മാര്‍ തെയോഫിലോസ്: മലങ്കരസഭയുടെ വിശിഷ്ട വാതായനം | ഫാ. ഡോ. കെ. എം. ജോര്‍ജ്


മലങ്കരസഭയെ ഓര്‍ത്തഡോക്സ് സഭകളുടെ ആഗോള ഭൂപടത്തില്‍ കൊണ്ടുവന മുഖ്യസൂത്രധാരകന്‍ ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയാണ്. അതിനു വേദിയൊരുക്കിയത് ലോക സഭാ കൗണ്‍സിലും (ണ.ഇ.ഇ.). എക്യുമെനിക്കല്‍ രംഗത്ത് പില്‍ക്കാലത്ത് പ്രവര്‍ത്തിച്ചിട്ടുള്ള നമ്മുടെ പ്രഗല്‍ഭരായ സഭാംഗങ്ങളെല്ലാം മാര്‍ തെയോഫിലോസ് വെട്ടിത്തെളിച്ച പാതയെ ആദരിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചത്.

1948-ല്‍ ഹോളണ്ടിലെ ആംസ്റ്റര്‍ഡാം നഗരത്തില്‍ വച്ചാണ് ലോക സഭാ കൗണ്‍സിലിന്‍റെ ഉദ്ഘാടന സമ്മേളനം നടന്നത്. ആ ലോക സമ്മേളനത്തില്‍ മലങ്കരസഭയുടെ പ്രതിനിധികളായി അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായും ഫാദര്‍ കെ. ഫീലിപ്പോസും (മാര്‍ തെയോഫിലോസ്) സംബന്ധിച്ചു. നമ്മുടെ സഭ അതോടെ ലോകസഭാ കൗണ്‍സിലിന്‍റെ സ്ഥാപകാംഗമായി. ആംസ്റ്റര്‍ഡാം അസംബ്ലിയില്‍ വോട്ടവകാശമുള്ള സഭാ പ്രതിനിധികളായി സംബന്ധിച്ചവരില്‍ അവസാനത്തെ കണ്ണികളിലൊന്നാണ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ നിര്യാണത്തോടെ അപ്രത്യക്ഷമായത്. ആഗോള എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ ആദിപിതാക്കന്മാരില്‍ ഒരാളായി അദ്ദേഹത്തെ കരുതാം.

ലോകത്തില്‍ ഇരുപതോളം പ്രാദേശിക ഓര്‍ത്തഡോക്സ് സഭകള്‍ (Local Orthodox Churches) ഉണ്ടെങ്കിലും നമ്മുടെ മലങ്കരസഭയുള്‍പ്പെടെ നാല് ഓര്‍ത്തഡോക്സ് സഭകള്‍ മാത്രമാണ് സ്ഥാപകാംഗങ്ങളായി 1948-ലെ ലോക സമ്മേളനത്തില്‍ പങ്കെടുത്തത്. മറ്റ് മൂന്ന് സഭകള്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ്, കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് (ഈജിപ്ത്) എത്യോപ്യന്‍ ഓര്‍ത്തഡോക്സ് എന്നിവയായിരുന്നു. പില്‍ക്കാലത്ത് മറ്റുള്ള എല്ലാ ഓര്‍ത്തഡോക്സ് സഭകളും കൗണ്‍സിലില്‍ ചേര്‍ന്നു.

