവും കാണിച്ചില്ല. താന്‍ പിതൃതുല്യം സ്നേഹിച്ചിരുന്ന ജ്യേഷ്ഠന്‍ ഉലഹന്നാന്‍ തന്‍റെ അഭിപ്രായത്തെ നിരാകരിച്ചതിലുണ്ടായ ആഘാതം അദ്ദേഹത്തിനു താങ്ങാവുന്നതില്‍ കൂടുതലായിരുന്നു. ഈ ആഘാതമാണ് അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന് സംശയിക്കാവുന്നതാണ്. സ്വത്തുക്കളുടെ ഭാഗം വയ്പ് ഉലഹന്നന്‍റെ മരണം വരെയും (1905) നടന്നിരുന്നില്ല” (നസ്രാണികേസരി അക്കര കുര്യന്‍ റൈട്ടര്‍, പേജ് 193-194)
കുര്യന്‍ റൈട്ടര്‍ മരിച്ച് 90-ാം ദിവസം അദ്ദേഹത്തിന്‍റെ പത്നിയും നിര്യാതയായി. ജീവിതകാലത്തു തന്നെ രണ്ടു പെണ്‍മക്കളേയും കെട്ടിച്ചയച്ചിരുന്നു. ഏകപുത്രന്‍ കുഞ്ഞൂഞ്ഞിന് പതിനാല് വയസ് പ്രായമായിരുന്നു. കുഞ്ഞൂഞ്ഞ് അമ്മാച്ചനായിരുന്ന പുന്നന്‍ ജഡ്ജിയുടെ ഒപ്പം താമസിച്ച് പഠിക്കുകയായിരുന്നു. പിതാവു മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പഠിത്തം മതിയാക്കി അക്കര കുടുംബത്തില്‍ താമസം തുടങ്ങി. 21 വയസ്സായപ്പോള്‍ അദ്ദേഹം കല്ലട മുതലാളിയുടെ സഹോദരി അക്കാമ്മയെ വിവാഹം കഴിച്ചു. അതിനുശേഷം വലിയപറമ്പിലേക്കു താമസം മാറ്റി. തന്‍റെ പിതൃസഹോദരന്‍ മരിക്കുന്നതു വരെയും വീട്ടുചെലവിനുള്ള വക എത്തിച്ചിരുന്നു. …
1905-മാണ്ട് പിതൃസഹോദരന്‍ മരിച്ചതിനു ശേഷം വലിയപറമ്പില്‍ പുരയിടവും, തിരുനക്കര ഒരു കെട്ടിടവും കുന്നുംപുറത്തുള്ള സ്ഥലവും പാടവും കുഞ്ഞുകുഞ്ഞിന് ഇഷ്ടദാനമായി കൊടുക്കുകയുണ്ടായി (നസ്രാണികേസരി അക്കര കുര്യന്‍ റൈട്ടര്‍, പേജ് 239, 242).
കുര്യന്‍ റൈട്ടര്‍ സമ്പാദിച്ചതില്‍ നിന്ന് അദ്ദേഹത്തിന്‍റെ മകനു കിട്ടിയത് ഇത്രമാത്രമാണ്. ബാക്കി മുഴുവനും സി. ജെ. കുര്യനും സഹോദരങ്ങളും സ്വന്തമാക്കിയെന്നാണ് റൈട്ടറുടെ മകന്‍ കുര്യന്‍ ചെറിയാന്‍റെ ആറു പുത്രന്മാരില്‍ നാലാമത്തെ പുത്രനായ സി. കോര (പാപ്പച്ചന്‍) യുടെ രണ്ടാമത്തെ പുത്രനായ സി. ചെറിയാന്‍ രചിച്ച ഈ ഗ്രന്ഥത്തില്‍ പറയുന്നത്. റൈട്ടറുടെ മകന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ പുറകില്‍ ഉറച്ചു നിന്നതും ഇതും കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്നതാണ്. താഴത്തങ്ങാടിയിലെ മുസ്ലീങ്ങള്‍ സെമിനാരിയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി റൈട്ടറുടെ മകന്‍ കുഞ്ഞുകുഞ്ഞിനോട് പറഞ്ഞ് അവരുടെ നേതാവിനെ വരുത്തി സംസാരിക്കുന്ന സംഭവം ഈ ഗ്രന്ഥത്തില്‍ തന്നെയുള്ളത് കാണുക. 1087 ചിങ്ങം 22-ന് കോട്ടയത്ത് എം. ഡി. സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കുന്നുംപുറത്ത് കുര്യന്‍ ചെറിയാനെ അല്‍മായട്രസ്റ്റിയായി തിരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം ആ സ്ഥാനം സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് കോട്ടയത്ത് ചിറക്കടവില്‍ കോരുള ഏബ്രഹാമിനെ ആ സ്ഥാനത്ത് നിയമിച്ചത്.
കള്ള്, കറപ്പ്, കഞ്ചാവ് എന്നിവയുടെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളുടെ കുത്തകക്കാരനായിരുന്നു കുര്യന്‍ റൈട്ടര്‍ എന്നാണ് ജീവചരിത്ര ഗ്രന്ഥത്തില്‍ അവകാശപ്പെടുന്നത്. ഇത് പൂര്‍ണ്ണമായും ശരിയാണെന്ന് തോന്നുന്നില്ല. ഈ രാജ്യങ്ങളിലെ ചില പ്രദേശങ്ങളുടെ കുത്തക മാത്രമാണ് ഉണ്ടായിരുന്നതെന്നു തോന്നുന്നു. എന്തായാലും മനുഷ്യനെ നശിപ്പിക്കുന്ന ഇവയില്‍നിന്നും കുര്യന്‍ റൈട്ടറും സി. ജെ. കുര്യനും സമ്പാദിച്ചതു മുഴുവന്‍ മലങ്കരസഭാ കേസ് കളിച്ച് നശിപ്പിച്ചു.
വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്ക് തീര്‍ത്തുകൊണ്ട് ഏലിയാസ് പാത്രിയര്‍ക്കീസ് ഏലിയാസ് മാര്‍ യൂലിയോസിന്‍റെ കൈയില്‍ കൊടുത്തുവിട്ടിരുന്ന കല്പന ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ച് പണം കൊടുത്ത് സി. ജെ. കുര്യന്‍റെ ഒരു അനുയായി വാങ്ങിച്ചിരുന്നു (മലങ്കര നസ്രാണികള്‍ വാല്യം 4, എം.ഒ.സി. പതിപ്പ്, 2015, പേജ് 424-425). ഈ കല്പന കുര്യന്‍റെ കുടുംബത്തിലുണ്ടെന്നും അത് കാരണമാണ് കുടുംബം നശിക്കാനിടയായതെന്നും പ്രബലമായ പറച്ചിലുണ്ട്.