കാതോലിക്കാ സിംഹാസനത്തിനു പിന്നില്‍ അണിനിരക്കുക | സി. എം. സ്റ്റീഫന്‍

ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. സെയില്‍സിംഗ്, പ. കാതോലിക്കാബാവാ തിരുമേനി, അദ്ധ്യക്ഷന്‍ തിരുമേനി, മറ്റു സഭാദ്ധ്യക്ഷന്മാരെ, വൈദികരെ, സുഹൃത്തുക്കളെ,

വളരെയധികം കൃതാര്‍ത്ഥതയുടെയും ആനന്ദത്തിന്‍റെയും സ്മരണകളുയര്‍ത്തുന്ന ദിവസമാണിന്ന്. മലങ്കരസഭ നൂറ്റാണ്ടുകളായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്ത സ്വപ്നത്തിന്‍റെ സാക്ഷാത്കാരം ഉണ്ടായി എന്നതിന്‍റെ സ്മരണയാണ് നാം ഇന്നു നടത്തുന്നത്. വര്‍ഷങ്ങളിലേക്കു പിറകോട്ടു നോക്കുമ്പോള്‍ ഒരു പ്രത്യേകമായ പശ്ചാത്തലത്തില്‍ കൂടെ നമ്മുടെ സഭ കടന്നുവന്നതായി നമുക്കു കാണുവാന്‍ കഴിയും. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച വി. തോമസ് അപ്പോസ്തോലന്‍റേതായ ഈ സഭ പ്രത്യേകമായ അനുകൂല സാഹചര്യങ്ങള്‍ ഇല്ലാതെ അതിന്‍റേതായ വിശ്വാസം പുലര്‍ത്തിക്കൊണ്ട് മുന്നോട്ടു നീങ്ങിയ ആ ചിത്രമാണിന്ന് ഓര്‍മ്മയില്‍ വരുന്നത്. പ്രത്യേകമായി ഗ്രന്ഥങ്ങളില്ലാതെ, വിശ്വാസങ്ങള്‍ എഴുതി വച്ചിട്ടില്ലാതെ, തലമുറതലമുറയായി കൈമാറി കൈമാറി ആ വിശ്വാസത്തിന്‍റെ പരിപൂര്‍ണ്ണത പുലര്‍ത്തിക്കൊണ്ടു മുന്നോട്ടു നീങ്ങിയ ചിത്രം നാം ഓര്‍മ്മിക്കുന്നു. അപ്പോസ്തോലികമാണ് ഈ സഭ എന്നു നമ്മുടെ പിതാക്കന്മാര്‍ അസന്നിഗ്ദ്ധമായി വിശ്വസിച്ചിരുന്നു. നമ്മുടെ പിതാക്കന്മാര്‍ അപ്പോസ്തോലിക കൈവയ്പുള്ള ബിഷപ്പന്മാരെ ലഭിക്കുവാന്‍ ദാഹിക്കുകയും അതിനുവേണ്ടി ലോകമെല്ലാം ഓടുകയും എല്ലാ വാതിലുകളിലും മുട്ടുകയും ചെയ്ത വേദനയുണ്ടാക്കിയ ചില സ്മരണകള്‍ നമ്മുടെ മനസ്സിലേക്കു കടന്നുവരുകയാണ്. ആരെന്നു നോക്കിയിട്ടില്ല, എവിടെനിന്ന് എന്ന് അന്വേഷിച്ചിട്ടില്ല, കിട്ടുമെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറായിക്കൊണ്ട് ദാഹിച്ചുനിന്ന ആ ചെറിയ ആട്ടിന്‍പറ്റം തലമുറ തലമുറയായി മുന്നോട്ടു നീങ്ങിയ ചിത്രം എന്‍റെ മുമ്പില്‍ ഇന്ന് ഉയര്‍ന്നുവരുന്നു. എല്ലായിടത്തും നാം പോയിട്ടുണ്ട്. എല്ലായിടത്തുനിന്നും കൈവയ്പു വാങ്ങിച്ചിട്ടുണ്ട്. യെറുശലേമില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. ബാബിലോണില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. അലക്സാന്ത്രിയായില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. അന്ത്യോക്യായില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. എല്ലാ ഭാഗത്തു നിന്നും എവിടെ നിന്നു കിട്ടുമോ അവിടെ നിന്നെല്ലാം വാങ്ങിച്ചിട്ടുണ്ട്. വിദേശത്തു നിന്നും എത്തുന്ന ബിഷപ്പന്മാര്‍ ശ്ലൈഹിക കൈവയ്പുള്ളവരാണെന്നു പറഞ്ഞാല്‍ അവിടെനിന്നും പട്ടത്വം വാങ്ങിച്ചുകൊണ്ട് നാം സ്വീകരിച്ച് ആ വിശ്വാസത്തെ പുലര്‍ത്തുവാന്‍ ശ്രമിച്ച ആ ചിത്രം ഓര്‍ക്കുകയാണ്. എങ്ങനെയും അപ്പസ്തോലിക കൈവയ്പ് ഉറപ്പിക്കുവാനുള്ള ആഗ്രഹം നമ്മെ ഭരിച്ചിരുന്നു. പടിപടിയായി മുന്നോട്ടു നീങ്ങി ആ ദാഹം സാക്ഷാത്ക്കരിക്കപ്പെട്ട ഒരു സംഭവമാണ് നാം ഇന്ന് അനുസ്മരിക്കുന്നത്. ഘട്ടം ഘട്ടമായി അവ ഓര്‍മ്മവയ്ക്കേണ്ടതുണ്ട്. അര്‍ക്കദയാക്കോന്മാര്‍ നമ്മെ ഭരിച്ചിരുന്ന കാലം നമ്മുടെ ഓര്‍മ്മയിലുണ്ട്.