WCC യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ലോകപ്രശസ്തനായ വില്യം വിസേര്‍ട്ട് ഹൂഫ്റ്റ് പൗരസ്ത്യ സഭകള്‍ക്ക് എഴുതിയ കൂട്ടത്തില്‍ അന്ത്യോഖ്യന്‍ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസ് ബാവായ്ക്കും WCC യുടെ രൂപവല്‍ക്കരണത്തെപ്പറ്റി എഴുതി. കാര്യം എന്താണെന്ന് പൂര്‍ണ്ണമായി മനസ്സിലാകാത്തതുകൊണ്ടായിരിക്കാം “സെക്രട്ടറിമാര്‍ പാത്രിയര്‍ക്കീസന്മാര്‍ക്ക് എഴുതാറില്ല” എന്ന ചെറു മറുപടി നല്‍കി സഭൈക്യ പ്രസ്ഥാനത്തിലേക്കുള്ള ആഹ്വാനത്തെ അദ്ദേഹം തള്ളിയതായി രസകരമായ ഒരു കഥ ജനീവയില്‍ പ്രചാരത്തിലുണ്ട്. സുറിയാനി സഭ ഉടന്‍ ലോക കൗണ്‍സിലില്‍ ചേര്‍ന്നില്ലെങ്കിലും, മാര്‍ തെയോഫിലോസ് ആ സഭയെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് എപ്പോഴും കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചത്. ആ നല്ല പാരമ്പര്യം പിന്നീടു വന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും പൂര്‍ണ്ണമായും പിന്തുടര്‍ന്നു. അന്താരാഷ്ട്ര വേദശാസ്ത്ര സംവാദങ്ങളിലും എക്യുമെനിക്കല്‍ ബന്ധങ്ങളിലും പ്രാപ്തരായ ആളുകളെ അയയ്ക്കാന്‍ അന്ത്യോഖ്യന്‍ സുറിയാനി സഭയ്ക്ക് കഴിവില്ലാതിരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം നമ്മുടെ വഴക്കുകള്‍ മറന്ന്, പൊതുവേദികളില്‍ അവര്‍ക്കുവേണ്ടി വാദിക്കുവാനും അങ്ങേയറ്റം സൗമനസ്യത്തോടെ സുറിയാനി സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനും മലങ്കരസഭയുടെ ഈ രണ്ടു തിരുമേനിമാരും പ്രയത്നിച്ചിട്ടുണ്ട് എന്ന വസ്തുത ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവാ സാഖാ പ്രഥമന്‍ തിരുമേനിക്കും മറ്റും ബോധ്യപ്പെട്ടിട്ടുള്ളതാണ്. ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭകളുമായും റോമന്‍ കത്തോലിക്കാ സഭയുമായും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ നടത്തിയ ദൈവശാസ്ത്ര സംവാദങ്ങള്‍ ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്.