കയ്യടക്കല്‍ ശ്രമങ്ങള്‍

മലങ്കരയില്‍ വിദേശ ബിഷപ്പന്മാര്‍ വരുകയും പോവുകയും ചെയ്ത ചിത്രവും നമ്മുടെ ഓര്‍മ്മയിലുണ്ട്. അതുകഴിഞ്ഞ് സഭയെ കയ്യടക്കുന്നതിനു വേണ്ടി ശ്രമിച്ച ആ ചിത്രവും നാം അത് കൂനന്‍കുരിശു സത്യത്തില്‍ അവസാനിപ്പിച്ച ചിത്രവും നമ്മുടെ ഓര്‍മ്മയിലുണ്ട്. പിന്നീട് നൂതനമായ ചിന്താഗതിയുമായി ഇംഗ്ലീഷുകാര്‍, സി.എം.എസ്. ചിന്താഗതിക്കാര്‍, വന്ന ആ ചിത്രവും അതു മാവേലിക്കര പടിയോലയോടു കൂടി അവസാനിപ്പിച്ച ചരിത്രത്തിന്‍റെ ഭാഗവും നമ്മുടെ മുമ്പിലുണ്ട്. അതു കഴിഞ്ഞതിനുശേഷമുള്ള റോയല്‍കോടതി വിധിയോടു കൂടി ഒരു പുതിയ അദ്ധ്യായത്തിലേക്കു നാം കടക്കുകയാണു ചെയ്തത് എന്നു ഞാന്‍ ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മുളന്തുരുത്തി സുന്നഹദോസില്‍ ആരംഭിച്ച് അന്ത്യോഖ്യയുടെ അധികാരം ഉറപ്പിച്ചുകൊണ്ടു നടത്തുവാന്‍ ശ്രമിച്ച തീരുമാനങ്ങള്‍ ഓര്‍ത്ത് ഞാന്‍ നമ്മുടെ ഭൂതകാലത്തിലേക്കു കണ്ണോടിക്കുകയായിരുന്നു. അന്നു മുഖ്യമായി നമ്മുടെ സഭയില്‍ തീരുമാനിക്കപ്പെടേണ്ടിയിരുന്ന പ്രശ്നം അന്ത്യോഖ്യാ സിംഹാസനത്തിന്‍റെ അധികാരമെന്ത്, അതിന്‍റെ വ്യാപ്തിയെന്ത് എന്നുള്ളതായിരുന്നു. ഈ പ്രശ്നത്തിന്മേലുള്ള ആദ്യത്തെ ആധികാരികമായ തീരുമാനം ഉണ്ടായത് നിങ്ങള്‍ ഓര്‍ക്കുന്നതുപോലെ റോയല്‍ കോടതിയുടെ വിധിയില്‍ കൂടിയാണ്.

മലങ്കരസഭ സ്വതന്ത്രം

അന്നു രണ്ടു ഭാഗക്കാരും പാത്രിയര്‍ക്കീസിന്‍റെ കൈവയ്പു സ്വീകരിച്ചുകൊണ്ട് അതിന്‍റെ അടിസ്ഥാനത്തില്‍ ഉറച്ചു നിന്നു പോരാടി. പാത്രിയര്‍ക്കീസിന്‍റെ കൈവയ്പിന്മേല്‍ ഉറച്ചു നിന്നാണ് പോരാടിയതെങ്കിലും ആ കോടതി അന്നു വിധിക്കുകയുണ്ടായി, മലങ്കരസഭ സ്വതന്ത്രമാണ് എന്ന്. ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ചിടത്തോളം സഭ സര്‍വ്വതന്ത്ര സ്വതന്ത്രമാണ്. ഈ സഭയാല്‍ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യാത്ത ഒരുത്തര്‍ക്കും മെത്രാപ്പോലീത്താ ആകുവാനോ ഭരണം നടത്തുവാനോ അവകാശം ഉണ്ടായിരിക്കുകയില്ല എന്ന തീരുമാനമാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്.

ഭൗതികമായ കാര്യങ്ങളിലും ആഭ്യന്തരമായ കാര്യങ്ങളിലും ഈ സഭയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുവാന്‍ പാടുള്ളതല്ല. സഭ ആരു ഭരിക്കണം എന്നു തീരുമാനിക്കേണ്ടത് ഈ സഭയിലെ ജനങ്ങളാണെന്ന് കോടതി പ്രഖ്യാപിച്ചു. അതിനെ എതിര്‍ത്തുകൊണ്ട് അബ്ദുള്ളാ പാത്രിയര്‍ക്കീസ് പുറപ്പെടുവിച്ച ഒരു കല്പന ഞാന്‍ ഓര്‍ക്കുകയാണ്; ആ കല്പനയില്‍ തിരുമേനി പ്രഖ്യാപിക്കുകയുണ്ടായി ആഭ്യന്തരവും, ഭൗതികവും തമ്മില്‍ വിഭജിക്കാന്‍ സാദ്ധ്യമല്ല, അവിഭക്തമാണ്, അവിഭജനീയമാണ്, ഒന്നില്ലാതെ മറ്റൊന്നില്ല എന്ന്. എന്നാല്‍ ഉള്‍ഭരണത്തിനുള്ള അവകാശം ഇവിടെ തന്നെ ആയിരിക്കും എന്നുള്ള തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അതിനെ വിട്ടുകൊടുക്കില്ല എന്ന നിലപാടാണ് നമ്മള്‍ കൈക്കൊണ്ടത്. ആത്മീയാവകാശം പാത്രിയര്‍ക്കീസിനുണ്ട് എന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനിന്ന് അബ്ദുള്ളാ പാത്രിയര്‍ക്കീസ് പറഞ്ഞു, രണ്ടും പിരിക്കാന്‍ സാദ്ധ്യമല്ല, അതുകൊണ്ട് ഈ ആത്മീയാവകാശം ഉണ്ടായിരിക്കണമെങ്കില്‍ ഭൗതികാധികാരം എന്നില്‍ വേണം എന്ന്. ഭൗതികാധികാരം ഇവിടെയാണ് ഇരിക്കേണ്ടതെങ്കില്‍ ആത്മീയാധികാരം കൂടെ ഇവിടെ വന്നെങ്കിലേ തീരു എന്ന തീരുമാനം നമ്മളുമെടുത്തു. ഇവ തമ്മിലുള്ള തര്‍ക്കമാണ് പിന്നീട് മുന്നോട്ടു പോയത്.

പാത്രിയര്‍ക്കീസിന്‍റെ കയ്യേറ്റ ശ്രമങ്ങള്‍

പടിപടിയായി ആ തര്‍ക്കം മുന്നോട്ടു നീങ്ങി. ഇതിനെ തുടര്‍ന്ന് സംഭാഷണങ്ങള്‍ ആരംഭിക്കുകയും പാത്രിയര്‍ക്കീസ് ഉടമ്പടി വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. തദനുസരണം ചില നിശ്ചയങ്ങള്‍ പാസ്സാക്കുവാന്‍ പാത്രിയര്‍ക്കീസ് കോട്ടയം സമ്മേളനം വിളിച്ചു കൂട്ടി. അത് അലസിപ്പിരിഞ്ഞു. അതിനെ തുടര്‍ന്ന് പള്ളി കയ്യേറാനും ഉടമ്പടികള്‍ വാങ്ങിക്കുവാനും ശ്രമം നടത്തി. മലങ്കരസഭയുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യത്തെ ഭഞ്ജിക്കുവാനുള്ള ഈ സംരംഭത്തെ ധീരനായ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനി ശക്തമായി എതിര്‍ത്തു. തല്‍ഫലമായി അദ്ദേഹത്തെ അന്യായമായി പാത്രിയര്‍ക്കീസ് മുടക്കി. അതു കേസ്സിലേക്കു നീങ്ങി. വട്ടിപ്പണക്കേസ്സ് ആരംഭിച്ചു. മുടക്ക് അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ചു.