1961-ലാണ് ലോകസഭാ കൗണ്‍സിലിന്‍റെ മൂന്നാം ലോകസമ്മേളനം ന്യൂഡല്‍ഹിയില്‍ വച്ച് നടന്നത്. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ഔപചാരികമായി എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലേക്ക് വരുന്നത് ആ സമ്മേളനത്തിലാണ്. ഒരു യുവവൈദികനായ ഫാ. പോള്‍ വര്‍ഗീസിനെ പ്രശസ്തരായ മറ്റു രണ്ടു മുതിര്‍ന്ന ലോകനേതാക്കളോടൊപ്പം ബൈബിള്‍ സ്റ്റഡി നടത്തുവാന്‍ കൗണ്‍സിലില്‍ ക്ഷണിച്ചു. പ്രശസ്തമായിത്തീര്‍ന്ന ആ ബൈബിള്‍ ക്ലാസ്സുകളിലൂടെയാണ് അദ്ദേഹം പിന്നീട് WCC യുടെ ഉയര്‍ന്ന ചുമതലകളിലേയ്ക്ക് ക്ഷണിക്കപ്പെട്ടത്. മാര്‍ തെയോഫിലോസ് (ഫാ. കെ. ഫീലിപ്പോസ്) അതിനോടകം WCC യിലെ പ്രമുഖ നേതാക്കളുമായും സഭകളുമായും അടുത്ത സ്നേഹബന്ധത്തില്‍ വന്നു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ശ്രമഫലമായിക്കൂടിയാണ് ഡല്‍ഹിയില്‍ വന്ന സഭാനേതാക്കള്‍ ഇന്‍ഡ്യയിലെ പുരാതന സഭയായ മലങ്കരസഭ സന്ദര്‍ശിക്കാന്‍ മൂവായിരം കി.മീ. സഞ്ചരിച്ച് കേരളത്തിലേയ്ക്ക് വന്നത് (ഡല്‍ഹി സമ്മേളനത്തില്‍ വച്ച് റഷ്യന്‍, റൂമേനിയന്‍ തുടങ്ങിയ വലിയ അംഗസംഖ്യയുള്ള ഓര്‍ത്തഡോക്സ് സഭകളെല്ലാം WCC യില്‍ ചേര്‍ന്നു കഴിഞ്ഞിരുന്നു). നമ്മുടെ സഭയെക്കുറിച്ച്, മാര്‍ത്തോമ്മാ ശ്ലീഹായുടെ ഇന്‍ഡ്യന്‍ സഭ എന്ന നിലയില്‍ അവരൊക്കെ കേട്ടിരുന്നെങ്കിലും, നേരിട്ടുള്ള സന്ദര്‍ശനം അവരുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചു. അന്ന് സഭാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആത്മീക തേജസ് നേരിട്ടറിഞ്ഞ വിദേശ സഭാപ്രതിനിധികള്‍ ഈ കൊച്ചു സഭയുടെ വിഭവശേഷികളെക്കുറിച്ച് അന്നും ഇന്നും അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. അവരുമായുള്ള നമ്മുടെ ബന്ധം തുടങ്ങിയതിന്‍റെ പുറകില്‍ പ്രവര്‍ത്തിച്ചത് സൗഹൃദസമ്പന്നനായ മാര്‍ തെയോഫിലോസ് തിരുമേനിയായിരുന്നു. അദ്ദേഹം ഇട്ട അടിസ്ഥാനത്തിലാണ് പില്‍ക്കാലത്ത് പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളിലെ ഓര്‍ത്തഡോക്സ് സഭകളുമായി നല്ല വേഴ്ചകള്‍ താന്‍ പണിതുയര്‍ത്തിയത് എന്ന് പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി സാക്ഷ്യപ്പെടുത്തുന്നു. റഷ്യന്‍ പാത്രിയര്‍ക്കീസ് പീമന്‍, അര്‍മീനിയന്‍ കാതോലിക്കാ വസ്ക്കന്‍, റുമേനിയായുടെ പാത്രിയര്‍ക്കീസന്മാരായ ജസ്റ്റിനിയന്‍, തെയോക്റ്റിറ്റസ്, ജോര്‍ജിയന്‍ കാതോലിക്കാ പാത്രിയര്‍ക്കീസ് ഏലിയാ, സൈപ്രസ് പ്രസിഡന്‍റ് മക്കാറിയോസ് തുടങ്ങിയവരെല്ലാം മലങ്കരയില്‍ വരികയും നമ്മുടെ മേലദ്ധ്യക്ഷന്മാര്‍ ആ രാജ്യങ്ങളില്‍ പ്രതിസന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്.

സഭയുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ ഒരു ലളിതമായ ഫോര്‍മുലയുണ്ടായിരുന്നു തെയോഫിലോസ് തിരുമേനിക്ക്. അലക്സിയോസ് മാര്‍ തേവോദോസ്യോസ് തിരുമേനിയില്‍ നിന്ന് അദ്ദേഹം പഠിച്ച ഈ സൂത്രവാക്യം ഇതാണ്. We may be a small church. But we can be friends with everybody. ആത്മാര്‍ത്ഥമായ സ്നേഹ സൗഹൃദങ്ങളാണ് വിജയകരമായ നയതന്ത്രജ്ഞതയ്ക്ക് അടിസ്ഥാനമെന്ന് അദ്ദേഹം വിശ്വസിച്ചു. മുകളില്‍ പറഞ്ഞ വാചകം പലവുരു എന്നോടു തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സഭകളുടെ ദേശീയ കൗണ്‍സിലിലും ലോക കൗണ്‍സിലിലും എളിയതോതില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഞാന്‍ അത് ഒരിക്കലും വിസ്മരിച്ചിട്ടില്ല. ഒരേ സമയം നമ്മുടെ സഭയുടെ പരിമിതികളും വലിയ സാദ്ധ്യതകളും യാഥാര്‍ത്ഥ്യബോധത്തോടെ കണക്കിലെടുത്താല്‍ നമുക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നാണ് ആ സൂത്രവാക്യം തിരുമേനിയെ പഠിപ്പിച്ചത്.