സമുദായക്കേസ്

കോടതിവിധി സഭയുടെ സ്വാതന്ത്ര്യം അരക്കിട്ട് ഉറപ്പിച്ചു എന്ന വസ്തുത ഞാന്‍ അനുസ്മരിപ്പിക്കുകയാണ്. പാത്രിയര്‍ക്കീസ് മുടക്കിയാല്‍ മുടക്ക് നില്‍ക്കില്ല എന്ന് പ്രഖ്യാപിക്കപ്പെട്ടതുമൂലം സുപ്രധാനമായ രണ്ടാം ഘട്ടത്തിലേക്കു കടക്കുവാന്‍ നമുക്കു കഴിഞ്ഞു. ഇവിടെയുള്ള അവകാശം വിട്ടുകൊടുക്കില്ല എന്നതിന്‍റെ പേരില്‍ മുടക്കിയാല്‍ ആ മുടക്ക് നിലനില്‍ക്കുകയില്ല എന്ന തീര്‍പ്പ് ആധികാരികമായി വാങ്ങിച്ചെടുക്കുവാന്‍ ആ ഘട്ടത്തില്‍ നമുക്ക് കഴിഞ്ഞു. പിന്നീട് പ്രമാദമായ സമുദായക്കേസ്സിലേക്ക് വരുന്നു. ഈ സമുദായക്കേസിന്‍റെ ചിത്രം നിങ്ങള്‍ക്കോര്‍മ്മയുണ്ട്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അബ്ദേദ് മശിഹാ ഇവിടെ വരുകയുണ്ടായി. കാതോലിക്കാ സിംഹാസനം ഇവിടെ പുനഃസ്ഥാപിച്ചു. അതിന്‍റെ വളരെ കുളിര്‍മ്മയുണ്ടാക്കുന്ന സ്മരണകളാണ് മനസ്സില്‍ നിലനില്‍ക്കുന്നത്.

കാതോലിക്കാ സ്ഥാപനം അന്യൂനം

സഭ അവിഭക്തമാണ്, അവിഭജനീയമാണ് എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത് കാതോലികേറ്റ് ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടപ്പോഴാണ്. ഇന്നത്തെ ദിവസം മറ്റു രണ്ടു കാര്യങ്ങള്‍ക്കൂടി അനുസ്മരിക്കുവാനുണ്ട്. ഇന്നേ ദിവസം കാതോലിക്കേറ്റ് പുനഃസ്ഥാപനത്തിന്‍റെ 70-ാം വര്‍ഷം നാം ആചരിക്കുകയാണ്. ഇന്നേക്ക് 40 കൊല്ലക്കാലം മുമ്പ് എന്നു പറഞ്ഞാല്‍ കാതോലിക്കേറ്റ് പുനഃസ്ഥാപിച്ചതിന്‍റെ 30 കൊല്ലക്കാലം കഴിഞ്ഞ് 1118-ല്‍ ഈ കോട്ടയത്ത് ബ. കൃഷ്ണയ്യര്‍ വിധി പ്രഖ്യാപിക്കുകയുണ്ടായി. കാതോലിക്കാ സ്ഥാപനം അന്യൂനമായിട്ടുള്ളതാണ് എന്ന്. അതിന്‍റെ 40-ാം വാര്‍ഷികവും ഇന്നാണ്. മറ്റൊരു കാര്യം കൂടി അനുസ്മരിക്കണം. ഇന്ന് മറ്റൊന്നിന്‍റെ രജതജൂബിലിയാണ്. അതായത് 1958 സെപ്തംബര്‍ 12-ാം തീയതി സുപ്രീം കോടതി പ്രഖ്യാപിക്കയുണ്ടായി അബ്ദേദ് മിശിഹാ നടത്തിയ കാതോലിക്കാ സ്ഥാപനം കാനോനികമാണ് ശരിയാണ്, ഭദ്രമാണ് എന്ന്. മൂന്നു കാര്യങ്ങള്‍ ഇന്നു നാം അനുസ്മരിക്കുന്നു. 1. അബ്ദേദ് മിശിഹായാല്‍ പുനഃസ്ഥാപിതമായ കാതോലിക്കേറ്റ്. 2. ആ സ്ഥാപനം നിയമപ്രകാരവും ചരിത്രമനുസരിച്ചും ശരിയാണ്, അതു തിഗ്രിസിലെ കാതോലിക്കാസ്ഥാപനത്തിന്‍റെ പുനഃസ്ഥാപനമാണ് എന്ന് നീതിന്യായക്കോടതി പ്രഖ്യാപിച്ചതിന്‍റെ 40-ാം വര്‍ഷം. 3. ആ നീതിന്യായകോടതി പറഞ്ഞത് ശരിയാണെന്നും കാതോലിക്കാസ്ഥാപനം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചതിന്‍റെ രജതജൂബിലി. ഇതിന്‍റെ പ്രാധാന്യം എത്രകണ്ട് അനുസ്മരിച്ചാലും മതിയാവുകയില്ല.

നമുക്കു മുമ്പോട്ടു നീങ്ങാം

വര്‍ഷങ്ങളായി, തലമുറകളായി നമ്മുടെ പിതാക്കന്മാര്‍ ആഗ്രഹിച്ചിരുന്ന അപ്പോസ്തോലിക പിന്‍തുടര്‍ച്ചയ്ക്ക് വിഘാതം വരാതെ ലോകാവസാനത്തോളം നിലനില്‍ക്കത്തക്കവണ്ണം ഉള്ള കാതോലിക്കാ സ്ഥാപനം നമുക്കു ലഭിച്ചു. അത് അന്യൂനമായി പാലിക്കപ്പെട്ടിരിക്കുന്നു. വളരെ വ്യക്തമായി നാം ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് നമുക്കറിയാം. നമുക്കിനിയും വീടുകള്‍തോറും നടക്കുവാന്‍ സാധ്യമല്ല. ഇന്നു പൂര്‍ണ്ണമായും കാതോലിക്കാ സ്ഥാപനം നമുക്ക് ലഭിച്ചിട്ടുണ്ട്. ഉറച്ചു മുന്നോട്ടു നീങ്ങുവാന്‍ നമുക്കു കഴിയുന്ന ഈ സ്ഥാപനം ശരിയാണെന്ന് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് അംഗീകരിച്ച ചിത്രവും നമ്മുടെ മുമ്പിലുണ്ട്. മലങ്കരയിലെ ഒന്നാം കാതോലിക്കായെ അബ്ദേദ് മിശിഹാ വാഴിച്ചു. രണ്ടാം കാതോലിക്കായെ ഒരു പാത്രിയര്‍ക്കീസും അല്ല വാഴിച്ചത്. ഇന്നത്തെ കാതോലിക്കാ ബാവായെ ഒരു പാത്രിയര്‍ക്കീസും വാഴിച്ചില്ല. ആ കാതോലിക്കാ ശരിയാണ് എന്ന പ്രഖ്യാപനത്തില്‍ നാം നില്‍ക്കുന്നു. അതുകൊണ്ട് പാത്രിയര്‍ക്കീസ് വാഴിച്ചെങ്കിലെ കാതോലിക്കാ ആകുകയുള്ളുവെന്ന സ്ഥിതി തകര്‍ന്നിരിക്കുന്നു. ആവര്‍ത്തിച്ച് അനുസ്മരിക്കപ്പെട്ടിരിക്കുന്നു. ജില്ലാകോടതിയാല്‍ സ്ഥിരീകരിക്കപ്പെട്ട് പാത്രിയര്‍ക്കീസിനാല്‍ അംഗീകരിക്കപ്പെട്ട് ചോദ്യം ചെയ്യപ്പെടാന്‍ വയ്യാത്തവിധത്തില്‍, മെത്രാന്മാരെ വാഴിക്കുന്നതിനും മൂറോന്‍ കൂദാശ ചെയ്യുന്നതിനും മറ്റും അധികാരമുള്ള കാതോലിക്കാ സിംഹാസനമാണ്. കാതോലിക്കായ്ക്ക് പാത്രിയര്‍ക്കീസിന്‍റെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും എന്നു പ്രഖ്യാപിച്ചതിന്‍റെ വമ്പിച്ച നേട്ടമാണ്.