മാര്‍ തെയോഫിലോസ് തിരുമേനി ഒരിക്കലും സങ്കുചിതമായും സ്വന്തം കാര്യലാഭത്തിനായും പ്രവര്‍ത്തിക്കുന്ന ആളായിരുന്നില്ല. സഭ എങ്ങിനെ ലോകത്തില്‍ വര്‍ത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ദര്‍ശനമുണ്ടായിരുന്നു. അതുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും തത്വങ്ങളില്‍ അധിഷ്ഠിതമായി ആത്യന്തിക ദര്‍ശനത്തിന് അനുയോജ്യമായിരിക്കണം എന്ന് നിര്‍ബ്ബന്ധമായി ചിന്തിക്കുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. തന്മൂലം കാര്യങ്ങള്‍ ആത്മാര്‍ത്ഥമായും ഭംഗിയായും ചെയ്യുന്നവരെ അദ്ദേഹം പരസ്യമായി ശ്ലാഘിച്ചിരുന്നു. പല യുവ വൈദികരും ചെറുപ്പക്കാരും അദ്ദേഹത്തിന്‍റെ കലവറയില്ലാത്ത പ്രോല്‍സാഹനം ലഭിച്ചിട്ടുള്ളവരാണ്.

വൈദിക വിദ്യാഭ്യാസം ശ്രേഷ്ഠമായ നിലവാരത്തിലേയ്ക്ക് ഉയരണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു തിരുമേനി. അതിനുവേണ്ടി വളരെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം സഹിച്ചു. അതിന്‍റെയെല്ലാം ഫലമാണ് ഇന്ന് പ്രശസ്തമായി തീര്‍ന്നിരിക്കുന്ന നമ്മുടെ കോട്ടയം വൈദിക സെമിനാരി. സ്വാര്‍ത്ഥത ഒട്ടുമില്ലാതെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. തനിക്കുശേഷം പ്രിന്‍സിപ്പലായി വന്ന ഫാ. പോള്‍ വര്‍ഗീസിനെ ആ സ്ഥാനത്ത് നിയമിക്കുന്നതിനും സ്വീകരിക്കുന്നതിനും തിരുമേനി ചെയ്ത ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വലിയ പണ്ഡിതനെന്നോ വാഗ്മിയെന്നോ സ്വയം ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെങ്കിലും പണ്ഡിതന്മാരും പ്രഗല്‍ഭന്മാരുമായ വൈദികരുടെ നേതൃത്വം സഭയ്ക്ക് ലഭിക്കണമെന്ന് തിരുമേനി അതിയായി ആഗ്രഹിച്ചു.

നിര്‍ഭാഗ്യവശാല്‍, വഴക്കുകളിലും വ്യവഹാരങ്ങളിലും പെട്ട് ഒരുതരം മ്ളാനമായ അന്തര്‍മുഖത്വം മുഖമുദ്രയാക്കിയ നമ്മുടെ സമൂഹത്തിന് പ്രസന്നമായ പ്രകാശവും ആഗോളതലത്തില്‍ വിശാലബന്ധങ്ങളും നല്‍കിയ ഒരു വിശിഷ്ട വാതായനമായിരുന്നു തെയോഫിലോസ് തിരുമേനി. ആ കുലീനമായ വാതിലിലൂടെ ശ്രേഷ്ഠമതികളായ ധാരാളം നേതാക്കളും ജനങ്ങളും സുഗമമായി സഞ്ചരിക്കട്ടെ.