വേദനാജനകമായ അനുഭവങ്ങള്‍

ഇതിനിടെ മലങ്കരയിലെ നമ്മുടെ പിതാക്കന്മാര്‍ എത്രയെത്ര ത്യാഗങ്ങള്‍ സഹിച്ചു. മലങ്കര എത്രയെത്ര വേദനകള്‍ അനുഭവിച്ചു. ഏറ്റവും പ്രിയമേറിയ നമ്മുടെ കാതോലിക്കാബാവാ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ തിരുമേനി എത്രയോ വേദനയില്‍ കൂടി കടന്നുപോയി. നമ്മുടെ സഭാനേതാക്കന്മാര്‍ എത്ര കണ്ടു ദീര്‍ഘമായി പൊരുതി. അതെല്ലാം കഴിഞ്ഞ് ശാശ്വതമായ ഒരു നിലയിലേക്ക് നമ്മളിന്നു വന്നുചേര്‍ന്നിരിക്കുന്നു. എല്ലാവര്‍ക്കും സമാധാനമായി ജീവിക്കാന്‍ ഒരു വിഷമവുമില്ല. പിറകോട്ടു നോക്കുമ്പോള്‍ ഓരോ ഘട്ടത്തിലും മറ്റു സഭകളില്‍ നിന്നും നമുക്ക് വൈഷമ്യങ്ങളുണ്ടായിട്ടുണ്ട്. സി.എം.എസ്. കാര്‍ കലഹിച്ച് പിരിഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നു. മാര്‍ത്തോമ്മാക്കാരും നമ്മില്‍ നിന്ന് പിരിഞ്ഞ ഒരു കാലഘട്ടമുണ്ടായിട്ടുണ്ട്. റോമന്‍ സഭകളില്‍ നിന്ന് വേദനാജനകമായ അനുഭവങ്ങളും അവസരങ്ങളും സ്മരണയില്‍ വരുന്നു. ഇന്നു നാമതു മറന്ന് ഒരുമിച്ച് സൗഹാര്‍ദത്തില്‍ ജീവിക്കുകയാണ്. മുന്നോട്ടു നാം നീങ്ങുന്നുണ്ട്. ഇന്ന് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ കൂടെ നില്‍ക്കുന്ന ആ വിഭാഗവുമായി വൈകാരികമായ കാലുഷ്യം തുടര്‍ച്ചയായി നമുക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷെ നമ്മളതു മറക്കും. ഒരുമിച്ചു നാം ജീവിക്കും. ജീവിക്കുന്നത് രണ്ടു സഭ എന്ന നിലയ്ക്ക് തീരുമാനിച്ചുകൊണ്ട് ജീവിച്ചാല്‍ മതി എന്നാണ് എന്‍റെ അഭിപ്രായം. അതിനു ആരും വാതില്‍ തുറക്കുകയും ക്ഷണിക്കുകയും വേണ്ട. കാരണം ഒരു തരം സമാവകാശം എന്ന നിലയ്ക്ക് അരക്കിട്ട് ഉറപ്പിച്ചുകൊണ്ട് ക്രൈസ്തവലോകത്തിന് സൗഹാര്‍ദ്ദതയില്‍ കഴിഞ്ഞുകൂടായികയില്ല. റോമന്‍ കത്തോലിക്കാ സഭയ്ക്കും ഓര്‍ത്തഡോക്സ് സഭയ്ക്കും മാര്‍ത്തോമ്മാ സഭയ്ക്കും സി.എസ്.ഐ. സഭയ്ക്കും എല്ലാ സഭകള്‍ക്കും ഈ നാട്ടില്‍ സൗഹാര്‍ദ്ദതയോടു കൂടി കഴിയാം. ക്രിസ്തുവിനോടുള്ള സ്നേഹത്തിന്‍റെ ഐക്യത്തില്‍ സൗഹാര്‍ദ്ദതയില്‍ നമുക്കു ജീവിക്കാം. അപ്രകാരം ജീവിക്കുന്നതോടുകൂടി ഒരുപക്ഷെ അന്ത്യോഖ്യന്‍ സഭയുമായും നമുക്ക് സൗഹാര്‍ദ്ദതയില്‍ കഴിയാന്‍ സാധിക്കുമെന്ന വസ്തുത ഓര്‍ത്തുകൊള്ളണം. സുറിയാനി സഭയിലെ അല്‍മായ പ്രമുഖര്‍ തങ്ങള്‍ പാത്രിയര്‍ക്കീസന്മാരാണ് എന്ന നിലപാട് സ്വയം സ്വീകരിച്ചുകൊടുക്കുന്ന ഒരു തീരുമാനത്തോടും മലങ്കരസഭയ്ക്ക് യോജിക്കാന്‍ സാധ്യമല്ല എന്നത് വളരെ സ്പഷ്ടമാണ്.

ശാശ്വത സമാധാനം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അദ്ധ്യക്ഷന്‍ പ. കാതോലിക്കാബാവായാണ്. അന്ത്യോഖ്യന്‍ സഭയുടെ അദ്ധ്യക്ഷന്‍ പാത്രിയര്‍ക്കീസും. പരസ്പരം സമാവകാശവും തുല്യസ്ഥാനവും അംഗീകരിക്കാമെങ്കില്‍ സുന്ദരനായി, സുഖമായി, സ്നേഹമായി കഴിയാം. അതല്ലാതെ മറിച്ചൊരു നിലയിലേക്ക് ചിന്തിക്കേണ്ടതില്ല. അതാണ് സമാധാനം, ശാശ്വതമായ സമാധാനം. അതല്ലാതെയുള്ളത് സമാധാനമല്ല എന്നു നമ്മള്‍ കണ്ടു കഴിഞ്ഞു. നമുക്കിനി മുന്നോട്ടു നീങ്ങാം. ഈ സഭയെ കെട്ടിപ്പടുത്ത് പ്രവര്‍ത്തിച്ചുകൊണ്ടു നീങ്ങാം. ദൈവത്തിന്‍റേതായ നിയോഗം ഈ കാലഘട്ടത്തില്‍ മുഴുവന്‍ പിറകോട്ടു നോക്കിയാല്‍ കാണുവാന്‍ കഴിയും. ദൈവത്താല്‍ നിയോഗിക്കപ്പെട്ട രീതിയിലാണ് നാം പടിപടിയായി മുന്നോട്ടു നീങ്ങിയിട്ടുള്ളത്. ഇനി നാം മുന്നോട്ടു നീങ്ങുന്നതും ഇവിടെ കാനോനികമായ ഒരു കാതോലിക്കേറ്റ് മാത്രമേയുള്ളു. ആ കാതോലിക്കേറ്റും ഇപ്പോഴത്തെ കാതോലിക്കാബാവായും ആരാണെന്ന് ഈ ലോകത്തിലുള്ളവര്‍ക്കെല്ലാം അറിയാം. അതിന്‍റെ പ്രത്യക്ഷ ലക്ഷണമാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് ഇത്രയേറെ സഭാപ്രതിനിധികള്‍ ഈ സപ്തതി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്നത്. മറ്റുള്ളവരെ സംബന്ധിച്ചൊന്നും ഞാന്‍ പരാമര്‍ശിക്കുന്നില്ല. അവരാലോചിക്കേണ്ടത് യഥാര്‍ത്ഥത്തിലുള്ള കാതോലിക്കാ ആരാണെന്നാണ്. പാത്രിയര്‍ക്കീസിന്‍റെ കീഴില്‍ ഒരു കാതോലിക്കാ ഉണ്ടാകുന്നതെങ്ങനെയാണെന്ന് അവര്‍ ആലോചിക്കണം. അങ്ങനെ ഉണ്ടായാല്‍ തന്നെ പേര് കാതോലിക്കാ എന്നാണോ എന്ന് അവരുതന്നെ ഒന്നു ചിന്തിക്കട്ടെ. അതല്ല എന്നുള്ളതാണ് വാസ്തവം. കാതോലിക്കാ എന്ന വാക്കിന്‍റെ അര്‍ത്ഥം ഇതു വ്യക്തമാക്കുന്നുണ്ട്. മറ്റേതെങ്കിലും പേര് അവര്‍ കണ്ടുപിടിക്കുകയാണ് നല്ലത്. കാതോലിക്കാ ആരെന്ന് കാതോലിക്കേറ്റ് നിശ്ചയിച്ചിട്ടുണ്ട്. ചരിത്രം നിശ്ചയിച്ചിട്ടുണ്ട്. ലോകമറിഞ്ഞിട്ടുണ്ട്. ഈ സ്ഥാപനം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു കാതോലിക്കാമാര്‍ക്ക് ഒരു സഭയില്‍ ഒരേ സമയം സ്ഥാനമില്ല.

സഭ വളരുന്നു

ഒരു കാര്യം നാം അറിയണം. നമ്മുടെ കാതോലിക്കേറ്റിന്‍റെ കീഴിലുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭ വളരുകയാണ്, പടരുകയാണ്, പന്തലിക്കുകയാണ്. ഇന്‍ഡ്യയില്‍ എവിടെ ചെന്നാലും ഇതിന്‍റെ ഭാഗങ്ങള്‍ കാണുവാന്‍ കഴിയും. ഞാനീയടുത്തയിട ബിലാസ്പൂരില്‍ പോവുകയുണ്ടായി. അവിടെ ചെന്നപ്പോഴും കണ്ടു ഈ കാതോലിക്കേറ്റിന്‍റെ കീഴിലുള്ള ഒരു പള്ളി. നാലു ലക്ഷം രൂപാ ചെലവു ചെയ്ത് പടത്തുയര്‍ത്തിയിരിക്കുന്നത്. ചോദിച്ചപ്പോള്‍ പറഞ്ഞത് 70 കുടുംബക്കാരേയുള്ളു. പക്ഷെ പള്ളിയവിടെയുണ്ടായി. ലോകത്തില്‍ എവിടെ ചെന്നാലും ആ നിലയില്‍ മുന്നോട്ടു പോവുന്നു. ഇന്ന് എല്ലാ രാജ്യങ്ങളിലും നമ്മുടെ സഭയുടെ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിന്‍റെ സന്ദേശം പുലര്‍ത്തിക്കൊണ്ട് നമുക്കു മുന്നോട്ടു നീങ്ങാം. പാരുഷ്യം ഒന്നും വേണ്ട. എനിക്ക് എന്‍റെ സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത് പാത്രിയര്‍ക്കീസ് ഭാഗക്കാരോടോ അതിന്‍റെ മേലദ്ധ്യക്ഷന്മാരോടൊ യാതൊരു പൗരുഷ്യവും നമുക്ക് ഉണ്ടാകേണ്ട കാര്യമില്ല എന്നാണ്. അവരവരുടേതായ കാഴ്ചപ്പാടുകൊണ്ടു അവര്‍ മുന്നോട്ടു നീങ്ങട്ടെ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കീഴിലുള്ള ഒരു ഇടവകയായിരിക്കണം എന്നതാണ് അവരുടെ ആഗ്രഹമെങ്കില്‍ അങ്ങനെ ഇടവകയായിരിക്കട്ടെ. നമ്മളെന്തിനു അതിനെ എതിര്‍ക്കണം? ഇവിടെ അധികമൊന്നും പോകണ്ട. ഇവിടെയുള്ള സഭ സ്വതന്ത്രമായിരിക്കണം എന്ന നമ്മുടെ തീരുമാനത്തെ അവരും എതിര്‍ക്കേണ്ട. കാരണം കാതോലിക്കാബാവായുടെ കീഴിലുള്ള ഉറപ്പിക്കപ്പെട്ട സഭയായി നമുക്കു മുന്നോട്ടു നീങ്ങാം. അന്ത്യോഖ്യാ സഭയുടെ ഇടവകയായി അവരും മുന്നോട്ടു നീങ്ങട്ടെ. അങ്ങനെ മുന്നോട്ടു നീങ്ങുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. സഭയില്‍ സമാധാനം ഉണ്ടാകണം. എക്യുമെനിക്കല്‍ മൂവ്മെന്‍റിന്‍റെ തന്നെ പ്രവാചകനാണ് ഇവിടെയിരിക്കുന്ന പൗലൂസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി. ആ വലിയ സ്ഥിതിയില്‍ നമുക്കൊരുമിച്ച് സൗഹാര്‍ദ്ദമായി കഴിയാം.

കാതോലിക്കാ സിംഹാസനത്തിനു പിന്നില്‍ അണിനിരക്കുക

എക്യൂമെനിസം എന്നു പറയുന്നത് പരസ്പരമുള്ള അലിഞ്ഞുചേരലല്ല. ഓരോ സഭയും അതതിന്‍റെ വ്യക്തിത്വം പാലിച്ചുകൊണ്ട് പരസ്പരം സഹകരണത്തില്‍ സ്നേഹത്തോടും സമാധാനത്തോടും കൂടി മുന്നോട്ടുപോകുന്നതാണ് പ്രായോഗികമായ എക്യുമെനിസം. അത് ഇന്ന് ഇന്ത്യയില്‍ നടപ്പായിക്കൊണ്ടിരിക്കുന്നു. വളരെ കൃതാര്‍ത്ഥതയോടു കൂടി പുറകോട്ടു നോക്കുകയും ആ നേട്ടങ്ങളെ ഉറപ്പിക്കാന്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തുകൊണ്ട് നമ്മള്‍ ഇവിടെ നില്ക്കുകയാണ്. ഇതില്‍ നിന്ന് വള്ളി പുള്ളി വിസര്‍ഗ്ഗം വിട്ടുവീഴ്ച ചെയ്തു കൂട. മറിച്ചായാല്‍ അതിനുവേണ്ടി പരിശ്രമിച്ച നമ്മുടെ പരിശുദ്ധ പിതാക്കന്മാരോടുള്ള വിശ്വാസവഞ്ചന ആയിരിക്കുമത്. തന്നെയുമല്ല അത് ഭാവിയെ അപകടപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് മാര്‍ത്തോമ്മായുടെ കാതോലിക്കാ സിംഹാസനത്തിനു പിന്നില്‍ നാം അണിനിരക്കുകയും നൂറ്റാണ്ടുകളായി ആഗ്രഹിച്ച നേട്ടം കൈവന്നതില്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുവാന്‍ ഈ അവസരം ഉപയോഗിക്കണം എന്നു മാത്രം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്‍റെ പ്രസംഗം ഞാന്‍ അവസാനിപ്പിക്കുന്നു. ഞാന്‍ ആദ്യം പറഞ്ഞതുപോലെ 70-ാം വര്‍ഷം ഒന്നിന്‍റേത്, 40-ാം വര്‍ഷം മറ്റൊന്നിന്‍റേത്, 25-ാം വര്‍ഷം മൂന്നാമത്തേതിന്‍റേത്. മൂന്നും ഓരോ സംഭവത്തിന്‍റേത്. ഉറപ്പിച്ചുറപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള ഈ ജൂബിലിയുടെ ആഘോഷം ദൈവാനുഗ്രഹത്താല്‍ ഈ സഭയ്ക്ക് കൂടുതല്‍ ശക്തിയും ഓജസ്സും നല്‍കുവാന്‍ ഇടയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും എന്‍റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്കു നമസ്ക്കാരം.

(കാതോലിക്കേറ്റ് സപ്തതി സമ്മേളനത്തില്‍ ചെയ്ത പ്രസംഗം. മലങ്കരസഭാ മാസിക, 1982)